11:03am 15 September 2026
NEWS
മഹാനായ ചലച്ചിത്രകാരൻ അടൂരിന് ഖേദപൂർവ്വം.... ഒരു സിനിമാ കോൺക്ലേവിന്റെ ബാക്കിപത്രങ്ങൾ
30/09/2025  02:40 PM IST
ഡോ. രാധാകൃഷ്ണൻ
മഹാനായ ചലച്ചിത്രകാരൻ  അടൂരിന് ഖേദപൂർവ്വം.... ഒരു സിനിമാ കോൺക്ലേവിന്റെ ബാക്കിപത്രങ്ങൾ
കേരളാ ഫിലിം പോളിസി കോൺക്ലേവിന്റെ സമാപനം ഒരു ഞായറാഴ്ചയായിരുന്നു. അന്ന് അടൂർ ഗോപാലകൃഷ്ണൻ തന്റെ ഉദ്ഘാടന പ്രസംഗ മദ്ധ്യേ പറഞ്ഞു: “ സംസ്ഥാന സർക്കാർ എസ്.സി/എസ്ടി  വിഭാഗത്തിൽ നിന്നുമുളള സംവിധായകർക്ക് അവസരമൊരുക്കാനായി സിനിമാ നിർമ്മാണത്തിന് ഒന്നരകോടി രൂപ വീതം നൽകുന്നു എന്നറിഞ്ഞു. അപ്പോൾ തന്നെ ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് പറഞ്ഞു:- “ഗവൺമെന്റ് അഴിമതിയ്ക്കുളള വഴിയൊരുക്കുകയാണ് ചെയ്യുന്നത്. എന്നാൽ തീരുമാനത്തിന് ഒരു മാറ്റവുമുണ്ടായില്ല”.
നിരാശയോടെയാകണം പിന്നീടദ്ദേഹം തുടർന്നത്. ആ വാക്കുകൾ ശ്രദ്ധിക്കാം: “ ഈ പ്രോജക്ടിനു പിന്നിലുളള ഉദ്ദേശം നല്ലതാണ്. എന്നാൽ അവർക്ക് സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 3 മാസത്തെ ട്രെയിനിംഗ് നൽകണം. ഈ തുക നൽകപ്പെടുന്നത് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം. ഇപ്പോൾ നൽകപ്പെടുന്ന തുക കുറച്ചിട്ട് 50 ലക്ഷമാക്കി മാറ്റണം. ഈ പണം കോമേഴ്‌സ്യൽ സിനിമ നിർമ്മിക്കുന്നതിനായി ഉപയോഗിക്കരുത്”. സ്ത്രീ സമൂഹത്തിൽ നിന്നുളള സംവിധായകർക്കും ഇതുപോലെ ഒന്നരക്കോടി വീതം നൽകുന്നതിനെ പ്രതിപാദിച്ച് അടൂർ പറഞ്ഞു: “സ്ത്രീയാണ് എന്നതുകൊണ്ട് മാത്രം ഒരാളിന് സിനിമാ നിർമ്മാണത്തിനു ഫണ്ടു നൽകരുത്. അവർക്കും ട്രെയിനിംഗ് നൽകണം. സിനിമാ നിർമ്മാണത്തിന്റെ എല്ലാ ബുദ്ധിമുട്ടുകളും അവർ മനസ്സിലാക്കണം”. 
 
പ്രശസ്ത ഗായിക പുഷ്പവതി പൊയ്പ്പാടത്ത് അടൂരിനെതിരെ
 
ഫണ്ട് നൽകരുതെന്നും, അഥവാ നൽകിയാൽ ട്രെയിനിംഗ് അനിവാര്യമാണ് എന്നുമുളള പരാമർശങ്ങൾ കേട്ടപ്പോൾ സദസ്സിലുണ്ടായിരുന്ന ചില അടൂർ ഭക്തൻമാർ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. എന്നാൽ പെട്ടെന്നതാ ആൾക്കൂട്ടത്തിൽ നിന്നൊരു വനിത രോഷത്തോടെ ചാടിയെണീറ്റ് അടൂരിന്റെ വാക്കുകളെ ശക്തമായി അപലപിക്കുന്നു. അത് മലയാളികളുടെ ആകെ മനംകവർന്ന പ്രശസ്ത ഗായിക പുഷ്പവതിയായിരുന്നു.  കേരളത്തിലെ ജനങ്ങളിൽ പകുതിയിലധികമുളള സ്ത്രീ സമൂഹത്തെയും 10% ത്തിലധികമുളള എസ്.സി/എസ്ടി  ജനതയേയും അധിക്ഷേപിക്കുന്ന തരത്തിലെ പരാമർശങ്ങളും അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലെ കരഘോഷവും കേട്ടപ്പോൾ എതിർപ്പിന്റെ ആവേശത്തോടെ ചാടിയെണീറ്റ് പ്രതികരിക്കാൻ ആത്മാഭിമാന ബോധമുളള ഒരാൾ- പുഷ്പവതി പൊയ്പ്പാടത്ത് എന്ന പ്രിയസഹോദരി തയ്യാറായത് ഉൾപ്പുളകത്തോടെയാണ് കേരളം കണ്ടത്! പിന്നീടു മീഡിയയോട് പങ്കുവെച്ച പ്രതികരണത്തിൽ അവർ പറഞ്ഞു: “പാർശ്വവൽകൃത സമുദായങ്ങളിൽ നിന്നും ഫിലിം മേക്കേഴ്‌സ് കൂടുതൽ ഉണ്ടാകണമെന്ന ആഗ്രഹത്തോടെ സർക്കാർ തുടങ്ങിവെച്ച പ്രോജക്ടിന് പാരവെയ്ക്കാനാണ് അടൂർ ശ്രമിച്ചത്. ടഇ/ടഠ സമുദായങ്ങളിൽപ്പെട്ട ജനങ്ങൾ നൂറ്റാണ്ടുകളോളം അടിമജീവിതം നയിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു. വിദ്യാഭ്യാസം ചെയ്യാനുളള സ്വാതന്ത്ര്യംപോലും ഞങ്ങൾക്ക് കിട്ടിയിട്ട് ഏതാനും ദശവത്സരങ്ങൾ മാത്രമേ ആയിട്ടുളളൂ അങ്ങനെയുള്ളൊരു സമൂഹത്തെ മുഖ്യധാരയിലേക്കു കൈപിടിച്ചു കൊണ്ടുവരാനുളള ഈ പ്രോജക്ടിനെതിരെയുളള ഏതു നീക്കവും ചെറുക്കപ്പെടേണ്ടതാണ്''. അദ്ദേഹത്തിന്റെ പ്രസ്താവനയെ സർക്കാർ പ്രതിനിധിയായെത്തിയ മന്ത്രി സജിചെറിയാൻ അപ്പോൾ തന്നെ തള്ളിക്കളയുകയും ചെയ്തു.
 
മന്ത്രി സജിചെറിയാൻ അടൂരിനെതിരെ
 
അടൂരിന്റെ പ്രസംഗശേഷം അദ്ദേഹത്തിനു മറുപടി എന്നോണം മന്ത്രി സജി ചെറിയാൻ പറഞ്ഞതിൽ നിന്ന്, “ഇപ്പോൾ കൊടുക്കുന്ന ഒന്നരക്കോടിപോലും മെച്ചപ്പെട്ട സിനിമ നിർമ്മിക്കാൻ അപര്യാപ്തമാണ്. ഈ ഫണ്ടുകിട്ടിയ സംവിധായകരിലധികവും സിനിമ പൂർത്തിയാക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. മലയാള സിനിമയുടെ 98 വർഷത്തെ ചരിത്രത്തിൽ എസ്.സി/എസ്ടി സമുദായങ്ങളിൽപ്പെട്ട പ്രതിഭകൾക്ക് സംവിധാനരംഗത്തേക്കു കടന്നുവരാൻ അപൂർവ്വമായി മാത്രമേ അവസരങ്ങൾ ലഭിച്ചിട്ടുള്ളൂ. സംസ്ഥാന സർക്കാർ തുടങ്ങിവെച്ച പ്രോജക്ടിലൂടെ പുതിയ പ്രതിഭകൾക്ക് കടന്നു വരാൻ പറ്റും. അവരെ തിരഞ്ഞെടുക്കുന്നത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ ചലച്ചിത്രകാരന്മാരുടെ ഒരു വിദഗ്ധ സമിതി സൂക്ഷ്മതയോടെ നടത്തുന്ന സ്‌ക്രീനിംഗിലൂടെയാണ്''. 
വിദഗ്ധ സമിതിയുടെ സ്‌ക്രീനിംഗിൽ സർവ്വഥാ യോഗ്യരാണെന്നു വ്യക്തമായി കഴിഞ്ഞാൽ പിന്നെ ഒരു ട്രെയിനിംഗിന്റേയും ആവശ്യമില്ല എന്നാണ് മന്ത്രി പറഞ്ഞതിന്റെ പൊരുൾ!
 
അടൂർ ഗോപാലകൃഷ്ണൻ - ഇന്ത്യൻ സിനിമയുടെ  അഭിമാനം  
 
കേരളം ഇന്ത്യൻ സിനിമയ്ക്കു നൽകിയ ഏറ്റവും പ്രതിഭാധനനായ ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണൻ. പത്തനംതിട്ട ജില്ലയിലെ അടൂരിൽ മൗട്ടത്ത് മാധവൻ ഉണ്ണിത്താന്റെയും ഗൗരിക്കുഞ്ഞമ്മയുടേയും മകനായി 1941 ജൂലൈ 3 ന് അദ്ദേഹം ജനിച്ചു. തിരക്കഥാ രചനയിലും സംവിധാനത്തിലും ഡിപ്ലോമ നേടി 1965 ൽ പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠനം പൂർത്തിയാക്കിയ അടൂർ കുളത്തൂർ ഭാസ്‌ക്കരൻനായരുമായി ചേർന്ന് കേരളത്തിലെ ആദ്യഫിലിം സൊസൈറ്റിയായ ചിത്രലേഖ ഫിലിം സൊസൈറ്റിയും സിനിമാ നിർമ്മാണം, വിതരണം, പ്രദർശനം തുടങ്ങിയവ നിർവ്വഹിക്കാനായി ചിത്രലേഖ ഫിലിം കോ-ഓപ്പറേറ്റീവും സ്ഥാപിക്കുകയുണ്ടായി.
 
അടൂരിന്റെ ചലച്ചിത്രങ്ങൾ
 
1. സ്വയംവരം (1972) - സംവിധാനം
2. കൊടിയേറ്റം (1977) - കഥ, തിരക്കഥ, സംവിധാനം
3. എലിപ്പത്തായം )1981) - കഥ, തിരക്കഥ, സംവിധാനം
4. മുഖാമുഖം (1984) - കഥ, തിരക്കഥ, സംവിധാനം
5. അനന്തരം ( 1987) - കഥ, തിരക്കഥ, സംവിധാനം
6. മതിലുകൾ (1989) - തിരക്കഥ, സംവിധാനം
7. വിധേയൻ (1993) - തിരക്കഥ, സംവിധാനം
8. കഥാപുരുഷൻ (1995) - കഥ, തിരക്കഥ, സംവിധാനം
9. നിഴൽക്കുത്ത് (2003) - കഥ, തിരക്കഥ, സംവിധാനം
10. നാലുപെണ്ണുങ്ങൾ (2007) - തിരക്കഥ, സംവിധാനം
11. ഒരുപെണ്ണും രണ്ടാണും(2008) - തിരക്കഥ, സംവിധാനം
12. പിന്നെയും (2016) - തിരക്കഥ, സംവിധാനം
23 ഹ്രസ്വ ചിത്രങ്ങളും ഡോക്യുമെന്ററികളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്.
 
അവാർഡുകളുടെ  പെരുമഴക്കാലം
 
സംവിധാനം ചെയ്ത എല്ലാ ചിത്രങ്ങൾക്കും ഒന്നോ അതിലധികമോ അവാർഡുകൾ നേടിയ ചലച്ചിത്രകാരനാണദ്ദേഹം
 
നാഷണൽ ഫിലിം അവാർഡുകൾ
 
1973 - ഏറ്റവും നല്ല ചിത്രം, ഏറ്റവും നല്ല സംവിധായകൻ - സ്വയംവരം
1978 - മലയാളത്തിലെ ഏറ്റവും നല്ല ഫീച്ചർ ഫിലിം- കൊടിയേറ്റം
1980 - സ്‌പെഷ്യൽ ജൂറി അവാർഡ് - ദി ചോള ഹെറിറ്റേജ്
1982 - മലയാളത്തിലെ ഏറ്റവും നല്ല ഫീച്ചർ ഫിലിം- എലിപ്പത്തായം
1985 - ഏറ്റവും നല്ല സംവിധായകൻ, മലയാളത്തിലെ ഏറ്റവും നല്ല ഫീച്ചർ ഫിലിം, ഏറ്റവും നല്ല തിരക്കഥ -മുഖാമുഖം
1990 - മലയാളത്തിലെ ഏറ്റവും നല്ല ഫീച്ചർഫിലിം, ഏറ്റവും നല്ല സംവിധായകൻ - മതിലുകൾ
1994 - മലയാളത്തിലെ ഏറ്റവും നല്ല ഫീച്ചർഫിലിം - വിധേയൻ
1995 - ഏറ്റവും നല്ല ചിത്രം - കഥാപുരുഷൻ
2003 - മലയാളത്തിലെ ഏറ്റവും നല്ല ഫീച്ചർ ഫിലിം- നിഴൽക്കുത്ത്
2008 - ഏറ്റവും നല്ല സംവിധായകൻ - നാലുപെണ്ണുങ്ങൾ
 
കേരളാ സ്റ്റേറ്റ് ഫിലിം അവാർഡുകൾ
 
ഏറ്റവും നല്ല ചിത്രം - 5 തവണ ലഭിച്ചു
1973 - കൊടിയേറ്റം
1981 - എലിപ്പത്തായം
1984 - മുഖാമുഖം
1993 - വിധേയൻ
2008 - ഒരുപെണ്ണും രണ്ടാണും
 
ഏറ്റവും നല്ല സംവിധായകൻ - 5 തവണ ലഭിച്ചു
 
1977 - കൊടിയേറ്റം
1984 - മുഖാമുഖം
1987 - അനന്തരം
1993 - വിധേയൻ
2008 - ഒരുപെണ്ണും രണ്ടാണും
 
ഏറ്റവും നല്ല കഥ
1977 - കൊടിയേറ്റം
 
ഏറ്റവും നല്ല തിരക്കഥ- 2 തവണ ലഭിച്ചു
1993 - വിധേയൻ
2008 - ഒരു പെണ്ണും രണ്ടാണും
ഏറ്റവും നല്ല ഡോക്യുമെന്ററി - 2 തവണ ലഭിച്ചു
1982 - കൃഷ്ണനാട്ടം
1999 -കലാമണ്ഡലം ഗോപി
ഏറ്റവും നല്ല ഷോർട്ട് ഫിലിം
2005 -കലാമണ്ഡലം രാമൻകുട്ടിനായർ
കേരളാ സ്റ്റേറ്റ് ഫിലിംക്രിട്ടിക്‌സ് അസോസിയേഷൻ അവാർഡ് - 5 തവണയായി 8 അവാർഡുകൾ ലഭിച്ചു
1984 - ഏറ്റവും നല്ല ചലച്ചിത്രം - മുഖാമുഖം
1987 - ഏറ്റവും നല്ല സംവിധായകൻ-  അനന്തരം
1989 - ഏറ്റവും നല്ല ചലച്ചിത്രം, ഏറ്റവും നല്ല സംവിധായകൻ - മതിലുകൾ
1993 - ഏറ്റവും നല്ല ചലച്ചിത്രം, ഏറ്റവും നല്ല സംവിധായകൻ - വിധേയൻ
1995 - ഏറ്റവും നല്ല ചലച്ചിത്രം, ഏറ്റവും നല്ല സംവിധായകൻ- കഥാപുരുഷൻ
 
കൂടാതെ 2016 ൽ കേരളസർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ സി ഡാനിയേൽ പുരസ്‌ക്കാരവും കിട്ടി.
 
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ആജീവനാന്ത സംഭാവനകളെ മുൻനിറുത്തി ഇന്ത്യാ ഗവൺമെന്റിന്റെ പത്മശ്രീ പുരസ്‌ക്കാരവും, ദാദാസാഹിബ് ഫാൽക്കെ അവാർഡും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 'എലിപ്പത്തായ'ത്തിന് 1982 ൽ ലണ്ടൻ ചലച്ചിത്രോത്സവത്തിൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരമോന്നത ബഹുമതിയായ സതർലാന്റ് പുരസ്‌ക്കാരവും ലഭിച്ചു.
 
ഗാന/നൃത്ത രംഗങ്ങൾക്ക് അമിത പ്രാധാന്യമുളള മുഖ്യധാര വാണിജ്യ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഇവ രണ്ടും ഒട്ടുമില്ലാത്ത സമാന്തര സിനിമയുടെ പിതൃത്വം കേരളത്തിൽ അടൂരിനു മാത്രം അവകാശപ്പെട്ടതാണ്. ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മഹാരഥന്മാരായ സത്യജിത്‌റായ്, മൃണാൾസെൻ തുടങ്ങിയവർക്കൊപ്പം ഔന്നത്യമുളള സർഗ്ഗധനനായ ചലച്ചിത്രകാരനാണ് അദ്ദേഹം. ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തരും പ്രതിഭാധനന്മാരുമായ ചലച്ചിത്രകാരന്മാരുടെ മുൻനിരയിൽ സ്ഥാനമുളള ഈ ഇന്ത്യൻ ചലച്ചിത്രകാരൻ ഓരോ മലയാളിയുടേയും സ്വകാര്യ അഹങ്കാരമാണ്, ഇന്ത്യൻ സിനിമയുടെ അഭിമാനമാണ്. അങ്ങനെയുളള ഒരാൾ തന്റെ പ്രസംഗ മദ്ധ്യേയും, പിന്നീട് മാധ്യമങ്ങൾക്കു മുമ്പിലും നടത്തിയ ചില പ്രസ്താവനകൾ വിവാദമായ പശ്ചാത്തലത്തിൽ അവ വിലയിരുത്തപ്പെടേണ്ടതാണ്.
 
സിനിമാ കോൺക്ലേവിൽ നടത്തിയ പ്രസ്താവനകൾ
 
“എസ്.സി/എസ്ടി  സംവിധായകർക്ക് സിനിമ നിർമ്മിക്കാൻ 1 1/2 കോടി രൂപ വീതം നൽകുന്നത് അഴിമതിക്കു വഴിയൊരുക്കും”   എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ഈ അധിക്ഷേപ പരാമർശം നടത്തിയത്? മുമ്പെപ്പോഴെങ്കിലും ഇങ്ങനെ ഫണ്ടു നൽകിയപ്പോൾ ആ പണവുമായി എസ്.സി/എസ്ടി  സംവിധായകർ കടന്നു കളഞ്ഞ ചരിത്രമുണ്ടോ? ഒരിക്കലുമില്ല. കാരണം ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഒരു സംസ്ഥാനത്ത് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്ക് (വനിതകൾക്കും എസ്.സി/എസ്ടികൾക്കും) സിനിമാ നിർമ്മാണത്തിനു ഫണ്ടു നൽകി തുടങ്ങിയത്. സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ടോ മറ്റേതെങ്കിലും പ്രോജക്ടിന്റെ പേരിലോ സർക്കാരിൽ നിന്നും കോടികൾ അടിച്ചു മാറ്റിയ പാരമ്പര്യമില്ലാത്ത ഏക ഇന്ത്യൻ സാമൂഹിക വിഭാഗം എസ്.സി/എസ്ടി കൾ മാത്രമാണ്. എന്നാൽ അവരുടെ വികസനത്തിനെന്ന പേരിൽ ഓരോ പഞ്ചവത്സര പദ്ധതിയിലും അനേകായിരം കോടികൾ നീക്കിവെച്ചിട്ട് അതിന്റെ സിംഹഭാഗവും തട്ടിയെടുക്കുകയും വകമാറ്റുകയും ലാപ്‌സാക്കുകയും ചെയ്ത സംഭവങ്ങൾ എത്ര വേണമെങ്കിലും പറയാനുണ്ട്. നൂറ്റാണ്ടുകളായി ഇന്നാട്ടിലെ പാടത്തും പറമ്പിലും മാടുകളെപ്പോലെ പണിയെടുത്ത് പൊന്നുവിളയിച്ച്, അദ്ധ്വാനത്തെ അപമാനമായി കരുതിയിരുന്ന വരേണ്യരുൾപ്പെടെ എല്ലാവരുടേയും പശിയടക്കിയ നിരാലംബരും നിഷ്‌ക്കളങ്കരുമായ മർദ്ദിത ജനതയാണ് പട്ടികജാതി/പട്ടികവർഗ്ഗക്കാർ.  അവരിൽപ്പെട്ട പ്രതിഭാശാലികളായ ചില ചെറുപ്പക്കാർ സിനിമാ സംവിധാന രംഗത്തേക്കു കടന്നു വരാനൊരുങ്ങുമ്പോൾ, യാതൊരു ഡേറ്റയുടേയും പിൻബലമില്ലെങ്കിലും അവർ ഫണ്ടടിച്ചു മാറ്റുന്നവരാണ് എന്ന തോന്നൽ അടൂരിനെപ്പോലെ ചിലർക്കു വെറുതേ ഉണ്ടാകുന്നു. ആ തോന്നലിന്റെ പേരാണ് സവർണ്ണ ജാതീയത! സഹസ്രാബ്ദങ്ങളായി ഇന്ത്യയിൽ നിലനിൽക്കുന്ന ഫാസിസ്റ്റ് ആശയസംഹിതയായ ബ്രാഹ്മിനിസത്തിന്റെ സൃഷ്ടിയാണ് ഈ പാരമ്പര്യ മനോരോഗം. ലോക സിനിമയുടെ അനന്തവിഹായസ്സിൽ ഇന്ത്യയുടെ അഭിമാനമായി അര നൂറ്റാണ്ടിലധികം പാറിപ്പറന്നു നടന്ന ഇതിഹാസ ചലച്ചിത്രകാരന്റെ ഉള്ളിൽപ്പോലും ഒട്ടും ചികിത്സ കിട്ടിയിട്ടില്ലാത്ത ഈ രോഗമുണ്ടെന്നു തറപ്പിച്ചു പറയാൻ ഇനിയെന്തിനു മടിക്കണം?
2. “അവർക്ക് സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് കുറഞ്ഞത് 3 മാസത്തെ പ്രത്യേക ട്രെയിനിംഗ് നൽകണം. ഈ തുക നൽകപ്പെടുന്നത് ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണെന്ന് അവരെ ബോദ്ധ്യപ്പെടുത്തണം ”.
കേൾക്കുമ്പോൾ തോന്നും എത്ര നല്ല നിർദ്ദേശമാണ് അദ്ദേഹം നൽകിയത്. വനിതകളോടും ടഇ/ടഠ കളോടും അനുകമ്പയുളള ഒരാളിനല്ലേ ഇത്തരമൊരു നിർദ്ദേശം നൽകാൻ കഴിയുക? പ്രത്യേക പരിശീലനമൊക്കെ നല്ലതാണ്. പക്ഷേ അത് വനിതകൾക്കും ടഇ/ടഠ കൾക്കും മാത്രം മതി എന്നു പറയുന്നതിനോടു യോജിക്കാൻ കഴിയില്ല. ആ പറച്ചിലിന്റെ പൊരുൾ വനിതകളും ടഇ/ടഠ കളും ജന്മനാ കഴിവുകെട്ടവരാണ്; അതുകൊണ്ട് അവർക്ക് പരിശീലനം നൽകണം എന്നാണ്. അതിന് മറ്റൊരു പൊരുൾ കൂടിയുണ്ട്. ഈ രണ്ടു കൂട്ടരിലും പെടാത്ത ഞങ്ങളെപ്പോലെ ജന്മനാ മെറിറ്റുളള വേറെ ചിലരും ഇവിടെയുണ്ട് എന്നാണത്.
 
വനിതകൾക്ക് ഈ പ്രോജക്ട് തുടങ്ങിയത് 2019 -20 ലും, എസ്.സി/എസ്ടി കൾക്ക് തുടങ്ങിയത് 2020-21 ലുമാണ്. 2022 നു ശേഷം ഇതനുസരിച്ച് അപേക്ഷ ക്ഷണിക്കുകപോലും ചെയ്തിട്ടില്ല. അങ്ങനെ വെറും 4 വർഷത്തെ മാത്രം പാരമ്പര്യമുളള ഈ പ്രോജക്ടിൽ ഇതുവരെയില്ലാതിരുന്ന പ്രത്യേക പരിശീലനം ഇനി ഉൾപ്പെടുത്തണം എന്നാണ് അടൂരിന്റെ ഉപദേശം. അദ്ദേഹത്തോട് ഈ അവസരത്തിൽ ചിലതു ചോദിക്കാതെ വയ്യ - 50 വർഷമായി നാഷണൽ ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ (ചഎഉഇ) സിനിമാ നിർമ്മാണത്തിനു ഫണ്ടു നൽകുന്നുണ്ടല്ലോ. ഇതുവരെ 300 സിനിമകൾക്ക് ഫണ്ടു നൽകിയിട്ടുണ്ട് എന്നാണറിവ്. അവിടെ ഫണ്ടു നൽകാൻ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ട്രെയിനിംഗ് ഏർപ്പെടുത്തണമെന്ന് എന്തുകൊണ്ടാണ് നാളിതുവരെ അടൂർ പറയാതിരുന്നത്?
 
അവിടെ ഫണ്ട് നൽകുന്നത് ടഎസ്.സി/എസ്ടി കൾക്കും വനിതകൾക്കും പ്രത്യേകമായിട്ടല്ല. സവർണ്ണരുൾപ്പെടെ എല്ലാവർക്കുമായാണ്. എസ്.സി/എസ്ടി കളും വനിതകളും മഷിയിട്ടു നോക്കിയാൽ പോലും അക്കൂട്ടരിലുണ്ടാവില്ല. അതുകൊണ്ട് അവിടെ ഒരു ട്രെയിനിംഗിന്റെയും ആവശ്യമില്ല. ഇവിടെ ടഇ/ടഠ കൾക്കും വനിതകൾക്കും പ്രത്യേകമായി ഫണ്ട് നൽകുന്നതുകൊണ്ട് അവർക്ക് ട്രെയിംനിഗ് നൽകിയേ പറ്റൂ. വെറും ട്രെയിനിംഗല്ല ഇന്റൻസീവ് ട്രെയിനിംഗ്  (തീവ്ര പരിശീലനം) എന്നാണ് അടൂർ പറയുന്നത്. അദ്ദേഹത്തിനറിയാത്തതല്ലല്ലോ, ഇന്ത്യയിലെ ഏറ്റവും വിദഗ്ധരായ ചലച്ചിത്രകാരന്മാരുടെ ഒരു കമ്മിറ്റി ശ്രദ്ധാപൂർവ്വം നടത്തുന്ന സ്‌ക്രീനിംഗിൽ യോഗ്യരാണെന്ന് ബോദ്ധ്യപ്പെടുന്നവർക്കു മാത്രമാണ് ഫണ്ടു നൽകുന്നത്. യോഗ്യതയുളളവർക്ക് പിന്നെന്തിനാണ് ട്രെയിനിംഗ്? അപ്പോൾ സ്‌നേഹ ഭാവനയുളള ഈ ട്രെയിനിംഗ് ഉപദേശത്തിനു പിന്നിൽ ആ പ്രോജക്ട് അട്ടിമറിയ്ക്കാനുളള ശ്രമമാണോ എന്നു സംശയിക്കുന്നതിലെന്താണ് തെറ്റ്? സർക്കാരിന്റെ ഫണ്ടുപയോഗിച്ച് വനിതകളും എസ്.സി/എസ്ടി കളുമൊന്നും അങ്ങനെ സിനിമ നിർമ്മിക്കേണ്ട, അവർ സിനിമ കാണേണ്ടവർ മാത്രമാണ്, നിർമ്മാണത്തിനു പരമയോഗ്യരായ ഞങ്ങൾ കുറേപ്പേർ ഇവിടെയുണ്ട് എന്നാണതിന്റെ പൊരുൾ. അദ്ദേഹം പറയുന്നത് ഒന്നരക്കോടിയൊന്നും ഒരാളിനു നൽകേണ്ട, അത് 1/3 ആയി കുറച്ചാൽ 3 പേർക്ക് നൽകാമല്ലോ എന്നാണ്. അദ്ദേഹത്തിനറിയാത്തതല്ലല്ലോ, ഈ ഒന്നരക്കോടിയിൽ 1 കോടി 10 ലക്ഷം മാത്രമാണ് സിനിമാ നിർമ്മാണത്തിനുപയോഗിക്കുന്നത്. ബാക്കി 40 ലക്ഷം രൂപ മാർക്കറ്റിംഗിനായി ഫിലിം ഡവലപ്പ്‌മെന്റ് കോർപ്പറേഷൻ പിടിച്ചു വെയ്ക്കുകയാണ് ചെയ്യുന്നത്. നിർമ്മാണത്തിനുളള ഫണ്ട് സംവിധായകന്റെ കയ്യിൽ ഒന്നിച്ചു നൽകിയിട്ട് പോയി സിനിമാ നിർമ്മിക്കൂ എന്നാവശ്യപ്പെടുകയല്ല എന്നും അദ്ദേഹത്തിനു വ്യക്തമായി അറിയാം. സംവിധായകന് തന്റെ തൊഴിലിന്റെ വേതനമെന്ന നിലയിൽ 2-3 ലക്ഷം രൂപ കിട്ടുന്നുണ്ട്. അത് പല തവണകളായി രണ്ടുവർഷം കൊണ്ടാണ് കിട്ടുന്നത്. നിർമ്മാതാവ് യഥാർത്ഥത്തിൽ കേരളാ സ്റ്റേറ്റ് ഫിലിം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ (കെ എസ് എഫ് ഡി സി) തന്നെയാണ്. പ്രോജക്ടിൽ സൂചിപ്പിക്കുന്ന വിധം വിവിധ ഘട്ടങ്ങളിലായി പണം ചെലവഴിക്കുന്നത് കെ എസ് എഫ് ഡി സി തന്നെയാണ്. എന്നിട്ടും സംവിധായകനെ പണമേൽപ്പിച്ചാൽ അഴിമതിയ്ക്ക് വഴിതെളിയും എന്ന് അടൂർ പറഞ്ഞത് ബോധപൂർവ്വമല്ലേ?
 
എൻ എഫ് ഡി സി യുടെ ഉപദേശക സമിതിയിലുണ്ടായിരുന്ന ആളാണ് അടൂർ. അവിടെ സിനിമ നിർമ്മാണത്തിന് 3 കോടി വീതം നൽകിയ സന്ദർഭങ്ങളുമുണ്ട്. അപ്പോഴൊന്നും 50 ലക്ഷം വീതം 6 പേർക്ക് നൽകിയാൽ മതി എന്നോ അവർക്കെല്ലാം പ്രത്യേക പരിശീലനം നൽകണം എന്നോ, അദ്ദേഹം പറഞ്ഞിട്ടില്ല. ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നെടുത്ത തുകയാണ്, അതു പാഴായി പോകരുത് എന്ന സദുദ്ദേശത്തോടെയാണ് സംസ്ഥാന സർക്കാരിനെ ഉപദേശിച്ചതെങ്കിൽ, അതേ ഉപദേശം കേന്ദ്രസർക്കാരിനും നൽകേണ്ടതായിരുന്നില്ലേ? എൻ എഫ് ഡി സി സിനിമാ നിർമ്മാണത്തിനു നൽകുന്നതും ജനങ്ങളുടെ നികുതിപ്പണമല്ലേ ?
 
കേരളത്തിൽ ചിത്രലേഖ ഫിലിം സൊസൈറ്റി ഉൾപ്പെടെയുളള പല സഹകരണ സംഘങ്ങളും പ്രത്യകമായി പണം നൽകിയതുപയോഗിച്ച് സിനിമയെടുത്ത് പ്രശസ്തരായ എത്രയോ പേരുണ്ട്. അവരെയൊക്കെ അടൂർ സാറിനറിയാമല്ലോ. ആ പണം സ്വീകരിച്ച് സിനിമ നിർമ്മിച്ചവർക്ക് 3 മാസത്തെ പ്രത്യേക ട്രെയിനിംഗ് വേണമെന്ന് എന്തേ അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ല? അന്നൊന്നും അത്തരമൊരാവശ്യം ഉന്നയിക്കാത്ത അദ്ദേഹം ഇപ്പോൾ പറയുന്നു വനിതകൾക്കും ടഇ/ടഠ കൾക്കും പ്രത്യേക ട്രെയിനിംഗ് നൽകണമെന്ന്. ആ രണ്ടു കൂട്ടർക്കും എന്തോ കുറവ് ഉണ്ടെന്നല്ലേ ആ പറച്ചിലിന്റെ അർത്ഥം? അപ്പോൾ ആ പറച്ചിൽ അധിക്ഷേപമാണ്- വംശീയാധിക്ഷേപം.
 
3. സ്ത്രീയാണ് എന്നതുകൊണ്ട് മാത്രം ഒരാളിന് സിനിമാ നിർമ്മാണത്തിനു ഫണ്ടു നൽകരുത്. അവർക്കും ട്രെയിനിംഗ് നൽകണം.
ബ്രാഹ്മണ/സവർണ്ണ മേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദു സാമൂഹിക വ്യവസ്ഥയിൽ പിന്നോക്ക-ദലിത് ജാതികൾ വഴി നടക്കാനും തുണിയുടുക്കാനും അക്ഷരം പഠിക്കാനും സ്വത്തുസമ്പാദിക്കാനും ഉൾപ്പെടെയുളള എല്ലാത്തരം മനുഷ്യാവകാശങ്ങളും നൂറ്റാണ്ടുകളോളം നിഷേധിക്കപ്പെട്ടവരായിരുന്നു. സ്ത്രീകൾ-എല്ലാ സമുദായത്തിലേയും- പുരുഷനേക്കാൾ താണ സാമൂഹിക പദവിയുളളവരും അടുക്കളയിൽ മാത്രം ഒതുങ്ങി കൂടേണ്ടവരും പുരുഷന്റെ ലൈംഗിക തൃഷ്ണ ശമിപ്പിക്കാനും പെറ്റുപോറ്റാനുമുളള വെറും യന്ത്രങ്ങൾ മാത്രമായിരുന്നു. നാടിന്റെ പൊതുജീവിതധാരയ്ക്കു പുറത്തു കഴിയാൻ വിധിക്കപ്പെട്ടിരുന്ന ഈ കൂട്ടർക്ക് സവർണ്ണ പുരുഷ മേധാവിത്വം നിലനിന്ന അധികാരസ്ഥാനങ്ങളിലും കലാസാംസ്‌കാരിക രംഗങ്ങളിലും പങ്കാളിത്തം കിട്ടാനും കഴിവു തെളിയിക്കാനും കഴിഞ്ഞിരുന്നില്ല. ബ്രാഹ്മണ ഭരണഘടനയായ മനുസ്മൃതി പ്രകാരം സ്ത്രീകൾ കൗമാരത്തിൽ പിതാവിനാലും, യൗവ്വനത്തിൽ ഭർത്താവിനാലും, വാർദ്ധക്യത്തിൽ പുത്രനാലും സംരക്ഷിക്കപ്പെടേണ്ടവരും സ്വാതന്ത്ര്യം അർഹിക്കാത്തവരുമായിരുന്നു, ജനാധിപത്യ പിറവിക്കു മുമ്പുവരെ. ജനാധിപത്യ ഇന്ത്യയിൽ ഇന്ദിരാഗാന്ധി, മായാവതി, ജയലളിത, മമതാ ബാനർജി തുടങ്ങിയ ഏതാനും ചില വനിതകൾ അധികാരത്തിന്റെ ഉന്നതങ്ങളിലെത്തി, എങ്കിലും മഹാഭൂരിപക്ഷവും ഇന്നും എസ്.സി/എസ്ടി കളെപ്പോലെ ഈ നാടിന്റെ മുഖ്യധാരയ്ക്കു പുറത്തു തന്നെയാണ്. ബഹിഷ്‌കൃതരാക്കപ്പെട്ട ഈ രണ്ടു കൂട്ടരേയും മുഖ്യധാരയിലെത്തിക്കാനുളള പല മാർഗ്ഗങ്ങളിൽ ഒന്നാണ് ഇത്രകാലവും അവർക്കന്യമായിരുന്ന സിനിമാ സംവിധാന രംഗത്തേക്കാനയിക്കുക എന്നത്. അതൊരു വലിയ സാംസ്‌കാരിക വിപ്ലവം തന്നെയാണ്. ഇന്ത്യയിലാദ്യമായി അത്തരമൊന്നിനു തുടക്കം കുറിച്ചത് കേരള സർക്കാരാണ്. എന്തു കാരണം പറഞ്ഞായാലും അതിനെതിരു നിൽക്കുന്നവർ അറു പിന്തിരിപ്പന്മാരും കടുത്ത യാഥാസ്ഥിതികരുമാണ്. അത്തരക്കാരോടു പറയാനുളളത് വിദഗ്ധ സമിതിയുടെ സ്‌ക്രീനിംഗിൽ  പ്രതിഭ തെളിയിക്കുന്ന വനിതകൾക്കും ടഇ/ടഠ കൾക്കും സിനിമാ സംവിധാനരംഗത്തേക്ക് വരാൻ അവസരമൊരുക്കുന്ന ഈ പ്രോജക്ടിനെ സ്ത്രീവിരുദ്ധരും ദലിത് വിരുദ്ധരുമായ നിങ്ങളെപ്പോലെ ചിലരൊഴികെ കേരളമൊന്നടങ്കം ഹൃദയം കൊണ്ടേറ്റു വാങ്ങിക്കഴിഞ്ഞു.
 
സ്ത്രീയായതുകൊണ്ട് മാത്രം അവർക്ക് സിനിമാ നിർമ്മാണത്തിനു ഫണ്ട് നൽകരുത് എന്ന് ശഠിക്കുന്ന അടൂരിനോട്, ‘ത്രിതല പഞ്ചായത്തിൽ വനിതകൾക്ക് സംവരണം നൽകുന്ന’തിനെപ്പറ്റി പണ്ട് ആരെങ്കിലും അഭിപ്രായം ചോദിച്ചിരുന്നെങ്കിൽ  അദ്ദേഹം പറഞ്ഞേനെ,- സ്ത്രീയായതുകൊണ്ട് മാത്രം അവർക്കു സംവരണം നൽകരുത്. പകരം പുരുഷന്മാരുമായി മത്സരിച്ച് തിരഞ്ഞെടുപ്പിൽ വിജയിക്കാനുളള ട്രെയിനിംഗ് നൽകിയാൽ മതി. ‘ബസ്സിൽ വനിതകൾക്കു മാത്രം സീറ്റു സംവരണം’ ചെയ്തതിനെപ്പറ്റിയും അദ്ദേഹം പറഞ്ഞേനെ.- ‘വനിതകൾക്ക് സീറ്റു സംവരണം ചെയ്തത് തെറ്റാണ്. പകരം ബസ്സിനുള്ളിൽ വെച്ച് പുരുഷന്മാരുമായി മൽപ്പിടുത്തം നടത്തി ഇഷ്ടപ്പെട്ട സീറ്റുകളെല്ലാം നേടിയെടുക്കാനുളള ട്രെയിനിംഗ് നൽകണം’.
 
(9496404290)
(അവസാനിക്കുന്നില്ല)
അടുത്ത ലക്കത്തിൽ : പരിശീലനം കിട്ടാതെ നല്ല സിനിമയെടുത്തവർ
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img