07:15am 15 September 2026
NEWS
തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുനേടും?
18/11/2025  01:32 PM IST
ചെറുകര സണ്ണീലൂക്കോസ്
തദ്ദേശ തിരഞ്ഞെടുപ്പിൽ ആരുനേടും?

നാല് മാസങ്ങൾക്കപ്പുറം നിയമസഭാ തിരഞ്ഞെടുപ്പുവരാനിരിക്കെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ സെമിഫൈനൽ മത്സരമായിക്കണ്ട് ജീവന്മരണ പോരാട്ടമായി ഏറ്റെടുത്ത് മുന്നണികൾ. 2019 ലെ ലോക്‌സഭാ ഇലക്ഷനിലെ ദയനീയ പരാജയത്തെ മറികടന്ന് 2020 ൽ തദ്ദേശ ഇലക്ഷനിലുണ്ടാക്കിയ വമ്പൻ മുന്നേറ്റമാണ് ഭരണത്തുടർച്ചയ്ക്ക് വഴിയൊരുക്കിയതെന്ന ബോധ്യം ഉള്ള സി.പി.എം മുന്നണി 2020 ലെ തന്ത്രങ്ങൾ കൂടുതൽ മികച്ച നിലയിൽ മെനയുന്ന തിരക്കിലാണ്.

കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് മുന്നണിയാകട്ടെ 2020 ലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ തങ്ങൾക്ക് സംഭവിച്ച പിഴവുകൾ പരിഹരിച്ചും സർക്കാർ വിരുദ്ധ വോട്ടുകളെ പരമാവധി സമാഹരിച്ചും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പമെങ്കിലും വിജയം ഉറപ്പിക്കാനുള്ള കഠിനപ്രയത്‌നത്തിലാണ്. 2031 ലെങ്കിലും കേരളഭരണം പിടിക്കാൻ ഉന്നമിടുന്ന ബി.ജെ.പിക്ക് ഇതുവരെയുണ്ടായിരുന്ന മെമ്പർമാരെക്കാൾ വളരെ കൂടുതൽ മെമ്പർമാരെ ഇത്തവണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും സർക്കാർവിരുദ്ധ വോട്ടുകൾ യു.ഡി.എഫിന് പോകാതിരിക്കാനായി കൂടി അവർ തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുന്നുണ്ട്. ബി.ജെ.പി പ്രത്യക്ഷമായും എൽ.ഡി.എഫ് പരോക്ഷമായും സ്വീകരിച്ചിട്ടുള്ള മുസ്ലീംവിരുദ്ധനിലപാടുകൊണ്ട് പ്രയോജനം ലഭിക്കുക ആർക്കാകും എന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞാലെ അറിയാനൊക്കൂ.
സംസ്ഥാനത്തൊട്ടാകെ 941 ഗ്രാമപഞ്ചായത്തുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും 86 മുനിസിപ്പാലിറ്റികളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലേക്കും 6 കോർപ്പറേഷനുകളിലേക്കും നടക്കുന്ന തിരഞ്ഞെടുപ്പ് നടപടികൾ ഡിസംബർ 20 ന് മുൻപ് പൂർത്തിയാകും. ഇത്രയും തദ്ദേശസ്ഥാപനങ്ങളിൽ അമ്പത് ശതമാനം വനിതകളാകും അധ്യക്ഷസ്ഥാനത്തേക്ക് വരിക എന്നുള്ളത് മത്സരരംഗത്ത് പുരുഷന്മാർക്ക് ഒപ്പം തന്നെ സ്ത്രീകളുടെ പങ്കാളിത്തവും ഉറപ്പുവരുത്തുന്നുണ്ട്.

1950 ലെ അന്നത്തെ തിരുവിതാംകൂർ- കൊച്ചി പഞ്ചായത്ത് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് 1953 ൽ ആദ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് നടന്നത്. 1956 ൽ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം 1963 ൽ രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്നു. തുടർന്ന് 1979 ലും 1988 ലും തിരഞ്ഞെടുപ്പുകൾ നടന്നിരുന്നു. 1994 ൽ കേരള പഞ്ചായത്ത്‌രാജ് നിയമവും കേരള മുനിസിപ്പാലിറ്റി നിയമവും നടപ്പിലാക്കി. ഈ നിയമനിർമ്മാണത്തിന് കീഴിലുള്ള ആദ്യതിരഞ്ഞെടുപ്പ് 1995 ൽ നടന്നു. തുടർന്ന് ഓരോ അഞ്ചുവർഷവും 2000, 2005, 2010, 2015, 2020 എന്നിങ്ങനെ മുടക്കം കൂടാതെ ഇലക്ഷൻ നടന്നു.

ആകെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കാണ് 2025 ലെ തിരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകളിൽ നിന്നും 15962 വാർഡ് മെമ്പർമാരെയും 154 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 മെമ്പർമാരെയും 14 ജില്ലാ പഞ്ചായത്തുകളിലെ 331 മെമ്പർമാരെയും 87 മുനിസിപ്പൽ കൗൺസിലുകളിലെ 3113 വാർഡിൽ നിന്നുള്ള കൗൺസിലർമാരെയും 6 കോർപ്പറേഷനുകളിലെ 414 വാർഡുകളിലെ കൗൺസിലർമാരെയും തിരഞ്ഞെടുക്കുന്ന വളരെ ബൃഹത്തായ ജനാധിപത്യപ്രക്രിയയാണ് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്.

2019 ലെ ലോക്‌സഭാ ഇലക്ഷനിൽ 19 സീറ്റിലും പരാജയപ്പെട്ട എൽ.ഡി.എഫ് പ്രതികൂല രാഷ്ട്രീയ സാഹചര്യങ്ങളിലാണ് 2020 ലെ തദ്ദേശ ഇലക്ഷനെ നേരിട്ടതെങ്കിലും മുനിസിപ്പാലിറ്റി തലത്തിലൊഴികെ ഗ്രാമബ്ലോക്ക്, ജില്ലാ പഞ്ചായത്തുതലത്തിലും കോർപ്പറേഷൻ തലത്തിലും സമഗ്രമേൽക്കയ്യ് നേടി രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിക്കുക തന്നെ ചെയ്തു. 941 ഗ്രാമപഞ്ചായത്തുകളിൽ 514 ഇടത്ത് എൽ.ഡി.എഫ് ലീഡ് നേടിയപ്പോൾ യു.ഡി.എഫ് 375 പഞ്ചായത്തിലും എൻ.ഡി.എ 23 പഞ്ചായത്തുകളിലും മാത്രമാണ് ഭൂരിപക്ഷം നേടിയത്. എൽ.ഡി.എഫ് 7263, യു.ഡി.എഫ് 5893, എൻ.ഡി.എ 1182 എന്നിങ്ങനെയായിരുന്നു വിജയിച്ച മെമ്പർമാരുടെ എണ്ണം. മറ്റുള്ളവർ 1619 പേരും ജയിച്ചു.
152 ബ്ലോക്ക് പഞ്ചായത്തുകളിൽ 108 ഇടത്തും എൽ.ഡി.എഫ് ആണ് ലീഡ് നേടിയത്. 44 ഇടത്തേ യു.ഡി.എഫ് ഭൂരിപക്ഷം നേടിയുള്ളൂ. എൽ.ഡി.എഫിന് 1267 ബ്ലോക്ക് മെമ്പർമാരെയും യു.ഡി.എഫിന് 727 ബ്ലോക്ക് മെമ്പർമാരേയും എൻ.ഡി.എയ്ക്ക് 37 പേരെയും വിജയിപ്പിക്കാനായി. മറ്റുള്ള 6 പേരും ഉണ്ടായിരുന്നു. 14 ജില്ലാ പഞ്ചായത്തുകളിൽ 11 ഉം എൽ.ഡി.എഫ് ആണ് പിടിച്ചത്. അവർക്ക് 212 ജില്ലാ പഞ്ചായത്ത് മെമ്പർമാരും യു.ഡി.എഫ് 110 മെമ്പർമാരും എൻ.ഡി.എയ്ക്ക് 2 പേരുമാണ് ഉണ്ടായിരുന്നത്. മറ്റുള്ള 6 പേരും വിജയിച്ചിരുന്നു.
86 മുനിസിപ്പാലിറ്റികളിൽ പക്ഷേ 45 ഇടത്ത് യു.ഡി.എഫ് ഭൂരിപക്ഷംനേടിയപ്പോൾ 35 ഇടത്താണ് എൽ.ഡി.എഫിന് മേൽക്കയ്യ് നേടാനായത്. യു.ഡി.എഫിന് 1173 കൗൺസിലർമാരും എൽ.ഡി.എഫിന് 1167 കൗൺസിലർമാരും എൻ.ഡി.എയ്ക്ക് 320 ഉം കൗൺസിലർമാരുമാണ് ഉണ്ടായിരുന്നത്. മറ്റുള്ളവർ 416 പേരുണ്ടായിരുന്നു. 6 കോർപ്പറേഷനുകളിൽ 4 ഇടത്തും എൽ.ഡി.എഫ് ആണ് ഭൂരിപക്ഷം നേടിയത്. എൽ.ഡി.എഫിന് 207 കോർപ്പറേഷൻ കൗൺസിലർമാരെ ലഭിച്ചപ്പോൾ യു.ഡി.എഫിന് 120 പേരെയും എൻ.ഡി.എയ്ക്ക് 59 പേരെയും വിജയിപ്പിക്കാനായി. 27 മറ്റുള്ളവരും വിജയിച്ചു.

എല്ലാതലങ്ങളിലും കൂടി സി.പി.എംന് 8190 മെമ്പർമാരെ വിജയിപ്പിക്കാനായപ്പോൾ കോൺഗ്രസിന് വിജയിപ്പിക്കാനായത് 5551 മെമ്പർമാരെയാണ്. അതുകഴിഞ്ഞാൽ 2131 പേരെ വിജയിപ്പിച്ച മുസ്ലീംലീഗാണ് മുന്നിലെത്തിയത്. സി.പി.ഐ 1283 പേരെ വിജയിപ്പിച്ചപ്പോൾ ബി.ജെ.പി 1596 പേരെ വിജയിപ്പിച്ചു. 1870 സ്വതന്ത്രരും വിജയിച്ചു. കേരള കോൺഗ്രസ് എം ന് 355 മെമ്പർമാരും കേരളകോൺഗ്രസ് ജോസഫിന് 255 മെമ്പർമാരും ഉണ്ടായിരുന്നു. മറ്റുകക്ഷികൾക്കെല്ലാം 100 ൽ താഴെ മെമ്പർമാരേ ഉണ്ടായിരുന്നുള്ളൂ.

അനുകൂല രാഷ്ട്രീയ സാഹചര്യങ്ങൾ ഉണ്ടായിട്ടും അത് പ്രയോജനപ്പെടുത്താനാവാതെ അപ്രതീക്ഷിത തോൽവി 2020 ൽ യു.ഡി.എഫ് നേരിടേണ്ടിവന്നത് നേതൃത്വത്തിന്റെ കഴിവുകേടും, മോശമായ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റും ഘടകകക്ഷികളെ വിശ്വാസത്തിലെടുത്തു ചേർത്തുനിർത്തുന്നതിൽ പരാജയപ്പെട്ടതും നേതൃത്വത്തിന്റെ അപക്വമായ പ്രവർത്തനരീതികളുമൊക്കെയാണ്.

കെ.പി.സി.സി നേതൃത്വപരമായി ഏറ്റവും പരാജയമായിരുന്ന കാലയളവായിരുന്നു തദ്ദേശ ഇലക്ഷൻ നടന്ന 2020. നേതാക്കൾ തന്നെ വിഭിന്ന സ്വരത്തിൽ സംസാരിച്ചതും, യു.ഡി.എഫിനെ സഹായിക്കാൻ തയ്യാറായ കക്ഷികളോടുപോലും ധിക്കാരപൂർവ്വം പെരുമാറിയതും, ഗ്രൂപ്പുകളിയും സ്ഥാനാർത്ഥി തർക്കവും റിബൽ സ്ഥാനാർത്ഥികളുടെ പ്രളയവും ഒക്കെ വിജയത്തെ ആണ് അകറ്റിനിർത്തിയ ഘടകങ്ങളാണ്. പലയിടത്തും ത്രികോണ മത്സരത്തിലേക്ക് എത്തിച്ച ബി.ജെ.പിയുടെ വളർച്ചയെ കോൺഗ്രസ് വേണ്ടവിധം മുൻകൂട്ടി കണ്ടില്ല.

ഏറ്റവും നിർണ്ണായകമായത് ക്രൈസ്തവരെയും മുസ്ലീങ്ങളെയും തമ്മിൽ അകറ്റാനുള്ള ചില രാഷ്ട്രീയ കേന്ദ്രങ്ങൾ നടത്തിയ കരുനീക്കങ്ങൾ ഫലം കണ്ടതാണ്. യു.ഡി.എഫ് എന്നാൽ മുസ്ലീംലീഗ് ആധിപത്യമുന്നണിയാണെന്ന പ്രചാരണത്തെ തൊണ്ടതൊടാതെ വിഴുങ്ങിയ സഭാമേലധ്യക്ഷന്മാരുടെയും മറ്റും മുസ്ലീം വിരുദ്ധ നിലപാട് മൂലം തെക്കൻ കേരളത്തിൽ യു.ഡി.എഫിന് പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകൾ നഷ്ടപ്പെട്ടു. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കാര്യമായും തൃശൂരിലും എറണാകുളത്തും തിരുവനന്തപുരത്തുപോലും ക്രിസ്ത്യൻ വോട്ടർമാർ യു.ഡി.എഫിനെ കൈവിട്ടു. ഇതിന്റെ ഗുണഭോക്താക്കളായത് ബി.ജെ.പിയല്ല. ഇടതുമുന്നണിയാണ്.

ഇടതുമുന്നണി സ്ഥാനാർത്ഥികൾക്കും ബി.ജെ.പി സ്ഥാനാർത്ഥികൾക്കും പണത്തിനും ക്ഷാമം നേരിട്ടില്ല. സർക്കാരിനെതിരെ ഉയർന്നിരുന്ന ആക്ഷേപങ്ങളും വിമർശനങ്ങളും വോട്ടർമാരിലേക്ക് എത്തിക്കുന്നതിൽ യു.ഡി.എഫ് സംഘടനാസംവിധാനം ദയനീയമായി പരാജയപ്പെട്ടു. അതേസമയം എൻ.ഡി.എഫ് ആകട്ടെ മുന്നണി ഐക്യത്തോടെയും ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും പിണറായി വിജയൻ എന്ന ഒറ്റനേതാവിനെ മുന്നിൽ നിർത്തി തെരഞ്ഞെടുപ്പിനെ നേരിട്ടു. പ്രളയകാലത്തും കോവിഡ് കാലത്തും മുഖ്യമന്ത്രി ജനങ്ങളുടെ സംരക്ഷകനായെന്ന പൊതുബോധം സൃഷ്ടിക്കുന്നതിൽ എൽ.ഡി.എഫ് ഏർപ്പെടുത്തിയ പ്രൊഫഷണൽ പി.ആർ. ഏജൻസികൾ വിജയിച്ചു. ക്ഷേമനിധിയും ക്ഷേമപെൻഷനുകളും സൗജന്യറേഷൻ വിതരണവും സാധാരണജനങ്ങളെ സ്വാധീനിക്കുംവിധം പ്രചാരണം നടത്തുന്നതിലും എൽ.ഡി.എഫ് വിജയിച്ചു. എല്ലാറ്റിലും ഉപരി സോഷ്യൽ എഞ്ചിനീയറിംഗ് എന്ന പേരിൽ എല്ലാമത വിഭാഗങ്ങളുടെയും പ്രധാനികളുമായി നേരിട്ട് ബന്ധം സ്ഥാപിക്കുന്നതിലും അവരുടെ ആവശ്യങ്ങൾ നിർവ്വഹിച്ചുകൊടുക്കുന്നതിലും കെ. കരുണാകരനെപ്പോലെ പിണറായി സാമർത്ഥ്യം കാണിച്ചു എന്നതും വിജയത്തിന് സഹായിച്ച ഘടകങ്ങളിലൊന്നാണ്.

2020 ലെ തിരഞ്ഞെടുപ്പ് ഫലത്തിനിടയാക്കിയ രാഷ്ട്രീയകാരണങ്ങൾ ഇത്ര വിശദമായി പറയാൻ കാരണം 2025 ലും അന്നത്തെ സമാനമായ പല രാഷ്ട്രീയ സാഹചര്യങ്ങളും ഇത്തവണയും ഉണ്ടെന്നുള്ളതാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 2019 ലെ ലോക്‌സഭാ ഇലക്ഷനിലേതുപോലെ തന്നെ 2024 ലെ ലോക്‌സഭാ ഇലക്ഷനിലും ഭരണകക്ഷിയായ എൽ.ഡി.എഫിന് ഇരുപതിൽ ഒരു എം.പി മാത്രമേ ലഭിച്ചുള്ളു എന്നതാണ്.
2019 ലെ പരാജയത്തെ മറികടന്ന് 2020 ലെ തദ്ദേശ ഇലക്ഷനിൽ മേൽക്കൈ നേടാൻ എൽ.ഡി.എഫിനെ സഹായിച്ച അതേ തന്ത്രങ്ങൾ തന്നെയാണ് ഇത്തവണയും സി.പി.എമ്മും എൻ.ഡി.എഫും അവരെ സഹായിക്കുന്ന പ്രൊഫഷണൽ ഇലക്ഷൻ തന്ത്രജ്ഞരും ആവിഷ്‌ക്കരിച്ചിട്ടുള്ളത്. മാത്രമല്ല സി.പി.എമ്മിലോ മുന്നണിക്കുള്ളിലോ നിലവിലും ഭാവിയിൽ തുടർഭരണം ലഭിച്ചാലും നേതാവ് ആരെന്ന കാര്യത്തിൽ തർക്കം പോയിട്ട് രണ്ടാമത് ഒരു  പകരക്കാരനെക്കുറിച്ച് വിദൂര ആലോചനയ്ക്കുപോലും ആരും ധൈര്യപ്പെടുന്നില്ല.

പത്തുവർഷത്തോളം സംസ്ഥാനത്തിന്റെ ഭരണം കയ്യാളാൻ ലഭിച്ച അവസരം സി.പി.എമ്മിന് ഗുണവും ദോഷവും ഉണ്ടാക്കിയിട്ടില്ലെങ്കിലും ഒരു തെരഞ്ഞെടുപ്പിന് അനിവാര്യമായ ഔദ്യോഗിക സ്വാധീനവും ധനശേഷിയും ആവശ്യത്തിലേറെ സി.പി.എംനും ഭരണമുന്നണിക്കും ഉണ്ടെന്നുള്ളത് അവർക്കുള്ള വലിയ ഒരു അനുകൂലഘടകമാണ്. ഭരണാധികാരമുള്ളതുകൊണ്ടുതന്നെ സോഷ്യൽ എഞ്ചിനീയറിംഗ് അഥവാ സാമുദായിക പ്രീണനവും, ഭീഷണിയും ഉപയോഗിച്ച് മതസാമുദായിക നേതൃത്വങ്ങളെ വരുതിയിൽ നിർത്താൻ സാധിക്കുന്നതും ചെറിയ കാര്യമല്ല. മുഖ്യമന്ത്രി പിണറായി വിജയനും ഭരണകക്ഷിക്കും വേണ്ടി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എല്ലാ സീമകളും ലംഘിച്ചു വായിൽ തോന്നിയതൊക്കെ വിളിച്ചുപറയുന്നതിൽ അത്ഭുതപ്പെടാനില്ലെങ്കിലും വെള്ളാപ്പള്ളിയുടെ മറുവശത്ത് മാത്രം നിന്നുശീലമുള്ള എൻ.എസ്.എസ് ജനറൽ സെക്രട്ടറിയും ഇത്തവണ പിണറായി ഭക്തനായി മാറിയിരിക്കുന്നു എന്നതാണ്.

സി.പി.എമ്മിന്റെ സംഘടനാകരുത്തും ചിട്ടയായ പ്രവർത്തനരീതിയും ഒരു തിരഞ്ഞെടുപ്പിലാണ് ഏറ്റവും അധികം പ്രയോജനം ചെയ്യുക. രാഷ്ട്രീയമായും അല്ലാതെയുമുള്ള ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുമ്പോഴും അത്തരം വിവാദങ്ങളോടെല്ലാം മൗനം ദീക്ഷിച്ചും അവഗണിച്ചും വികസന നേട്ടങ്ങൾ ഏറെയെന്ന് പ്രചരിപ്പിച്ചും ക്ഷേമസമ്മാനങ്ങൾ വാരിക്കോരി നൽകിയും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലുണ്ടാക്കിയത് പോലെയൊരു മേൽക്കൈ ഇത്തവണയും നേടാനാകും എന്ന ശുഭപ്രതീക്ഷയാണ് സി.പി.എമ്മിനും മുന്നണിക്കും ഉള്ളത്. എന്നാൽ സംസ്ഥാനത്ത് അതിദരിദ്രർ ഇല്ലാതായി എന്ന പ്രഖ്യാപനവും ആഗോള അയ്യപ്പസംഗമവുംപോലുള്ള തിരഞ്ഞെടുപ്പുകാല പരിപാടികൾക്ക് ഉദ്ദേശിച്ച സ്വാധീനം ജനങ്ങളിലുണ്ടാക്കാനായില്ല.

എന്നാൽ ഇത്തവണ യു.ഡി.എഫിനും പ്രതീക്ഷയ്ക്ക് ഒട്ടും കുറവില്ല. അവർക്ക് പ്രതികൂലമായ രണ്ട് ഘടകങ്ങൾ കോൺഗ്രസ് പാർട്ടിക്കുള്ളിലെ അനൈക്യവും മത്സരിക്കുന്നതിനുള്ള വിഭവശേഷിയുടെ കുറവുമാണ്. കേന്ദ്രത്തിലും കേരളത്തിലും അധികാരമില്ലാതായിട്ട് പത്തുവർഷത്തോളമായി. വീണ്ടും അധികാരം ലഭിക്കുമെന്നുറപ്പില്ലാത്തതിനാൽ ധനശേഷിയുള്ളവർ കോൺഗ്രസിനു സംഭാവന നൽകുന്നതിന് മടി കാണിക്കുകയാണ്. അനൈക്യം പ്രത്യക്ഷത്തിൽ പ്രകടമല്ലെങ്കിലും അടുത്ത ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കണമെന്നാഗ്രഹിക്കുന്ന രണ്ട് മൂന്ന് നേതാക്കളെങ്കിലും പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും ചുമതലയ്ക്ക് പുറത്തുനിന്നുകൊണ്ട് തങ്ങൾക്കനുകൂലമായ കളം ഒരുക്കാൻ നടത്തുന്ന കളികൾ എൽ.ഡി.എഫ് പരാജയപ്പെടണമെന്നാഗ്രഹിക്കുന്ന കോൺഗ്രസ്സ്‌കാരല്ലാത്ത വോട്ടർമാർക്കിടയിൽ നിരാശയും രോഷവും സൃഷ്ടിച്ചിട്ടുണ്ടെന്നുള്ളത് വാസ്തവമാണ്.

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആദ്യനാല് വർഷവും സി.പി.എം ആ പാർട്ടിയുടെ പ്രത്യയശാസ്ത്ര ശാഠ്യങ്ങളെല്ലാം ഉപേക്ഷിച്ച് പാർട്ടി പരിപാടിയിൽ നിന്നു വ്യതിചലിച്ച് കേരളത്തിലെ മധ്യവർഗ്ഗത്തിന്റെയും ഉപരിസമ്പന്ന വർഗ്ഗത്തിന്റെയും പിന്തുണ ലക്ഷ്യമാക്കിയുള്ള വികസന കാഴ്ചപ്പാടാണ് സ്വീകരിച്ചത് എന്നത് ലോക്‌സഭാ ഇലക്ഷനുശേഷം സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ രൂക്ഷവിമർശനത്തിനിടയാക്കുകയും സർക്കാരിന്റെ മുൻഗണന മാറിപ്പോയതായി കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ നാലുവർഷക്കാലം ആനുകൂല്യങ്ങൾ മുടക്കിയും, നികുതി നിരക്കുകളും, സേവനഫീസുകളും പലതവണ വർദ്ധിപ്പിച്ചും ജനങ്ങളുടെ ഭാരം വർദ്ധിപ്പിച്ച സർക്കാർ അവസാന നിമിഷം ക്ഷേമ ആനുകൂല്യങ്ങളും അതിന്റെ വർദ്ധനവും വാരിക്കോരി നൽകിയാൽ തെരഞ്ഞെടുപ്പിലത് വോട്ടായി മടക്കി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

സാമ്പത്തിക പ്രതിസന്ധിയും കെടുകാര്യസ്ഥതയും മൂലം പലവകുപ്പുകളുടെയും പ്രവർത്തനം പരാജയത്തിന്റെ പടുകുഴിയിലാണെങ്കിലും അതല്ല നമ്മൾ നേട്ടങ്ങളുടെ നിറുകയിലാണ്, ലോകോത്തര നിലയിലാണ് എന്ന് പ്രചരിപ്പിക്കുന്നതിന് സർക്കാർ കോടികൾ ചെലവഴിച്ച് നടത്തുന്ന ആഘോഷങ്ങളും കൺവൻഷൻ മാമാങ്കങ്ങളും മാധ്യമ പരസ്യങ്ങളും കൊണ്ട് ജനങ്ങൾക്ക് മുമ്പിൽ കുറവുകളെ മറച്ചുപിടിക്കാനാകുമോ എന്നും തിരഞ്ഞെടുപ്പ് കഴിഞ്ഞാലേ അറിയൂ,

2020 ൽ നിന്ന് വ്യത്യസ്തമായി യു.ഡി.എഫിന് അനുകൂലമായ നിരവധി ഘടകങ്ങൾ ഇത്തവണയുണ്ട്. അതിൽ പ്രധാനമായ ഒന്ന് കോൺഗ്രസിനും മുന്നണിക്കും അവരുടെ പരമ്പരാഗതവോട്ടർമാരുടെ നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുപിടിക്കാനായി എന്നതാണ്. വിവിധ സാമൂഹിക വിഭാഗങ്ങളും പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളുമായി കഴിഞ്ഞ തദ്ദേശ ഇലക്ഷൻ കാലത്തുണ്ടായിരുന്ന അകലം കുറച്ചുകൊണ്ടുവരുവാൻ കഴിഞ്ഞിട്ടുണ്ട്. കോൺഗ്രസ് പാർട്ടിയിൽ ഒരു കസേര ഒരേ സമയം പലർ ലക്ഷ്യം വയ്ക്കുന്നതിന്റെ പ്രശ്‌നങ്ങളുണ്ടെങ്കിലും പാർട്ടിയിൽ ഗ്രൂപ്പിസം തീരെ കുറയുകയും പാർട്ടിയുടെ സംഘടനാപരമായ കെട്ടുറപ്പ് വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടിയിൽ ഒരു യുവനേതൃത്വനിര വളർന്നുവന്നതും ഗുണകരമായി. അതിന്റെയെല്ലാം ഫലമായിട്ടാണ് ചേലക്കരയിലൊഴിച്ച് നിലമ്പൂർ വരെയുള്ള ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മിന്നുന്ന നേട്ടമുണ്ടാക്കാനായത്.

മുഖ്യമന്ത്രിക്കും സർക്കാരിനും സി.പി.എമ്മിനും എതിരെ ഉയർന്ന ഗുരുതരമായ പല ആരോപണങ്ങളിലും വിശ്വാസയോഗ്യമായ മറുപടി ഉണ്ടായിട്ടില്ലെങ്കിലും സർക്കാരിന്റെ ക്ഷേമസമ്മാനങ്ങളിലും പ്രചാരണ തന്ത്രങ്ങളിലും, വിഭവശേഷി ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പുപ്രവർത്തനങ്ങളിലും എൽ.ഡി.എഫ് പ്രതീക്ഷയർപ്പിക്കുമ്പോൾ തെരഞ്ഞെടുപ്പുകാല ഉത്സവബത്തകളിൽ മതിമയങ്ങി വോട്ടുകുത്തുന്നവരല്ല മലയാളികൾ എന്ന് ഇത്തവണ യു.ഡി.എഫ് നേതൃത്വം പ്രതീക്ഷിക്കുന്നു.

വിവാദങ്ങളെയെല്ലാം അവഗണിച്ച്, സർക്കാർ ഉണ്ടാക്കിയ വികസന നേട്ടങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും പറഞ്ഞ് വോട്ട് തേടാനാണ് സി.പി.എംന്റെ തീരുമാനം. ക്ഷേമപെൻഷൻ 2000 രൂപയാക്കിയതാണ് തുറുപ്പുചീട്ട്. 'നവകേരളം ഐശ്വര്യകേരളം ജനക്ഷേമ സർക്കാർ മുന്നോട്ട്. മൂന്നാമതും പിണറായി സർക്കാർ.' എന്നെല്ലാമുള്ള പ്രചാരണങ്ങളെ പൊള്ളയായ പ്രചരണമെന്ന നിലയിൽ തുറന്നുകാട്ടാൻ യു.ഡി.എഫും ആവുന്നത്ര ശ്രമിക്കുന്നുണ്ട്.

ഉദാഹരണത്തിന് ദേശീയപാതയുടെ വികസനം ഈ തദ്ദേശ ഇലക്ഷനിൽ വലിയ ഭരണനേട്ടമായി എൽ.ഡി.എഫ് ഉയർത്തിക്കാട്ടാനിരുന്നതാണ്. നിർമ്മാണത്തിലെ ഗുരുതരമായ പാളിച്ചകൾ ഉയർത്തിക്കാട്ടി പ്രതിപക്ഷം ആ നീക്കം പൊളിച്ചു. ആരോഗ്യരംഗത്ത് തുടർച്ചയായി സംഭവിക്കുന്ന വീഴ്ചകൾ, ശബരിമലയിലെ സ്വർണ്ണക്കൊള്ള എന്നിങ്ങനെ പ്രതിപക്ഷത്തിനാഘോഷിക്കാൻ വിഷയങ്ങൾ പോയ നാലര വർഷക്കാലം നിരവധിയായിരുന്നു.

ഏറ്റവും നിർണ്ണായകമായ കാര്യം കഴിഞ്ഞ 5 വർഷക്കാലം കൊണ്ട് കേരളത്തിൽ ബി.ജെ.പിക്കുണ്ടായ വളർച്ചയും അവർ പിടിക്കുന്ന വോട്ടും കേരളത്തിൽ എൽ.ഡി.എഫിന്റെയാണോ യു.ഡി.എഫിന്റെയാണോ വോട്ടുകൾ ചോർത്തുക എന്നുള്ളതാണ്. ലോക്‌സഭാ ഇലക്ഷനിൽ സി.പി.എമ്മിന്റെ വോട്ട് ബി.ജെ.പിക്ക് ചോർന്നു എന്ന് സി.പി.എം നേതൃത്വം തുറന്നു സമ്മതിച്ചിരുന്നു. ആ ചോർച്ച തടയുന്നതിനാണ് വെള്ളാപ്പള്ളി നടേശനേയും, ജി. സുകുമാരൻ നായരേയും മറ്റും മുഖ്യമന്ത്രി കൂടുതൽ ചേർത്തുപിടിച്ചത് എന്നും എല്ലാവർക്കും അറിയാം.

അതുപോലെ സി.പി.എം ദേശീയതലത്തിൽ ഇന്ത്യാസഖ്യത്തിന്റെ ഭാഗമാണെങ്കിലും കേരളത്തിൽ കോൺഗ്രസിനെ ദുർബലപ്പെടുത്തുന്ന കാര്യത്തിൽ കേരളത്തിൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഒരേ മനസ്സാണ്. അതിനുമപ്പുറം കേരള മുഖ്യമന്ത്രിയെ അന്വേഷണ ഏജൻസികളെ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ബ്ലാക്ക്‌മെയിൽ ചെയ്യും പോലെ ഭീഷണിപ്പെടുത്തുന്നതുകൊണ്ടാണ് കേരളം അർഹിക്കുന്ന പല ആനുകൂല്യങ്ങൾ കേന്ദ്രം നിഷേധിച്ചിട്ടും ഒരു പരിധിക്കപ്പുറം കേരളം ശക്തമായി പ്രതികരിക്കാത്തതെന്നും കരുതുന്നവർ ഏറെയാണ്. കേരളത്തിലെ സി.പി.എം ബി.ജെ.പിയോട് കാട്ടുന്ന മൃദുസമീപനത്തിന് പിഎംശ്രീ പദ്ധതി വിവാദം കൂടുതൽ വിശ്വാസ്യത നൽകിയിട്ടുമുണ്ട്. അതുകൊണ്ടൊക്കെത്തന്നെ ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ ദുർബലമാക്കുക എൽ.ഡി.എഫിനെയാണോ യു.ഡി.എഫിനെയാണോ എന്ന ചോദ്യം പ്രസക്തമാകുന്നത്.

കേരളത്തിൽ ഏത് തിരഞ്ഞെടുപ്പിലും നിഷ്പക്ഷമതികളുടെ വോട്ടുനിർണ്ണായകമാണ്. ഇത്തവണ ആ വോട്ടുകൾ യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. അതിനുമപ്പുറം സി.പി.എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തിലും, ഏകാധിപത്യരീതിയിലും മനം മടുത്തു നിരാശരായി കഴിയുന്ന ഇടതുപക്ഷ ചിന്താഗതിക്കാരുടെ, ഉദാഹരണത്തിന് ആശാസമരത്തോടും മറ്റും സ്വീകരിച്ച ധാർഷ്ട്യ സമീപനത്തോട് വിയോജിപ്പുള്ള ഇടതുപക്ഷ മനസ്സുകളുടെ വോട്ട് ഇത്തവണ തങ്ങൾക്ക് ലഭിക്കും എന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും എൽ.ഡി.എഫിന് 2020 ലെ പോലെ മികച്ച ഒരു വിജയം ലഭിക്കില്ല. ബി.ജെ.പിയുടെ പ്രാദേശിക ജനപ്രതിനിധികളുടെ എണ്ണം വർദ്ധിക്കുമെന്നതും ഉറപ്പാണ്. യു.ഡി.എഫ് നില മെച്ചപ്പെടുത്തും എന്നതിനും സംശയിക്കേണ്ടതില്ല.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img