
ദോഹ: വടക്കേ അമേരിക്കയിൽ (യുഎസ്എ, കാനഡ, മെക്സിക്കോ) അരങ്ങേറാൻ പോകുന്ന 2026 ഫിഫ ലോകകപ്പിൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്കൻ (MENA) മേഖലകളിൽ നിന്ന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പങ്കാളിത്തം. ഇതാദ്യമായാണ് എട്ട് അറബ് രാജ്യങ്ങൾ ഒരുമിച്ച് ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്നത്. അൾജീരിയ, ഈജിപ്ത്, ഇറാഖ്, ജോർദാൻ, മൊറോക്കോ, ഖത്തർ, സൗദി അറേബ്യ, ടുണീഷ്യ എന്നീ എട്ട് ടീമുകളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്.
കഴിഞ്ഞ 2022 ഖത്തർ ലോകകപ്പിൽ സെമിഫൈനലിൽ പ്രവേശിച്ച് ചരിത്രം കുറിച്ച മൊറോക്കോയുടെ പ്രകടനം നൽകിയ ആത്മവിശ്വാസവുമായാണ് മറ്റ് അറബ് രാജ്യങ്ങളും ഇത്തവണ ബൂട്ട് കെട്ടുന്നത്. ടൂർണമെന്റ് ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഈ ടീമുകളുടെ ഗ്രൂപ്പ് ഘടനയും സാധ്യതകളും കായിക ലോകം വിലയിരുത്തുന്നു.ഇത്തവണയും അറബ് നിരയിലെ ഏറ്റവും കരുത്തർ മൊറോക്കോ തന്നെയാണ്. ബ്രസീൽ, സ്കോട്ട്‌ലൻഡ്, ഹെയ്തി എന്നിവരടങ്ങുന്ന ഗ്രൂപ്പ് 'സി'യിലാണ് മൊറോക്കോ. അഷ്‌റഫ് ഹക്കീമി, ബ്രാഹിം ഡയസ് തുടങ്ങിയ സൂപ്പർ താരങ്ങളടങ്ങിയ സമഗ്രമായ സ്ക്വാഡാണ് അവരുടേത്. മൊറോക്കോ ഇത്തവണ ക്വാർട്ടർ ഫൈനൽ വരെയെങ്കിലും എത്തുമെന്നാണ് പ്രധാന വിലയിരുത്തൽ.റിയാദ് മഹ്‌റെസ് നയിക്കുന്ന അൾജീരിയ മികച്ച ആക്രമണ നിരയുമായാണ് ഗ്രൂപ്പ് 'ജെ'യിൽ കളിക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, ഓസ്ട്രിയ, പുതുമുഖങ്ങളായ ജോർദാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. പ്രതിരോധത്തിലെ പാളിച്ചകൾ പരിഹരിച്ചാൽ അൾജീരിയക്ക് പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 32) വരെ എത്താൻ സാധിച്ചേക്കും.മുഹമ്മദ് സലാഹിന്റെ ഈജിപ്ത് ഗ്രൂപ്പ് 'ജി'യിൽ ബെൽജിയം, ഇറാൻ, ന്യൂസിലാൻഡ് എന്നിവരെ നേരിടും. ആഫ്രിക്കൻ കപ്പിൽ വമ്പന്മാരാണെങ്കിലും ലോകകപ്പിൽ ഇതുവരെ ഒരു വിജയം പോലും നേടാൻ ഈജിപ്തിന് കഴിഞ്ഞിട്ടില്ല. ആ ചരിത്രം തിരുത്തി കുറിക്കുക എന്നതാകും അവരുടെ ലക്ഷ്യം. റൗണ്ട് ഓഫ് 32-ൽ ഇവർ പുറത്താകാനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്.നീണ്ട 40 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറാഖ് ലോകകപ്പിലേക്ക് തിരിച്ചെത്തുന്നത്. ഫ്രാൻസ്, സെനഗൽ, നോർവേ എന്നിവരടങ്ങുന്ന ഏറ്റവും കഠിനമായ ഗ്രൂപ്പ് 'ഡി'യിലാണ് ഇറാഖ്. സൂപ്പർ താരം അയ്മൻ ഹുസൈന്റെ മിടുക്കിലാണ് ടീമിന്റെ പ്രതീക്ഷ. ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായേക്കാമെങ്കിലും വമ്പന്മാർക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ ഇറാഖിന് കഴിയും.ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ തങ്ങളുടെ രണ്ടാമത്തെ ലോകകപ്പിനാണ് ഇറങ്ങുന്നത്. ഗ്രൂപ്പ് 'ബി'യിൽ സ്വിറ്റ്സർലൻഡ്, കാനഡ, ബോസ്നിയ എന്നിവരാണ് എതിരാളികൾ. അക്രം അഫീഫും അൽമോയിസ് അലിയും നയിക്കുന്ന മുന്നേറ്റനിര ശക്തമാണെങ്കിലും പ്രതിരോധം ഖത്തറിന് വെല്ലുവിളിയാണ്. ഗ്രൂപ്പ് ഘട്ടം കടക്കുക ഖത്തറിന് എളുപ്പമാകില്ല.കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയെ അട്ടിമറിച്ച ചരിത്രവുമായാണ് സൗദി വരുന്നത്. ഗ്രൂപ്പ് 'എച്ച്'ൽ സ്പെയിൻ, ഉറുഗ്വേ, കേപ് വെർദെ എന്നിവരെ നേരിടും. സലേം അൽ ദൗസരിയുടെ നേതൃത്വത്തിലുള്ള ടീം കടുത്ത പോരാട്ട വീര്യം പുറത്തെടുത്താൽ പ്രീ-ക്വാർട്ടറിലേക്ക് (റൗണ്ട് ഓഫ് 32) യോഗ്യത നേടിയേക്കും.ജോർദാന്റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് പങ്കാളിത്തമാണിത്. ഗ്രൂപ്പ് 'ജെ'യിൽ അർജന്റീന, അൾജീരിയ, ഓസ്ട്രിയ എന്നിവർക്കെതിരെയാണ് കന്നി അങ്കം. മൂസ അൽ തമാരിയാണ് പ്രധാന താരം. അനുഭവസമ്പത്തിന്റെ കുറവ് മൂലം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകാനാണ് സാധ്യത.പ്രതിരോധ കോട്ട കെട്ടുന്നതിൽ മിടുക്കരായ ടുണീഷ്യ ഗ്രൂപ്പ് 'എഫ്'ൽ നെതർലാൻഡ്‌സ്, ജപ്പാൻ, സ്വീഡൻ എന്നിവരുമായി ഏറ്റുമുട്ടും. ഹാനിബാൾ മെജ്‌ബ്രിയിലാണ് പ്രധാന പ്രതീക്ഷ. ഗോൾ അടിക്കുന്നതിലെ പോരായ്മകൾ പരിഹരിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടക്കാൻ കഴിയില്ല.
റെക്കോർഡ് പങ്കാളിത്തം കൊണ്ട് ഇതിനകം തന്നെ ശ്രദ്ധേയമായ ഈ ലോകകപ്പ്, പ്രകടന മികവ് കൊണ്ടും അറബ് ഫുട്ബോളിന്റെ ചരിത്രത്താളുകളിൽ സുവർണ്ണ അധ്യായമായി മാറുമോ എന്നാണ് കായികലോകം ഉറ്റുനോക്കുന്നത്.











