12:47am 29 April 2026
NEWS
നിതിൻ രാജിന്റെ മരണം: ചെങ്ങന്നൂരിൽ ഹർത്താലിൽ പരക്കെ അക്രമം; കാർ തകർത്തു
28/04/2026  08:12 PM IST
nila
നിതിൻ രാജിന്റെ മരണം: ചെങ്ങന്നൂരിൽ ഹർത്താലിൽ പരക്കെ അക്രമം; കാർ തകർത്തു


​ചെങ്ങന്നൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താലിൽ ചെങ്ങന്നൂരിൽ പരക്കെ അക്രമം. പാണ്ടനാട് ഇല്ലിമല പാലത്തിന് സമീപം ഹർത്താൽ അനുകൂലികൾ കാർ തകർത്തു. സംഭവത്തിൽ അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
​വനവാതുക്കര സ്വദേശി ജോൺ ഏബ്രഹാമിന്റെ കാറാണ് ഇന്നലെ ഉച്ചയ്ക്ക് 2.30-ഓടെ ഒരു സംഘം അടിച്ചുതകർത്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ ചെങ്ങന്നൂർ പോലീസ് കേസെടുത്തു. 52 ദളിത്-ആദിവാസി സംഘടനകളുടെയും ആക്ഷൻ കൗൺസിലിന്റെയും നേതൃത്വത്തിൽ നടന്ന ഹർത്താൽ മേഖലയിൽ പൂർണമായിരുന്നു.
​രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ നടന്ന ഹർത്താലിൽ പൊതുജനം നന്നേ വലഞ്ഞു. റെയിൽവേ സ്റ്റേഷനിൽ നിന്നുമാരംഭിച്ച പ്രതിഷേധ പ്രകടനം നഗരത്തെ സ്തംഭിപ്പിച്ചു. വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും സമരക്കാർ നിർബന്ധപൂർവ്വം അടപ്പിച്ചു. ടൗണിലെ പെട്രോൾ പമ്പുകളുടെ പ്രവർത്തനവും തടസപ്പെട്ടു. കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ നിലച്ചതോടെ ദൂരസ്ഥലങ്ങളിൽ നിന്നെത്തിയ യാത്രക്കാർ മണിക്കൂറുകളോളം വഴിയിൽ കുടുങ്ങി.
​ചെങ്ങന്നൂർ ആർ.ടി ഓഫീസിൽ നടന്ന ലേണേഴ്സ് ടെസ്റ്റ് ഹർത്താൽ അനുകൂലികൾ തടഞ്ഞു. പരീക്ഷാ വിവരം അറിഞ്ഞ് ഓഫീസിലെത്തിയ സമരക്കാർ ഉദ്യോഗസ്ഥരുമായി വാദപ്രതിവാദത്തിലേർപ്പെട്ടു. തുടർന്ന് പരീക്ഷ നടത്താനാകാതെ പരീക്ഷാർഥികളെ മടക്കി അയച്ചു.
​സംഘർഷസാധ്യത കണക്കിലെടുത്ത് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് സമരസമിതിയുടെ ആവശ്യം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img