04:29am 02 May 2026
NEWS
യുവാക്കൾ ഹൃദ്രോഗംമൂലം മരണപ്പെടുന്നത് കോവിഡ് വാക്സിൻ കാരണമല്ല
13/12/2025  11:35 AM IST
nila
 യുവാക്കൾ ഹൃദ്രോഗംമൂലം മരണപ്പെടുന്നത് കോവിഡ് വാക്സിൻ കാരണമല്ല

തിരുവനന്തപുരം: യുവാക്കൾ ഹൃദ്രോഗംമൂലം അപ്രതീക്ഷിതമായി മരണപ്പെടുന്ന സംഭവങ്ങൾക്ക് കോവിഡ് വാക്സിനുമായി ബന്ധമില്ലെന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) റിപ്പോർട്ട് അം​ഗീകരിച്ച് സംസ്ഥാന ആരോ​ഗ്യ വകുപ്പും. കോവിഡ് മഹാമാരിക്കുശേഷം  ഹൃദ്രോഗംമൂലം യുവാക്കൾ മരിക്കുന്നതിന് കാരണം കോവിഡ് വാക്സിനാണെന്ന ആരോപണത്തെ കേന്ദ്ര ആരോ​ഗ്യമന്ത്രാലയം തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന സർക്കാരും ഇതേ നിലപാട് സ്വീകരിക്കുന്നത്. ജനിതക പ്രശ്നങ്ങൾ മുതൽ കോവിഡാനന്തര സങ്കീർണതകൾ വരെ യുവാക്കളുടെ ഹൃദയാഘാതത്തിന് കാരണമാകുന്നു എന്നാണ് കണ്ടെത്തൽ. 

നേരത്തേ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതിരുന്ന യുവാക്കളിലും കുട്ടികളിലും ഹൃദയസ്തംഭനം, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം, രക്താതിസമ്മർദം തുടങ്ങിയ ആരോഗ്യസങ്കീർണതകൾ കോവിഡിനുശേഷം ഉണ്ടായതായി ഡൽഹി എയിംസും മറ്റു സ്ഥാപനങ്ങളും നടത്തിയ പഠനങ്ങൾ സൂചിപ്പിച്ചിരുന്നു. വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പ് കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരിൽ അപ്രതീക്ഷിത മരണം നാലിരട്ടിയായിരുന്നു. വാക്‌സിന്റെ രണ്ടുഡോസും സ്വീകരിച്ചവർക്ക് രോഗത്തിന്റെ ഗുരുതരതയും മരണ സാധ്യതയും കുറവായിരുന്നു എന്നാണ് ഐസിഎംആർ കണ്ടെത്തിയത്.

18-45 വയസ്സിലുള്ള യുവാക്കളിൽ പെട്ടെന്നുള്ള മരണത്തിന് പ്രധാന കാരണങ്ങൾ ആയി ജനിതക പ്രശ്നങ്ങൾ, മദ്യപാനം, ആയാസകരമായ വ്യായാമങ്ങൾ, ജീവിതശൈലി, കോവിഡാനന്തര സങ്കീർണതകൾ എന്നിവ തിരിച്ചറിയപ്പെട്ടു. ആദ്യ പഠനത്തിൽ 19 സംസ്ഥാനങ്ങളിലെ 47 ആശുപത്രികളിൽ അകാലമരണം സംഭവിച്ച 726 കേസുകളാണ് വിശകലനം ചെയ്തത്.

രക്തം കട്ടപിടിക്കുന്നതുപോലുള്ള മുമ്പ് നിലനിന്ന രോഗങ്ങൾ ചികിത്സയിലുണ്ടായ 292 രോഗികളിൽ നടത്തിയ രണ്ടാമത്തെ പഠനത്തിൽ, നേരത്തെ ഉണ്ടായിരുന്ന രോഗങ്ങൾ, വാക്‌സിൻ സ്വീകരിക്കുന്നതിന് മുമ്പ് കോവിഡ് ബാധ, നിയന്ത്രണമില്ലാത്ത പുകവലി, ഒന്നിലധികം ആരോഗ്യപ്രശ്നങ്ങൾ എന്നിവയാണ് മരണത്തിലേക്ക് നയിച്ചതായി കണ്ടെത്തി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.