04:28am 12 November 2026
NEWS
കെ റെയിലിന് പകരം കേരളത്തിൽ റാപ്പിഡ് റെയിൽ വരുമോ?
11/12/2025  09:40 AM IST
nila
കെ റെയിലിന് പകരം കേരളത്തിൽ റാപ്പിഡ് റെയിൽ വരുമോ?

തിരുവനന്തപുരം: കേരളത്തിൽ കെ-റെയിൽ പദ്ധതിക്ക് പകരമായി കൂടുതൽ പ്രായോഗികമായ ഗതാഗതമാർഗങ്ങൾ കണ്ടെത്താനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി, മെട്രോ മാതൃകയിലുള്ള റീജ്യണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം സംസ്ഥാനത്തിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. മെട്രോ നിയമപ്രകാരം നിയന്ത്രിക്കപ്പെടുന്ന ഈ പദ്ധതി നടപ്പാക്കാൻ റയിൽവെയുടെ അനുമതി ആവശ്യമില്ല. അതേസമയം, കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ അനുമതി വേണം. 

അതിവേഗ റെയിൽ ആശയത്തിൽ നിന്ന് മാറി, നഗരങ്ങളെ നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു അർധ-അതിവേഗ റാപ്പിഡ് ട്രാൻസിറ്റ് നെറ്റ്‌വർക്ക് കേരളത്തിനുപയോഗപ്രദമാകുമെന്നാണ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തൽ. പദ്ധതിക്കായി പുതിയ ഡിപിആർ തയ്യാറാക്കണം. റെയിൽ‌വേ ബോർഡിന്റെ അനുമതി ആവശ്യമില്ലാത്തതിനാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നത് കൂടുതൽ ലളിതമാണെന്ന് കരുതുന്നു. നിലവിൽ നിർമ്മാണത്തിലിരിക്കുന്ന ഡൽഹി–മീററ്റ് ആർആർടിഎസ് ആണ് മാതൃകയായി പരിഗണിക്കുന്നത്.

റെയിൽവേ പാതയിൽ നിന്നൊഴിഞ്ഞ് പൂർണമായും സ്വതന്ത്രമായ ഒരു ട്രാക്ക് നിർമിക്കണമെന്നതാണ് ഈ പദ്ധതിയുടെ പ്രധാന സവിശേഷത. ഇതിനുമുമ്പ് നിർദേശിച്ച സിൽവർലൈൻ പദ്ധതി റെയിൽവേ ഭൂമിയോട് ചേർന്നാണ് രൂപകൽപ്പന ചെയ്തിരുന്നത്. ആർആർടിഎസ് വരുമ്പോൾ റെയിൽവേ ഭൂമി കേന്ദ്രീകരിക്കാതെ പുതിയ രീതിയിൽ രൂപരേഖ തയ്യാറാക്കണം.

തമിഴ്‌നാട് ഇതിനകം മൂന്ന് ആർആർടിഎസ് പദ്ധതികൾക്കായി പ്രാഥമിക പഠനം ആരംഭിച്ചിരിക്കുമ്പോൾ, കേരളത്തിലും പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് സ്വതന്ത്രമായി ധനശേഷി കണ്ടെത്തേണ്ടിവരുമെന്നാണ് വിലയിരുത്തൽ. കേന്ദ്രാനുമതി ലഭിച്ചാൽ വായ്പാമാർഗങ്ങളും തുറക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. 

റെയിൽവേയുടെ നിലപാട്: മൂന്നാം, നാലാം പാതകളുടെ പഠനം മുന്നേറുന്നു

അതേസമയം, നിലവിലെ പാതകൾ ഇരട്ടിപ്പിക്കലും മൂന്നാം, നാലാം പാതകളുടെ വികസനവുമാണ് റയിൽവെയുടെ പ്രധാന ശുപാർശ. കാസർകോട്–ഷൊർണൂർ ഭാഗത്തിന്റെ മൂന്നും നാലും പാതകളുടെ ഡിപിആർ തയ്യാറായിട്ടുണ്ടെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഷൊർണൂർ–പാലക്കാട്–കോയമ്പത്തൂർ, എറണാകുളം–കോട്ടയം, കായംകുളം–തിരുവനന്തപുരം, തിരുവനന്തപുരം–നാഗർകോവിൽ എന്നിവിടങ്ങളിലെ മൂന്നാം പാതകൾക്കായുള്ള പഠനങ്ങളും പുരോഗമിക്കുകയാണ്.

എന്നാൽ നിലവിലെ പാതയുടെ സമീപത്ത് ഭൂമി ഏറ്റെടുക്കൽ കേരളത്തിൽ വലിയ വെല്ലുവിളിയായതിനാൽ, പുതിയ പാതകൾക്ക് ആവശ്യമുള്ള ഭൂമി സംസ്ഥാനം കൈമാറിക്കൊടുക്കണമെന്നാണ് റെയിൽവേയുടെ വ്യക്തമായ നിലപാട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img