
ഡോ.ഹാരിസ് തുറന്നുകാട്ടിയതു മഞ്ഞുമലയുടെ ഒരംശംമാത്രം
കേരളത്തിന്റെ ആരോഗ്യരംഗം ആരോഗ്യസൂചികങ്ങളിലും പൊതുജന ആരോഗ്യനിലവാരത്തിലും ലോകത്തിലെ വികസിത രാജ്യങ്ങളുടെ നിലവാരം പുലർത്തുന്നു എന്ന കേരളത്തിന്റെ അവകാശവാദത്തിനും, ആളുകളുടെ അത്തരത്തിലുള്ള ധാരണയ്ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ശിശുമരണ നിരക്കിലും മാതൃമരണ നിരക്കിലും സ്ത്രീപുരുഷ അനുപാതത്തിലും ആയുർദൈർഘ്യത്തിലും കേരളം ഏറെ മുന്നിലാണെന്നതിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയാൽ കേരളത്തിന് അഭിമാനിക്കാൻ കഴിയും എന്നതിന് തർക്കമില്ല.
എന്നാൽ കേരളത്തിന് ആരോഗ്യരംഗത്തെ ഈ മികവ് കൈവരിക്കാനായത് 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷമാണെന്നാണ് ഏറ്റവും ചുരുങ്ങിയത് ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണാജോർജ്ജ് എങ്കിലും തെറ്റിദ്ധരിച്ചിട്ടുള്ളത് എന്ന് തോന്നും മന്ത്രിയുടെ പ്രസ്താവനകൾ കണ്ടാൽ.
കേരളത്തിന്റെ ആരോഗ്യരംഗത്തെ ഉയർന്ന നിലവാരം വീണാജോർജ്ജോ കെ.കെ. ശൈലജയോ മന്ത്രിയായിരുന്നപ്പോൾ നേടിയതോ മറ്റാരെങ്കിലും മന്ത്രിയായിരുന്നപ്പോൾ പിൻതള്ളപ്പെട്ടുകിടന്നതോ അല്ല. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം മിഷനറിമാരുടെ കാലം മുതൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വേറിട്ട മികവുപുലർത്തിയിരുന്നു. കേരളത്തിലെ ജനങ്ങളുടെ ആരോഗ്യസംബന്ധമായ അവബോധം ഇവിടുത്തെ സാമൂഹിക പുരോഗതിക്കും മെച്ചപ്പെട്ട സാക്ഷരതയ്ക്കും പ്രാഥമിക വിദ്യാഭ്യാസത്തിനും അനുസൃതമായ സാഹചര്യങ്ങളിൽ കൂടി ഉരുത്തിരിഞ്ഞുവന്ന പ്രക്രിയയുടെ ഭാഗമാണ്. സ്വാഭാവികമായും കേരളസംസ്ഥാനം രൂപീകൃതമായതിനുശേഷമുള്ള എല്ലാ സർക്കാരുകളും ജനങ്ങൾക്ക് ആരോഗ്യവിഷയത്തിലുള്ള കരുതലിനും താൽപ്പര്യത്തിനുമനുസൃതമായി കൂടുതൽ പ്രാധാന്യം നൽകി.
സർക്കാരുകളുടെ നയത്തിന്റെയും മന്ത്രിമാരുടെ കാര്യശേഷിയുടെയും വ്യത്യാസമനുസരിച്ച് ആരോഗ്യവകുപ്പിന്റെ നേട്ടങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടായിട്ടുണ്ടാകാം. എന്നാൽ 2016 ജൂണിൽ പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിന് മുമ്പുള്ള യു.ഡി.എഫ് കാലത്ത് ആരോഗ്യരംഗം ബിഗ് സീറോയായിരുന്നുവെന്നും, അതിനുശേഷം ലോകത്തെ നമ്പർ വൺ ആയെന്നും ഒരു മന്ത്രിതന്നെ സമർത്ഥിക്കുക, വിധേയർ അതെടുത്തു പ്രചരിപ്പിക്കുക, ഇങ്ങനെയൊക്കെയാവണം ആസൂത്രിതമായ പ്രചാരണ നാട്യങ്ങളിലൂടെ വ്യാജപ്രതിച്ഛായാ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നത്.
അത്തരത്തിൽ കെട്ടിപ്പൊക്കിയ സംസ്ഥാന ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വ്യാജപ്രതിച്ഛായ നിർമ്മിതിയുടെ കോട്ടയാണ് ഈയിടെ തിരുവനന്തപുരത്തും കോട്ടയത്തും തകർന്നടിഞ്ഞത്.
ഇന്ത്യയിൽ രോഗികൾ ചികിത്സയ്ക്കായി ഏറ്റവും അധികം പണം മുടക്കുന്ന സംസ്ഥാനം കേരളമാണ്. ഒരു ശരാശരി മലയാളിയുടെ വരുമാനത്തിന്റെ ഒട്ടും ചെറുതല്ലാത്ത വിഹിതം ചികിത്സയ്ക്കും മരുന്നിനുമായി നീക്കിവെയ്ക്കേണ്ടേി വരികയാണ്. സർക്കാർ പ്രോത്സാഹനത്തോടെ തന്നെ സ്വകാര്യ ആശുപത്രികൾ തഴച്ചുവളരുന്നതുകൊണ്ടും അവർ കൊള്ളലാഭത്തിനായി ചികിത്സാച്ചെലവ് അനുദിനം വർദ്ധിപ്പിക്കുന്നതുകൊണ്ടുമാണിത്. ഒരു മാർഗ്ഗവും ഇല്ലാത്തവരാണ് സർക്കാരാശുപത്രികളിൽ എത്തുന്നത്. എന്നാൽ അവിടെ വിദഗ്ദ്ധ ചികിത്സയ്ക്ക്, സർജറിക്ക്, മരുന്നുകൾക്ക് ഒക്കെയും രോഗികൾ തന്നെ പണം കണ്ടെത്തിയേ പറ്റൂ എന്ന അവസ്ഥ സ്ഥിരം അനുഭവമായത് വീണാജോർജ്ജ് മന്ത്രിയായിരിക്കുന്ന കാലത്താണെന്നത് പച്ചയായ യാഥാർത്ഥ്യമാണ്.
വൃത്തിഹീനമായ ചുറ്റുപാടുകളും ജീവനക്കാരുടെ കുറവും രോഗികളോടുള്ള മോശമായ പെരുമാറ്റവും രോഗികളും കൂട്ടിരിപ്പുകാരും വരാന്തയിൽ കിടക്കേണ്ടി വരുന്നതുമായ അവസ്ഥയൊക്കെ ഏത് കാലത്തും ഉള്ളതാണ്. പക്ഷേ അതൊക്കെ മനസ്സിലാക്കാൻ നമ്മുടെ അധികാരസ്ഥാനങ്ങളിലുള്ളവരോ ഉന്നത രാഷ്ട്രീയ നേതാക്കളോ ഒന്നും ചികിത്സയ്ക്കായി സർക്കാരാശുപത്രികളെ ആശ്രയിക്കാറില്ല. അഥവാ അപൂർവ്വമായി ആരെങ്കിലും വന്നാൽ വി.ഐ.പി പരിഗണന ലഭ്യമാക്കുന്ന അവരെ ഈ അസൗകര്യങ്ങളൊന്നും ബാധിക്കുന്ന പ്രശ്നമേയില്ല.
കേരളത്തിന്റെ ആരോഗ്യരംഗം ലോകത്തിലെ മികച്ച വികസിത രാജ്യങ്ങളുടെ നിലവാരത്തിൽ ഉള്ളതാണെന്നും ഇവിടുത്തെ സർക്കാർ ആശുപത്രികൾ ലോകത്തുതന്നെ ഒന്നാമതാണെന്നും ആവർത്തിച്ചു പറഞ്ഞ് അഭിമാനം കൊള്ളുന്ന മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമുള്ള സർക്കാരിലെ പ്രധാന സ്ഥാനീയർക്കെല്ലാം സ്വന്തം കാര്യം വരുമ്പോൾ ഖജനാവിലെ പണം ചെലവഴിച്ച് യു.എസിലോ ഇന്ത്യയിലെ തന്നെ ഏതെങ്കിലും മികച്ച സ്വകാര്യ ആശുപത്രിയിലോ ചികിത്സ മതിയെന്നുള്ള ഇരട്ടത്താപ്പ് ജനങ്ങൾ മുഴുവനും കഴുതകളാണ് എന്ന് കരുതുന്നതുകൊണ്ടാവണം.
ഉപകരണങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മാറ്റിവയ്ക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയ ഡോ. ഹാരിസ് ചിറയ്ക്കലിനെ വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞത്, ഡോ. ഹാരിസിന്റെ പരാമർശം ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യമേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് കാരണമായെന്നായിരുന്നു. നമ്മുടെ മെഡിക്കൽ കോളേജിൽ അതിസങ്കീർണ്ണമായ ശസ്ത്രക്രിയകൾ നടക്കുന്നുണ്ട്. അതിനാവശ്യമായതെല്ലാം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഉപകരണങ്ങളിൽ ചിലത് ചിലപ്പോൾ ഇല്ലാത്ത സ്ഥിതിയുണ്ടാവാം. അത് എല്ലാക്കാലത്തും ഉള്ള നിലയിലല്ല. വളരെ വേഗം തന്നെ അവ വാങ്ങി നൽകാറുണ്ട് എന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ, സർക്കാരാശുപത്രികളിൽ എന്താണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രിക്ക് ഒരു ധാരണയുമില്ലെന്നാണ് ഈ പ്രസ്താവന വ്യക്തമാക്കുന്നത്. കുറവുകളും പോരായ്മകളും മൂടിവെച്ച് തെറ്റായി എഴുതിക്കൊടുക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവാം മുഖ്യമന്ത്രി ഇത് പറയുന്നത്. കഴിഞ്ഞ രണ്ടുമൂന്നു വർഷമായി മെഡിക്കൽ കോളേജിലും ഏത് സർക്കാരാശുപത്രികളിലും ചികിത്സയ്ക്കായി പോകുന്നവർക്കും ഉണ്ടാകുന്ന അനുഭവം ഇതല്ല മുഖ്യമന്ത്രീ.
'രോഗികളിൽ നിന്ന് പിരിവിട്ട് ഉപകരണം വാങ്ങേണ്ട ഗതികേടിലാണെന്നും സംഘടനകളോടും സ്ഥാപനങ്ങളോടും ഇരന്നുവാങ്ങി മടുത്തെന്നും ആറേഴുമാസമായി ഇത്തരത്തിൽ പല സംഘടനകളുടേയും, സ്ഥാപനങ്ങളുടേയും, സംവിധാനങ്ങളുടേയും സഹായം തേടിയാണ് ശസ്ത്രക്രിയ മുടങ്ങാതെ മുന്നോട്ടുകൊണ്ടുപോകുന്നത് എന്നും, രോഗികളിൽ നിന്ന് പണം പിരിച്ചുള്ള ഈ ഉപകരണം വാങ്ങി കടമ്പകൾ കടക്കുന്ന സ്ഥിതിയുണ്ടായി' എന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ പറഞ്ഞത് കേരളത്തിലെ മുഴുവൻ മെഡിക്കൽ കോളേജുകളിലേയും മിക്കവാറും ജനറൽ ആശുപത്രികളിലേയും യൂറോളജി മാത്രമല്ല സകലമാന ഡിപ്പാർട്ടുമെന്റുകളിലേയും 2022 മുതലുള്ള അവസ്ഥയാണെന്നുള്ള കാര്യം ഇനിയാരാണ് മുഖ്യമന്ത്രിയെ ധരിപ്പിക്കുക.
എല്ലാ മെഡിക്കൽ കോളേജുകളിലും ഓരോ ഡിപ്പാർട്ടുമെന്റുകളിലും രണ്ടായിരവും മൂവായിരവും സർജറികൾ ഒരു വർഷം നടക്കാറുണ്ട്. സർജറിക്കാവശ്യമുള്ള എന്തെങ്കിലും ഉപകരണം ഇല്ലെങ്കിൽ സർജറി നടക്കില്ല. സർക്കാർ, തദ്ദേശ സ്ഥാപനങ്ങൾ, ആശുപത്രി വികസന സമിതികൾ എന്നിവരെല്ലാം ഉപകരണങ്ങൾ വാങ്ങി നൽകാറുണ്ടെങ്കിലും ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് നൽകാനുള്ള തുക വൻകുടിശ്ശികയായതാണ് പ്രശ്നം. കാരുണ്യചികിത്സാ സഹായപദ്ധതി മുടങ്ങിയതോടെ എത്ര നിർദ്ധനരാണെങ്കിലും എങ്ങനെയെങ്കിലും സർജറിക്കുള്ള ഉപകരണങ്ങൾ വാങ്ങി നൽകിയാൽ മാത്രമേ സർജറികൾ നടക്കൂ. പണമില്ലെന്ന് പറയുന്ന രോഗികളോട് പണം ഉണ്ടാകുമ്പോൾ വരാൻ പറഞ്ഞ് അയയ്ക്കുകയാണ് പല ഡോക്ടർമാരും.
ഉപകരണങ്ങളില്ലാത്തതിനാൽ ശസ്ത്രക്രിയകൾ അനന്തമായി നീട്ടിക്കൊണ്ടുപോകേണ്ടിവരുന്ന സ്ഥിതി എല്ലാ മെഡിക്കൽ കോളേജുകളിലും ഉണ്ട്. യൂറോളജി വിഭാഗത്തിൽ മാത്രമല്ല കാർഡിയോളജി, ഗ്യാസ്ട്രോ തുടങ്ങി, എന്തിന് ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ട ഉപകരണങ്ങൾ വിതരണം ചെയ്ത വകയിൽ മാത്രം രാജ്യത്തെ വിവിധ കമ്പനികൾക്ക് സംസ്ഥാന സർക്കാർ 114 കോടി രൂപ സർക്കാർ നൽകാനുണ്ട്. രോഗികളുടെ ബാഹുല്യം മൂലം രോഗി സർജറി ഉപകരണങ്ങൾക്കായി പണം മുടക്കാൻ സന്നദ്ധമാണെങ്കിൽ പോലും ശസ്ത്രക്രിയകൾ അനന്തമായി നീട്ടിവയ്ക്കേണ്ടി വരുന്ന സ്ഥിതിയും ഉണ്ട്.
കേരളത്തിലെ പല മെഡിക്കൽ കോളേജുകളും ദേശീയ റാങ്കിംഗിൽ ഉയർന്ന നിലവാരം പുലർത്തുന്നുണ്ട് എന്നതും, അത്യാധുനിക ചികിത്സയ്ക്കുള്ള മികവിന്റെ കേന്ദ്രങ്ങളാണെന്നതും യാഥാർത്ഥ്യമായി നിലനിൽക്കുമ്പോൾ തന്നെയാണ്. അതിന്റെയെല്ലാം ശോഭ കെടുത്തുന്ന സ്ഥിതി ഭരണകെടുകാര്യസ്ഥത കൊണ്ടും സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധി കൊണ്ടും സർക്കാർ ആശുപത്രികളിൽ ഉണ്ടാകുന്നത്.
മെഡിക്കൽ കോളേജുകളുടെയും ജനറൽ ആശുപത്രികളുടേയും അടിസ്ഥാന സൗകര്യവികസനത്തിനായി കിഫ്ബി ധനസഹായത്തോടെ നിരവധി വികസന പ്രവർത്തനങ്ങൾക്ക് 2017 നുശേഷം അനുമതിയുണ്ടായിട്ടുണ്ട്. എന്നാൽ അവയൊന്നും സമയബന്ധിതമായി പൂർത്തീകരിക്കാൻ കഴിയുന്നില്ല എന്നതുകൊണ്ടാണ് കാലഹരണപ്പെട്ട ആശുപത്രികെട്ടിടങ്ങളും സംവിധാനങ്ങളും രോഗികളുടെയും കൂട്ടിരുപ്പുകാരുടേയും ജീവനു തന്നെ അപകടം സൃഷ്ടിക്കുന്നത്.
കോട്ടയത്ത് 57 വർഷം പഴക്കമുള്ള സർജിക്കൽ ബ്ലോക്കിന്റെ ശുചിമുറിയുടെ ഭാഗം തകർന്നുവീഴുമ്പോൾ 194.29 കോടി രൂപ ചെലവിൽ പണിതീർത്ത അത്യാധുനിക സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം കാത്തുകിടക്കുകയായിരുന്നു. ശുചിമുറിയുടെ ഭാഗം തകർന്നുവീഴുമ്പോൾ അതേ കെട്ടിടത്തിലെ മൂന്ന് നിലകളിലും രോഗികളും അവരുടെ കൂട്ടിരിപ്പുകാരും ഉണ്ടായിരുന്നു. 57 വർഷം പഴക്കമുള്ള ബലക്ഷയം ഉള്ള കെട്ടിടം സുരക്ഷിതമല്ലെന്ന് 12 വർഷം മുമ്പ് പൊതുമരാമത്ത് വകുപ്പും, 2000 ൽ ആർപ്പൂക്കര പഞ്ചായത്തിന്റെ ദുരന്തനിവാരണ ഓഡിറ്റ് രേഖയും മുന്നറിയിപ്പ് നൽകിയിട്ടും, ഇടിഞ്ഞുവീണ് ഒരു വീട്ടമ്മയുടെ ജീവൻ നഷ്ടപ്പെടുംവരെ രോഗികളെ അവിടെ പാർപ്പിച്ചത് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രീയ നേട്ടത്തിനായി തദ്ദേശ ഇലക്ഷൻ അടുക്കുംവരെ നീട്ടിക്കൊണ്ടുപോകുന്നതിനുവേണ്ടി മാത്രമായിരുന്നു.
അപകടം സംഭവിച്ചുകഴിഞ്ഞപ്പോൾ രാത്രി തന്നെ 10,11,12,13,14,15,17,24 വാർഡുകളും ചില വകുപ്പുകളും സംവിധാനങ്ങളും പുതിയ മന്ദിരത്തിലേക്ക് മാറ്റാൻ ഒന്നും തടസ്സമായില്ല. മകൾ നവമിക്ക് കൂട്ടിരിക്കാനെത്തിയ തലയോലപ്പറമ്പുകാരി ഡി.ബി. ബിന്ദു(53)വിന്റെ ദാരുണ അന്ത്യം കേരളത്തിലെ ബലക്ഷയം ഉള്ള നിരവധി ആശുപത്രികെട്ടിടങ്ങളുടെ ശോചനീയാവസ്ഥ അധികൃതരുടെ ശ്രദ്ധയിൽ വരുന്നതിനിടയാക്കിയിട്ടുണ്ട്. എന്നാൽ ഇതിനൊക്കെ ആര് എന്ന് എങ്ങനെ പരിഹാരം ഉണ്ടാക്കും എന്നതാണ് പ്രശ്നം.
കോട്ടയത്തുതന്നെ മെഡിക്കൽ കോളേജിനേക്കാൾ പഴക്കമുള്ള ജില്ലാ ജനറൽ ആശുപത്രിക്കായി 219 കോടി രൂപയുടെ പത്തുനില കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആരോഗ്യമന്ത്രി 2023 എപ്രിൽ 25 ന് നിർവ്വഹിച്ചതാണ്. ഒന്നാംഘട്ട നിർമമാണം 2026 ജനുവരിയിൽ പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ കെട്ടിടം നിർമ്മിക്കേണ്ട സ്ഥലത്ത് കൂടിക്കിടക്കുന്ന മണൽ അവിടെനിന്ന് നീക്കം ചെയ്യാൻ കഴിയാത്തതുകൊണ്ടുമാത്രം ഈ ജോലി ഇഴയുകയാണ്. ഇതുവരെ വെറും 6 ശതമാനം ജോലി മാത്രമാണ് പുതിയ കെട്ടിടത്തിനായി നടന്നിട്ടുള്ളത്. ഇപ്പോൾ ആശുപത്രിയായി പ്രവർത്തിക്കുന്ന ചില കെട്ടിടങ്ങൾ എപ്പോൾ വേണമെങ്കിലും നിലംപതിക്കാവുന്ന അവസ്ഥയിലുമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോ. ഹാരിസ് തുറന്നുകാട്ടിയിട്ടള്ളത് മഞ്ഞുമലയുടെ ഒരംശം മാത്രമാണ്. ചെലവേറിയ ചികിത്സ സാധാരണക്കാരന് സൗജന്യമായി നൽകാൻ ആവിഷ്ക്കരിച്ച കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി കടക്കെണിയിലാണ്. ആശുപത്രികൾ ആദ്യം സൗജന്യ ചികിത്സ നടത്തുകയും ചെലവായ തുക സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയിൽ നിന്ന് അനുവദിക്കുകയുമാണ് ചെയ്യുക. ഇങ്ങനെ ആശുപത്രികൾക്ക് ലഭിക്കാനുള്ള തുക 1000 കോടി രൂപയാണ്. അതിനാൽ കാരുണ്യസ്കീമിലുള്ള ചികിത്സയും മുടങ്ങുകയാണ്. സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ മെഡിക്കൽ കോളേജുകൾക്കും ആരോഗ്യവകുപ്പിനും നീക്കിവെയ്ക്കുന്ന പദ്ധതിവിഹിതത്തിൽ ധനവകുപ്പ് വെട്ടിക്കുറവ് വരുത്തുന്നുണ്ടെന്നത് വസ്തുതയാണെങ്കിലും ധനവകുപ്പിൽ നിന്ന് അർഹമായത് നേടിയെടുക്കാൻ ആരോഗ്യവകുപ്പിന് കഴിയാത്തതും ആരോഗ്യവകുപ്പിനെ ദുർബലപ്പെടുത്തുകയാണ്.
സിസ്റ്റത്തെ ചലിപ്പിക്കാൻ ഒരു ഭരണാധികാരി വിചാരിച്ചാൽ അസാധ്യമൊന്നുമല്ലെന്നു തെളിയിച്ച നിരവധി മന്ത്രിമാർ നമുക്ക് ഉണ്ടായിട്ടുണ്ട്. 1986-87 ൽ കരുണാകരൻ മന്ത്രിസഭയിൽ തച്ചടി പ്രഭാകരൻ ധനകാര്യമന്ത്രിയായിരുന്ന കാലം. ആലപ്പുഴ- ചങ്ങനാശ്ശേരി റോഡുകൾക്കിടയിൽ നെടുമുടിയിലും കിടങ്ങറയിലും പാലം പണി തുടങ്ങി ഒരു ദശാബ്ദം കഴിഞ്ഞിട്ടും ഏതാനും തൂണുകൾ വാർത്തതിനപ്പുറം നീങ്ങാതെ കിടക്കുന്നു. 6 മാസത്തിനകം ഈ പാലങ്ങളുടെ പണി തീർക്കുമെന്ന് തച്ചടി പ്രഭാകരൻ പ്രഖ്യാപിച്ചു. തന്റെ വകുപ്പ് അല്ലായിരുന്നിട്ടും അദ്ദേഹം നേരിട്ട് മോനിട്ടർ ചെയ്ത് പറഞ്ഞ വാക്കുപാലിച്ചു. പാലങ്ങൾ യാഥാർത്ഥ്യമായി.
തന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയെന്ന് മന്ത്രി സജി ചെറിയാൻ
സർക്കാർ ആശുപത്രിയിലെ ചികിത്സകൊണ്ട് രോഗം ഭേദമാകാത്ത തന്റെ ജീവൻ രക്ഷിച്ചത് സ്വകാര്യ ആശുപത്രിയാണെന്ന സജി ചെറിയാന്റെ തുറന്നുപറച്ചിൽ സർക്കാരിനെ വെട്ടിലാക്കി. കേരളത്തിലെ സർക്കാർ ആശുപത്രികൾ നമ്പർ വൺ ആണെന്നു പറയുകയും, മന്ത്രിമാർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് പോകുകയും ചെയ്യുന്നത് ഇരട്ടത്താപ്പല്ലേ എന്നു പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകർ ചോദിക്കേണ്ട താമസം ഉടൻ വന്നു മന്ത്രി സജി ചെറിയാന്റെ ഉള്ളുതുറന്നുള്ള മറുപടി. 'സ്വകാര്യ ആശുപത്രികളിൽ മന്ത്രിമാർ ചികിത്സ തേടുന്നത് പുതുമയല്ല. എവിടെയാണോ നല്ല ചികിത്സ ലഭിക്കുന്നത് അവിടേക്ക് ആളുകൾ പോകും. 2019 ൽ ഡെങ്കിപ്പനി ബാധിച്ചപ്പോൾ ആദ്യം ചികിത്സ തേടിയത് ചെങ്ങന്നൂരിലെ സർക്കാർ ആശുപത്രിയിലാണ്. മരിക്കാൻ സാധ്യത വന്നപ്പോൾ അമൃത ആശുപത്രിയിലേക്ക് ശുപാർശ ചെയ്തു. അവിടെ ചെന്നപ്പോൾ ബോധമില്ലായിരുന്നു. അവിടുത്തെ ചികിത്സകൊണ്ട് രക്ഷപ്പെട്ടു. അമൃതാ ആശുപത്രി മോശമാണോ?'
പ്രസ്താവന വിവാദമായതോടെ മന്ത്രി സജി ചെറിയാൻ അങ്ങനെ ഒരിക്കലും പറയാനിടയില്ലെന്നായി ആരോഗ്യമന്ത്രി വീണാജോർജ്ജ്. സജി ചെറിയാൻ പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവം ആണെന്നും താൻ രക്ഷപ്പെട്ടത് സർക്കാർ ആശുപത്രിയിലെ ചികിത്സ കൊണ്ടാണെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനും ആരോഗ്യവകുപ്പിന് കവചം തീർത്തു.
സത്യം പറഞ്ഞത് രാഷ്ട്രീയപരമായി അബദ്ധം ആണെന്ന് ബോദ്ധ്യമായപ്പോൾ മന്ത്രി സജി ചെറിയാൻ 2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷമാണ് അതുവരെ കാലിത്തൊഴുത്തുപോലെ കിടന്ന ആരോഗ്യവകുപ്പ് വകുപ്പായതെന്നും, സംവിധാനം മോശമായതുകൊണ്ടല്ല കുടുംബം ആവശ്യപ്പെട്ടതുകൊണ്ടാണ് സ്വകാര്യ ആശുപത്രിയിൽ പോയതെന്നും പറഞ്ഞ് കുറിപ്പ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു.











