09:24am 25 September 2026
NEWS
ഇന്ത്യ ഉൾപ്പെടെ 47 രാജ്യക്കാരെ റഷ്യ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്ന് സെലെൻസ്കി
25/09/2026  06:11 AM IST
nila
ഇന്ത്യ ഉൾപ്പെടെ 47 രാജ്യക്കാരെ റഷ്യ യുദ്ധത്തിന് ഉപയോഗിക്കുന്നുവെന്ന് സെലെൻസ്കി

ന്യൂയോർക്ക്: യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യയുൾപ്പെടെ 47 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ റഷ്യൻ സൈന്യം ഉപയോഗിക്കുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി. യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് റഷ്യക്കെതിരെ ഗുരുതര ആരോപണവുമായി സെലെൻസ്കി രംഗത്തെത്തിയത്.

ഇന്ത്യ, ഘാന, നേപ്പാൾ, തജിക്കിസ്ഥാൻ, യെമൻ, കെനിയ, സിംബാബ്‌വെ, ക്യൂബ, ബെലാറൂസ്, സുഡാൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർ റഷ്യൻ സൈന്യത്തിനൊപ്പം യുക്രെയ്‌നിൽ യുദ്ധം ചെയ്യുന്നുണ്ടെന്നാണ് സെലെൻസ്കിയുടെ ആരോപണം. ഉത്തരകൊറിയയിൽ നിന്നുള്ളവരെ കൂടാതെ നിരവധി രാജ്യങ്ങളിൽ നിന്നുള്ള യുദ്ധത്തടവുകാർ യുക്രെയ്‌നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദേശ പൗരന്മാരിൽ ചിലർ വഞ്ചനയിലൂടെയും തെറ്റായ വാഗ്ദാനങ്ങളിലൂടെയുമാണ് റഷ്യയിലെത്തിയതെന്നും പിന്നീട് യുദ്ധത്തിലേക്ക് തള്ളിവിടപ്പെട്ടതായും സെലെൻസ്കി ആരോപിച്ചു. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്കാരല്ലാത്തവർ കൊല്ലപ്പെടുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നിങ്ങളുടെ പൗരന്മാരെ സംരക്ഷിക്കണം’

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോടും റഷ്യയുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സെലെൻസ്കി ആവശ്യപ്പെട്ടു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെ തങ്ങളുടെ പൗരന്മാരെ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.

‘നിങ്ങളുടെ രാജ്യത്തെ ജനങ്ങളോട് റഷ്യ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാം. അവരെ സംരക്ഷിക്കുക. മറ്റൊരു യുദ്ധമുന്നണിയിൽ അവർ എത്തിപ്പെടാൻ അനുവദിക്കരുത്. നിങ്ങളുടെ ജനങ്ങളുടെ ജീവൻ കൊണ്ട് റഷ്യയുടെ പ്രതിസന്ധികൾക്ക് വില നൽകേണ്ട സാഹചര്യം ഉണ്ടാകരുത്’ എന്നായിരുന്നു സെലെൻസ്കിയുടെ വാക്കുകൾ.

യുദ്ധത്തിന് സാമ്പത്തികമായി പിന്തുണ നൽകുന്ന റഷ്യയുടെ വരുമാന സ്രോതസ്സുകൾ തടയുന്നതിനായി റഷ്യയുമായുള്ള വ്യാപാരം പരിമിതപ്പെടുത്തണമെന്നും സെലെൻസ്കി രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

റഷ്യൻ സൈന്യത്തിൽ 227 ഇന്ത്യക്കാരെന്ന് മിസ്രി

അതേസമയം, റഷ്യൻ സായുധ സേനയിൽ ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ടിരിക്കുന്ന വിഷയം ഇന്ത്യ നേരത്തെ തന്നെ റഷ്യയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. റഷ്യൻ സൈന്യത്തിൽ നിലവിൽ 227 ഇന്ത്യക്കാരുണ്ടെന്നാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേരത്തെ വ്യക്തമാക്കിയത്.

ഇവരിൽ 139 പേരെ റഷ്യയിൽനിന്ന് തിരിച്ചെത്തിച്ചതായും 51 ഇന്ത്യക്കാർ യുക്രെയ്ൻ യുദ്ധത്തിനിടെ കൊല്ലപ്പെട്ടതായും മിസ്രി പറഞ്ഞിരുന്നു. ശേഷിക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി റഷ്യയുമായി ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇന്ത്യക്കാരെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിഷയം ഇന്ത്യയും റഷ്യയും തമ്മിൽ വിവിധ തലങ്ങളിൽ നേരത്തെയും ചർച്ച ചെയ്തിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ് 47 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ ഉപയോഗിക്കുന്നുവെന്ന സെലെൻസ്കിയുടെ പുതിയ ആരോപണം ശ്രദ്ധ നേടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img