
സൗദി ബാലൻ കൊല്ലപ്പെട്ട കേസ്സിൽ റിയാദ് ജയിലിൽ തടവനുഭവിക്കുന്ന കോഴിക്കോട്- കോടാമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ ജയിൽമോചനം ഇനിയും അനന്തമായി നീളുകയാണ്. ഏഴ് തവണ റിയാദ് ക്രിമിനൽ കോടതി ഡിവിഷൻ ബഞ്ച് റഹീമിന്റെ ജയിൽമോചന കാര്യത്തിൽ തീരുമാനമെടുക്കാതെ ആവർത്തിച്ച് മാറ്റി വെച്ചിരിക്കുകയാണ്. 2006 നവംബറിലാണ് റഹീം അറസ്റ്റിലാകുന്നത്. 19 വർഷമായി റിയാദ് ജയിലിൽ തടവനുഭവിക്കുകയാണ് ഇയാൾ. തടവ് ശിക്ഷയ്ക്ക് പുറമെ, വധശിക്ഷ കൂടി സൗദി കോടതി റഹീമിന് വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് ദയാധനം നൽകാൻ തയ്യാറായതിനെ തുടർന്ന് റഹീമിന്റെ വധശിക്ഷ കോടതി ഇളവ് ചെയ്തതായി പറയുന്നുണ്ടെങ്കിലും, ജയിൽമോചന കാര്യത്തിൽ കോടതിയുടെ നിലപാട് വ്യക്തമാക്കിയിട്ടില്ല. മോചന ഉത്തരവ് ഉണ്ടായാൽ പോലും, അപ്പീൽ കോടതിയും, ഗവർണറേറ്റും അത് അംഗീകരിക്കുക കൂടി വേണം. സാധാരണ ഗതിയിൽ അതിനും കാലതാമസമുണ്ടായേക്കും. 'നിരപരാധിയായ റഹീമിനെ' സൗദിയിലെ കൊലവാളിൽ നിന്ന് രക്ഷിച്ചെടുക്കുക എന്ന അഭ്യർത്ഥനയുമായി, 2024 മാർച്ച് ഏഴിന് രൂപം നൽകിയ 'സേവ് അബ്ദുൽ റഹീം' എന്ന ആപ്പിലൂടെ, 34,47,16,614 രൂപ സ്വരൂപിച്ചു. ഇതിൽ കേരളത്തിന്റേതായി 23,72,42,623 രൂപ ലഭിച്ചു. കൂടുതൽ തുക മലപ്പുറം ജില്ലയിൽ നിന്നായിരുന്നു, 9,28,36,577 രൂപ. മോചനദ്രവ്യം സ്വരൂപിച്ചത് സംബന്ധിച്ച് പിന്നീട് വിവാദങ്ങൾ ഏറെയുണ്ടായി. സോഷ്യൽ മീഡിയാ സാധ്യത ഉപയോഗപ്പെടുത്തി, ചാരിറ്റി പ്രവർത്തനത്തിന്റെ മേൽവിലാസവുമായി ധാരാളം കള്ളനാണയങ്ങളും ഈ വിഷയത്തിൽ രൂപം കൊണ്ടിരുന്നു. മൊത്തം 47 കോടി രൂപ സ്വരൂപിച്ചതായി സൗദിയിൽ നിന്ന് വാർത്ത വന്നു.
എന്താണ് റഹീമിന്റെ കേസ്സ് ?
2006-ലാണ് കോഴിക്കോട്-കോടമ്പുഴ മച്ചിലകത്ത് പീടിയേക്കൽ വീട്ടിൽ റഹീമിന്റെ കേസ്സിന് ആസ്പദമായ സംഭവം നടക്കുന്നത്. സൗദി-റിയാദിൽ 'ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ-അൽ ഷഹരി'എന്ന സ്‌പോൺസറുടെ വീട്ടിൽ ഹൗസ് ഡ്രൈവറായിരുന്നു റഹീം. ഒരു അപകടത്തെ തുടർന്ന് ചലനശേഷി നഷ്ടപ്പെട്ട സ്‌പോൺസറുടെ 14-കാരനായ ഇളയ മകൻ അനസിന്റെ പരിചരണമായിരുന്നു റഹീമിനുള്ള പ്രധാന ചുമതല. കുട്ടിയുടെ കഴുത്തിൽ ശ്വാസ നാളത്തിലേക്ക് തുളയിട്ട് ഘടിപ്പിച്ച 'ട്രക്കിയോസ്റ്റമി ട്യൂബുമായി ബന്ധിപ്പിച്ച പോർട്ടബ്ൾ വെന്റിലേറ്റർ മെഷീനിന്റെ' സഹായത്തോടെയാണ് ആ കുട്ടിയുടെ ജീവൻ നിലനിർത്തിയിരുന്നത്. ഈ കുട്ടിയുമായി കാറിൽ സഞ്ചരിക്കവെ, നിരത്തിലെ ചുവപ്പ് ട്രാഫിക് സിഗ്നൽ കട്ട് ചെയ്ത് മുന്നോട്ട് പോകാൻ ആവശ്യപ്പെട്ട് അനസ് ബഹളമുണ്ടാക്കി. റഹീം അത് കാര്യമാക്കിയില്ല. അരിശം പൂണ്ട പയ്യൻ പല തവണ റഹീമിനെ തുപ്പിയതായും, അവനെ തടയാൻ ശ്രമിക്കവെ, കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ റഹീമിന്റെ കൈ തട്ടി, അത് ഡിസ്‌കണക്റ്റ് ആവുകയും ചെയ്തതായും പറയുന്നു. യാത്ര തുടർന്ന റഹീം, കുട്ടിയുടെ ശബ്ദമൊന്നും കേൾക്കാതായതോടെ വണ്ടി നിർത്തി പരിശോധിച്ചപ്പോഴാണ് കുട്ടി മരണപ്പെട്ടതായി മനസ്സിലാക്കുന്നത്. ഇത്രയും വരെയുള്ള സംഭവം ഒരു കയ്യബദ്ധമായി തന്നെ നമുക്ക് വിലയിരുത്താവുന്നതാണെങ്കിലും, കാര്യങ്ങളുടെ ഗതി മാറുന്നത് ഇനിയങ്ങോട്ടാണ്.
കുട്ടി മരണപ്പെട്ടതായി മനസ്സിലാക്കിയ റഹീം, റിയാദിൽ ജോലി ചെയ്യുന്ന ബന്ധുവും, നാട്ടുകാരനുമായ നസീറിനെ വിളിച്ച് വരുത്തി കാര്യങ്ങൾ ധരിപ്പിച്ചു. രക്ഷപ്പെടാനായി ഇരുവരും ചേർന്ന് തുടർന്ന് ഒരു പദ്ധതി ആവിഷ്‌കരിച്ചു. അതും പ്രകാരം റഹീമിനെ വണ്ടിയുടെ ഡ്രൈവിംഗ് സീറ്റിൽ കെട്ടിയിട്ട്, നസീർ പോലീസിനെ വിളിയ്ക്കുകയായിരുന്നു. 'പണം തട്ടാനായി കവർച്ചക്കാർ റഹീമിനെ കാറിൽ ബന്ധിച്ച ശേഷം, കുട്ടിയെ അക്രമിച്ചതായും, കുട്ടി മരണപ്പെടുകയും ചെയ്തു എന്നതായിരുന്നു ഇരുവരും മെനഞ്ഞുണ്ടാക്കിയ കഥ'. ഇരുവരേയും കസ്റ്റഡിയിലെടുത്ത പോലീസ് വിശദമായ ചോദ്യം ചെയ്യലിൽ ആ കഥ പൊളിച്ചു. കയ്യബദ്ധം പറ്റിയതെങ്കിൽ, കുട്ടിയെ പരമാവധി വേഗത്തിൽ ഏതെങ്കിലും, ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം, കള്ളക്കഥ മെനഞ്ഞ് സംഭവം വഴിതിരിച്ച് വിടാൻ ശ്രമിച്ചത് വിഷയത്തെ കൂടുതൽ സങ്കീർണ്ണമാക്കി. തന്റെ മകനെ റഹീം മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്ന് അനസിന്റെ പിതാവും, കുടുംബവും ഉറച്ച് വിശ്വസിച്ചു. ഒരു നുണക്കഥ മെനഞ്ഞുണ്ടാക്കിയത് മൂലം സംശയത്തിന്റെ ആനുകൂല്യത്തിന് റഹീം അനർഹനായി. മാത്രമല്ല, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് കൊണ്ട്, അപ്പോഴത്തെ ദേഷ്യത്തിൽ മനപ്പൂർവ്വമാണ് കുട്ടിയുടെ ജീവൻരക്ഷാ ഉപകരണം തട്ടി മാറ്റിയതെന്ന പ്രോസിക്യൂഷൻ വാദത്തിൽ കാമ്പുണ്ടെന്ന നിരീക്ഷണവും കോടതി നടത്തി. ഒപ്പം സാഹചര്യ തെളിവുകൾ റഹീമിന് പ്രതികൂലവുമായിരുന്നു. കോടതി മുമ്പാകെ അയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർന്ന് ശരീഅത്ത് കോടതി അയാൾക്ക് വധശിക്ഷ വിധിക്കുകയും ചെയ്തു. റഹീമിന്റെ ബന്ധു നസീർ പിന്നീട് കേസ്സിൽ മാപ്പുസാക്ഷിയായി. നീണ്ട കാലത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം അയാളിപ്പോൾ നാട്ടിലാണ്.
പലതവണ തള്ളിയ അപ്പീൽ
2006-ൽ നടന്ന സംഭവത്തിൽ, 2008-ൽ കേസ്സിന്റെ വിധി പ്രസ്താവിച്ചുവെങ്കിലും, വർഷങ്ങൾ പിന്നിട്ടിട്ടും, സൗദി ഭരണകൂടം വധശിക്ഷ നടപ്പിലാക്കിയില്ല. ഇതിനിടെ കൊല്ലപ്പെട്ട അനസിന്റെ പിതാവ് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാൻ-അൽ ഷഹരി മരണപ്പെട്ടതോടെ, വിഷയത്തിൽ സങ്കീർണ്ണതയും വർദ്ധിച്ചു. 18 വർഷത്തെ ജയിൽവാസത്തിനിടയ്ക്ക് നിരവധി തവണ വധശിക്ഷയ്‌ക്കെതിരെ വിചാരണ കോടതിയിലും, മേൽക്കോടതിയിലും, മറ്റുമായി റഹീം പല തവണ അപ്പിൽ സമർപ്പിച്ചുവെങ്കിലും, 'റഹീമിന് വധശിക്ഷ നൽകിയാലേ നീതിയാകൂ' എന്ന നിലപാടിൽ കുട്ടിയുടെ മാതാവും, സഹോദരിമാരും ഉറച്ച് നിന്നു. 'ദയാധനം സ്വീകരിച്ച് റഹീമിന് മോചനം നൽകിക്കൂടേ' എന്ന് അപ്പീൽ കോടതിയുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് തീർത്തും നിഷേധ നിലപാടാണ് മരണപ്പെട്ട കുട്ടിയുടെ കുടുംബം അനുവർത്തിച്ചത്. ഒടുവിൽ, റഹീമിന് ഒരിക്കലും സാധിക്കാത്ത വലിയൊരു തുക, അതായത് ഒന്നര കോടി സൗദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) അവരാവശ്യപ്പെടുകയായിരുന്നു. സാമാന്യം ധനാഢ്യരായ അറബി കുടുംബം ''പണക്കൊതി'' കൊണ്ടല്ല ഭീമൻ തുക ആവശ്യപ്പെട്ടത്. പണം നൽകാൻ കഴിയാതെ വരുമ്പോൾ വധശിക്ഷ ഉടൻ നടപ്പാക്കുമെന്നാണ് അവർ കണക്ക് കൂട്ടിയത്. ഈ പശ്ചാത്തലത്തിലാണ് റഹീമിന്റെ മോചനത്തിന് വേണ്ടി 34 കോടി രൂപ ക്രൗഡ് ഫണ്ടിംഗിലൂടെ മലയാളി സമൂഹം സ്വരൂപിച്ച് നൽകുന്നത്.
അഷ്ടിക്കുള്ള വക തേടിച്ചെന്ന്, ബോധപൂർവ്വം ഗുരുതരമയ കുറ്റകൃത്യം നടത്തിയോ, കുറ്റകൃത്യങ്ങളിൽ പങ്കാളിത്തം വഹിച്ചോ ഒരു മലയാളി പിടികൂടപ്പെടുമ്പോൾ, അതുമൂലം ഗൾഫ് നാടുകളിൽ അതത് പ്രവശ്യയിലുള്ള മലയാളി സമൂഹം നേരിടുന്ന പ്രയാസങ്ങൾ ഏറെയാണ്. മുഖ്യമായും മലയാളിയോടുള്ള അവിശ്വാസം പല ഘട്ടങ്ങളിലും അവിടെ സങ്കീർണ്ണമാകാറുണ്ട്. കൊലപാതകം, മയക്ക്മരുന്ന് കടത്ത്, ലഹരിവസ്തുക്കളുടെ വിപണനം, പല തരത്തിലുമുള്ള സാമ്പത്തിക തട്ടിപ്പുകൾ, ലൈംഗിക അതിക്രമങ്ങൾ, മത്സ്യത്തൊഴിലാളികളുടെ സമുദ്രാതിർത്തി ലംഘനം തുടങ്ങി വിവിധ ഗൾഫ് രാജ്യങ്ങളിലെ ജയിലുകളിൽ 6,000-ത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് ഔദ്യോഗിക ഭാഷ്യം. ഇതിൽ നൂറ് കണക്കിന് മലയാളികളുമുണ്ട്. ഗൾഫ് നാടുകളിൽ ചിലയിടത്ത് നിലനിൽക്കുന്ന 'ശരീഅത്ത് നിയമ'ത്തെ പഴിചാരിയാണ് പലരും, കുറ്റവാളികളെല്ലാം നിരപാരാധികളാണെന്ന ഭാഷ്യം ചമയ്ക്കുന്നത്. എന്നാൽ പ്രതികളുടെ മൊഴിയും, തൊണ്ടി പരിശോധനകളും ഉൾപ്പെടെ വ്യക്തമായ മാനദണ്ഡങ്ങൾ അവലംബിച്ചും, സാക്ഷി മൊഴികളും, ശാസ്ത്രീയമായ തെളിവുകളും അടിസ്ഥാനപ്പെടുത്തിയുമാണ് ശരീഅത്ത് നിയമത്തിൽ കുറ്റവാളികൾക്ക് വധശിക്ഷ വിധിക്കുന്നത്. കൊലപാതക കേസ്സുകളിൽ ഇരയുടെ ആശ്രിതർക്ക്, കുറ്റവാളി ദയാധനം നൽകാൻ തയ്യാറായാൽ വധശിക്ഷയിൽ ഇളവ് നൽകുമെന്ന് മാത്രം. എന്നിരുന്നാലും, കുറ്റവാളി കോടതി നിഷ്‌ക്കർഷിക്കുന്നത്ര കാലയളവ് തടവുശിക്ഷ അനുഭവിക്കേണ്ടാതായും വരും. രാജ്യദ്രോഹക്കുറ്റത്തിനാണ് വധശിക്ഷ വിധിച്ചതെങ്കിൽ, ഈ അനുകൂല്യം ലഭിയ്ക്കുകയുമില്ല. സൗദി അറേബ്യയിൽ മാത്രം, മലപ്പുറം ജില്ലയിൽ നിന്ന് ഉൾപ്പെടെയുള്ള എത്രയോ മലയാളികൾ പല ഘട്ടങ്ങളിലായി വധശിക്ഷയ്ക്ക് ഇരയായിട്ടുണ്ട്. കൊലപാകം, മയക്കുമരുന്ന് കടത്ത് എന്നീ കേസ്സുകളിലായിരുന്നു ഇത്. 90-കളിൽ മയക്കുമരുന്ന് കടത്ത് കേസ്സുകളിൽ ഉൾപ്പെട്ട മലപ്പുറത്തെ 16 യുവാക്കളെ സൗദിയിൽ 'ഗളഛേദം' നടത്തിയ സചിത്ര വാർത്ത 'കേരളശബ്ദം' പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.
എങ്ങുമെത്താതെ നിമിഷപ്രിയാ കേസ്സും
സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ മലയാളി സമൂഹം സ്വരൂപിച്ച് നൽകിയതോടെ, യമനിൽ മറ്റൊരു കൊലക്കേസ്സിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ എന്ന നഴ്‌സിന് വേണ്ടിയും ക്രൗഡ് ഫണ്ടിംഗിനുള്ള ശ്രമങ്ങൾ നടന്നിരുന്നു. 6 വർഷമായി നിമിഷപ്രിയയുടെ മോചനത്തിന് വേണ്ട ഇടപെടലുകളുമായി മുന്നോട്ട് നീങ്ങുകയാണ് 'നിമിഷപ്രിയ ആക്ഷൻ കൗൺസിൽ'. നിമിഷപ്രിയയെ കൊലവാളിൽ നിന്ന് രക്ഷിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇടപെടണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി 'നിമിഷപ്രിയ ആക്ഷൻ കൗൺസിൽ' ദില്ലി ഹൈക്കോടതിയിൽ ഒരു റിട്ട് ഫയൽ ചെയ്തതായും, എന്നാൽ, യമൻ പ്രസിഡണ്ടിന് മാത്രമേ കുറ്റവാളികൾക്ക് മാപ്പ് നൽകാൻ കഴിയൂ എന്നും, ഇക്കാര്യത്തിൽ നയതന്ത്ര ഇടപെടൽ നടത്താനാകില്ലെന്നും സർക്കാർ അഭിഭാഷകൻ അനുരാഗ് അലുവാലിയ ദില്ലി ഹൈക്കോടതിയെ അറിയിച്ചതായും ആക്ഷൻ കൗൺസിൽ ജനറൽ കൺവീനർ ജയൻ എടപ്പാൾ മാധ്യമങ്ങളോട് വ്യക്തമക്കിയിരുന്നു. അതേസമയം, നിമിഷപ്രിയയുടെ മോചനത്തിനായി ആകാവുന്ന ഇടപെടലുകൾ നടത്തുമെന്ന് കേന്ദ്ര സർക്കാർ ഇയ്യിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. പാലക്കാട്-കൊല്ലങ്കോട് സ്വദേശിനിയാണ് നിമിഷപ്രിയ. 8 വർഷമായി ഇവർ യമൻ ജയിലിലാണ്.
2011-ലാണ് നിമിഷപ്രിയ യമനിലെത്തുന്നത്. സ്വകാര്യ ക്ലിനിക്കിലായിരുന്നു നിമിഷ ജോലി ചെയ്തിരുന്നത്. യമൻ പൗരനും, ലേബർ കോൺട്രാക്ടറുമായ ഒരു സുഹൃത്ത് വഴിയാണ് നിമിഷപ്രിയ ടെക്‌സ്‌റ്റൈൽ ഷോപ്പ് ഉടമയായ 'തലാൽ അബ്ദുമഹ്ദി' എന്ന യമൻ യുവാവുമായി പരിചയത്തിലാകുന്നത്. ഈ പരിചയം ഇരുവർക്കുമിടയിൽ ഒരാത്മബന്ധമായി വികസിച്ചു. കൃത്യമായ പ്രതിമാസ വേതനത്തിന് ജോലി ചെയ്യുന്നതിന് പകരം, സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങണമെന്ന മോഹം നിമിഷപ്രിയയ്ക്കുണ്ടായിരുന്നു. അക്കാര്യം അവർ മഹ്ദിയുമായി പല തവണ ചർച്ചയും നടത്തി. യമൻ പൗരൻമാർക്ക് മാത്രമേ, അവിടെ സ്ഥാപനങ്ങൾ തുടങ്ങാനാകൂ എന്നതാണ് യമൻ നിയമം. ഇതും പ്രകാരം ക്ലിനിക് തുടങ്ങുന്നതിനായി ആവശ്യമായ സാമ്പത്തികം ഉൾപ്പെടെയുള്ള എല്ലാ സഹായങ്ങളും തലാൽ അബ്ദുമഹ്ദി നിറവേറ്റി. നിമിഷപ്രിയ തന്റെ ഭാര്യയാണെന്നായിരുന്നു സ്ഥാപനത്തിന് ലൈസൻസ് ലഭിയ്ക്കാനുള്ള അപേക്ഷയിൽ കാണിച്ചിരുന്നത്. ഇതിനായി അനുബന്ധമായ ചില രേഖകൾ ഇരുവരും ചേർന്ന് കൃത്രിമമായി സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ക്ലിനിക്കിനുളള പേപ്പറുകളെല്ലാം ശരിയാക്കിയ ശേഷം, നിമിഷപ്രിയ നാട്ടിൽ പോയി വരാൻ തയ്യാറെടുക്കവേ, 2015-ൽ ഒരു മാസ കാലയളവിൽ നിമിഷപ്രിയയുടെ കൂടെ തലാൽ അബ്ദുമഹ്ദിയും കേരളത്തിൽ സന്ദർശനം നടത്തിയിരുന്നു. ആലപ്പുഴയിലും, മറ്റ് വിനോദ സഞ്ചാരമേഖലയിലുമാണ് ഇരുവരും ഒരു മാസം ചിലവിട്ടത്.
2015-ൽ തന്നെ യമൻ തലസ്ഥാനമായ സനായിൽ അവരുടെ ക്ലിനിക് പ്രവർത്തനം ആരംഭിച്ചു. സ്ഥാപനം നടത്തിപ്പിൽ നല്ല പോലെ പ്രാവീണ്യം ഉണ്ടായതിനാൽ, തുടക്കം തൊട്ടേ വിജയമായിരുന്നു ക്ലിനിക്. വളരെ വേഗം സാമ്പത്തിക ഉയർച്ചയുമുണ്ടായി. സാമ്പത്തികനില മെച്ചപ്പെടാൻ തുടങ്ങിയതോടെ, ഇരുവർക്കുമിടയിൽ അസ്വാരസ്യവും ഉടലെടുത്ത് തുടങ്ങി. ക്ലിനിക് തുടങ്ങുന്നതിനായി വൻ തുക മുടക്കിയ തലാൽ അബ്ദുമഹ്ദി, ഇതിനിടെ നിമിഷപ്രിയയുടെ പാസ്‌പോർട്ട് ഒരു കരുതൽ എന്ന നിലയിൽ കൈക്കലാക്കിയിരുന്നു. തലാൽ അബ്ദുമഹ്ദിയെ മയപ്പെടുത്തി പാസ്‌പോർട്ട് കൈവശപ്പെടുത്താൻ പല തവണ നിമിഷപ്രിയ ശ്രമം നടത്തിയെങ്കിലും, അതെല്ലാം തികഞ്ഞ പരാജയമായി മാറി. പാസ്‌പോർട്ട് വീണ്ടെടുക്കാനും, മഹ്ദിയുടെ ശല്യം ഒഴിവാക്കുന്നതിനുമായി, നിമിഷപ്രിയ കണ്ടെത്തിയ മാർഗ്ഗമായിരുന്നു മഹ്ദിയെ വകവരുത്തുക എന്നത്. ഇതും പ്രകാരം 2017 ജൂലൈ 25-ന് മഹ്ദിയെ അനുനയത്തിൽ കിടപ്പ് മുറിയിലേക്ക് വരുത്തിയ നിമിഷപ്രിയ ലൈംഗിക ഉത്തേജനമരുന്നാണ് എന്ന് ധരിപ്പിച്ച് 'കെറ്റാമൈൻ' മയക്കുമരുന്ന് ഓവർഡോസിൽ തലാൽ അബ്ദുമഹ്ദിയിൽ കുത്തി വെച്ചു. അയാൾ മരണപ്പെടുകയും ചെയ്തു. പിന്നീട് ജഡം പല കഷണങ്ങളായി വെട്ടി നുറുക്കി, പോളിത്തീൻ കവറുകളിലാക്കി. തന്റെ സുഹൃത്തായ ഹനാൻ എന്ന യമൻ യുവതിയുടെ സഹായത്തോടെ, അതെല്ലാം കുടി വെള്ള ടാങ്കിൽ കൊണ്ടിടുകയായിരുന്നു. പരിസരത്ത് ദുർഗന്ധം വമിച്ചതോടെ, പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസാണ് ജഡാവശിഷ്ടങ്ങൾ ടാങ്കിൽ നിന്ന് കണ്ടെടുക്കുന്നത്.
കേസ്സിൽ 2017 ഓഗസ്റ്റ് ആദ്യവാരം നിമിഷയേയും ഹനാനേയും യമൻ പൊലീസ് അറസ്റ്റ് ചെയ്തു. തലാൽ മഹ്ദിയുടെ കൊലപാതകം യമനിൽ പൊതുരോഷം ഉളവാക്കിയിരുന്നു. യമൻ പുരുഷാധിപത്യ സമൂഹമായതിനാൽ, കേസ്സിലെ കുറ്റവാളി സ്ത്രീ ആയതിനാലും കുറ്റകൃത്യം കൂടുതൽ അപലപനീയമായിരുന്നു. 2020-ൽ നിമിഷപ്രിയയ്ക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷയിൽ ഇളവ് അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ട്, നിമിഷപ്രിയ യമൻ അപ്പീൽ കോടതിയിൽ ഹർജി സമർപ്പിച്ചുവെങ്കിലും, മൂന്നംഗ ബഞ്ച് നിമിഷപ്രിയയുടെ വധശിക്ഷ ശരി വയ്ക്കുകയാണ് ചെയ്തത്. കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദി ലൈംഗിക പീഡനത്തിന് തുനിഞ്ഞപ്പോൾ, ആത്മരക്ഷാർത്ഥമാണ് കൊല നടത്തിയതെന്നായിരുന്നു നിമിഷ അപ്പീൽ ഹരജിയിൽ വ്യക്തമാക്കിയിരുന്നത്. 'സ്ത്രീ' എന്ന പരിഗണന നൽകി വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യുകയോ, വിട്ടയക്കുകയോ ചെയ്യണമെന്നായിരുന്നു നിമിഷയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവും, പ്രദേശവാസികളും കോടതിയ്ക്ക് മുന്നിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. യമൻ പ്രസിഡണ്ട് ഉൾപ്പെടെ അംഗങ്ങളായ 'സുപ്രീം ജുഡീഷ്യൽ കൗൺസിലിൽ' അവസാനത്തെ അപ്പീൽ സമർപ്പിച്ചുവെങ്കിലും, 2023 നവംബറിൽ സുപ്രീം ജുഡീഷ്യൽ കൗൺസിലും അവരുടെ വധശിക്ഷ ശരി വയ്ക്കുകയായിരുന്നു.
സങ്കീർണ്ണതകൾ
സൗദി ജയിലിൽ കഴിഞ്ഞിരുന്ന റഹീമിന്റെ കാര്യത്തിൽ ഇരയുടെ കുടുംബം ബ്ലഡ്മണി ആവശ്യപ്പെടുന്ന സാഹചര്യമുണ്ടായി. കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബവും ബ്ലഡ്മണി സ്വീകരിക്കാൻ തയ്യാറാകണം. മാത്രമല്ല നിമിഷപ്രിയയുടെ മോചന കാര്യത്തിൽ പ്രതിസന്ധികൾ ഏറെയാണ്. നിലവിൽ യമനിൽ ഇന്ത്യൻ എംബസി പ്രവർത്തിക്കുന്നില്ല. യമന് പുറത്ത് 'ജിബൂട്ടി' യിലാണ് എംബസ്സിയുള്ളത്. നിമിഷയുടെ കേസ്സ് സംബന്ധമായ കാര്യങ്ങൾ നിരീക്ഷിക്കുന്നതും ഇടപെടുന്നതും അവരാണ്. മോചനത്തിനുള്ള പണമല്ല, മധ്യസ്ഥ ചർച്ചയ്ക്കുള്ള വഴിതുറക്കലാണ് നിമിഷപ്രിയ കേസ്സിൽ ആദ്യം ഉണ്ടാകേണ്ടത്. യമനിൽ ഹൂതി നിയന്ത്രണത്തിലുള്ള മേഖലയിലാണ് കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബമുള്ളത്. അവിടെ എത്തി മരണപ്പെട്ട ആളുടെ ബന്ധുക്കളുമായി ബന്ധപ്പെട്ട് ബ്ലഡ്മണി സംബന്ധിച്ച ചർച്ചകൾ നടത്തിയെങ്കിലേ നിമിഷപ്രിയയുടെ മോചനത്തിനുള്ള നീക്കം സാധ്യമാകൂ. ഔദ്യോഗിക ഭരണ സംവിധാനത്തിന്റെ കീഴിൽ അല്ലാത്ത പ്രദേശം ആയതിനാൽ ഇതിനുള്ള തടസ്സങ്ങളും ഏറെയാണ്. അടുത്തിടെ, നിമിഷപ്രിയയുടെ മാതാവ് പ്രേംകുമാരി യമനിൽ പോയി, കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തോട് മാപ്പപേക്ഷിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ ആശാവഹമല്ലെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി 13-ന് റഹീമിന്റെ കേസ്സ് വീണ്ടും സൗദി റിയാദ് കോടതി പരിഗണിച്ചേക്കുമെന്ന് പറയുന്നുണ്ടെങ്കിലും, അതിൽ എത്രത്തോളം പ്രതീക്ഷ പുലർത്താനാകുമെന്ന് പറയാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.