02:34am 08 November 2026
NEWS
വെണ്ടര്‍ലാന്‍ഡ് മിഡ് നൈറ്റ് മാര്‍ക്കറ്റ് ഏപ്രില്‍ 5, 6 തിയ്യതികളില്‍
02/04/2025  07:54 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വെണ്ടര്‍ലാന്‍ഡ് മിഡ് നൈറ്റ് മാര്‍ക്കറ്റ് ഏപ്രില്‍ 5, 6 തിയ്യതികളില്‍

കൊച്ചി: വുമണ്‍ എന്റര്‍പ്രെനേഴ്‌സ് നെറ്റ്വര്‍ക്ക് കൊച്ചിന്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന വെന്‍ മിഡ്നൈറ്റ് മാര്‍ക്കറ്റ് 2025 ഏപ്രില്‍ 5, 6 തിയ്യതികളില്‍ വൈകുന്നേരം 4 മണിമുതല്‍ രാത്രി 12 മണി വരെ എറണാകുളം രാജേന്ദ്ര മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വിനോദത്തിന്റെയും സന്തോഷങ്ങളുടെയും സംഗമസ്ഥാനം എന്നതിനപ്പുറം കൊച്ചിയെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷിതമായ ഇടം എന്നുകൂടി ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ്  ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് വെന്‍ കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍ നിമിന്‍ ഹിലാല്‍ പറഞ്ഞു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ഏപ്രില്‍ 5ന് വൈകുന്നേരം 4 മണിക്ക് എറണാകുളം എം പി ഹൈബി ഈഡന്‍ നിര്‍വഹിക്കും.

കൊച്ചി ഒരു സുരക്ഷിതവും വിനോദപ്രദവുമായ നഗരമാണ് എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ഈ വിപണി സന്ദര്‍ശകര്‍ക്ക് ഒരു അവിസ്മരണീയ അനുഭവം ആകും. നാനാതരത്തിലുമുള്ള ഷോപ്പിംഗ് സ്റ്റാളുകള്‍, ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, പുസ്തകങ്ങള്‍, മറ്റ് നിരവധി ഉത്പന്നങ്ങള്‍ എന്നിവയോടൊപ്പം വിവിധ വിഭവങ്ങളുള്ള ഭക്ഷണ സ്റ്റാളുകളും ഇവിടെ ഉണ്ടായിരിക്കും.

എല്ലാവരെയും ഉള്‍കൊള്ളുന്ന വിനോദം നിറഞ്ഞ പരിപാടിയായാണ് വെന്‍ ഇതിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഈ പരിപാടിയുടെ ഹാപ്പിനെസ് പാര്‍ട്ണറായ റേഡിയോ മംഗോയുടെ നേതൃത്വത്തില്‍ ലൈവ് മ്യൂസിക് ഷോകളും ആര്‍ട്ട് ഇന്‍സ്റ്റാളേഷനുകളും സംഘടിപ്പിക്കുന്നു. സ്പോര്‍ട്സ് പാര്‍ട്ണറായ ഡെക്കാത്‌ലോണിന്റെ വകയായി സംഘടിപ്പിച്ചിരിക്കുന്ന ഗെയിമുകളില്‍ സന്ദര്‍ശകര്‍ക്കും പങ്കെടുക്കാവുന്നതാണ്.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഈ ഇവന്റിന് പിന്തുണ നല്‍കുന്നു. കൊച്ചി മെട്രോ ആണ് ഔദ്യോഗിക യാത്രാ പങ്കാളി. പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും അതുവഴി സുരക്ഷാ ബോധവത്കരണം ഉറപ്പാക്കുന്നതിനുമായി പിങ്ക് പോലീസ് പ്രത്യേക സ്റ്റാള്‍ സജ്ജമാക്കും.

നിശ്ശബ്ദ നൃത്തവിരുന്നായ സൈലന്റ് ഡിസ്‌കോ രാത്രി 11 മുതല്‍ 12 വരെ നടക്കും. വിനോദം, ഷോപ്പിംഗ്, രുചി, കുടുംബത്തിനൊപ്പം സന്തോഷകരമായ ഒരു രാത്രിയ്ക്ക് വെന്‍ഡര്‍ലാന്‍ഡ് നിങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകര്‍ പറഞ്ഞു.

100 രൂപയാണ് ടിക്കറ്റ് നിരക്ക്. കുടുംബം നാലു പേര്‍ക്ക് 250 രൂപയും വിദ്യാര്‍ഥി ഐ ഡിയുള്ളവര്‍ക്ക് 50 രൂപയുമാണ് ടിക്കറ്റ് ചാര്‍ജ്. 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമാണ്.

വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ പ്രസിഡന്റ് മരിയ എബ്രഹാം, പ്രസിഡന്റ് ലൈല സുധീഷ്, കൊച്ചിന്‍ ചാപ്റ്റര്‍ ചെയര്‍ നിമിന്‍ ഹിലാല്‍, വൈസ് ചെയര്‍ ലിന്റ രാകേഷ്, കണ്‍വീനര്‍ അനു മാത്യു, പി ആര്‍ ഹെഡ് ശര്‍മിള നായര്‍ എന്നിവര്‍ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്:വുമണ്‍ എന്റര്‍പ്രെനേഴ്സ് നെറ്റവര്‍ക്ക് കൊച്ചിന്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ വെണ്ടര്‍ലാന്‍ഡ് മിഡ് നൈറ്റ് മാര്‍ക്കറ്റിന്റെ ലോഗോ പ്രകാശനം ചെയ്യുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img