
27 വർഷങ്ങൾക്ക് ശേഷം ബി.ജെ.പി ഭരിക്കുമ്പോൾ...
കോൺഗ്രസ്സിന് വലിയ വേരോട്ടമുള്ള പ്രദേശമായിരുന്നു രാജ്യതലസ്ഥാനമായ ഡൽഹി. ആദ്യകാലം മുതലേ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സാണ് ഡൽഹി ഭരിച്ചിരുന്നത്. പ്രതിപക്ഷമായി അക്കാലത്ത് ബിജെപിയുടെ ആദ്യരൂപമായ ജനസംഘം ഉണ്ടായിരുന്നു. ഇന്ത്യയിൽ ഭാരതീയ ജനസംഘത്തിന്റെ വളർച്ച ഡൽഹിയിലായിരുന്നു എന്ന് കാണാം. ഡൽഹിയിൽ വൻതോതിൽ സ്ഥിരതാമസമാക്കിയ പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദു, സിഖ് അഭയാർത്ഥികളുടെ പിന്തുണയിൽ നിന്നാണ് ഭാരതീയ ജനസംഘത്തിന്റെ വളർച്ചയുടെ തുടക്കം. വിഭജനത്തിനുശേഷം നടന്ന നഗര വേർതിരിവിൽ അവർ അഭയാർത്ഥികളുടെ പക്ഷം പിടിച്ചു. ഗോസംരക്ഷണത്തിനായുള്ള പ്രചാരണത്തിന് നേതൃത്വം നൽകിക്കൊണ്ടും ബിജെഎസ് പ്രശസ്തിയിലേക്ക് ഉയർന്നു. 1951 ൽ ഡൽഹി ഗോവധം നിരോധിക്കുകയും 1957 ൽ അത് കുറ്റകരമാക്കുകയും ചെയ്തിട്ടും, പുതിയ കശാപ്പുശാലകൾ സ്ഥാപിക്കുന്നതിനെ ബിജെഎസ് ശക്തമായി എതിർത്തു, ഭരണകക്ഷിയായ കോൺഗ്രസ്സിനെ മുസ്ലീം പ്രീണനമാണെന്ന് കുറ്റപ്പെടുത്താൻ ഈ വിഷയം ഉപയോഗിച്ചു. അതിന്റെ തുടർ ചലനങ്ങളുടെ ഫലം കൂടിയാണ് ഇപ്പോഴത്തെ ബിജെപി വിജയം. ഡൽഹിയിലെ ലെഫ്റ്റനന്റ് ഗവർണർക്ക് ഇനി വലിയ പണിയൊന്നും കാണില്ല.
27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ ബിജെപി അധികാരം പിടിച്ചിരിക്കുകയാണ്. ഡൽഹി സംസ്ഥാനം എന്ന പ്രത്യേക പദവി നൽകിയതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ ബിജെപിക്കായിരുന്നു വിജയം. അന്ന് 70 സീറ്റിൽ 49 സീറ്റിലാണ് ജയിച്ചതെങ്കിൽ, ഇപ്പോൾ 48 സീറ്റിലാണ് ബിജെപി ജയിച്ചിരിക്കുന്നത്. 10 വർഷം തുടർച്ചയായി ഡൽഹി ഭരിച്ച അരവിന്ദ് കേജരിവാൾ നേതൃത്ത്വം നൽകുന്ന ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി ഏൽപ്പിച്ചാണ് ബിജെപി ഇപ്പോൾ വിജയം കൊയ്തത്.
1952 മാർച്ച് ഏഴിനാണ് ഡൽഹി നിയമസഭ ആദ്യമായി പ്രാബല്യത്തിൽ വരുന്നത്. ആദ്യം 48 അംഗങ്ങൾ മാത്രമായിരുന്നു ഡൽഹി നിയമസഭയിൽ ഉണ്ടായിരുന്നത്. ബ്രഹ്മ പ്രകാശ് ആയിരുന്നു ഡൽഹിയുടെ ആദ്യത്തെ മുഖ്യമന്ത്രി. നാല് വർഷത്തിന് ശേഷം, 1956 നവംബർ ഒന്നാം തീയതി സ്റ്റേറ്റ് റെക്കഗ്‌നേഷൻ ആക്ട് പ്രകാരം, സംസ്ഥാന പുനഃസംഘടനാ നിയമം ഡൽഹിയെ ഒരു കേന്ദ്രഭരണ പ്രദേശമായി പുനഃക്രമീകരിച്ചു. ഡൽഹിക്ക് യൂണിയൻ ടെറിട്ടറി പദവി നൽകുകയും ചെയ്തതോടെ നിയമസഭ പിരിച്ചുവിടേണ്ടിവന്നു. ജസ്റ്റിസ് ഫൈസൽ അലി നേതൃത്വം നൽകിയിരുന്ന സ്റ്റേറ്റ് റീഓർഗനൈസേഷൻ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് രാജ്യ തലസ്ഥാനത്തെ യൂണിയൻ ടെറിട്ടറി ആക്കി മാറ്റിയത്.
ഡൽഹിക്ക് സംസ്ഥാന പദവി നൽകണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉണ്ടായി. ഡൽഹിയുടെ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസ്സിന് ആശങ്ക ഉണ്ടാക്കിയിരുന്നു. അതിനാലാകണം അത് നടപ്പിലാക്കാൻ അവർ അത്ര താത്പര്യം കാണിച്ചില്ല. പ്രതിഷേധം കനത്തപ്പോൾ 1987 ൽ, രൂപം കൊടുത്ത സർക്കാരിയ കമ്മീഷൻ വന്നതോടു കൂടി രാഷ്ട്രീയ ചരിത്രം മാറുകയായിരുന്നു. സർക്കാരിയ കമ്മീഷൻ രാജ്യതലസ്ഥാനമായ ഡൽഹിയെ പ്രത്യേകം പരാമർശിച്ച് ഒരു റിപ്പോർട്ട് സമർപ്പിച്ചു. അതിൽ ഡൽഹിക്ക് നിയമസഭാ അസംബ്ലി വേണമെന്നും ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ സംസ്ഥാന സർക്കാരിന്റേതായ രീതികളിൽ നിയമനിർമ്മാണങ്ങൾ നടത്താൻ സാധിക്കണമെന്നും രേഖപ്പെടുത്തിയിരുന്നു. സർക്കാരിയ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1993 ൽ ഡൽഹിയിൽ സ്വതന്ത്രമായ ഒരു സർക്കാർ വരാൻ ഇടയായത്. മറ്റു കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും വ്യത്യസ്തമായി ഡൽഹിക്ക് അതിന്റേതായ നിയമസഭയും, ലെഫ്റ്റനന്റ് ഗവർണറും, മന്ത്രിമാരും, മുഖ്യമന്ത്രിയും ഉണ്ട്. നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നേരിട്ടുള്ള തിരഞ്ഞെടുപ്പ് വഴി നടക്കുന്നു. രാജ്യതലസ്ഥാനമായതിനാൽ ഡൽഹിയിലെ ഭരണം കേന്ദ്ര സർക്കാരും, സംസ്ഥാന സർക്കാരും ചേർന്നാണ് നടത്തുന്നത്. ഗതാഗതം, റോഡ് മുതലായ സേവനങ്ങൾ ഡൽഹി സർക്കാർ നോക്കുമ്പോൾ പോലീസ്, പട്ടാളം മുതലായ സേവനങ്ങൾ കേന്ദ്ര സർക്കാരിന്റെ കീഴിൽ നേരിട്ട് വരുന്നു.
ഡൽഹിക്ക് പ്രത്യേക പദവി നൽകിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ 1993-ൽ ഭാരതീയ ജനതാ പാർട്ടി അധികാരത്തിലേറി. കോൺഗ്രസ്സ് ഭയപ്പെട്ടത് പോലെ തന്നെ അന്ന് സംഭവിച്ചു. ഡൽഹി ബിജെപിക്ക് വലിയ വേരോട്ടമുള്ള പ്രദേശമാണ്. അങ്ങിനെ 1956 നു ശേഷം മുപ്പത്തി ഏഴ് വർഷം പിന്നിട്ട് നിയമസഭ രൂപവത്കരിക്കപ്പെട്ടത് 1993 ലാണ്. അന്ന് 70 ൽ 49 സീറ്റ് നേടി ബിജെപി അധികാരത്തിൽ വന്നു. മദൻ ലാൽ ഖുറാന, സുഷമ സ്വരാജ്, സാഹിബ് സിംഗ് വർമ്മ എന്നിവരായിരുന്നു മുഖ്യമന്ത്രിമാരായത്. ബിജെപിക്ക് ആദ്യമായി കിട്ടിയ അധികാരം അവർക്കിടയിൽ അസ്വാരസ്യം വർദ്ധിപ്പിക്കുവാൻ കാരണമായി. അതുകൊണ്ട് തന്നെ പിന്നീട് 1998 ൽ നടന്ന രണ്ടാമത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് അധികാരത്തിൽ വന്നു. ഷീല ദീക്ഷിത് മുഖ്യമന്ത്രിയായി അധികാരമേൽക്കുകയും ചെയ്തു. 2003, 2008 വർഷങ്ങളിൽ നടന്ന നിയമസഭാതിരഞ്ഞെടുപ്പുകളിൽ ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഭരണം നിലനിർത്തി. മൂന്നാം തവണ ഡൽഹി ഭരിച്ച കോൺഗ്രസ്സ് സർക്കാരിനെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങൾ ഉണ്ടായി. പതിനഞ്ച് വർഷം തുടർച്ചയായി ഭരിച്ച കോൺഗ്രസ്സിന് ഭരണം നഷ്ടമാകുന്ന കാഴ്ചയാണ് പിന്നീട് കാണേണ്ടി വന്നത്.
അഴിമതിയിൽ മുങ്ങിക്കുളിച്ച രണ്ടാം യുപിഎ ഭരണകാലവും, അക്കാലത്തുണ്ടായ അണ്ണാ ഹസാരെ നേതൃത്ത്വം കൊടുത്ത അഴിമതി വിരുദ്ധ സമരവും, അതിൽ നേതൃത്ത്വപരമായ പങ്ക് വഹിച്ച സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അരവിന്ദ് കേജരിവാളിന് ജനപ്രീതി ഉണ്ടാക്കി കൊടുത്തു. അഴിമതിവിരുദ്ധ പ്രവർത്തകനായ അരവിന്ദ് കേജരിവാൾ രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയാണ് ആം ആദ്മി പാർട്ടി. 2012 നവംബർ 26 നു പാർട്ടി നിലവിൽ വന്നു, ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ വച്ചായിരുന്നു പാർട്ടി രൂപീകരിച്ചത് പ്രഖ്യാപിച്ചത്. ആം എന്നാൽ സാധാരണ എന്നും ആദ്മി എന്ന ഹിന്ദി വാക്കിന് മനുഷ്യൻ എന്നുമാണത്ഥം. ആം ആദ്മി പാർട്ടി എന്നാൽ സാധാരണക്കാരന്റെ പാർട്ടി എന്നർത്ഥം. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ചൂൽ ആണ്, ആം ആദ്മി പാർട്ടിയുടെ ചിഹ്നം. ഈ ചിഹ്നം ആം ആദ്മി പാർട്ടി ചോദിച്ചു വാങ്ങുകയായിരുന്നു. അരവിന്ദ് കേജരിവാൾ രൂപം കൊടുത്ത ആം ആദ്മി പാർട്ടി ഡൽഹിയുടെ രക്ഷകരായി എത്തിയത് അങ്ങനെയാണ്.
എഴുപതംഗ ഡൽഹി നിയമസഭയിലേക്ക് 2013 ൽ നടന്ന തിരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്ന് 32 സീറ്റ് ലഭിച്ച ബി.ജെ.പി.യെ സർക്കാറുണ്ടാക്കാൻ ലഫ്. ഗവർണർ ചർച്ചയ്ക്ക് വിളിച്ചു. സർക്കാറുണ്ടാക്കാൻ താത്പര്യമില്ലെന്ന് ബി.ജെ.പി. അറിയിച്ചതിനെത്തുടർന്ന് 28 സീറ്റുള്ള എ.എ.പി.ക്ക് ക്ഷണം ലഭിച്ചു. എട്ടുസീറ്റുള്ള കോൺഗ്രസ്സിന്റെ പുറത്ത് നിന്നുള്ള പിന്തുണയോടെ എ.എ.പി. അധികാരത്തിൽ വന്നു. 2013 ഡിസംബർ 29 നു രാംലീല മൈതാനിയിൽ വെച്ച് സത്യപ്രതിജ്ഞ നടന്നു. ന്യൂനപക്ഷ സർക്കാർ ആയതിനാൽ സർക്കാരിന്റെ നിലനില്പിന് വിശ്വാസവോട്ടു നേടുന്നത് നിർണായകമായിരുന്നു.
ആം ആദ്മി സർക്കാർ ഡൽഹി നിയമസഭയിൽ 37 അംഗങ്ങളുടെ വിശ്വാസ വോട്ട് നേടി. 70 അംഗങ്ങളുള്ള ഡൽഹി നിയമസഭയിൽ 36 പേരുടെ പിന്തുണയാണ് വിശ്വാസവോട്ട് നേടാൻ വേണ്ടിയിരുന്നത്. ജെ.ഡി.യുവിന്റെ ഏക എംഎൽഎയും ഒരു സ്വതന്ത്രനും കൂടി പിന്തുണച്ചതോടെയാണ് 37 വോട്ടുകൾ നേടിയത്. അരവിന്ദ് കേജരിവാൾ ഏഴംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയായി. 2013 ൽ ഏതാനും ദിവസങ്ങൾ മാത്രം ഡൽഹി ഭരിച്ച്, ജനലോക്പാൽ ബിൽ പാസ്സാക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് കേജരിവാൾ മുഖ്യമന്ത്രിപദം രാജിവെച്ചു.
കോൺഗ്രസ്സ് പിന്തുണയിൽ അധികാരമേറിയ ശേഷം രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷം രണ്ട് പ്രാവശ്യമാണ് ജനങ്ങൾ നൽകിയത്. അരവിന്ദ് കേജരിവാളിനെയും ആം ആദ്മി പാർട്ടിയെയും തുടർച്ചയായി വൻഭൂരിപക്ഷത്തിലാണ് അധികാരത്തിലേറ്റിയത്. രണ്ടാം കേജരിവാൾ സർക്കാരിന്റെ കാലത്ത്, ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ മദ്യനയ അഴിമതിക്കേസും കേജരിവാളിന്റെ അറസ്റ്റും മറ്റുമെല്ലാം സംഭവിക്കുന്നു. ഡൽഹിയിലെ സർക്കാരിനെ ലെഫ്റ്റനന്റ് ഗവർണറെക്കൊണ്ട് കൂച്ചുവിലങ്ങ് ഇട്ടതിന് സാക്ഷിയാണ് വർത്തമാനകാലം. ഇതിനെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ആം ആദ്മി പാർട്ടി അമ്പേ പരാജയപ്പെട്ടിരിക്കുന്നത് നമ്മൾ കാണുന്നത്.
ഡൽഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച 899 പേരിൽ 95 വനിതാ സ്ഥാനാർഥികളാണ് മത്സരിച്ചത്. ഇതിൽ അഞ്ചുപേർ മാത്രമാണ് വിജയം കണ്ടത്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രിയായിരുന്ന അതിഷിയും നാല് ബിജെപി വനിതാ സ്ഥാനാർത്ഥികളുമാണ് വിജയിച്ചിട്ടുള്ളത്. 1993 ൽ മൂന്ന് പേരും, 1998 ൽ ഒൻപത് പേരും, 2003 ൽ ഏഴ് പേരും, 2008 ലും 13 ലും മൂന്ന് പേർ വീതവും, 2015 ൽ ആറ് പേരും, 2020 ൽ എട്ട് പേരും വിജയിച്ചിരുന്നു. ഇത്തവണ ബി ജെ പി മത്സരിപ്പിച്ച എട്ട് വനിതകളിലാണ് നാല് പേരാണ് വിജയിച്ചത്. ആം ആദ്മി പാർട്ടി മത്സരിപ്പിച്ച ഒൻപത് വനിതകളിൽ അതിഷി മാത്രമാണ് വിജയം കണ്ടത്.
മൃഗീയ ഭൂരിപക്ഷത്തിൽ ഡൽഹി ഭരിച്ചിരുന്ന ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ നഷ്ടപ്പെട്ടതാണ് പരാജയത്തിന്റെ മുഖ്യകാരണം. പ്രതിപക്ഷ ഐക്യമുന്നണിയുടെ ഭാഗമായ കോൺഗ്രസ്സ് ആം ആദ്മി പാർട്ടിയുടെ പരാജയത്തിന്റെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ബിജെപി ഹിന്ദു കാർഡ് ഇത്തവണ തിരഞ്ഞെടുപ്പിൽ എടുത്തില്ല എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. തീവ്രമായ ഹിന്ദുത്വ നിലപാട് മാറ്റിവെച്ചുകൊണ്ട് ജനക്ഷേമ പരിപാടികൾ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച ബിജെപിക്ക് വിജയം ലഭിക്കുകയായിരുന്നു.
ഡൽഹിയിൽ മഴക്കാലത്ത് പതിവായിട്ടുള്ള വെള്ളക്കെട്ടും, മോശമായ അഴുക്കുചാലിന്റെ അവസ്ഥയും, ഡൽഹിയിലെ ചേരികളിലെ ദുരവസ്ഥയും യമുനയിലെ മാലിന്യക്കൂമ്പാരവും ബിജെപി ഉയർത്തിക്കാട്ടി. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജരിവാളിന്റെ ആഡംബരജീവിതം പൊടിപ്പും തൊങ്ങലും ചേർത്ത് ബിജെപി ഉയർത്തിക്കാട്ടി. ആം ആദ്മി പാർട്ടിയുടെ വോട്ട് ബാങ്ക് ആയ ചേരികളിൽ ബിജെപി കടന്നുചെല്ലുകയും അവിടെ അനധികൃതമായി താമസിക്കുന്നവരോട് തങ്ങളെ ജയിപ്പിച്ചാൽ എല്ലാ ആനുകൂല്യങ്ങളും നൽകി കോളനിയെത്തന്നെ അംഗീകരിക്കുമെന്നും, മറിച്ച് തോറ്റാൽ നിങ്ങൾക്ക് അംഗീകാരം ലഭിക്കില്ലെന്നും പറഞ്ഞു. ഡൽഹിയിലെ 1700 അനധികൃത കോളനികൾക്ക് അംഗീകാരം നൽകുമെന്നുള്ള വാഗ്ദാനവും ബിജെപി നടത്തിയിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി ഡൽഹി സർക്കാർ കേന്ദ്രസർക്കാരിന്റെ കടുംപിടുത്തത്തിൽ പ്രവർത്തന രഹിതമായി മാറിയിരിക്കുന്ന കാഴ്ച ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇത് തുടർന്നും ഉണ്ടാകും എന്നുള്ള സൂചന നൽകിയത് ചേരികളിലെ വോട്ടർമാരിൽ മാറിച്ചിന്തിക്കുവാൻ ഇടവരുത്തി. ബിജെപിയുടെ വിജയത്തിന് മറ്റൊരു കാരണം അതായിരുന്നു.
ആം ആദ്മി സർക്കാർ നടത്തിവന്നിരുന്ന ക്ഷേമ പ്രവർത്തനങ്ങൾ കുറച്ചുകൂടി വിപുലമാക്കി തങ്ങൾ തുടരുമെന്ന് ബിജെപി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ജനങ്ങളെ ആകർഷിച്ചു എന്നുള്ള കാര്യത്തിൽ സംശയവുമില്ല. ഡൽഹിയിലെ ജനസംഖ്യയിൽ 67 ശതമാനവും ഇടത്തരക്കാരും, ചേരികളിലും മറ്റും താമസിക്കുന്ന താഴെക്കിടയിൽ ഉള്ള തൊഴിലാളികളുമാണ്. ഇവരെ മുന്നിൽ നിർത്തിക്കൊണ്ട് തന്നെയാണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. ചേരിപ്രദേശങ്ങളിൽ അഞ്ചു രൂപയ്ക്ക് ഭക്ഷണം ലഭിക്കുന്ന അടൽ കാന്റീനുകൾ ആരംഭിക്കും, മുതിർന്ന പൗരന്മാർക്ക് ആയുഷ് ഭാരത് പദ്ധതി, പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പതിനയ്യായിരം രൂപ ഒറ്റത്തവണ സഹായം, നിർധനവിദ്യാർഥികൾക്ക് പിജി പഠനം വരെ സൗജന്യ വിദ്യാഭ്യാസം, ഓട്ടോ, ടാക്‌സി, റിക്ഷാ ഡ്രൈവർമാർക്കും, ഗാർഹിക തൊഴിലാളികൾക്കും, ഗിഗ് തൊഴിലാളികൾക്കും 10 ലക്ഷം രൂപ വരെ ഇൻഷുറൻസ് നൽകുമെന്നും സ്ത്രീകൾക്ക് 2500 രൂപ പ്രതിമാസ സഹായം നൽകുമെന്നും ബിജെപി തിരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുവച്ചിരുന്നു. ആം ആദ്മി പാർട്ടിക്കൊപ്പം നിന്ന ചേരികളിലെ ജനങ്ങളെ ഈ വാഗ്ദാനങ്ങൾ സ്വാധീനിച്ചു എന്നുതന്നെ ഉറപ്പിക്കാം.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ബിജെപി തന്ത്രമാണ് ഹിന്ദുത്വകാർഡ്. ഇത്തവണ ബിജെപി അത് ഉപേക്ഷിച്ചപ്പോൾ ആം ആദ്മി പാർട്ടി അത് ഏറ്റെടുത്തു. ഹിന്ദുകാർഡ് തന്ത്രം അരവിന്ദ് കേജരിവാൾ ഇത്തവണ പ്രയോഗിച്ചത് തിരിച്ചടിയായി എന്ന് പറയാതിരിക്കുവാൻ നിവൃത്തിയില്ല. ബിജെപിയെ കടത്തിവെട്ടുന്ന ഹിന്ദു പ്രീണനനയമാണ് കേജരിവാൾ ഇത്തവണ കൈക്കൊണ്ടത്. ഇത് ഡൽഹിയിലെ ജനങ്ങൾ നിരാകരിക്കുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലത്തോടെ കാണുവാൻ സാധിച്ചത്. ഡൽഹിയിലെ ജനസംഖ്യ പരിശോധിച്ചാൽ 80 ശതമാനത്തിലേറെ ഹിന്ദുക്കളും വെറും പതിനൊന്ന് ശതമാനം മുസ്ലിങ്ങളുമാണ് ഉള്ളത്. ഇക്കുറി കേജരിവാളിന് മുസ്ലിം സമുദായത്തിന്റെ പിന്തുണ ലഭിച്ചില്ല എന്നുള്ളത് എടുത്തു പറയേണ്ടിയിരിക്കുന്നു. പൂർവ്വാഞ്ചൽ വോട്ടുകൾ ഭിന്നിപ്പിക്കുവാൻ ബിജെപിക്ക് സാധിച്ചതും ആം ആദ്മി പാർട്ടിയുടെ പരാജയത്തിന് കാരണമായിട്ടുണ്ട്.
2013 ലെ തിരഞ്ഞെടുപ്പിൽ 15 വർഷം ഡൽഹി മുഖ്യമന്ത്രി ആയിരുന്ന ഷീലാ ദീക്ഷിത്തിനെ ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കേജരിവാൾ 25864 വോട്ടുകൾക്ക് തോൽപ്പിച്ചാണ് വൻ വിജയം നേടിയത്. ഡൽഹിയുടെ മുൻ മുഖ്യമന്ത്രിമാരായ ഷീലാ ദീക്ഷിദിന്റെ മകൻ സന്ദീപ് ദീക്ഷിദും, സാഹിബ് സിംഗ് വർമ്മയുടെ മകൻ പർവേഷ് വർമ്മയുമാണ് ഇത്തവണ അരവിന്ദ് കേജരിവാളിനെതിരെ മത്സരിച്ചത്. 12 വർഷം മുൻപ് നടന്ന വൻ വിജയം പോലെ ഇക്കുറി വൻ പരാജയമാണ് അരവിന്ദ് കേജരിവാളിന് ന്യൂഡൽഹി മണ്ഡലത്തിൽ നിന്ന് ഏൽക്കേണ്ടിവന്നത്. ഷീലാ ദീക്ഷിദിന്റെ മകന്റെ സാനിധ്യവും, കോൺഗ്രസ്സിന്റെ ചടുലമായ കേജരിവാൾ വിരുദ്ധ പ്രചരണവും പരാജയ കാരണമായി ചൂണ്ടിക്കാണിക്കാം. 2020 ലെ ബിജെപി വോട്ടുകളിൽ കാര്യമായ വർദ്ധനവ് ന്യൂഡൽഹി മണ്ഡലത്തിൽ ഉണ്ടായിട്ടില്ല. 25061 വോട്ടുകളാണ് 2020 ലെ ന്യൂഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചിരുന്നത്. ഇത്തവണ 30088 വോട്ടുകളാണ് ബിജെപി നേടിയതും, വിജയിച്ചതും.
ഡൽഹിയിലെ തിരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്നത് മൂന്നാം തവണയും കോൺഗ്രസ്സിന് ഒരു സീറ്റ് പോലും നേടുവാൻ സാധിച്ചില്ല എന്നതാണ്. ആകെ നടന്ന 70 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിൽ ഒരിടത്ത് മാത്രമാണ് രണ്ടാം സ്ഥാനത്ത് കോൺഗ്രസ്സിന് എത്തുവാൻ സാധിച്ചത്. 67 സീറ്റുകളിൽ മൂന്നാം സ്ഥാനത്തും ഒരു സീറ്റിൽ നാലാം സ്ഥാനത്തും പോകേണ്ടി വന്ന വൻതിരിച്ചടിയാണ് കോൺഗ്രസ്സിന് ലഭിച്ചിരിക്കുന്നത്. വോട്ടിംഗ് ശതമാനത്തിൽ 2.08 ശതമാനം വർദ്ധനവ് ഉണ്ടായി എന്നുള്ളത് മാത്രമാണ് കോൺഗ്രസ്സിന് ഈ തിരഞ്ഞെടുപ്പിൽ പറയുവാൻ പറ്റുന്ന നേട്ടം.
ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുന്നതിന് വേണ്ടി പ്രതിപക്ഷ കക്ഷികൾ രൂപം കൊടുത്ത ഇന്ത്യാസഖ്യം ഇവിടെ പരാമർശിക്കപ്പെടേണ്ടതുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യാ സഖ്യത്തിൽ പ്രധാനപ്പെട്ട ഒന്നായ സഖ്യം ഇല്ലാതെ പോയി എന്നുള്ളത് ഒരു പ്രധാന പരാജയമാണ്. ഡൽഹിയിൽ ബിജെപിക്ക് വൻഭൂരിപക്ഷം നൽകുന്നതിന് കാരണമായതും ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും പരസ്പരം മത്‌സരിച്ചതാണ് കാരണമെന്ന് പരക്കെ വിലയിരുത്തപ്പെടുന്നു. ഇരുചേരികളിൽ നിന്നും മത്സരിക്കുമ്പോൾ പ്രതിപക്ഷസഖ്യത്തിന്റെ വോട്ടുകളിലാണ് വിള്ളൽ വീണത്. കോൺഗ്രസ്സിന് ഒരു സീറ്റ് പോലും തുടർച്ചയായ മൂന്നാമത് നിയമസഭാ തിരഞ്ഞെടുപ്പിലും ലഭിക്കാതിരുന്നത് എടുത്ത് പറയേണ്ടതുണ്ട്. ആം ആദ്മി പാർട്ടിയുടെ ഒട്ടേറെ സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് കഴിഞ്ഞു എന്നുള്ളതാണ് സംഭവിച്ചത്. ഈ ഒരു വിഷയത്തിൽ ഇന്ത്യാസഖ്യത്തിലെ മറ്റ് രാഷ്ട്രീയപ്പാർട്ടികൾ നീരസം പ്രകടിപ്പിക്കുന്ന കാഴ്ചയും ഇപ്പോൾ കാണാവുന്നതാണ്.
ഡൽഹി തിരഞ്ഞെടുപ്പിൽ ആറു മണ്ഡലങ്ങളിലായി ഇടതുപക്ഷ സ്ഥാനാർത്ഥികൾ മത്സരിച്ചിരുന്നു. സിപിഐ(എം), സിപിഐ, സിപിഐ(എംഎൽ) എന്നിവർ മത്സരരംഗത്ത് ഉണ്ടായിരുന്നു. ആറു മണ്ഡലങ്ങളിലെ ആകെ ഇടതുപക്ഷ വോട്ടുകളുടെ എണ്ണം 2158 മാത്രമാണ്. ബി ജെ പി യുടെ വിജയത്തിന് കോൺഗ്രസ്സ് ഉത്തരവാദി ആണെന്ന് പറയുവാൻ ഡൽഹി നിയമസഭയിൽ ഒറ്റയ്ക്ക് മത്സരിച്ച ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ധാർമ്മികമായ അവകാശമില്ല. കോൺഗ്രസ്സിനെപ്പോലെ ആം ആദ്മി പാർട്ടിക്ക് എതിരെ ഇവരും മത്‌സരിച്ചിരുന്നു.
ഡൽഹി ഭരിച്ചിരുന്ന അരവിന്ദ് കേജരിവാൾ സർക്കാർ ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയിരുന്നു എന്നുള്ളത് യാഥാർത്ഥ്യമാണ്. ഡൽഹി സർക്കാരിന് പ്രവർത്തിക്കുവാനുള്ള സാഹചര്യം തടസ്സപ്പെടുത്തുന്നതിൽ കേന്ദ്രസർക്കാർ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചത് എല്ലാവർക്കും അറിയുന്ന കാര്യവുമാണ്. സമാനമായ സാഹചര്യം തന്നെയാണ് കേരളത്തിലും കണ്ടുകൊണ്ടിരിക്കുന്നത്. ഒട്ടേറെ ജനക്ഷേമപ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട് എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. അതേ സമയത്ത് തന്നെ കേന്ദ്രസർക്കാരിന്റെ ഒട്ടേറെ അവഗണനയും, തടസ്സപ്പെടുത്തലുകളും മറ്റും കേരള സർക്കാരിന് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അർഹതപ്പെട്ട ധനവിഹിതം നിഷേധിക്കപ്പെട്ടത് കേരളത്തിന്റെ സാമ്പത്തിക നിലയെ അപകടപ്പെടുത്തി. ഇത് വളരെ വ്യക്തമായി കേരള സമൂഹത്തിൽ പ്രതിഫലിക്കുകയും ചെയ്തു. രണ്ടുതവണ തുടർച്ചയായി ഭരിച്ച ഡൽഹി സർക്കാരിനെപ്പോലെ തന്നെയാണ് കേരളത്തിലെ പിണറായി വിജയൻ സർക്കാരും. ഡൽഹിയിൽ ഇപ്പോൾ സംഭവിച്ച രാഷ്ട്രീയനീക്കങ്ങളുടെ തനിയാവർത്തനം കേരളത്തിൽ ഉണ്ടാകുമോ എന്നുള്ള കാര്യത്തിൽ രാഷ്ട്രീയ നിരീക്ഷകർ ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. ഡൽഹിയിൽ കോൺഗ്രസ്സ് മൂന്നുതവണയും സമ്പൂജ്യരായതുപോലെ കേരളത്തിൽ ഉണ്ടാകില്ല എന്നുള്ള ആശ്വാസം മാത്രമാണ് ഉള്ളത്. കേരളത്തിലെ കോൺഗ്രസ്സ് ഡൽഹിയിലെ കോൺഗ്രസ്സിനെക്കാൾ ശക്തമാണ് എന്നുള്ളത് ഒരു ആശ്വാസമാണ്. മൂന്നാം തവണയും കേരളത്തിൽ തുടർഭരണം പ്രതീക്ഷിക്കുന്ന ഇടതുപക്ഷ സർക്കാർ തീർച്ചയായും ഡൽഹിയിലെ വിധി നിർണയത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു.