03:51am 12 June 2026
NEWS
യൂത്ത് ലീഗ് സ്ഥാപക പ്രസിഡന്റ് കെ.കെ മുഹമ്മദ് അന്തരിച്ചു
11/06/2026  11:53 AM IST
NILA
യൂത്ത് ലീഗ് സ്ഥാപക പ്രസിഡന്റ് കെ.കെ മുഹമ്മദ് അന്തരിച്ചു

കണ്ണൂർ: മുസ്‌ലിം യൂത്ത് ലീഗിന്റെ സ്ഥാപക പ്രസിഡന്റും മുതിർന്ന മാധ്യമ പ്രവർത്തകനുമായ കെ.കെ മുഹമ്മദ് (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഇന്ന് പുലർച്ചെ 5 മണിയോടെ മേക്കുന്നിലെ സ്വവസതിയിലായിരുന്നു അന്ത്യം. കബറടക്കം ഇന്ന് വൈകിട്ട് 6.30 മണിക്ക് പെരിങ്ങത്തൂർ ജുമാ മസ്ജിദ് കബർസ്ഥാനിൽ.

1936 ജൂൺ 20ന് ന്യൂമാഹി പെരിങ്ങാടിയിൽ രയരോത്ത് അബ്ദുവിന്റെയും നാലുകണ്ടി ആശാരിന്റെവിട ബീവിയുടെയും മകനായാണ് കെ.കെ മുഹമ്മദ് ജനിച്ചത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസ് സെക്രട്ടറിയായും 1968ൽ രൂപംകൊണ്ട മുസ്‌ലിം യൂത്ത് ലീഗിന്റെ ആദ്യ സംസ്ഥാന പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു.

രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കെ.കെ മുഹമ്മദ് മാധ്യമ പ്രവർത്തന മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹിക, മാധ്യമ മേഖലകളിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

1975 ൽ മുസ്‌ലിം ലീഗ് പിളർന്ന് അഖിലേന്ത്യാ മുസ്‌ലിം ലീഗ് രൂപപ്പെട്ടതോടെ അതിൽ വിവിധ ചുമതലകൾ വഹിച്ചു. പാർട്ടി പത്രമായ ‘ലീഗ് ടൈംസി’ ന്റെ പത്രാധിപരായി. 1984 ൽ ലീഗുകൾ ലയിച്ചതിനെ തുടർന്ന് വീണ്ടും ചന്ദ്രിക അസോഷിയേറ്റ് എഡിറ്റർ, എറണാകുളത്ത് റസിഡന്റ് എഡിറ്റർ എന്നീ ചുമതലകൾ വഹിച്ചു. ഫെഡറേഷൻ ഓഫ് മുസ്‌ലിം ഓർഫനേജ് കോളജസ് പ്രസിഡന്റ്, പെരിങ്ങത്തൂർ ദർസ് യതീംഖാന പ്രസിഡന്റ്, അസോസിയേഷൻ ഓഫ് ഓർഫനേജസ് ആൻഡ് ചാരിറ്റബിൾ ഇൻസ്റ്റിറ്റ്യൂട്ട്, കണ്ണൂർ പ്രസിഡന്റ്, മൈനോരിറ്റി എജ്യുക്കേഷനൽ അസോസിയേഷൻ കണ്ണൂർ പ്രസിഡന്റ്, മേക്കുന്ന് വി.പി. സത്യൻ സ്മാരക കമ്മിറ്റി പ്രസിഡന്റ്, ഓൾ കേരള ടിടിഐ മാനേജേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, മുസ്‌ലിം എജ്യുക്കേഷൻ ആൻഡ് കൾച്ചറൽ ഫോറം പെരിങ്ങത്തൂർ ചെയർമാൻ, സെൻട്രൽ കോ-ഓർഡിനേഷൻ ഫോറം ഫോർ മുസ്‌ലിം എൻജിഓസ് കേരള വൈസ് ചെയർമാൻ, എൻഎഎം ആർട്‌സ് ആൻഡ് സയൻസ് കോളജ് കല്ലിക്കണ്ടി, ബിഎഡ് കോളജ് പെരിങ്ങത്തൂർ, ടീച്ചേഴ്സ് ട്രെയ്‌നിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ മാനേജർ, എസ്എംഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി, കേരളാ സ്റ്റേറ്റ് അസോസിയേഷൻ ഓഫ് മുസ്‌ലിം ഇൻസ്റ്റിറ്റ്യൂട്ട്, കേരള പ്രൈവറ്റ് കോളജ് മാനേജ്മെന്റ്‌സ് അസോസിയേഷൻ, അൺ എയ്ഡഡ് ട്രെയിങ് കോളജ് മാനേജ്മെന്റ്‌സ് അസോസിയേഷൻ സെക്രട്ടറി, തലശ്ശേരി രാജീവ് ഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി ഡയറക്ടർ, കാലിക്കറ്റ് പ്രസ് ക്ലബ്ബ് പ്രസിഡന്റ്, പത്ര പ്രവർത്തക യൂണിയൻ ദേശീയ സമിതി അംഗം തുടങ്ങി ഒട്ടേറെ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ഭാര്യ: കാവുള്ളതിൽ സൈനബ ഹജ്ജുമ്മ (മേക്കുന്ന്). മക്കൾ: നിസാർ മുഹമ്മദ്, ജാഫർഖാൻ മുഹമ്മദ്, സറീന, അബ്ദുൽ അസീസ്, ഫൈസൽ മുഹമ്മദ്, ജസീല, സാജിദ, ഷഫീന, സഫൂറ, സുഫൈറ, സുമയ്യ. മരുമക്കൾ: അസ്മ നിസാർ (ഗ്രാമത്തി), സീനത്ത് ജാഫർ (ചൊക്ലി), മുഹമ്മദ് ശാഫി (വടകര), നദീറ അസീസ് (കണ്ണൂക്കര), റജ്ന ഫൈസൽ (ചമ്പാട്), നൗഷാദ് (പെരിങ്ങാടി), മുഹമ്മദ് റഫീഖ് (കതിരൂർ), ഹാരിസ് (കൈവേലിക്കൽ), ജാബിർ (കൈനാട്ടി വടകര), ഷാനവാസ് (പാനൂർ), അബ്ദുൽ മജീദ് (കൂരാറ). 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img