
ലക്നൗ: യുവതിയെ ഫാംഹൗസിൽ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ നാലുപേർ അറസ്റ്റിൽ. ഉത്തർപ്രദേശിലെ അംറോഹയിലാണ് സംഭവം. ഹരിയാന സ്വദേശിയായ യുവതിയാണ് ബലാത്സംഗത്തിനിരയായത്. ഉത്തർപ്രദേശ് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരും സിആർപിഎഫിലെ രണ്ട് ഉദ്യോഗസ്ഥരുമാണ് അറസ്റ്റിലായത്. ഹസൻപുർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ഹസൻപുർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സഞ്ജയ് തോമർ, ഹെഡ് കോൺസ്റ്റബിൾ പ്രമോദ്, സിആർപിഎഫ് സബ് ഇൻസ്പെക്ടർ മോഹിത്, ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവ് എന്നിവരാണ് പിടിയിലായത്.
അംറോഹയിലെ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനെത്തിയ യുവതിയെ സിആർപിഎഫ് ഉദ്യോഗസ്ഥനായ മോഹിതിനെ കാണാൻ സുഹൃത്താണ് നിർദേശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 21ന് ഹരിയാനയിലെ സോണിപ്പത്തിൽ വച്ച് മോഹിതിനെ കണ്ട യുവതി പിന്നീട് ഇയാൾക്കൊപ്പം മീററ്റിലേക്ക് പോയി. ഇവിടെവച്ച് രാജസ്ഥാനിലെ അൽവാർ സ്വദേശിയായ സിആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ ലാലാറാം യാദവും സംഘത്തോടൊപ്പം ചേർന്നു.
അടുത്ത ദിവസം യുവതിയെ കാറിൽ ഹസൻപൂരിലേക്ക് കൊണ്ടുപോയി. യാത്രയ്ക്കിടെ സബ് ഇൻസ്പെക്ടർ സഞ്ജയ് തോമറും കാറിൽ കയറി. തുടർന്ന് ഇവർ യുവതിയെ ഒരു ഫാംഹൗസിലെത്തിച്ച് രണ്ട് മുറികൾ വാടകയ്ക്കെടുത്തു. താമസസൗകര്യം ഒരുക്കിയത് പൊലീസ് ഹെഡ് കോൺസ്റ്റബിൾ പ്രമോദാണെന്നും അന്വേഷണസംഘം പറയുന്നു.
രാത്രിയിൽ മോഹിത്, ലാലാറാം യാദവ്, സഞ്ജയ് തോമർ എന്നിവർ യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. പ്രമോദും യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി ഇയാളെ തള്ളിമാറ്റി മുറി അകത്തുനിന്ന് പൂട്ടി.
തുടർന്ന് ഓൺലൈനിൽനിന്ന് പൊലീസ് ഹെൽപ്ലൈൻ നമ്പർ കണ്ടെത്തി യുവതി സഹായം തേടി. വിവരമറിഞ്ഞ് പൊലീസ് ഉടൻ ഫാംഹൗസിലെത്തി യുവതിയെ രക്ഷപ്പെടുത്തി. സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെയും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.










