10:52pm 26 June 2026
NEWS
'രക്ഷാപ്രവർത്തകർ' രക്ഷപ്പെടുമോ? കൺമുമ്പിൽ മറയുന്ന സത്യങ്ങൾ
26/06/2026  09:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
രക്ഷാപ്രവർത്തകർ രക്ഷപ്പെടുമോ? കൺമുമ്പിൽ മറയുന്ന സത്യങ്ങൾ

'ഞങ്ങളുടെ കുഞ്ഞുങ്ങളെ തൊട്ടാൽ കൈയുംകെട്ടി നോക്കിയിരിക്കില്ല.'

കേരളമുഖ്യമന്ത്രി വി.ഡി. സതീശന്റെ അതി വൈകാരികതയോടെയുള്ള ഈ പ്രഖ്യാപനം കേട്ടപ്പോൾ എന്തൊക്കെയോ വലിയ സംഭവങ്ങൾ നടക്കാൻ പോകുന്നു എന്നൊരു ധാരണ പരന്നിരുന്നു. കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആലപ്പുഴ വച്ച് അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനും മറ്റും ക്രൂരമായി മർദ്ദിച്ച വിഷയം വലിയ വിവാദങ്ങൾക്ക് ഇടയാക്കിയതാണ്. അത് പോലീസ് മർദ്ദനമല്ല രക്ഷാപ്രവർത്തനമാണ് എന്നു ലഘൂകരിച്ചള്ള പിണറായി വിജയന്റെ വ്യാഖ്യാനം കൃത്യമായ സന്ദേശം അഥവാ നിർദ്ദേശം തന്നെയായിരുന്നു. അതു മുഖവിലയ്‌ക്കെടുത്ത പോലീസ് ഉന്നതാധികാരികൾ സർക്കാരിന്റെ ഇച്ഛയ്‌ക്കൊത്ത് കേസ് അട്ടിമറിക്കുകയും ചെയ്തു. അതിനൊക്കെ കേരളം സാക്ഷിയാണ്. ഈ സംഭവം കേരളത്തിലെ കോൺഗ്രസ് മനഃസാക്ഷിയിൽ വലിയ മുറിവേല്പിച്ചു എന്നതും വാസ്തവമാണ്. അതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന കേരളത്തിലെ കോൺഗ്രസ്സുകാരിൽ വലിയ പ്രതീക്ഷ  ഉണർത്തിയത്.

മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ട സ്ഥിതിക്ക് കേസ് അതീവ ഗൗരവമായി മുന്നോട്ടു നീങ്ങുമെന്നും കുറ്റക്കാരെല്ലാം ഇരുമ്പഴിക്കുള്ളിലാകുമെന്നും പലരും പ്രതീക്ഷിച്ചു. എന്നാൽ സംഭവിച്ചതെന്താണ്? ഒന്നും സംഭവിച്ചില്ല; സംഭവിക്കുകയുമില്ല. തുടക്കത്തിൽത്തന്നെ ഇതിന്റെ ഒടുക്കവും കഴിഞ്ഞു എന്നുപറയാം. കേസ് നിലനിൽക്കുന്നുണ്ടല്ലോ അന്വേഷണം പുരോഗമിക്കുകില്ലേ എന്നൊക്കെ ചില ശുദ്ധാത്മാക്കൾക്കു തോന്നിയേക്കാം. സാങ്കേതികമായി പറഞ്ഞാൽ കേസ് നിലനിൽക്കുന്നുണ്ട്. അന്വേഷണവും നടത്തും. ഇതൊക്കെ ശരിതന്നെ. പക്ഷേ മാതൃകാപരമായ ഒരുശിക്ഷ പ്രതികൾക്കു ലഭിക്കുമോ? ശിക്ഷ പോയിട്ട് നല്ല രീതിയിൽ ഇനി ഈ കേസ് മുമ്പോട്ടുപോകുമോ? ഇല്ല എന്നതാണു വാസ്തവം.
അബദ്ധങ്ങളുടെയും അശ്രദ്ധയുടെയും അനാസ്ഥയുടെയും ആകെത്തുകയായി മാറിക്കഴിഞ്ഞിരിക്കുന്നു ഈ കേസ്. തുടക്കത്തിൽ പറഞ്ഞ മുഖ്യമന്ത്രിയുടെ വിലാപം ഒരു വനരോദനമായി പരിണമിച്ചു എന്നുസാരം.

മുഖ്യമന്ത്രിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നില്ല. ഒരുപക്ഷെ അദ്ദേഹം ആത്മാർത്ഥമായിത്തന്നെ അതുപറഞ്ഞതായിരിക്കാം. പക്ഷെ പല കാരണങ്ങൾ കൊണ്ടും ആ ആത്മാർത്ഥത പ്രവൃത്തിപഥത്തിൽ കൊണ്ടുവരാൻ  അദ്ദേഹത്തിനു കഴിഞ്ഞില്ല.

കേസിന്റെ പശ്ചാത്തലം

2023 ഡിസംബർ 15-ാം തീയതി ആലപ്പുഴ ജനറൽ ആശുപത്രി ജംഗ്ഷനിൽ വച്ചുണ്ടായ സംഭവത്തിലാണ് എല്ലാത്തിന്റെയും തുടക്കം. ഏറെ കൊട്ടിഘോഷിച്ച നവകേരളയാത്രയുടെ വാഹനവ്യൂഹം കടന്നുപോകുന്നു. പാതയോരത്തുനിന്ന് ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി കാണിക്കുന്നു. പോലീസ് ചാടിവീണ് ഇവരെ റോഡിന്റെ സൈഡിലേക്കു കൊണ്ടുപോകുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിനു തൊട്ടുപിന്നാലെ വന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരിൽ ഗൺമാൻ ഉൾപ്പെടെ രണ്ടുപേർ ചാടിയിറങ്ങി കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ലാത്തിക്ക് (അഥവാ ലാത്തിപോലുള്ള വടി) അടിക്കുന്നു. തലയിൽ അടികൊള്ളാതെ അവർ കൈയുയർത്തി പ്രതിരോധിക്കാൻ ശ്രമിക്കുന്നു. ഇത്രയും നമ്മൾ ദൃശ്യമാധ്യമങ്ങളിലൂടെ കണ്ട കാഴ്ചകൾ.

മർദ്ദനമേറ്റ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എ.ഡി. തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജ്യുവൽ കുര്യാക്കോസ് എന്നിവർ ആശുപത്രിയിൽ അഡ്മിറ്റാകുന്നു. അവർ പോലീസിൽ പരാതികൊടുക്കുന്നു. പോലീസ് മർദ്ദനത്തിന്റെ പേരിൽ. മർദ്ദനമല്ല രക്ഷാപ്രവർത്തനമാണു നടന്നതെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം പിറ്റേന്നു വന്നു. 'തിരുമുമ്പിൽ സേവ'ക്കാരായ ഉന്നതർക്കു കാര്യം പിടികിട്ടി. അവർ കളത്തിലിറങ്ങി കളിതുടങ്ങി.

തുടക്കത്തിൽ നടന്ന അട്ടിമറി

സത്യത്തിൽ വളരെ കൃത്യമായ രീതിയിൽ ആണ് കേസെടുത്തതും അന്വേഷണം നടന്നതും റിപ്പോർട്ടു സമർപ്പിച്ചതുമെല്ലാം. പക്ഷെ അതൊക്കെ തുടക്കത്തിൽത്തന്നെ അട്ടിമറിക്കപ്പെട്ടു. സത്യസന്ധമായി റിപ്പോർട്ടു നൽകിയ ചൈത്ര തെരേസ ജോൺ ഐ.പി.എസ്സിനെ സ്ഥലംമാറ്റി. അന്വേഷണത്തിന്റെയും റിപ്പോർട്ടുസമർപ്പിക്കലിന്റെയുമെല്ലാം മേൽനോട്ടം എഡിജിപി അജിത്കുമാർ നേരിട്ട് ഏറ്റെടുത്തു എന്നാണ് പറയപ്പെടുന്നത്. അന്വേഷണ ഉദ്യോഗസ്ഥരെ പോലീസ് ഹെഡ് ക്വാർട്ടേഴ്‌സിൽ വിളിച്ചു വരുത്തി രണ്ടുദിവസം തിരുവനന്തപുരത്തു താമസിപ്പിച്ച് റിപ്പോർട്ടിൽ വേണ്ട തിരുത്തലുകൾ വരുത്തുകയായിരുന്നുവത്രേ. ആലപ്പുഴ എസ്പിക്കു തലയ്ക്കു മുകളിലൂടെ നടത്തിയ ഇടപെടൽ ഫലം കണ്ടു. കേസ് മരവിച്ച അവസ്ഥയിലായി. ഇതൊക്കെ പരസ്യമായ രഹസ്യങ്ങൾ. എഡിജിപി എം.ആർ അജിത്കുമാറിന്റെ ഇടപെടലിലൂടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് പരക്കെ ആക്ഷേപമുണ്ടായി. മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച റിപ്പോർട്ടുകളും വന്നു. പക്ഷേ അതുകൊണ്ടൊന്നും ഒരു ഫലവും ഉണ്ടായില്ല. കേസിൽ ഉൾപ്പെട്ടവരുടെയും അവരെ രക്ഷിക്കാൻ തുനിഞ്ഞിറങ്ങിയവരുടെയും ഉന്നതങ്ങളിലെ സ്വാധീനം അത്ര വലുതായിരുന്നു.

വർഷം മൂന്നാകുന്നു ഈ സംഭവങ്ങൾ കഴിഞ്ഞിട്ട്. കേസിൽ ഒരു പുരോഗതിയും ഉണ്ടായില്ല. ആരോപണവിധേയരായ പോലീസുകാരെ ശരിയായ രീതിയിൽ ചോദ്യം ചെയ്യാൻ പോലും കഴിഞ്ഞതുമില്ല. കാരണം നേരത്തെ പറഞ്ഞതുതന്നെ. ഉന്നത രാഷ്ട്രീയ ബന്ധം ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായം. ഒരു പരിധിവരെ എല്ലാവരും മറന്നു തുടങ്ങിയ ഈ കേസിനു ജീവൻവയ്ക്കുന്നത് ഭരണം മാറി പുതിയ സർക്കാർ അധികാരത്തിലെത്തുന്നതോടെയാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന -അഥവാ-ഇടപെടൽ ഈ കേസിനെ പുനരുജ്ജീവിപ്പിച്ചു എന്നു പറയാം. 'ഞങ്ങളുടെ കുഞ്ഞുങ്ങൾ' എന്നൊക്കെയുള്ള വികാരതീവ്രതയോടുള്ള പ്രയോഗം ഒക്കെ കേട്ടപ്പോൾ കോൺഗ്രസ്സുകാരെങ്കിലും കരുതിക്കാണും എന്തോ സംഭവിക്കാൻ പോകുന്നുവെന്ന്. മാധ്യമങ്ങളും കൊട്ടിഘോഷിച്ചു. പുതിയ അന്വേഷണ ഉദ്യോഗസ്ഥർ വരുന്നു-അതും കഴിവും പ്രാഗത്ഭ്യവും സത്യസന്ധതയും തെളിയിച്ചിട്ടുള്ളവർ. ആലപ്പുഴ ക്രൈം ബ്രാഞ്ച് എസ്.പി. എ.ബി ഷൗക്കത്തലിയുടെ മേൽനോട്ടത്തിൽ ഡി.വൈ.എസ്.പി ബൈജു പൗലോസ് ഒക്കെയുള്ള സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം മൊത്തം ഇളക്കിമറിക്കുമെന്നായിരുന്നു മാധ്യമവിളംബരം. ഉടൻ അറസ്റ്റുണ്ടാക്കുമെന്നും പലരും പ്രതീക്ഷിച്ചു. പക്ഷേ എന്താണു സംഭവിച്ചത്? അറസ്റ്റ് ഉണ്ടായില്ലെന്നു മാത്രമല്ല പ്രതികൾ മുൻകൂർ ജാമ്യം നേടി സുരക്ഷിതരാവുകയും ചെയ്തു. പ്രഗത്ഭരായ കുറ്റാന്വേഷകർ എന്നു പേരെടുത്ത അന്വേഷണ ഉദ്യോഗസ്ഥർ ഇടപെട്ടിട്ടും ഒന്നും സംഭവിച്ചില്ല.

അട്ടിമറിയുടെ രണ്ടാം ഘട്ടം

അന്വേഷണത്തിന്റെ ഒന്നാംഘട്ടത്തിൽ ഉന്നത രാഷ്ട്രീയ ബന്ധങ്ങളും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ സഹായവുമാണ് ഈ കേസ് അട്ടിമറിക്കാൻ സഹായിച്ചതെങ്കിൽ രണ്ടാംഘട്ടത്തിൽ ഒരുപാടു ഘടകങ്ങൾ ഉണ്ടായിരുന്നു എന്നു പറയേണ്ടിവരും. എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കുകയും ചെയ്തു. അന്വേഷണ ഉദ്യോഗസ്ഥർ മനഃപൂർവ്വം കൃത്രിമം കാണിച്ചു എന്നു പറയാൻ കഴിയില്ല. തുടക്കത്തിൽ അവർ ആത്മാർത്ഥമായിത്തന്നെയാണ് ഇടപെട്ടത്. പക്ഷെ ചില അദൃശ്യകരങ്ങൾ അവരുടെമേൽ പിടിമുറുക്കി എന്നുവേണം കരുതാൻ. അത് ഉദ്യോഗസ്ഥ തലത്തിലും രാഷ്ട്രീയ തലത്തിലും ഉണ്ടായിട്ടുമുണ്ട്. കാരണം ശരിയായ ദിശയിൽ അന്വേഷണം നടത്തിയിരുന്നുവെങ്കിൽ പല ഉന്നത ഉദ്യോഗസ്ഥരുടെയും തലകൾ ഉരുളുമായിരുന്നു. അതുണ്ടാകാതിരിക്കാൻ രാഷ്ട്രീയ നേതൃത്വം ജാഗ്രത കാണിച്ചു എന്നു കരുതേണ്ടിയിരിക്കുന്നു. കാരണം അന്വേഷണത്തിന്റെ തുടക്കം മുതൽ പാളിച്ചകൾ മാത്രമാണ് സംഭവിച്ചത്. 

ഒന്നാമത്തെ പാളിച്ച കേസിൽ തുടരന്വേഷണമാണ് നടത്തിയത് എന്നതാണ്. സത്യത്തിൽ നടത്തേണ്ടിയിരുന്നത് പുനഃരന്വേഷണമായിരുന്നു. ഈ രണ്ട് അന്വേഷണങ്ങളും തമ്മിൽ അജഗജാന്തരമുണ്ട്. തുടരന്വേഷണം എന്നുപറയുമ്പോൾ മുമ്പു നടത്തിയ അന്വേഷണത്തിന്റെ തുടർച്ച മാത്രമാണ്. പുനഃരന്വേഷണം അതല്ല. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ വീണ്ടും അന്വേഷിക്കുകയാണ്. ആ അന്വേഷണം കുറെക്കൂടി സമഗ്രമാക്കാനും കാര്യക്ഷമമാക്കാനും സാധ്യത കൂടുതലുണ്ട്. തുടരന്വേഷണത്തിൽ നേരത്തെ നടത്തിയ അന്വേഷണത്തിന്റെ രേഖകളെത്തന്നെയാണ് ആശ്രയിക്കുന്നത്.  അതിലുള്ള പാളിച്ചകൾ കണ്ടെത്താനും അതു സർക്കാരിനെ ബോധ്യപ്പെടുത്താനും പുതിയ അന്വേഷണ ഏജൻസിക്കു കഴിയുമായിരുന്നു എന്ന വസ്തുതയും ഉണ്ട്. പക്ഷേ ആ നിലയിലേക്ക് അന്വേഷണം പോയില്ല. മുമ്പ് അന്വേഷണം അട്ടിമറിച്ചവർക്കെതിരെ നടപടി എടുക്കണമെന്നുപോലും പുതിയ അന്വേഷണ ടീം ആവശ്യപ്പെട്ടില്ല. ഇതും ദുരൂഹമാണ്. ഒരുപക്ഷേ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനും പല സമ്മർദ്ദങ്ങളും നേരിടേണ്ടിവന്നിട്ടുണ്ടായിരിക്കാം. അതു രാഷ്ട്രീയത്തിൽ മാത്രമല്ല എന്നും കരുതേണ്ടിയിരിക്കുന്നു. ജുഡീഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായ ചില കമന്റുകളും ഇതിൽ കൂട്ടിവായിക്കേണ്ടതുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട ആദ്യത്തെ സമ്മർദ്ദം സമയപരിധി ആണെന്നു തോന്നുന്നു. അന്വേഷണം മൊത്തം അട്ടിമറിക്കപ്പെട്ടു എന്ന് ആരോപണമുള്ള കേസാണത്. രേഖകൾ മൊത്തം തിരുത്തി എന്ന് ആക്ഷേപമുണ്ടായി. ശരിയായ റിപ്പോർട്ടു നൽകിയ ചൈത്ര തെരേസ ജോണിനെ സ്ഥലം മാറ്റി. ആ റിപ്പോർട്ടു തന്നെ മാറ്റിമറിക്കപ്പെട്ടതായും കരുതപ്പെടുന്നുണ്ട്. ഇങ്ങനെ നാനാവിധത്തിൽ വഴിതെറ്റിക്കപ്പെട്ട ഒരു കേസിൽ കൃത്യമായ അന്വേഷണം നടത്തി പഴുതടച്ച റിപ്പോർട്ട് ഒരുമാസത്തിനകം നൽകണം എന്നത് തീർച്ചയായും സ്‌പെഷ്യൽ, ഇൻവെസ്റ്റിഗേഷൻ ടീമിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ടാകാം. പക്ഷേ അവർ ഒരു പരിധിവരെ അതൊക്കെ മറികടന്ന് റിപ്പോർട്ടു നൽകിയിരുന്നു. മുൻകൂർ ജാമ്യം കിട്ടാതിരിക്കാനുള്ള 308-ാം വകുപ്പ് അതിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. ഐപിസി 308-ാം വകുപ്പ് നരഹത്യാശ്രമത്തിനാണല്ലോ. 2023 -ൽ നടന്ന കേസായതുകൊണ്ട് ഇന്ത്യൻ പീനൽ കോഡ്  പ്രകാരമാണ് കേസ് എടുത്തത്. ഭാരതീയന്യായസംഹിത (ബി.എൻ.എസ്) നിലവിൽ വന്നത് 2024 ജൂലൈ ഒന്നാം തീയതിയാണല്ലോ. ഈ 308-ാം വകുപ്പു സംബന്ധിച്ച് കോടതിയുടെ ഭാഗത്തുനിന്നും ഒരു പരാമർശം ഉണ്ടായി. തിടുക്കത്തിൽ 308 ചേർത്തു എന്ന രീതിയിൽ ഉള്ള ഒരു അഭിപ്രായപ്രകടനം. കോടതിയിൽ അത്തരം അഭിപ്രായപ്രകടനങ്ങൾ ഒക്കെ സ്വാഭാവികമാണ്. വിധി ന്യായത്തിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പോലും പലവിധ നിരീക്ഷണങ്ങൾ കേസു സംബന്ധിച്ച് ന്യായാധിപർ നടത്താറുമുണ്ട്. പക്ഷേ ഈ കേസിൽ ചില സംശയങ്ങൾ ഉയർന്നുവരുന്നുണ്ട്.

ആലപ്പുഴ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ഹണി എം.വർഗ്ഗീസിന്റെ കോടതിയിലാണ് ഈ കേസ് നടന്നത്. 
നടിയെ ആക്രമിച്ച കേസ് വന്നത് ഇതേ ജഡ്ജിന്റെ കോടതിയിലായിരുന്നു. ആ കേസിലെ അന്വേഷണ ഉദ്യോഗസ്ഥരിൽ പ്രധാനി ഡിവൈഎസ്പി ബൈജു പൗലോസ് തന്നെയായിരുന്നു. ആ കേസിൽ അന്വേഷണ ഉദ്യോഗസ്ഥരും ജഡ്ജിയും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിന്റെ ബാക്കിയാണോ കോടതിയിൽ നടന്ന പരാമർശങ്ങൾ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥരും ജഡ്ജിയും തമ്മിൽ ഈഗോപ്രശ്‌നങ്ങൾ ഉണ്ടാകുന്നത് ഒട്ടും ആശാസ്യമല്ലല്ലോ?

എന്തായാലും അന്വേഷണ ഉദ്യോഗസ്ഥരുടെ വാദങ്ങളെ മറികടന്നുതന്നെ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. അതിന്റെ ഉള്ളറകളിലേക്ക് അധികം കടക്കുന്നില്ല. കാരണം കോടതിയുടെ വിവേചനാധികാരത്തെ ചോദ്യം ചെയ്യാൻ നമുക്കു കഴിയില്ല. മറ്റൊരു കോടതിക്കേ കഴിയൂ. ഈ വിധിക്കെതിരെ അപ്പീലിനു പോകാൻ കഴിയുമായിരുന്നു. അജ്ഞത കൊണ്ടോ അനാസ്ഥ കൊണ്ടോ അതിനും പ്രോസിക്യൂഷൻ തയ്യാറായില്ല.
അപ്പീൽ ലഭിക്കുന്നതിനായി പ്രതിഭാഗം വക്കീൽ കള്ളം പറഞ്ഞതായും അഥവാ കോടതിയെ തെറ്റിദ്ധരിപ്പിച്ചതായും പറയപ്പെടുന്നുണ്ട്. അതായത് ആക്രമിക്കാൻ ഉപയോഗിച്ച ആയുധം (ലാത്തി) കണ്ടെടുത്തു എന്നു പറഞ്ഞു. വാസ്തവവിരുദ്ധമായ ഈ പ്രസ്താവന ജഡ്ജി വിശ്വസിക്കുകയായിരുന്നുവത്രെ.

ജാമ്യം നൽകിയതിലും ചില വിചിത്രമായ നിബന്ധനകൾ വയ്ക്കുകയുണ്ടായി. പ്രതികൾ രണ്ടുദിവസം രാവിലെ 10 മണിമുതൽ 4 മണിവരെ കല്പിത കസ്റ്റഡിയിൽ ആയിരിക്കണമെന്നതാണ് ആ നിബന്ധന. കല്പിത കസ്റ്റഡി എന്നത് അത്ര സാധാരണമായ ഒരു നടപടിക്രമമല്ല. പോലീസ് അന്വേഷണത്തോടു സഹകരിക്കണം എന്നത് ഏതൊരു ജാമ്യാവസ്ഥയുടെയും ഭാഗമാണ്. മുൻകൂർ ജാമ്യം ലഭിച്ചാലും ചോദ്യം ചെയ്യാനായി അന്വേഷണ ഉദ്യോഗസ്ഥർക്ക് വിളിച്ചു വരുത്താവുന്നതേയുള്ളൂ. അപ്പോൾപ്പിന്നെ ഈ കേസിൽ ഡീമ്ഡ് കസ്റ്റഡിയുടെ പ്രസക്തി എന്താണ്? ഇത് തികച്ചും സാങ്കേതികമാണെന്നേ പറയാൻ കഴിയൂ. 10 മണി മുതൽ 4 മണിവരെ പോലീസ് കസ്റ്റഡിയിൽ കിട്ടിയതുകൊണ്ട് സ്വാഭാവികമായ ചോദ്യങ്ങളോ അന്വേഷണങ്ങളോ അല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. ഇതുസംബന്ധിച്ച് വ്യക്തമായ ഒരു റൂളിംഗ് ഉള്ളത് സുപ്രീംകോടതി ജസ്റ്റിസ് ആയിരുന്ന സുശീല അഗർവാളിന്റേതാണ്. 2020 ൽ ഉണ്ടായ ഈ റൂളിംഗിലൂടെയാണ് കല്പിത കസ്റ്റഡി സംബന്ധിച്ച് വ്യക്തത ലഭിച്ചത്. ഇപ്പോൾ ഇന്ത്യയിലെ എല്ലാ കോടതികളും പിന്തുടരുന്നത് ഈ റൂളിംഗ് തന്നെയാണ്. പക്ഷേ ഈ മുൻകൂർ ജാമ്യത്തിൽ കല്പിത കസ്റ്റഡിയുടെ ആവശ്യം എന്താണെന്നറിയില്ല. വലിയ നിയമജ്ഞർ ചർച്ച ചെയ്യേണ്ട വിഷയമായതുകൊണ്ട് അതിലേക്കു കടക്കുന്നില്ല. എങ്കിലും സാധാരണക്കാരന്റെ നിയമപരിജ്ഞാനം വച്ച് ഒരു സംശയം തോന്നാം, കേസ് കോടതിയിലെത്തുമ്പോൾ പ്രതികൾക്കു രക്ഷപ്പെടാനുള്ള വല്ല പഴുതും ഇതിൽ ഉണ്ടോ എന്ന്. കാരണം പോലീസ് കസ്റ്റഡിയിൽ ഉള്ള പ്രതിയുടെ മൊഴിക്ക് വാലിഡിറ്റി (വിശ്വാസ്യത അഥവാ മൂല്യം) കുറവാണ്. കാരണം പോലീസ് ഭീഷണിപ്പെടുത്തിയാണ് മൊഴി വാങ്ങിയത്. അല്ലെങ്കിൽ കുറ്റം സമ്മതിപ്പിച്ചത് എന്നൊക്കെ തന്ത്രശാലിയായ ഒരു അഡ്വക്കേറ്റിന് വാദിക്കാം-വ്യാഖ്യാനിക്കാം. ഇതൊരു അനുമാനം മാത്രമാണ്. കൂടുതൽ വിശദീകരിക്കേണ്ടത് നിയമപണ്ഡിതരാണ്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഈ കേസ് പരമാവധി ദുർബലപ്പെട്ടിരിക്കുന്നു. ഇനി ഇതിൽ നിന്നും വലിയ തെളിവുകളൊന്നും കൊണ്ടുവരാനോ പ്രതികളെ ശിക്ഷിക്കുവാനോ കഴിയില്ല. സർക്കാരിനും ഈ കേസിൽ താൽപ്പര്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നുവേണം കരുതാൻ. അല്ലെങ്കിൽ മുൻകൂർ ജാമ്യം കിട്ടിയ അന്നുതന്നെ മേൽക്കോടതിയിൽ അപ്പീൽ പോകുമായിരുന്നില്ലേ?

ഇവിടെ സ്വാഭാവികമായും മറ്റൊരു സംശയം ഉണ്ടാകാം. തുടക്കത്തിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട കേസാണിത്. എന്നിട്ടും എന്തുകൊണ്ട് അട്ടിമറിക്കപ്പെട്ടു? മുഖ്യമന്ത്രിയല്ല ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നതാണ് അതിനുള്ള ലളിതമായ ഉത്തരം. ആഭ്യന്തരമന്ത്രി ഭരണപരിചയം ഉള്ള ആളാണെങ്കിലും കർക്കശക്കാരനായ ഒരു ഭരണാധികാരിയായി ആരും വിലയിരുത്തുന്നില്ല. സമവായങ്ങൾ വരുന്നവഴി ആർക്കും പ്രവചിക്കാനാവില്ലല്ലോ. പ്രത്യേകിച്ചും ഉന്നത ഐപിഎസ് ഉദ്യോഗസ്ഥരുടെ തൊപ്പി പോകുന്ന വിഷയമാകുമ്പോൾ.

ചുരുക്കിപ്പറഞ്ഞാൽ വീഴ്ചകളുടെയും വിട്ടുവീഴ്ചകളുടെയും ആകെത്തുകയാണ് ഈ കേസ് എന്നു പറയാം. സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ആദ്യം കൊടുത്ത പരാതി (സ്വകാര്യ അന്യായം-മർദ്ദനമേറ്റവർ നൽകിയത്) കണ്ടെടുക്കാൻ ശ്രമിച്ചില്ല. ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ടു കണ്ടെടുത്തില്ല. ആദ്യകേസ് അട്ടിമറിച്ചതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ടില്ല. ഇങ്ങനെ നിരവധി പാളിച്ചകൾ അറിഞ്ഞോ അറിയാതെയോ എസ്‌ഐടിയ്ക്കും സംഭവിച്ചിട്ടുണ്ട്.

ഇതിൽ മർദ്ദനമേറ്റവരിൽ ഒരാൾ എ.ഡി.തോമസ് ഇപ്പോൾ ആലപ്പുഴ എം.എൽ.എ  ആണ്. മറ്റൊരാൾ അഡ്വ. അജയ് ജ്യുവൽ കുര്യാക്കോസ് ആണ്. അദ്ദേഹം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. ഇനിയും ഉയർന്ന സ്ഥാനത്തേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടേക്കാം.

അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യവും പ്രസക്തമാണ്. കേസ്വേഷണത്തിനുമേൽ നോട്ടം വഹിച്ചിരുന്ന എ.പി. ഷൗക്കത്തലി ഐപിഎസ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറായി പോയിക്കഴിഞ്ഞു. എത്ര പ്രഗത്ഭനാണെങ്കിലും മാറിയ സാഹചര്യത്തിൽ ഡി.വൈ.എസ്.പി  ബൈജു പൗലോസിനും ഇതിൽ കൂടുതലൊന്നും ഈ കേസിൽ ചെയ്യാൻ കഴിയുമെന്നു തോന്നുന്നില്ല.

മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ വീഴ്ച തന്നെ. ഇനിയും പബ്ലിക് പ്രോസിക്യൂട്ടർമാരെ പലയിടത്തും മാറ്റി നിയമിച്ചിട്ടില്ല. അതായത് എൽ.ഡി.എഫ് സർക്കാർ നിയമിച്ചവർ തന്നെയാണ് ഇപ്പോഴും പല സ്ഥലത്തും ഇരിക്കുന്നത്. സാധാരണ ഗതിയിൽ ഇതൊക്കെ ആദ്യം ചെയ്യുന്ന അഥവാ ചെയ്യേണ്ട കാര്യങ്ങളാണ്. ദുരൂഹമായ കാരണങ്ങളാൽ അതും നീളുന്നു. യുഡിഎഫ് ഭരിക്കുമ്പോൾ പൊതുവെ നിലവാരം കുറഞ്ഞവരാണ് സർക്കാർ വക്കീലന്മാരായി വരുന്നതെന്ന് ഒരു ആക്ഷേപമുണ്ട്. ഒരു ഹൈക്കോടതി ജഡ്ജി തന്നെ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞിരുന്നു. കേസുകൾ പരാജയപ്പെടുന്നതിനു പിന്നിൽ ഇങ്ങനെയും ചില കാരണങ്ങൾ ഉണ്ടാകാം.
എന്തായാലും മലപോലെ വന്നത് എലിപോലെയായി എന്നുപോലും ഈ കേസിനെക്കുറിച്ചു പറയാൻ കഴിയില്ല. കാരണം അത്രപോലും സാധ്യത അവശേഷിക്കുന്നില്ല. അല്ലെങ്കിൽ ഇങ്ങനെ സമാധാനിക്കാം. അതൊരു മലയായിരുന്നില്ല-മറയായിരുന്നു വെറും പുകമറ. അതിനുള്ളിൽ എന്താണെന്നറിയാൻ ആർക്കും താൽപ്പര്യമില്ല. ഇനിയുള്ള അന്വേഷണ പ്രഹസനം കൂടി കഴിയുമ്പോൾ ആ പുകമറയും മാഞ്ഞുമറഞ്ഞുപോകും. അല്ലെങ്കിൽ ഊതിപ്പറത്തിക്കളയും. അതിനു കെല്പുള്ളവർ ഇപ്പോഴും ഇവിടെയുണ്ട്.

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ 'രക്ഷാപ്രവർത്തനം' എന്ന വാദം ഇപ്പോൾ ഇവിടെയും പ്രസക്തമാണ്. അദ്ദേഹം ഉദ്ദേശിച്ച അർത്ഥത്തിൽ അല്ലെങ്കിലും ഈ കേസ് സംബന്ധിച്ച് ഇപ്പോൾ നടക്കുന്നതും മറ്റൊരു രക്ഷാപ്രവർത്തനമാണ്. ആരെയൊക്കെയോ രക്ഷിക്കാനുള്ള പ്രവർത്തനം. അതിൽ അവർ വിജയിക്കുകയും ചെയ്യും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img