04:09am 16 October 2026
NEWS
അടൂർ പ്രകാശിന് കൺവീനർ സ്ഥാനം പോകുമോ ? സതീശൻ ദൽഹിയിൽ കരുനീക്കം തുടങ്ങി
15/10/2026  11:34 AM IST
പി. ജയചന്ദ്രൻ
അടൂർ പ്രകാശിന് കൺവീനർ സ്ഥാനം പോകുമോ ? സതീശൻ ദൽഹിയിൽ കരുനീക്കം തുടങ്ങി

ഉണ്ടിരുന്ന നായർക്ക് ഒരുൾവിളിയുണ്ടായി എന്നുപറയും പോലെ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനുമുണ്ടായി അടുത്തകാലത്തൊരു ഉൾവിളി. വി.ഡി. സതീശൻ മുഖ്യമന്ത്രിയായി യു.ഡി.എഫ് സർക്കാർ അധികാരത്തിൽ കയറിയിട്ട് ഒരു സെമസ്റ്റർ പോലും തികയും മുൻപുതന്നെ മുഖ്യമന്ത്രിയുടെ പോക്ക് നേരായ വഴിയിലൂടെയല്ലെന്നും, ഊടുവഴികളിലൂടെയുള്ള ആ അപഥസഞ്ചാരം യു.ഡി.എഫിനും കോൺഗ്രസിനും ദോഷം ചെയ്യുമെന്ന് കണ്ടിട്ടാണ്, തീർത്തും സദുദ്ദേശത്തോടെ, ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ താൻ ചില അപ്രിയ സത്യങ്ങൾ പൊതുജനസമക്ഷം വിളിച്ചു പറയുന്നതു എന്നായിരുന്നു അടൂർ പ്രകാശിന്റെ മുൻകൂർ ജാമ്യം. മുഖ്യമന്ത്രി തന്നിഷ്ടം കാട്ടുന്നു, ഒരു കാര്യവും തന്നോടാലോചിക്കുന്നില്ല.. എന്നൊക്കെ പരാതികൾ പലതുനിരത്തി എന്നുമാത്രമല്ല, വിമാനം കയറി ദൽഹിയിലെത്തി ഖാർഗേജിയെ വിവരങ്ങൾ ധരിപ്പിക്കുകയും ചെയ്തു.

പാവം ഖാർഗേജി. അലക്കൊഴിഞ്ഞിട്ട് അതിയാന് കാശിക്ക് പോകാൻ നേരമില്ല എന്നുപറഞ്ഞതുപോലെ ആവശ്യമില്ലാത്ത പുലിവാലിലൊക്കെ കേറിപ്പിടിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്ന രാഹുൽജിക്ക് പിറകെ, അമിതഭാരമുള്ള ശരീരവും പേറി നടന്നെത്താൻ പോലും ഖാർഗേജി പാടുപെടുമ്പോഴാണ് ഇങ്ങ് കേരളത്തിൽ നിന്നൊരു ജി പാഴാങ്കത്തിന്റെ ഭാണ്ഡക്കെട്ടും താങ്ങിച്ചെന്നത്. അപ്പോപ്പിന്നെ എന്തു സംഭവിച്ചു കാണുമെന്ന് ഊഹിക്കാമല്ലോ.

എന്നുകരുതി സതീശൻ ആശ്വസിച്ച് ദീർഘശ്വാസം വിടുകയൊന്നും വേണ്ട. പാർട്ടിക്കകത്ത് ഒരുപാട് ജിമാരെക്കണ്ട സതീശന് തോന്നുന്നുണ്ടാകും... എത്ര കുളം കണ്ടു, കുളമെത്ര... കണ്ടു എന്ന്. അവിടെയാണ് പക്ഷേ സതീശന് തെറ്റുപറ്റുന്നത്. ഇത് ആളുവേറെയാണ്. സതീശൻകണ്ട ജിമാരൊന്നുമല്ല ഈ ജി. അതുകൊണ്ടാണല്ലോ കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും 684 വോട്ടിന്റെ ഭൂരിപക്ഷം നേടി വിജയിക്കുവാൻ അടൂർജിക്ക് കഴിഞ്ഞത്. നമ്മുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം എന്നൊക്കെ കുന്നായ്മക്കാർ പറഞ്ഞുപരത്തിയെങ്കിലും, സിറ്റിംഗ് എം.എൽ.എ വി.ജോയി ഉയർത്തിയ വെല്ലുവിളി മറികടന്ന് വിക്ടറി സ്റ്റാന്റിൽ കയറുവാൻ കോൺഗ്രസിന് കഴിഞ്ഞത് അടൂർജി ആയതുകൊണ്ടുമാത്രമാണെന്നാണ് അനുയായികൾ പറയുന്നത്.

പക്ഷേ അടൂർജിയുടെ ശത്രുക്കൾ പാണന്മാരെക്കൊണ്ട് ഉടുക്കുകൊട്ടി പാടിച്ച കഥ ഒന്നുവേറെയാണ്. അതായത് ഈ പറഞ്ഞ തെരഞ്ഞെടുപ്പിൽ അടൂർജിയും വി.ജോയിയുമായിരുന്നല്ലോ നേർക്കുനേർ പോരാളികൾ. രണ്ടുപേരും ശിവഗിരി മഠത്തിന്റെ കുഞ്ഞാടുകൾ. മഠത്തിന്റെ അധിപതിയായി ചുമതലയേറ്റെടുത്ത കാലം മുതൽ സംസ്ഥാനഭരണധികാരത്തിന്റെ ഇടനാഴികളിൽ സ്വാധീനമുറപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന സച്ചിദാനന്ദസ്വാമി അതിനുള്ള നല്ല അവസരമായി കണ്ടുവച്ചിരുന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ അടൂരിലെ കുഞ്ഞാട് മത്സരിച്ചാൽ വിജയിക്കുമെന്നും സ്വാഭാവികമായും മന്ത്രിയാകുമെന്നും സ്വാമി കണക്കൂകൂട്ടി. അതിന്റടിസ്ഥാനത്തിൽ സ്വാമി അടൂർജിയോട് പറഞ്ഞു, കുഞ്ഞാടേ... ലോക്‌സഭയിലേക്ക് മത്സരിക്കണ്ട. അവിടേക്ക് ജോയി പോകട്ടെ. കുഞ്ഞാടിന് വരുന്ന നിയമസഭയിലേക്ക് മത്സരിച്ചു ജയിക്കാം. അപ്പോൾ മന്ത്രിയാക്കുന്ന കാര്യം ഏറ്റു.

പാവം അടൂർജി സീറ്റ് നിർണ്ണായക ചർച്ച വന്നപ്പോൾ പറഞ്ഞു, ഞാനില്ല. എന്നാൽ സിറ്റിംഗ് എം.പിമാർതന്നെ മത്സരിക്കണമെന്ന് പാർട്ടി കട്ടായം പറഞ്ഞപ്പോൾ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി. അങ്ങനെ സ്ഥാനാർത്ഥിയായി. പക്ഷേ പ്രവർത്തനരംഗത്ത് ഉഷാറായില്ല. ബൂത്തുകളിൽ യഥാസമയം പൈസ എത്തിക്കുന്നതിലും, വൈകി എത്തിച്ചപ്പോൾ ആവശ്യത്തിന് നൽകാതെയുമൊക്കെ പ്രവർത്തകരെ നിർവീര്യരാക്കിപ്പോലും. ഒടുവിൽ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് വിവരമറിഞ്ഞ സതീശൻ ആറ്റിങ്ങലിലെത്തി, അൽപ്പം രൂക്ഷമായി തന്നെ സംസാരിച്ച ശേഷമാണത്രെ അടൂർജി സജീവമായത്. അപ്പോഴേക്കും ജി ഉദ്ദേശിച്ചപോലെതന്നെ വോട്ടുചോർച്ച നടന്നിരുന്നു. അതുകൊണ്ടാണ് 684 എന്ന മാജിക് നമ്പറിൽ ആറ്റിങ്ങൽ എത്തിയത്.

അന്നുമുതൽ സതീശനെ ശത്രുവായി കണ്ട അടൂർജി, നിയമസഭാ തെരഞ്ഞടുപ്പുവന്നപ്പോൾ ഒന്നു താഴെക്കിറക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി പക്ഷേ എം.പിമാരാരും മത്സരിക്കേണ്ട എന്നുള്ള തിട്ടൂരം ദൽഹിയിൽ നിന്നു വന്നതോടെ ആ മോഹവും പൊലിഞ്ഞു. അങ്ങനൊരു തിട്ടൂരമിറക്കാൻ ദൽഹിയെ നിർബന്ധിച്ചത് സതീശനാണെന്നാണ് അടൂർജി ഉറപ്പായും വിശ്വസിക്കുന്നത്. അല്ലെങ്കിലിപ്പോൾ സ്റ്റേറ്റ് കാറിൽ കൊടിവച്ചുപോകാമായിരുന്നു എന്നോർക്കുമ്പോൾ എങ്ങനെ വിഷമം തോന്നാതിരിക്കും.

എങ്കിൽപിന്നെ കെ.പി.സി.സി പ്രസിഡന്റാകണമെന്നാണെങ്കിൽ തന്റെ പേര് സതീശന്റെ മനസ്സിൽപ്പോലുമില്ല. അതിന്റെ കൂടെയാണ് യു.ഡി.എഫ് കൺവീനർ എന്ന പദവിയിൽ താനങ്ങനെ ചൊറിയും കുത്തിയിരിക്കുമ്പോഴാണ് എം.കെ. മുനീറിനും, ജി. ദേവരാജനും കാബിനറ്റ് പദവി നൽകുന്നതുമൊക്കെ. പാവം അടൂർജി, എങ്ങനെ ദേഷ്യം വരാതിരിക്കും? അതാണ് കണ്ടത്.

കാര്യങ്ങൾ അങ്ങനെയൊക്കെയായപ്പോൾ ജി ആദ്യം വിളിച്ചത് വേണുജിയെയാണ്. താനിരിക്കേണ്ട കസേരയിൽ ഞെളിഞ്ഞിരിക്കുന്ന സതീശനോട്, പുറമേക്ക് കാണിക്കുന്നില്ലെങ്കിലും വേണുജിയുടെ ഉള്ളിൽ തീർത്താൽ തീരാത്ത പക കാണുമെന്ന് അടൂർജിക്കറിയാം. എന്നാൽ അടൂർജിയുടെ വിളിക്ക് വേണുജിയുടെ പ്രതികരണം ഉണ്ടായില്ലെന്നാണ് വാർത്ത. പകരം വേണുജിക്കുവേണ്ടി ദീപാദാസ് മുൻഷിജി അടൂർജിയുമായി ബന്ധപ്പെട്ടുവത്രെ. അതിനൊരു കാരണം കൂടിയുണ്ട്. സതീശന്റെ കാര്യത്തിൽ അടൂർജിയെപ്പോലെ തന്നെ തീർത്താൽ തീരാത്ത പക ദീപാദാസ്ജിക്കുമുണ്ടത്രെ. അതായത് തുല്യദുഃഖിതർ.

ദീപാദാസ്ജിക്ക് ഒരു സ്വഭാവമുണ്ട്. തനിക്ക് സംഘടനാച്ചുമതലയുള്ള സംസ്ഥാനത്ത് പാർട്ടി അധികാരത്തിലുണ്ടെങ്കിൽ മാഡത്തിന് ഇടപെടണം. മുമ്പ് തെലങ്കാനയുടെ ചാർജ്ജുണ്ടായിരുന്നപ്പോൾ അങ്ങനെ ചില ഇടപെടലുകൾ നടത്താൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി രേവന്ത് റെഢി ആട്ടിയോടിക്കുകയായിരുന്നു. അതിനുശേഷമാണ് കേരളത്തിലേക്ക് വന്നത്. ഇവിടെ വന്ന് നാടൻഭാഷയിൽ പറഞ്ഞാൽ 'പെറ്റുകിടന്ന' മാഡം മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുവാൻ, എം.എൽ.എമാരുമായി ഹൈക്കമാൻഡ് പ്രതിനിധികൾ കൂടിക്കാഴ്ച നിശ്ചയിച്ചപ്പോൾ തന്നെ മാഡത്തിന്റെ സാന്നിധ്യത്തെ സതീശൻ എതിർത്തതാണ്. അതിനുശേഷം മന്ത്രിമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കാണാൻ ശ്രമിച്ചപ്പോഴും, സംസ്ഥാന ഭരണത്തിലിടപെടാൻ ശ്രമിച്ചപ്പോഴുമൊക്കെ വി.ഡി. സതീശന്റെ മറ്റൊരു മുഖം ദീപാദാസ്ജി കണ്ടു.

അതൊക്കെ സതീശനോടുള്ള പകയായി മനസ്സിൽ സൂക്ഷിക്കുന്നതു കൊണ്ടാണ് പോലും മാഡം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചത്. പക്ഷേ എന്തുകാര്യം? നാലുമാസത്തിനുള്ളിൽ തന്നെ ജനങ്ങൾക്ക് എതിർപ്പുണ്ടാക്കുന്ന ചില കാര്യങ്ങളൊക്കെ ചെയ്‌തെങ്കിൽ കൂടി തൽക്കാലം ജനങ്ങൾക്കിടയിലും, യു.ഡി.എഫിലും, കോൺഗ്രസ് പാർട്ടിയിലും മുഖ്യമന്ത്രി വി.ഡി. സതീശൻ സുരക്ഷിതനാണ്.

എങ്കിലും ഒരിഞ്ചുപോലും പിറകോട്ട് പോകാതെനിന്നു പൊരുതാൻ തന്നെയാണ് അടൂർജിയുടെ തീരുമാനം. വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നത് അതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ഏതായാലും ഉദ്ദേശലക്ഷ്യം സാധിച്ചെടുക്കുവാൻ വേണ്ടി ഏതറ്റംവരെ പോകാനും അടൂർജി തയ്യാറാകുമെന്നു. കരുതിയിരിക്കണമെന്നുമുള്ള ഉപദേശവും മുന്നറിയിപ്പും മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടുണ്ടെന്നാണ് കേൾക്കുന്നത്. മുൻപ് കടവൂർ ശിവദാസൻ മന്ത്രിയായിരുന്ന കാലത്ത് ആ കസേര ലക്ഷ്യമിട്ട് ചില കടുത്ത കരുനീക്കങ്ങൾ ഈ ജി നടത്തിയിരുന്നതായാണ് പാർട്ടിക്കുള്ളിലെ സംസാരം. 

പതിനാറ് വർഷം മുൻപ് കടവൂർ ശിവദാസൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണവുമായി തങ്കം എന്ന ഒരു സ്ത്രീ രംഗത്തുവന്നതാണ് സംഭവം. ആരോപണം ഏറ്റ് കടവൂരിന് രാജിവയ്‌ക്കേണ്ടി വന്നാൽ സമുദായ പരിഗണനയും ഗ്രൂപ്പ് പരിഗണനയും വച്ച് തനിക്ക് മന്ത്രിയാകാമെന്ന് കണക്കുകൂട്ടി ഈ ജിയാണത്രേ ആ പാവം സ്ത്രീയെ രംഗത്തിറക്കിയത്. (അന്ന് ആ നീക്കം പൊളിച്ചത് 'കേരളശബ്ദ'മായിരുന്നു).
ചുരുക്കിപ്പറഞ്ഞാൽ അടൂർജി അടികൊണ്ട പാമ്പാണ്. അതെവിടെയും പതുങ്ങിക്കിടക്കും. ഓരോ ചുവടും വയ്ക്കുമ്പോൾ സതീശൻ അതോർക്കണം എന്നാണ് അതിയാന്റെ അഭ്യുദയകാംക്ഷികൾ നൽകുന്ന സൂചന.

അതിനിടെ അടൂർജിയെ യു.ഡി.എഫ് കൺവീനർ സ്ഥാനത്തുനിന്നും മാറ്റാനുള്ള കരുനീക്കങ്ങൾ സതീശൻജിയും തുടങ്ങിയതായി കേൾക്കുന്നു. ഈ ജിയുമായി മുന്നോട്ടുപോകാനാകില്ലെന്നുള്ള മുന്നറിയിപ്പ് ആ ജി ദൽഹിക്ക് നൽകിക്കഴിഞ്ഞത്രെ. മുൻപ് കണ്ണൂരുകാരൻ സുധാകരൻജിയെ ഇന്ദിരാഭവനിൽ നിന്നും പടിയിറക്കി വിടാൻ ഇതുപോലൊരു നാടകം കളിച്ചയാളാണ് സതീശൻജി. എന്നിട്ടെന്തു സംഭവിച്ചു എന്നുചിന്തിച്ചാൽ ഇപ്പോൾ എന്തും സംഭവിക്കും എന്നും ചിന്തിക്കാം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img