
ദോഹ: യൂത്ത് ഫോറം ഖത്തർ, നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ‘Healthy Minds, Active Life, Inspiring Youth’ ഹെൽത്ത് ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന ‘വെയിറ്റ് ലോസ് ചലഞ്ച്’ ആരംഭിച്ചു.
ചലഞ്ചിന്റെ ഭാഗമായി നസീം ഹെൽത്ത് കെയർ സെന്ററിൽ (സി-റിംഗ് റോഡ്) മത്സരാർഥികളുടെ ശരീര പരിശോധന നടന്നു. നവംബർ 13 ന് വീണ്ടും പരിശോധന നടത്തിയാണ് വിജയികളെ തീരുമാനിക്കുക.
പരിപാടിക്ക് യൂത്ത് ഫോറം കേന്ദ്ര സ്പോർട്സ് ആൻഡ് ഹെൽത്ത് കൺവീനർ മുഹമ്മദ് ശാകിർ, വകുപ്പ് അംഗങ്ങളായ മുഅമിൻ ഫാറൂഖ്, മുഹമ്മദ് ഷാദ്, അനസ് കോഴിശ്ശേരി, അസ്ജദ് അലി, ജിഷിൻ അബൂബക്കർ എന്നിവർ നേതൃത്വം നൽകി.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, യുവജനങ്ങളിൽ ആരോഗ്യബോധം വളർത്തുക, മാനസിക-ശാരീരികപരമായ ആരോഗ്യത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന ഹെൽത്ത് ക്യാമ്പയിനിൽ ഹാഫ് മില്യൺ സ്റ്റെപ്പ് ചലഞ്ച്, വെയിറ്റ് ലോസ് ചലഞ്ച്, മെഡിക്കൽ ക്യാമ്പ്, ആരോഗ്യ ബോധവൽക്കരണ സെഷനുകൾ തുടങ്ങിയ പരിപാടികളാണ് നടക്കുന്നത്.











