
ന്യൂഡൽഹി: പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് സംരക്ഷണം ഉറപ്പാക്കണമെന്ന സുപ്രീംകോടതി നിർദേശം റീൽ നിർമാതാക്കൾക്കും സമൂഹമാധ്യമ ഇൻഫ്ലുവൻസർമാർക്കും ബാധകമല്ലെന്ന വാദവുമായി ഡൽഹി പൊലീസ്. റീൽ നിർമാതാക്കളെയും ഉള്ളടക്ക സ്രഷ്ടാക്കളെയും മാധ്യമപ്രവർത്തകരുടെയോ റിപ്പോർട്ടർമാരുടെയോ പദവിയിൽ പരിഗണിക്കാനാകുമോ എന്നത് നിർണയിക്കേണ്ടതുണ്ടെന്നും പൊലീസ് സമർപ്പിച്ച എതിർസത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകരോട് പൊലീസ് മോശമായി പെരുമാറിയെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹർജികളിലാണ് ഈ നിലപാട്. നെറ്റ്വർക്ക് ഓഫ് വിമൻ ഇൻ മീഡിയ, ഫ്രീ സ്പീച്ച് കളക്ടീവ്, ഡൽഹി യൂണിയൻ ഓഫ് ജേണലിസ്റ്റ്സ്, കേരള യൂണിയൻ ഓഫ് വർക്കിങ് ജേണലിസ്റ്റ്സ് എന്നിവരുടെ ഹർജികൾക്ക് മറുപടിയായി ജോയിന്റ് പൊലീസ് കമ്മീഷണർ സുരേന്ദർ കുമാറാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
നിയമവിരുദ്ധമെന്ന് പൊലീസ് വിശേഷിപ്പിച്ച പ്രതിഷേധങ്ങളിൽ പങ്കെടുത്ത ചിലർ ക്യാമറയും മൈക്രോഫോണുമായി യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങൾക്കായി ഉള്ളടക്കം ചിത്രീകരിച്ചിരുന്നുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവർത്തകരെയും റീൽ നിർമാതാക്കളെയും തിരിച്ചറിയുന്നതിൽ ഉദ്യോഗസ്ഥർക്ക് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടായെന്നാണ് പൊലീസിന്റെ വിശദീകരണം.
അഭിഭാഷകരും മാധ്യമപ്രവർത്തകരും മറ്റു പ്രൊഫഷണലുകളും തങ്ങളുടെ ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിൽ തടസ്സമുണ്ടാക്കില്ലെന്ന സോളിസിറ്റർ ജനറലിന്റെ ഉറപ്പ് 2026 ഒക്ടോബർ 11-ലെ ഉത്തരവിൽ സുപ്രീംകോടതി രേഖപ്പെടുത്തിയിരുന്നു. തൊഴിൽപരമായ ചുമതലകൾ നിർവഹിക്കുന്ന മാധ്യമപ്രവർത്തകരെ സംരക്ഷിക്കുകയാണ് നിർദേശത്തിന്റെ ലക്ഷ്യമെന്നും നിരോധിത കൂട്ടായ്മ നടക്കുന്ന സ്ഥലത്ത് പൊതുനിയമങ്ങളിൽനിന്നോ നിയമാനുസൃത പൊലീസ് നിർദേശങ്ങളിൽനിന്നോ റീൽ നിർമാതാക്കൾക്കും ഇൻഫ്ലുവൻസർമാർക്കും ഇളവ് നൽകുന്നതല്ല അതെന്നും പൊലീസ് വാദിച്ചു.
അതേസമയം, ഉള്ളടക്ക സ്രഷ്ടാക്കളുടെ പ്രവർത്തനം തടയാൻ ഉദ്ദേശിക്കുന്നില്ലെന്നും വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനും പ്രചരിപ്പിക്കാനുമുള്ള പൗരന്മാരുടെ അവകാശത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. പ്രസ് അക്രഡിറ്റേഷനോ തിരിച്ചറിയൽ കാർഡോ ഇല്ലെന്ന കാരണത്താൽ മാത്രം ആർക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്കായി ഒക്ടോബർ അഞ്ചിന് പുറത്തിറക്കിയ മാർഗനിർദേശങ്ങളെയും പൊലീസ് ന്യായീകരിച്ചു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡോ പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ (പിഐബി), ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റിയുടെ (ഡിഐപി) അക്രഡിറ്റേഷൻ കാർഡോ കൈവശം കരുതണമെന്ന് നിർദേശത്തിൽ പറയുന്നു. തിരിച്ചറിയൽ കാർഡ് വ്യക്തമായി കാണാവുന്ന വിധത്തിൽ ധരിക്കാനും പൊലീസ് നടപടികൾക്ക് തടസ്സമുണ്ടാക്കാതിരിക്കാനും സംഘർഷസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ സുരക്ഷിതമായ അകലം പാലിക്കാനും നിർദേശിച്ചിട്ടുണ്ട്.
മാധ്യമപ്രവർത്തകരെ തിരിച്ചറിയാനും അവരുടെ സുരക്ഷ ഉറപ്പാക്കാനും സഹായിക്കുന്ന മുൻകരുതൽ നടപടികളാണ് ഇവയെന്നാണ് പൊലീസിന്റെ വിശദീകരണം.










