
ഇന്ത്യാന: ഒരു വയസ്സുള്ള കുഞ്ഞിനെ ലക്ഷ്യമാക്കി നടന്ന ക്രൂരമായ ആക്രമണം അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചത്. സംഭവത്തിൽ 37 വയസ്സുള്ള ഇന്ത്യാനാപൊളിസ് സ്വദേശിനിയായ കേന്ദ്ര ലീ പ്രോക്ടർ എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനു നേരേ ലൈംഗികാതിക്രമം നടത്തിയ യുവതി, നരബലിക്ക് ശ്രമിച്ചു എന്നും ആരോപണമുണ്ട്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം, വീട്ടിനുള്ളിൽ നടന്ന സംഭവമാണ് പിന്നീട് പൊലീസിന്റെ അന്വേഷണത്തിലേക്ക് എത്തിയത്. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചതായും, ആക്രമണത്തിന് പിന്നിൽ ബലിയർപ്പണ ചിന്തകളും ലൈംഗിക പ്രേരണകളും സാമ്പത്തിക ലക്ഷ്യങ്ങളും ഉണ്ടായിരുന്നുവെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.
വീട്ടിലുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ സമയോചിത ഇടപെടലാണ് കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത്. സിനിമ കാണുന്നതിനിടെ പ്രതിയുടെ അസാധാരണമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മുറിയിലേക്ക് ചെന്നപ്പോഴാണ് കുഞ്ഞിന്റെ മുഖത്ത് ഇരുന്ന് ശ്വാസം മുട്ടിക്കുന്ന നിലയിൽ പ്രതിയെ കണ്ടത്. ഉടൻ തന്നെ ഇവർ ഇടപെട്ട് പ്രതിയെ പിടിച്ചുമാറ്റുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു.
അന്വേഷണത്തിൽ, സംഭവസ്ഥലത്ത് ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെയും പ്രതി ലൈംഗികമായി പീഡിപ്പിച്ചതായും ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി. പ്രതിക്ക് ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങൾ, പ്രത്യേകിച്ച് സ്കീസോഫ്രീനിയ, ഉണ്ടാകാമെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു. ചോദ്യം ചെയ്യലിനിടെ പ്രതിയുടെ മൊഴികൾ പരസ്പരവിരുദ്ധമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
വധശ്രമം, കുട്ടികളോടുള്ള ലൈംഗിക പീഡനം എന്നീ ഗുരുതര വകുപ്പുകൾ ചുമത്തി പ്രതിയെ ജയിലിലടച്ചിരിക്കുകയാണ്. കുറ്റം തെളിയിക്കപ്പെട്ടാൽ 40 വർഷം വരെ തടവും 10,000 ഡോളർ പിഴയും ലഭിക്കാനുള്ള സാധ്യതയുണ്ട്. മെഡിക്കൽ സംഘം പരിശോധിച്ച കുഞ്ഞിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കേസിലെ വിചാരണ ജനുവരി 21ന് നടക്കും.











