04:46pm 25 May 2026
NEWS
എന്തുകൊണ്ട് തോറ്റു? ഇരുട്ടിൽ തപ്പുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ
25/05/2026  01:16 PM IST
ചെറുകര സണ്ണീലൂക്കോസ്
എന്തുകൊണ്ട് തോറ്റു?  ഇരുട്ടിൽ തപ്പുന്ന കമ്മ്യൂണിസ്റ്റ് പാർട്ടികൾ

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്തുന്നതിനുൾപ്പെടെ രണ്ടുദിവസം ഡൽഹിയിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗത്തിനുശേഷം മെയ് 11 ന് മാധ്യമങ്ങളോട് പ്രതികരിച്ച സി.പി.ഐ (എം) ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞത് തോൽവിയുടെ ഉത്തരവാദിത്വം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനല്ല, കൂട്ടായ നേതൃത്വത്തിനാണെന്നാണ്. 2021 മുതൽ കേരളത്തിൽ നടന്ന തിരഞ്ഞെടുകളിൽ സി.പി.എമ്മിനും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും ജനങ്ങൾക്ക് മുമ്പിൽ ഉയർത്തിക്കാണിക്കാനുണ്ടായിരുന്നത് പിണറായി വിജയൻ എന്ന നേതാവിന്റെ ഒറ്റമുഖമാണ്. കൂട്ടായ നേതൃത്വമാണ് പാർട്ടിയെ അല്ലെങ്കിൽ മുന്നണിയെ നയിക്കുന്നതെന്ന് പാർട്ടി ജനറൽ സെക്രട്ടറിയടക്കം ഒരു സി.പി.എം നേതാവും ജനങ്ങളോട് പറഞ്ഞിട്ടില്ല.

പോളിറ്റ് ബ്യൂറോ യോഗത്തിന്റെ തുടക്കത്തിൽ സംസാരിച്ച പിണറായി വിജയൻ തനിക്കോ ഭരണത്തിനോ എതിരായ വികാരമല്ല ഫലത്തിൽ പ്രതിഫലിച്ചതെന്ന് വാദിച്ചു. അതിനോട് യോജിച്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വർഗ്ഗശത്രുക്കളുടെ ഒത്തുചേരലാണുണ്ടായതെന്ന് ന്യായീകരിച്ചു. അതേസമയം പിണറായി മത്സരിക്കാതെ പ്രചാരണനായകനായി നിന്നാൽ മതിയായിരുന്നുവെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയിൽ ഭൂരിപക്ഷം അഭിപ്രായപ്പെട്ടതായി പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വന്നിരുന്നു. നേതൃമാറ്റത്തിന് തയ്യാറാണെന്നുള്ള സന്ദേശം നൽകിയിരുന്നെങ്കിൽ തിരിച്ചടിയുടെ ആഘാതം കുറയുമായിരുന്നു എന്നും വാദം ഉയർന്നത്രേ.

ഇതൊക്കെയാണെങ്കിലും എം.എ ബേബി മാധ്യമങ്ങളോട് പറഞ്ഞത് കേരളത്തിലെ തോൽവിക്ക് പിണറായി വിജയൻ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുക്കേണ്ട കാര്യമില്ലെന്നാണ്. എന്തെങ്കിലും വീഴ്ചകളുണ്ടായിട്ടുണ്ടെങ്കിൽ നേതൃത്വമാണ് ഉത്തരവാദികൾ എന്നാണ്. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലും പലരും തോൽവിക്ക് പല കാരണങ്ങളും പറഞ്ഞെങ്കിലും, മുഖ്യമന്ത്രിയെ നേരിട്ടാരും കുറ്റപ്പെടുത്തിയില്ല. എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണനാകട്ടെ തോൽവിക്ക് ഭരണവിരുദ്ധവികാരം കാരണമാണെന്ന വിമർശനം തള്ളിക്കൊണ്ട് അങ്ങനെയൊരു നിഗമനം ഇപ്പോൾ എൽ.ഡി.എഫിനില്ലെന്നും പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.

അങ്ങനെ തിരഞ്ഞെടുപ്പുകഴിഞ്ഞുള്ള പ്രാഥമിക വിലയിരുത്തലിൽ പിണറായി വിജയൻ തോൽവിക്കുത്തരവാദിയല്ലെന്നും ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്നും എന്നതിന്റെ തുടർച്ചയായി സി.പി.എംന്റെ 35 അംഗ പാർലമെന്ററി പാർട്ടി നേതാവും ക്യാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവായും പിണറായി വിജയനെ തീരുമാനിക്കുക കൂടി ചെയ്തതോടെ കേരളത്തിലെ സി.പി.എം നേതൃത്വത്തിന് പരാജയത്തിന് കാരണമായ യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നില്ലെന്നുള്ളത് വളരെ വ്യക്തമായി.

പാർട്ടിക്കുത്തരവാദിത്തം ഉണ്ടെന്ന് എം.എ. ബേബി പറയുന്നതിൽ കഴമ്പുള്ളത് പിണറായി വിജയന്റെ വ്യക്തിപ്രഭാവം പാർട്ടിയേക്കാൾ മുകളിലാണെന്നംഗീകരിച്ചതിനാലാണ്. വിമർശന-സ്വയം വിമർശനത്തിനുള്ള അവസരവും ഉൾപ്പാർട്ടി ജനാധിപത്യവും നിഷേധിച്ച് പിണറായി വിജയന്റെ സമഗ്രാധിപത്യത്തിന് പാർട്ടി വിധേയപ്പെട്ടതിനാലാണ്. ഭരണാധികാരിയെന്ന നിലയിൽ വിയോജിക്കുന്നവരെയും പ്രതിഷേധിക്കുന്നവരേയും ഫാസിസ്റ്റ് ശൈലിയിൽ ധാർഷ്ട്യത്തോടെ അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ അരുത് എന്ന് വിലക്കാതിരുന്നതിലാണ്. ഇക്കാര്യങ്ങളിലെല്ലാം പാർട്ടി പരാജയപ്പെട്ടതുകൊണ്ടാണ് ജനരോഷത്തിന്റെ കുന്തമുന പിണറായി വിജയനെതിരെയായത്.

പരാജയം വിലയിരുത്താൻ ചേർന്ന സുപ്രധാന സെക്രട്ടറിയേറ്റ് യോഗത്തിനിടെ പത്രക്കാരെ കണ്ട പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാനായി ചേരുന്ന പാർട്ടി കമ്മിറ്റികളിൽ 'പാർട്ടി സഖാക്കൾക്ക് നിർഭയമായും സ്വതന്ത്രമായും അവരുടെ ഘടകങ്ങളിൽ അഭിപ്രായം പറയാൻ അവസരം ഒരുക്കും' എന്നുപറഞ്ഞത് വലിയ ഒരു കുറ്റസമ്മതമായിരുന്നു എന്നതിൽ സംശയമില്ല. ഏറെക്കാലമായി സി.പി.എമ്മിൽ നിർഭയമായ വിമർശന-സ്വയം വിമർശനമോ ഉൾപ്പാർട്ടി ജനാധിപത്യമോ ഇല്ലായിരുന്നു എന്ന കുറ്റസമ്മതം.
2016 ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായശേഷം അദ്ദേഹം ആഗ്രഹിക്കുന്നതല്ലാതെ, തീരുമാനിക്കുന്നതല്ലാതെ ഒന്നും നടന്നിട്ടില്ല. അദ്ദേഹത്തിന് കീഴിൽ വെറും നിഴലായി ഒതുങ്ങിയ പാർട്ടിക്ക് പിണറായി വിജയൻ എടുക്കുന്ന ഏത് തീരുമാനത്തേയും, കൈക്കൊള്ളുന്ന ഏതൊരു നടപടിയേയും കണ്ണടച്ച് പിന്താങ്ങുക എന്ന റോൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എത്രയോ കാലമായി സി.പി.എംൽ പിണറായി വിജയന്റെ ലൈനിന് വിരുദ്ധമായി ആരും അഭിപ്രായം പറയാറില്ല. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ വിയോജിക്കാനും എതിർക്കാനും ഇടമില്ലാതാവുമ്പോൾ അതൊരു വിശ്വാസികളുടെ കൂട്ടമായി മാറും. നേതാവ് പറയും. അണികൾ ആവർത്തിക്കും.

രാഷ്ട്രീയമായും സംഘടനാപരമായും ഇതുപോലൊരു തിരിച്ചടി സി.പി.എമ്മിന് കേരളത്തിലിന്നേ വരെ ഉണ്ടായിട്ടില്ലെങ്കിലും പിണറായി വിരുദ്ധവികാരമോ ഭരണവിരുദ്ധ വികാരമോ അതിനുകാരണമായിട്ടുണ്ടെന്ന് സി.പി.എം ഈ ഘട്ടത്തിലും സമ്മതിക്കുന്നില്ല. 82 വയസ്സുള്ള പിണറായി വിജയനല്ലാതെ മറ്റാരും സി.പി.എം പോളിറ്റ് ബ്യൂറോയിലില്ല. പാർട്ടിയിൽ 75 വയസ്സ് എന്ന പ്രായം വിരമിക്കലിന് കർക്കശമായി നടപ്പാക്കിയപ്പോൾ പിണറായിക്ക് മാത്രം ഒഴിവുനൽകിയത് മുഖ്യമന്ത്രിയാക്കാനായിരുന്നു.

എന്നാൽ 82 കാരനെ പ്രതിപക്ഷ നേതാവായും തീരുമാനിച്ചതിലൂടെ 'മറ്റാരുണ്ട്' പിണറായി അല്ലാതെ എന്നതിൽ നിന്ന് സി.പി.എം ഒരിഞ്ചു പിന്നോട്ടില്ലെന്ന് തെളിയുന്നു. തലമുറമാറ്റത്തിനായുള്ള ഒരു സാധ്യതയും പാർട്ടി ഉപയോഗപ്പെടുത്തുന്നില്ല.
2021 നുശേഷം നടന്ന ഓരോ ഉപതിരഞ്ഞെടുപ്പുകളിലും പൊതുതിരഞ്ഞെടുപ്പുകളിലും ഭരണവിരുദ്ധ വികാരവും പിണറായി വിരുദ്ധ വികാരവും പ്രകടമായിരുന്നതാണ്. 2024 ലെ ലോക്‌സഭാ ഇലക്ഷനിലും 2025 ലെ തദ്ദേശ ഇലക്ഷനിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും കേരളത്തിലെ വോട്ടർമാർ ഒറ്റക്കെട്ടായി പിണറായി ഭരണത്തിനെതിരെ തിരിഞ്ഞു. എന്നാൽ ലോക്‌സഭാ ഇലക്ഷനിൽ സി.പി.എം കണ്ടെത്തിയത് ഭരണവിരുദ്ധത എന്നൊന്നു ഉണ്ടായിട്ടേ ഇല്ലെന്നാണ്. തദ്ദേശ ഇലക്ഷൻ കഴിഞ്ഞപ്പോഴും പാർട്ടി കണ്ടെത്തി സംസ്ഥാന സർക്കാരിനെതിരേയുള്ള വികാരം പൊതുവിൽ ഉണ്ടായിട്ടില്ലായെന്നാണ്.

തദ്ദേശ ഇലക്ഷൻ കഴിഞ്ഞപ്പോൾ പാർട്ടി നിയമസഭാ തിരഞ്ഞടുപ്പ് വിജയിക്കാൻ അമിതമായി പി.ആർ വർക്കിനെ ആശ്രയിച്ചു. അവരുണ്ടാക്കിയ പ്രൊപ്പഗണ്ടകളൊന്നും ജനം വിശ്വാസത്തിലെടുത്തേയില്ല. 2016 നുശേഷമുള്ള പത്തുവർഷം കൊണ്ട് കേരളം എല്ലാം തികഞ്ഞ ലോകോത്തര നാടായി മാറിയെന്ന പ്രൊപ്പഗണ്ട ഏറ്റുപറയാൻ അശോകൻ ചരുവിലിനെയും കെ.ആർ. മീരയേയും പോലുള്ള പിണറായിയോടും സി.പി.എംനോടും അന്ധമായ വിശ്വാസവും ആരാധനയും പുലർത്തുന്ന പാർട്ടി അണികൾക്കും അനുഭാവികളും മാത്രമേയുണ്ടായുള്ളൂ.
സി.പി.എമ്മും സി.പി.ഐയും അവരുടെ വർഗ്ഗബഹുജന സംഘടനകളും ഇടത്- സോഷ്യലിസ്റ്റ് മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നുവെന്ന് വിമർശനമുള്ള ഇടതുപുരോഗമന ചിന്താഗതിക്കാരുടെ എണ്ണവും, നിസ്വാർത്ഥരായ കമ്മ്യൂണിസ്റ്റുകാരുടെ എണ്ണവും കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ അത്ഭുതകരമായി വർദ്ധിച്ചു. പാർട്ടിയുടെ ഒടുവിൽ നടന്ന രണ്ട് സംസ്ഥാന സമ്മേളനങ്ങളിൽ പിണറായി വിജയൻ മുന്നോട്ടുവെച്ച നവകേരള ആശയങ്ങൾ ഇടതുസംസ്‌ക്കാരത്തെ വെല്ലുവിളിക്കുന്നതും മധ്യവർഗ്ഗത്തെയും മുതലാളി വർഗ്ഗത്തെയും തൃപ്തിപ്പെടുത്താനുമുള്ളതുമായിരുന്നു.

ഉൽപ്പാദനോപാദികളിൽ ഉടമസ്ഥതയില്ലാത്തവരും ഉപജീവനത്തിനായി സ്വന്തം അധ്വാനം വിൽക്കാൻ നിർബന്ധിതരുമായ തൊഴിലാളി വർഗ്ഗത്തെ(പ്രോലിറ്റേറിയറ്റ്) രണ്ടാം പിണറായി സർക്കാർ എത്ര ശത്രുതാമനോഭാവത്തോടെയാണ് കാണുന്നതെന്നതിന് ഉദാഹരണമായിരുന്നു 232 രൂപ ദിവസവേതനം പറ്റുന്ന ആശാവർക്കർമാരോടുള്ള സമീപനം.
തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ നാല് വോട്ടുമാത്രം ലക്ഷ്യമാക്കി മുസ്ലീം/ ന്യൂനപക്ഷ രാഷ്ട്രീയ നിലപാടുകളെ എതിർപക്ഷത്ത് നിർത്തി ബി.ജെ.പി ലൈനിന് സമാനമായ രീതിയിൽ സി.പി.എം കൈക്കൊണ്ട പ്രതിലോമ നിലപാട്, ന്യൂനപക്ഷ കേന്ദ്രങ്ങളിൽ വലിയ തിരിച്ചടി ഉണ്ടാക്കി. ഫലത്തിൽ മതേതര മനസ്സുള്ള ബഹുഭൂരിപക്ഷത്തിന്റേയും വോട്ട് യു.ഡി.എഫിന് അനുകൂലമായി മാറി.

ഈ യാഥാർത്ഥ്യങ്ങൾ ഒന്നും കാണാതെ സമ്മതിക്കാതെയാണ് സി.പി.എമ്മിന്റെ പ്രാഥമിക വിലയിരുത്തൽ ഉണ്ടായിട്ടുള്ളത്. പിണറായി വിജയന്റെ അപ്രമാദിത്തത്തിന് കീഴിൽ ഉൾപാർട്ടി ജനാധിപത്യം നഷ്ടപ്പെട്ടത് കൊണ്ടാണ് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സി.പി.എമ്മുകാരായിരുന്നു ഏതാനും പേർ ഇപ്പോൾ യു.ഡി.എഫിന് ഒപ്പം എം.എൽ.എമാരായിരിക്കുന്നത്.

പിണറായി വിജയനിൽ കുറ്റമൊന്നും കാണാതെ സുപ്രീം നേതൃത്വത്തിൽ നിലനിർത്തിക്കൊണ്ട് പാർട്ടി കമ്മിറ്റികളിൽ നിങ്ങൾ നിർഭയമായും സ്വതന്ത്രമായും അഭിപ്രായം പറഞ്ഞോളൂ എന്നുപറയുന്നതിൽ യാതൊരു അർത്ഥവുമുണ്ടെനന് തോന്നുന്നില്ല.
കേരളത്തെ പുരോഗമന കേരളമായി മാറ്റിത്തീർക്കുന്നതിൽ വലിയ സംഭാവന ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടി തകർന്നടിയരുതെന്നും നിലനിൽക്കണമെന്നും ആഗ്രഹിക്കുന്ന വലിയ വിഭാഗം ജനത കേരളത്തിലെ സി.പി.എമ്മിൽ അടിമുടി മാറ്റമാണ് ആഗ്രഹിക്കുന്നത്.

ഇടതു മുന്നണിക്ക് ഉണ്ടായ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും രണ്ടാം കക്ഷിയായ സി.പി.ഐക്കും ഒഴിഞ്ഞുമാറാനാവില്ല. സി.പി.ഐയുടെ വകുപ്പുകളിൽപ്പോലും മുഖ്യമന്ത്രി ഇടപെടലും ആധിപത്യം പുലർത്തിയിട്ടും ഒരു വാക്കുകൊണ്ട് പോലും എതിർപ്പറയിക്കാൻ സി.പി.ഐയ്ക്ക് കഴിഞ്ഞില്ല. ആകെക്കൂടി ഒരു ഇടപെടൽ പറയാനുള്ളത് പി.എം. ശ്രീയുടെ കാര്യത്തിൽ മാത്രമാണ്. എന്നാൽ പൂരം കലക്കൽ പോലെയുള്ള വിഷയങ്ങളിൽ സി.പി.ഐ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ താൽപ്പര്യങ്ങൾക്ക് കീഴടങ്ങുകയായിരുന്നു.
വിദ്വേഷ പരാമർശനങ്ങൾ നിരന്തരം നടത്തിയ വെള്ളാപ്പള്ളിയെ പരോക്ഷമായി വിമർശിക്കാൻ പോലും സംസ്ഥാന സെക്രട്ടറി ബിനോയിവിശ്വത്തിന് ആർജ്ജവമുണ്ടായില്ല. സി.പി.ഐ എം.എൽഎമാരായ സി.സി മുകുന്ദനും, എ. പ്രദീപും മറ്റും ബി.ജെ.പിയിലേക്ക് പോയി എന്നത് സി.പി.ഐ എന്ന പാർട്ടിയുടെ ആശയ പാപ്പരത്തം വെളിവാക്കുന്നുണ്ട്. അതുകൊണ്ട് സി.പി.ഐയ്ക്കും തിരുത്തലേറെയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img