07:01pm 26 June 2026
NEWS
കാമുകനൊപ്പം ജീവിക്കാനായി യുവതി ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി വിവിധ ഭാ​ഗങ്ങളിൽ ഉപേക്ഷിച്ചു
23/12/2025  11:59 AM IST
nila
കാമുകനൊപ്പം ജീവിക്കാനായി യുവതി ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി വിവിധ ഭാ​ഗങ്ങളിൽ ഉപേക്ഷിച്ചു

കാമുകനൊപ്പം ജീവിക്കാനായി യുവതി ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കൊത്തിനുറുക്കി വിവിധ ഭാ​ഗങ്ങളിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ സംഭാലിലാണു സംഭവം. ചന്തൗസിയിലെ ചുണ്ണി സ്വദേശിയായ ഷൂ വ്യാപാരി രാഹുലി(40)നെയാണ് ഭാര്യ റൂബി ക്രൂരമായി കൊലപ്പെടുത്തിയത്. കാമുകൻ ​ഗൗരവിന്റെ സഹായത്തോടെയായിരുന്നു യുവതിയുടെ ക്രൂരത. 

രാഹുലും റൂബിയും 15 വർഷമായി വിവാഹിതരായിരുന്നു, അവർക്ക് 12 വയസ്സുള്ള മകനും 10 വയസ്സുള്ള മകളുമുണ്ട്. ഇതിനിടെയാണ് റൂബി ​ഗൗരവുമായി പ്രണയത്തിലാകുന്നത്. ഇതിനിടെ ഭാര്യയുടെ അവിഹിത ബന്ധം സംബന്ധിച്ച് രാഹുൽ മനസിലാക്കി. ഇതേ ചൊല്ലി കലഹം പതിവായതോടെയാണ് കാമുകനൊപ്പം സുഖമായി ജീവിക്കാനായി യുവതി ഭർത്താവിനെ കൊലപ്പെടുത്തിയത്. 

ഡിസംബർ 15-ന് ചന്തൗസിയിലെ പത്രൗവ റോഡിലെ ഈദ്ഗാഹിന് സമീപം ചാക്കുകളിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് യുവതിയുടെ ക്രൂരതയെ കുറിച്ച് പുറംലോകം അറിഞ്ഞത്. മനുഷ്യശരീരഭാ​ഗങ്ങൾ ചാക്കുകളിൽ കണ്ടതോടെ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തലയും കൈകളും കാലുകളും വേർപെടുത്തിയ ശരീരഭാഗങ്ങൾ മുറിച്ച നിലയിലായിരുന്നു. മുറിച്ചെടുത്ത ഒരു കയ്യിൽ 'രാഹുൽ' എന്ന് ടാറ്റൂ ചെയ്തത്‌ കണ്ടെത്തിയതാണ് കേസന്വേഷണത്തിൽ നിർണ്ണായകമായത്.

 ശരീരഭാഗങ്ങൾ കണ്ടെത്തുന്നതിന് ആഴ്ചകൾക്ക് മുമ്പ് നവംബർ 18-ന് രാഹുലിന്റെ ഭാര്യ റൂബി ഭർത്താവിനെ കാണാതായതായി പരാതി നൽകിയിരുന്നു. റൂബിയെ ചോദ്യം ചെയ്തപ്പോൾ അവരുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കൂടുതൽ അന്വേഷണം നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ച് പൊലീസ് സംഭവം പുനഃസൃഷ്ടിക്കുകയായിരുന്നു. റൂബി, കാമുകൻ ഗൗരവ് എന്നിവരെയും മറ്റൊരാളെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

മകളുടെ മൊഴി കേസിൽ നിർണായകമായി. മാതാപിതാക്കൾ തമ്മിൽ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നും മൂന്നുപേർ പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും മധുരം കൊണ്ടുവരാറുണ്ടായിരുന്നുവെന്നും മകൾ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. രാഹുലിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കട്ടിലിന്റെ കാൽ, സ്‌കൂട്ടർ, ബാഗ്, ടോയ്ലറ്റ് ബ്രഷ്, ഇരുമ്പ് ദണ്ഡ്, ഇലക്ട്രിക് ഹീറ്റർ എന്നിവ ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തു. കൊലപാതകം വീടിനുള്ളിൽ നടന്നതായും പിന്നീട് ശരീരഭാഗങ്ങൾ മുറിച്ചു വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചതായും ഫോറൻസിക് സംഘം കണ്ടെത്തി. രാഹുലിന്റെ തലയും മറ്റ് ശരീരഭാഗങ്ങളും കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img