
പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം കൂടുതൽ രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. പാർട്ടി പിളർപ്പിന്റെ വക്കിലെന്നാണ് സൂചനകൾ. മമത ബാനർജിയുടെ നേതൃത്വത്തിനെതിരെ ഭൂരിപക്ഷം എംഎൽഎമാർ അണിനിരന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. അങ്ങനെയെങ്കിൽ തൃണമൂൽ കോൺഗ്രസും മമത ബാനർജിക്ക് നഷ്ടമായേക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
പാർട്ടി നേതാക്കൾക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കൊൽക്കത്തിയിൽ മമത നടത്തിയ സമരപരിപാടിയിൽ വളരെ കുറച്ച് എംഎൽഎമാർ മാത്രമാണ് പങ്കെടുത്തത്. മറുവശത്ത്, അമ്പതോളം എംഎൽഎമാർ പ്രത്യേക യോഗം ചേർന്നതായി പുറത്താക്കപ്പെട്ട നേതാവ് റിജു ദത്ത അവകാശപ്പെട്ടു. തങ്ങളാണ് യഥാർഥ തൃണമൂൽ കോൺഗ്രസെന്ന് തെളിയിക്കാൻ സ്പീക്കറെ സമീപിക്കുമെന്നും പാർട്ടി ചിഹ്നത്തിൽ അവകാശവാദം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭയിലെ പ്രതിപക്ഷ നേതാവായി സൊഭോൻദേബ് ചതോപാധ്യായയെ തെരഞ്ഞെടുത്ത തീരുമാനമാണ് ഭിന്നതയ്ക്ക് കാരണമായതെന്നാണ് വിമതരുടെ ആരോപണം. നിരവധി പുതുമുഖ എംഎൽഎമാർ ഋതബ്രത ബാനർജിയെ ആ സ്ഥാനത്തേക്ക് ആഗ്രഹിച്ചിരുന്നതായും അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ബിജെപി തൃണമൂലിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു. ഏത് സാഹചര്യത്തിലും പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. എന്നാൽ നേതൃത്വത്തിനെതിരായ അതൃപ്തി പാർട്ടിക്കുള്ളിൽ വർധിക്കുന്നതായി സൂചനകളുണ്ട്. മമതയുടെ വസതിയിൽ നടന്ന നിർണായക യോഗത്തിൽ ഭൂരിഭാഗം എംഎൽഎമാരും പങ്കെടുക്കാതിരുന്നതും ചർച്ചയായിട്ടുണ്ട്.
അഭിഷേക് ബാനർജിയുടെ ഇടപെടലുകളെച്ചൊല്ലിയും പാർട്ടിയിൽ വിമർശനം ഉയരുന്നുണ്ട്. ഇതിനിടെ നിരവധി കൗൺസിലർമാരും ചില പ്രമുഖ നേതാക്കളും പാർട്ടി വിട്ടതായാണ് റിപ്പോർട്ടുകൾ.
എന്നിരുന്നാലും, കൂറുമാറ്റ നിരോധന നിയമം വിമതർക്കു വലിയ വെല്ലുവിളിയാണ്. നിയമസഭയിൽ മൂന്നിൽ രണ്ട് അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ മാത്രമേ അയോഗ്യത ഒഴിവാക്കാൻ കഴിയൂ. അതിനാൽ വിമത വിഭാഗത്തിന് കുറഞ്ഞത് 53 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കേണ്ട സാഹചര്യമാണുള്ളത്.











