
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റും എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തലിന് എതിരെ ലൈംഗിക ആരോപണങ്ങളിൽ ഒടുവിൽ സംസ്ഥാന വനിതാ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. കമ്മീഷൻ സ്വമേധയാ കേസെടുത്തത്, കേരള ശബ്ദം മുൻപ് റിപ്പോർട്ട് ചെയ്തതുമായി ബന്ധപ്പെട്ടാണ്. വനിതാ കമ്മീഷൻ നിയമത്തിലെ 17(1)b പ്രകാരം കേസെടുക്കാൻ സാധിക്കുമെന്ന് കേരള ശബ്ദം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിമർശനത്തിന് പിന്നാലെയാണ് കമ്മീഷൻ മൗനം വെടിഞ്ഞത്.
വനിതാ കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണനാണ് പ്രാഥമിക അന്വേഷണത്തിന്റെ ചുമതല. മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടുണ്ടോയെന്നും, പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ടോയെന്നും അദ്ദേഹം പരിശോധിക്കും. കുറ്റകൃത്യം നടന്നതിന് തെളിവുകൾ ലഭിച്ചാൽ, കേസ് രജിസ്റ്റർ ചെയ്യാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകുമെന്ന് കമ്മീഷൻ ചെയർപേഴ്സൺ പി. സതീദേവി അറിയിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ ഈ വിഷയം അവസാനിച്ചെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ്‌മുൻഷി പറഞ്ഞു. അദ്ദേഹത്തിനെതിരെ പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, എം.എൽ.എ സ്ഥാനം രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പദവിയിൽ നിന്ന് താൻ സ്വമേധയാ രാജിവെച്ചതാണെന്നും, എം.എൽ.എ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പ്രതികരിച്ചു.











