09:57am 29 November 2026
NEWS
വിൽപത്രപ്രകാരമുള്ള പോക്കുവരവ്: അധിക നിബന്ധനകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ
29/11/2026  09:13 AM IST
നിയമകാര്യലേഖകൻ
വിൽപത്രപ്രകാരമുള്ള പോക്കുവരവ്: അധിക നിബന്ധനകൾക്ക് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: വിൽപത്രത്തിലൂടെ ലഭിച്ച ഭൂമിയുടെ പോക്കുവരവിന് സിംഗിൾ ബെഞ്ച് ഏർപ്പെടുത്തിയ മാർഗനിർദ്ദേശങ്ങൾ കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിർദ്ദേശങ്ങൾ ഗുണഭോക്താക്കൾക്ക് അധിക തടസ്സങ്ങളും നിയമനടപടികളും സൃഷ്ടിക്കാനിടയുണ്ടെന്ന പ്രഥമദൃഷ്ട്യാ വിലയിരുത്തലിലാണ് ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ബസന്ത് ബാലാജിയും ഉൾപ്പെട്ട ബെഞ്ചിന്റെ ഇടപെടൽ. 
തൃശൂർ അയ്യന്തോൾ സ്വദേശിനി ഷീജ കെ. മേനോൻ നൽകിയ അപ്പീലിലാണ് നടപടി. പോക്കുവരവ് അടിസ്ഥാനപരമായി നികുതി സംബന്ധമായ ക്രമീകരണമാണെന്നും അത് വ്യക്തികളുടെ നിയമപരമായ സ്വത്തവകാശത്തെ ബാധിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ അപേക്ഷകളിൽ തഹസിൽദാർമാർക്ക് തീരുമാനമെടുക്കാമെന്നും ബെഞ്ച് വ്യക്തമാക്കി. അപ്പീൽ ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും.
1966-ലെ ട്രാൻസ്ഫർ ഓഫ് രജിസ്ട്രി ചട്ടങ്ങളിൽ വിൽപത്രത്തിന്റെ അടിസ്ഥാനത്തിലുള്ള പോക്കുവരവിനെക്കുറിച്ച് വ്യക്തതയില്ലെന്ന വിലയിരുത്തലോടെയാണ് സിംഗിൾ ബെഞ്ച് മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നത്.
അപേക്ഷയ്‌ക്കൊപ്പം വിൽപത്രത്തിന്റെ പകർപ്പും നിയമാവകാശ സർട്ടിഫിക്കറ്റോ കുടുംബാംഗത്വ സർട്ടിഫിക്കറ്റോ സമർപ്പിക്കണമെന്നതായിരുന്നു പ്രധാന നിർദ്ദേശം. ഇവ ലഭ്യമല്ലെങ്കിൽ അനന്തരാവകാശികളുടെ വിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലം നൽകണമെന്നും നിർദ്ദേശിച്ചിരുന്നു.
തുടർന്നുള്ള നോട്ടീസിൽ എതിർപ്പുണ്ടാകാതിരിക്കുകയോ എല്ലാ അനന്തരാവകാശികളും സമ്മതിക്കുകയോ ചെയ്താൽ തർക്കരഹിത അപേക്ഷയായി പരിഗണിച്ച് പോക്കുവരവ് അനുവദിക്കണം. അനന്തരാവകാശികൾ വിൽപത്രത്തെ ചോദ്യം ചെയ്താൽ കക്ഷികളോട് സിവിൽ കോടതിയെ സമീപിക്കാൻ റവന്യൂ ഉദ്യോഗസ്ഥൻ നിർദ്ദേശിക്കണമെന്ന വ്യവസ്ഥയും ഇതിലുണ്ടായിരുന്നു. ഈ മാർഗനിർദ്ദേശങ്ങളുടെ പ്രാബല്യമാണ് ഡിവിഷൻ ബെഞ്ച് താൽക്കാലികമായി തടഞ്ഞത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img