
ന്യൂഡൽഹി: വനിതാ സംവരണവും മണ്ഡല പുനർനിർണയവും മാത്രം അജണ്ടയാക്കി പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത മാസം മൂന്നാം വാരത്തിൽ പ്രത്യേക സിറ്റിംഗ് നടത്തുന്നതിനാണ് നീക്കം. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ബ്രിക്സ് ഉച്ചകോടിക്ക് ശേഷം പ്രത്യേക സമ്മേളനം വിളിച്ചുചേർക്കുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. അതേസമയം, വനിതാ സംവരണവും മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട നിർണായക നീക്കങ്ങൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായതിനാൽ പ്രതിപക്ഷ കക്ഷികളുടെ പിന്തുണ ഉറപ്പാക്കുന്നത് സർക്കാരിന് നിർണായകമാണ്. ഡിഎംകെ, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി തുടങ്ങിയ കക്ഷികളുടെ നിലപാട് വ്യക്തമായ ശേഷമായിരിക്കും പ്രത്യേക സമ്മേളനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയെന്നാണ് സൂചന. ആവശ്യമായ ഭൂരിപക്ഷം ഉറപ്പാക്കാനാകുമോ എന്നതും സർക്കാർ പരിശോധിക്കുന്നുണ്ട്.
അതേസമയം, പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇതുവരെ ഔദ്യോഗികമായി അവസാനിപ്പിച്ചിട്ടില്ല. പാർലമെന്റ് പ്രൊറോഗ് ചെയ്യാത്തത് പ്രത്യേക സമ്മേളനം വിളിച്ചുചേർക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. പ്രത്യേക സമ്മേളനം സംബന്ധിച്ച് സർക്കാർ സർവകക്ഷി യോഗം വിളിച്ച് ചർച്ച നടത്തിയ ശേഷമേ തീരുമാനം എടുക്കാവൂ എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷവുമായി കൂടിയാലോചിക്കാതെ ഇത്തരമൊരു സുപ്രധാന നീക്കം നടത്തരുതെന്നാണ് കോൺഗ്രസിന്റെ നിലപാട്.










