കർണാടക രാഷ്ട്രീയം തിളച്ചുമറിയുകയാണ്. വ്യക്തിപരമായി അഴിമതിയാരോപണം നേരിടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബിജെപിയും ജെഡിഎസ്സും ഉൾപ്പെടുന്ന പ്രതിപക്ഷസഖ്യം നടത്തിയ മൈസൂരു ഛലോ പദയാത്ര ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. പ്രതിപക്ഷ പദയാത്രയെ പ്രതിരോധിക്കാനായി അതേ റൂട്ടിലെ ഓരോ പ്രധാന കേന്ദ്രത്തിലും പദയാത്ര എത്തിച്ചേരുന്നതിന്റെ തലേദിവസം കോൺഗ്രസ്സ് ജനാന്തോളന റാലി സംഘടിപ്പിച്ചിരുന്നു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് ആ റാലികൾക്ക് നേതൃത്വം നൽകിയത്.
പദയാത്രയുടെയും റാലിയുടെയും ആദ്യദിവസങ്ങളിൽ കണ്ടത് ശിവകുമാറും കേന്ദ്രമന്ത്രി കുമാരസ്വാമിയും തമ്മിലുണ്ടായ, സഭ്യതയുടെ സകല പരിധികളും ലംഘിച്ച വാക്‌പ്പോരാട്ടമായിരുന്നു. മുൻപ്രധാനമന്ത്രി ദേവഗൗഡയും മക്കളും അന്യായമായി സ്വത്തും പണവും സമ്പാദിച്ചതിന്റെ കഥകൾ ശിവകുമാർ തുറന്നുകാട്ടിയപ്പോൾ ശിവകുമാർ ശതകോടികളുടെ സ്വത്തുക്കൾ വാരിക്കൂട്ടിയതിന്റെ രഹസ്യങ്ങളാണ് കുമാരസ്വാമി പുറത്തുവിട്ടത്. എൺപതുകളിൽ സ്വന്തം ജന്മനാടായ ദൊഡ്ഡആലഹള്ളിയിൽ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ടിവിയും ഡിവിഡിയുമായി ശിവകുമാർ എന്താണ് ചെയ്തിരുന്നതെന്ന് നാട്ടുകാർക്ക് അറിയാമെന്ന് കുമാരസ്വാമി തുറന്നടിച്ചു. ആ ജോലിയിലൂടെയാണോ അദ്ദേഹം ഇന്നുകാണുന്ന ആയിരത്തി അഞ്ഞൂറുകോടിയുടെ സ്വത്തുണ്ടാക്കിയതെന്ന് കുമാരസ്വാമി പരിഹാസത്തോടെ ചോദിക്കുകയും ചെയ്തു. സിനിമാനിർമ്മാതാവും ചെറുകിട കരാറുകാരനുമായിരുന്ന കുമാരസ്വാമി രാഷ്ട്രീയത്തിൽ വന്നതിൽപ്പിന്നെ സമ്പാദിച്ചുകൂട്ടിയ സ്വത്തുവകകളുടെ വിവരങ്ങൾ ശിവകുമാർ റാലിയിൽ വെളിപ്പെടുത്തിയിരുന്നു. ഈ വിഴുപ്പലക്കലിൽ പദയാത്രയുടെ പ്രധാന ഉദ്ദേശ്യം പലപ്പോഴും വഴുതിപ്പോയിരുന്നു. പ്രതിപക്ഷ നേതാവ് ആർ അശോക് എത്തിയാണ് മുഖ്യമന്ത്രിയുടെ രാജി എന്ന പ്രധാന ലക്ഷ്യത്തിലേക്ക് പദയാത്രയെ മടക്കിക്കൊണ്ടുവന്നത്.
കുറ്റവിചാരണയുടെ പ്രശ്‌നങ്ങൾ
മുഖ്യമന്ത്രി സിദ്ധരാമയ്യയെ കുറ്റവിചാരണ ചെയ്യാൻ അനുമതി തേടി സന്നദ്ധപ്രവർത്തകൻ ടി ജെ എബ്രഹാം ഗവർണ്ണറെ സമീപിച്ചത് ഭരണപക്ഷത്ത് അങ്കലാപ്പ് സൃഷ്ടിച്ചിരുന്നു. രാഷ്ട്രീയ ഉന്നതരുടെ അഴിമതികൾക്കെതിരെ നിരന്തരം നിയമയുദ്ധം നടത്തുന്ന ആക്റ്റിവിസ്റ്റാണ് എബ്രഹാം. ബിജെപി നേതാവ് യെദിയൂരപ്പയ്ക്ക് മുഖ്യമന്ത്രിക്കസേര വിട്ടൊഴിയേണ്ടിവന്നതിൽ എബ്രഹാമിന്റെ ഇടപെടലും കാരണമായിരുന്നു. ദേവഗൗഡ, എസ് എം കൃഷ്ണ, കുമാരസ്വാമി തുടങ്ങിയ മുഖ്യമന്ത്രിമാർക്കെതിരായും അവർ അധികാരത്തിലായിരുന്നപ്പോഴും പിന്നീടും എബ്രഹാം നിയമപ്പോരാട്ടം നടത്തിയിട്ടുണ്ട്. ബംഗളുരുവിലെ ഇന്ദിരാനഗറിൽ സ്ഥിരതാമസക്കാരനാണ് മലയാളിയായ എബ്രഹാം. അഴിമതിയുടെ കറപുരണ്ട രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും ഇദ്ദേഹം പേടി സ്വപ്നമാണ്. മുഖ്യമന്ത്രിക്കെതിരെ കോടതിയെ സമീപിക്കണമെങ്കിൽ ഗവർണ്ണറുടെ അനുമതി വേണമെന്ന് വ്യവസ്ഥയുണ്ട്. തെളിവുകളെല്ലാം ശേഖരിച്ച് ഗവർണ്ണറുടെ അനുമതി കിട്ടിയാലുടനെ കോടതിയെ സമീപിക്കാൻ കാത്തിരിക്കുകയാണ് എബ്രഹാം. പ്രതിപക്ഷസഹായം അദ്ദേഹത്തിന് ലഭിക്കുന്നുണ്ടെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്. എബ്രഹാമിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഗവർണർ മുഖ്യമന്ത്രിയ്ക്ക് ഷോക്കാസ് നോട്ടീസ് നൽകിയത് ഭരണപക്ഷത്ത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഗവർണർ കേന്ദ്രത്തിന്റെ കളിപ്പാവയായി മാറുന്നു എന്നാണ് സിദ്ധരാമയ്യയും സഹപ്രവർത്തകരും ആരോപിക്കുന്നത്. ടി ജെ എബ്രഹാം ക്രിമിനൽ പശ്ചാത്തലമുള്ള ആളാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് നൽകിയ ഷോക്കാസ് നോട്ടീസ് പിൻവലിക്കണമെന്നാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ഗവർണ്ണറോട് അഭ്യർത്ഥിച്ചത്. ടി ജെ എബ്രഹാമിന്റെ അപേക്ഷ തള്ളിക്കളയണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടിരുന്നു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം ഗവർണർ കൈക്കൊണ്ട തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും അദ്ദേഹം നയിക്കുന്ന ഗവണ്മെന്റിനും കനത്ത ആഘാതമാണ് ഏൽപ്പിച്ചത്.
നറുക്കുവീഴുക ഡോ. പരമേശ്വരയ്‌ക്കോ?
സിദ്ധരാമയ്യ സ്ഥാനമൊഴിയേണ്ട സാഹചര്യമുണ്ടായാൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്നാണ് പൊതുവെ കരുതപ്പെട്ടിരുന്നത്. എന്നാൽ അതിന് ചില തടസ്സങ്ങളുണ്ടെന്നാണ് കേൾക്കുന്നത്. ആഭ്യന്തരമന്ത്രി ഡോ. ജി പരമേശ്വരയെയാണ് ഹൈക്കമാണ്ട് രഹസ്യമായി പരിഗണിക്കുന്നത് എന്നതിന്റെ സൂചനകൾ വന്നിട്ടുണ്ട്. ഡോ.പരമേശ്വരയ്ക്ക് ചില അനുകൂല ഘടകങ്ങളുണ്ട്. അദ്ദേഹം മുതിർന്ന ദലിത് നേതാവാണ്. സിദ്ധരാമയ്യ നേരിടുന്നത് ദലിത് വിരോധമാണ്. ഒരു ദലിത് നേതാവ് മുഖ്യമന്ത്രിയായാൽ അത് ശമിക്കുമെന്ന് ഹൈക്കമാണ്ട് കരുതുന്നു.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള ഡോ.പരമേശ്വരയെ 1989 ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയാണ് കോൺഗ്രസ്സിലേക്ക് കൊണ്ടുവന്നത്. 1992 ലാണ് ഡോ.പരമേശ്വര ആദ്യമായി മന്ത്രിയായത്. പിന്നീട് പലതവണ അദ്ദേഹം വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയും ഉപമുഖ്യമന്ത്രിയുമൊക്കെ ആയിട്ടുണ്ട്. 2010- 18 കാലയളവിൽ പിസിസി അധ്യക്ഷനായിരുന്നു. 2013 ൽ ഡോ.പരമേശ്വര പിസിസി അധ്യക്ഷനായിരിക്കെയാണ് കോൺഗ്രസിന് ഭൂരിപക്ഷം ലഭിച്ചത്. അദ്ദേഹമായിരുന്നു മുഖ്യമന്ത്രിയാകേണ്ടിയിരുന്നത്. എന്നാൽ തികച്ചും യാദൃച്ഛികമായി സ്വന്തം സുരക്ഷിത മണ്ഡലമായ കൊരട്ടുഗെരെയിൽ അദ്ദേഹം പരാജയപ്പെട്ടു. അതിന് പിന്നിൽ പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആണെന്ന ആരോപണം അക്കാലത്തുയർന്നിരുന്നു. അതെന്തായാലും സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രിപദവി ലഭിച്ചു എന്നത് വാസ്തവം.അദ്ദേഹത്തിന്റെ ഗ്രാഫ് കുതിച്ചുയരുകയും ചെയ്തു. കുറച്ചുകാലം പിണങ്ങിനിന്ന ഡോ.പരമേശ്വര പിന്നീട് സിദ്ധരാമയ്യയുമായി സമരസപ്പെട്ടു. സ്ഥാനമൊഴിയേണ്ടിവന്നാൽ സിദ്ധരാമയ്യ പകരം നിർദ്ദേശിക്കുക ഡോ.പരമേശ്വരയെ ആയിരിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ പൂർണ്ണപിന്തുണയും ഡോ.പരമേശ്വരയ്ക്കുണ്ട്. അദ്ദേഹത്തിന്റെ എഴുപത്തിമൂന്നാം ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് അനുയായികൾ പത്രങ്ങളിൽ ഫുൾപേജ് ജാക്കറ്റ് പരസ്യം നൽകിയിരുന്നു. അതിൽനിന്ന് ചിലതൊക്കെ വായിച്ചെടുക്കാം. സിദ്ധരാമയ്യ പ്രതിസന്ധി അതിജീവിക്കുമോ അതല്ല ഒരു ദലിത് നേതാവ് മുഖ്യമന്ത്രിയാകുമോയെന്ന് വൈകാതെ അറിയാം.