03:09am 23 November 2026
NEWS
മനുഷ്യഭാവനയും നീതിബോധവും ചേർന്ന എഴുത്തുകൾക്ക് നിർമിതബുദ്ധി സാധ്യതകളേക്കാൾ പ്രസക്തിയുണ്ട് -ടി.ഡി രാമകൃഷ്ണൻ
22/11/2026  03:02 PM IST
nila
മനുഷ്യഭാവനയും നീതിബോധവും ചേർന്ന എഴുത്തുകൾക്ക് നിർമിതബുദ്ധി സാധ്യതകളേക്കാൾ പ്രസക്തിയുണ്ട് -ടി.ഡി രാമകൃഷ്ണൻ

 

ദോഹ: ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഖത്തർ പ്രവാസികളായ രണ്ടു എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രശസ്ത സാഹിത്യകാരൻ ടി.ഡി. രാമകൃഷ്ണൻ പ്രകാശനം ചെയ്തു.

ഖിയാഫ് പ്രസിഡൻ്റ് ഡോ. സാബു കെ.സി അധ്യക്ഷനായ ചടങ്ങിൽ സുരേഷ് കൂവാട്ടിൻ്റെ നോവൽ 'കുഞ്ഞീബി' തൊഴിൽ മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി അഡ്വൈസർ റൗഫ് കൊണ്ടോട്ടിയും, നജിത പുന്നയൂർക്കുളത്തിൻ്റെ കഥാസമാഹാരം 'പൈൻവാലിയിലെ അസ്തമയങ്ങൾ' ഖിയാഫ് ഗവേണിംഗ് ബോഡി ചെയർമാൻ ഹുസൈൻ കടന്നമണ്ണയും ഏറ്റുവാങ്ങി.

"പുതിയ തലമുറയുടെ ചിന്തകളെയും അഭിരുചികളെയും ക്രിയാത്മകമായി തിരിച്ചറിയണമെന്നും അവരോട് സംവദിക്കാനാകുംവിധം ആശയവിനിമയ സാത്യതകളെ ഉപയോഗപ്പെടുത്തണമെന്നും ടി.ഡി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു. എങ്കിൽ മാത്രമേ ഭാവിയിൽ എഴുത്തുകാർക്ക് നിലനിൽപ്പുണ്ടാവുകയുള്ളൂ.
കേവല യുക്തിക്കപ്പുറമുള്ള വന്യമായ സ്വപ്നങ്ങളും സമൂഹത്തെ പുതുക്കിപ്പണിയാനുതകുന്ന കാലാതിവർത്തിയായ ചിന്തകളുമാണ്
സാഹിത്യത്തിൻ്റെ ആധാരശില. അതുകൊണ്ടുതന്നെ നിർമിത ബുദ്ധിയുടെ കാലത്തും മനുഷ്യഭാവനക്കും നീതിബോധത്തെ ഉയർത്തിപ്പിടിക്കുന്ന സാഹിത്യാവിഷ്കാരങ്ങൾക്കും അതിജീവനശേഷിയുണ്ട്, ജൈവീകതയുണ്ട്. സമൂഹത്തെ ഗുണപരമായി സ്വാധീനിക്കാൻ കഴിയുന്ന തരത്തിൽ മനുഷ്യഭാവനയെ വികസിപ്പിക്കുന്നതിലൂടെയും ഭാവനയുടെ ഉത്സവങ്ങളായി എഴുത്തിനെ മാറ്റുന്നതിലൂടെയും നിർമിതബുദ്ധിയുടെ അതിപ്രസരത്തെ മറികടക്കാനാകും." "ഭാഷ അതിനുള്ള ശക്തമായ മാധ്യമമാണെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ്. സി. സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാളൂരാൻ മോഡറേറ്ററായി. ഖിയാഫ് ജനറൽ സെക്രട്ടറി തൻസീം കുറ്റ്യാടി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം നസീർ പാനൂർ നന്ദിയും പറഞ്ഞു.
ഷമിന ഹിഷാം, സുനിൽ പെരുമ്പാവൂർ എന്നിവർ പുസ്തക പരിചയം നടത്തി സംസാരിച്ചു. ജാബിർ റഹ്‌മാൻ, കോയ കൊണ്ടോട്ടി, സലാം മാട്ടുമ്മൽ, നസീഹ മജീദ്, ഷംല ജഹ്ഫർ, സുഹാന എന്നിവർ വായനാനുഭവം പങ്കുവെച്ചു. പുസ്തക രചയിതാക്കളായ സുരേഷ് കൂവാട്ടും, നെജിത പുന്നയൂർക്കുളവും സദസ്സുമായി സംവദിച്ചു. ട്രഷറർ അൻസാർ അരിമ്പ്ര, ഷംന ആസ്മി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img