02:04am 12 November 2026
NEWS
ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം: ദോഹയിൽ എഞ്ചിനീയറിംഗ് സമൂഹത്തിനായി വിപുലമായ പൊതുപരിപാടി സംഘടിപ്പിച്ചു
30/05/2026  03:19 PM IST
nila
ലോക ടെലികമ്മ്യൂണിക്കേഷൻ ദിനം: ദോഹയിൽ എഞ്ചിനീയറിംഗ് സമൂഹത്തിനായി വിപുലമായ പൊതുപരിപാടി സംഘടിപ്പിച്ചു

​ദോഹ: ലോക ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സൊസൈറ്റി ദിനത്തോടനുബന്ധിച്ച് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ, ഓറിക്സ് യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടും ലിവർപൂൾ ജോൺ മൂർസ് യൂണിവേഴ്സിറ്റിയുടെ പങ്കാളിത്തത്തോടും കൂടി പ്രൗഢഗംഭീരമായ പൊതുപരിപാടി സംഘടിപ്പിച്ചു. “Digital Lifelines Strengthening Resilience" എന്ന വിഷയത്തെ ആസ്പദമാക്കി ദോഹയിലെ ഓറിക്സ് യൂണിവേഴ്സിറ്റിയിലെ അൽ മജ്ലിസ് ഹാളിൽ നടന്ന പരിപാടിയിൽ ഇരുനൂറിലധികം എഞ്ചിനീയർമാരും അക്കാദമിക് വിദഗ്ധരും വ്യവസായ പ്രമുഖരും വിദ്യാർത്ഥികളും പങ്കെടുത്തു.
​IEI ഖത്തർ ചാപ്റ്റർ ഹോണററി ചെയർമാൻ എൻജിനീയർ അബ്ദുൽ സത്താർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബോധവൽക്കരണം, വിദ്യാഭ്യാസം, വനിതാ ശാക്തീകരണം എന്നിവയോടുള്ള ഇൻസ്റ്റിറ്റ്യൂഷന്റെ പ്രതിബദ്ധതയാണ് ഈ പരിപാടിയെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
​ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ മുഖ്യാതിഥിയായിരുന്നു. രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഡിജിറ്റൽ പരിവർത്തനത്തിനും കൃത്രിമ ബുദ്ധിയുടെ (AI) വളർച്ചയ്ക്കും നിർണായകമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിൽ ഡിപ്ലോമാറ്റിക് ഗസ്റ്റായി പങ്കെടുത്തo ഘാന അംബാസഡർ മുഹമ്മദ് എൻ. ഇസ്മായിൽ അന്താരാഷ്ട്ര സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.
​കണക്റ്റിവിറ്റിയും ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളും ലോകത്തെ മാറ്റിമറിക്കുന്നതിനെക്കുറിച്ച് ഗസ്റ്റ് ഓഫ് ഓണറായ OOREDOO ചീഫ് ബിസിനസ് ഓഫീസർ ഹസ്സൻ അൽ ഇമാദി സംസാരിച്ചു. സ്ത്രീ ശാക്തീകരണത്തിലും വിദ്യാർത്ഥികളിൽ ഡിജിറ്റൽ കഴിവുകൾ വളർത്തുന്നതിലും വിദ്യാഭ്യാസത്തിനുള്ള പങ്ക് ഓറിക്സ് യൂണിവേഴ്സിറ്റി പ്രസിഡന്റും ട്രസ്റ്റിയുമായ അസ്മി അമീർ വ്യക്തമാക്കി.STARLINK സിഇഒസിറിൽ ആനന്ദ് 
 "Building Networks For Failures We Haven't Imagined yet" എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഉപഗ്രഹ കണക്റ്റിവിറ്റിയുടെയും അടുത്ത തലമുറ സാങ്കേതികവിദ്യകളുടെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ITU) സെക്രട്ടറി ജനറൽ ഡോറിൻ ബോഗ്ഡൻ-മാർട്ടിന്റെ പ്രത്യേക വീഡിയോ സന്ദേശം പരിപാടിയിൽ പ്രദർശിപ്പിച്ചു.സീനിയർ പെട്രോളിയം എഞ്ചിനീയർ ഖാലിദ് ഫഖ്റൂ, ഖത്തർ-ഇന്തോനേഷ്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ് ഫർഹാൻ അൽ ഷെയ്ഖ്, ഹെൽത്ത് സെക്ടർ ഉപദേഷ്ടാവ് നയീം യൂനിസ്, ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ പ്രസിഡന്റ് താഹ മുഹമ്മദ് അബ്ദുൽ കരീം എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.ഫെഡറേഷൻ ഓഫ് ഗ്ലോബൽ എഞ്ചിനീയേഴ്സ് പ്രസിഡന്റ് എൻജിനീയർ അഹമ്മദ് ജാസിം അൽ ജോലോ ആശംസകൾ നേർന്നു. ഇന്ത്യ, ഫിലിപ്പീൻസ്, മലേഷ്യ, ഓസ്ട്രേലിയ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ എഞ്ചിനീയറിംഗ് പ്രതിനിധികൾ പങ്കെടുത്തു.ആകർഷണങ്ങളിലൊന്നായ "Digital Lifelines One Minute One Digital Skill" സെഷൻ IEI വനിതാ വിംഗ് പ്രസിഡന്റ് എൻജിനീയർ ദിൽബ മിദ്ലാജ് നിയന്ത്രിച്ചു. എം.എസ് സാനിയ, എൻജിനീയർമാരായ നൂറ അഫ്സ, ബീഗം സുഫിയ റിയാസ്, സിജില, യൂനിസ്, അനു രേഷ്മ, സാരംഗ് എന്നിവർ AI അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സ്കില്ലുകൾ അവതരിപ്പിച്ചു. കൂടാതെ, നോബിൾ ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥികളായ അമൽ ഷിബു, ശിവാൻഷ് ശർമ്മ, ഹാസിം അഹമ്മദ് എന്നിവർ ചേർന്ന് അവതരിപ്പിച്ച "Building Habitats for planet MARS" എന്ന പ്രോജക്റ്റും ഏറെ ശ്രദ്ധ പിടിച്ചുപറ്റി.
​ഓറിക്സ് യൂണിവേഴ്സിറ്റി അക്കാദമിക് അഫയേഴ്സ് വൈസ് പ്രസിഡന്റ് പ്രൊഫ. നജ്ദാവിയുടെ നന്ദിപ്രസംഗത്തോടെ പരിപാടി അവസാനിച്ചു. അക്കാദമിക്-വ്യവസായ സഹകരണത്തിലൂടെ പുതിയ നവീകരണങ്ങൾ കൊണ്ടുവരാൻ യൂണിവേഴ്സിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം അറിയിച്ചു.
​കഴിഞ്ഞ 36 വർഷമായി ഖത്തറിലെ എഞ്ചിനീയറിംഗ് സമൂഹത്തിന് മികച്ച സേവനങ്ങൾ നൽകിവരുന്ന സംഘടനയാണ് ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എഞ്ചിനീയേഴ്സ് (ഇന്ത്യ) ഖത്തർ ചാപ്റ്റർ. തുടർച്ചയായ സാങ്കേതിക സെമിനാറുകളിലൂടെയും വർക്ക്‌ഷോപ്പുകളിലൂടെയും എഞ്ചിനീയർമാരുടെ പ്രൊഫഷണൽ വികസനത്തിനായി മികച്ച വേദിയാണ് സംഘടന ഒരുക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img