
കൊൽക്കത്ത: ഡ്രൈവിങ് പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് 42കാരിക്ക് ദാരുണാന്ത്യം. കൊൽക്കത്തയിലെ പ്രഫുല്ല കാനൻ മേഖലയിലാണ് ബുധനാഴ്ച അപകടമുണ്ടായത്. സുമിത്ര ദാസ് ആണ് മരിച്ചത്.
മകളെ സ്കൂളിൽ വിട്ടശേഷം ഡ്രൈവിങ് പരിശീലനത്തിനായി കാറുമായി പുറത്തിറങ്ങിയതായിരുന്നു സുമിത്ര. പരിശീലനത്തിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ കുളത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ പൂർണമായും വെള്ളത്തിൽ മുങ്ങി.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും സുമിത്രയെ പുറത്തെടുക്കാനായില്ല. തുടർന്ന് അഗ്നിശമനസേനയും പൊലീസും സ്ഥലത്തെത്തി. ഒരു മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കാർ കുളത്തിൽനിന്ന് പുറത്തെടുത്തത്. കാറിനുള്ളിൽനിന്ന് സുമിത്രയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സുമിത്രയുടെ ഭർത്താവ് കൃഷ്ണേന്ദു ദാസ് അടുത്തിടെയാണ് കാർ വാങ്ങിയത്. ഓഗസ്റ്റ് 22ന് ഡ്രൈവിങ് ടെസ്റ്റ് നിശ്ചയിച്ചിരുന്നതിനാൽ സുമിത്ര പതിവായി പരിശീലനം നടത്തിവരികയായിരുന്നു.
പരിശീലനത്തിനിടെ ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലറേറ്ററിൽ ചവിട്ടിയതാകാം കാർ നിയന്ത്രണംവിട്ട് കുളത്തിലേക്ക് മറിയാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.










