
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ നിൽക്കുന്ന കേരളത്തിൽ രാഷ്ട്രീയ ചിത്രം തെളിയുന്നു. 140 മണ്ഡലങ്ങളിലും പോരാട്ടം ശക്തമാണെങ്കിലും, ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന് നിശ്ചയിക്കുന്നതിൽ നിർണ്ണായകമാകുന്ന ചില മണ്ഡലങ്ങളിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. പ്രമുഖ നേതാക്കളുടെ സാന്നിധ്യവും ത്രികോണ മത്സരങ്ങളും ഈ മണ്ഡലങ്ങളെ ശ്രദ്ധാകേന്ദ്രമാക്കുന്നു.
നേമം: അക്കൗണ്ട് തുറക്കാൻ ബിജെപി, കോട്ട കാക്കാൻ ഇടതും വലതും
ബിജെപി ആദ്യമായി കേരള നിയമസഭയിൽ അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. ഇത്തവണ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എൻഡിഎ സ്ഥാനാർത്ഥിയായി എത്തുന്നതോടെ മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധ നേടുന്നു. മന്ത്രി വി. ശിവൻകുട്ടി എൽഡിഎഫിനായി പോരിനിറങ്ങുമ്പോൾ, മുൻ എംഎൽഎയും നിലവിൽ കോർപ്പറേഷൻ കൗൺസിലറുമായ കെ.എസ്. ശബരീനാഥനാണ് യുഡിഎഫ് സ്ഥാനാർത്ഥി.
പേരാവൂർ: വീണ്ടും മുഖാമുഖം സണ്ണി ജോസഫും ശൈലജ ടീച്ചറും
കണ്ണൂരിലെ മലയോര മണ്ഡലമായ പേരാവൂരിൽ 15 വർഷങ്ങൾക്ക് ശേഷം സണ്ണി ജോസഫും കെ.കെ. ശൈലജയും വീണ്ടും ഏറ്റുമുട്ടുന്നു. നിലവിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റായ സണ്ണി ജോസഫ് യുഡിഎഫ് കോട്ട നിലനിർത്താൻ ശ്രമിക്കുമ്പോൾ, മുൻ ആരോഗ്യ മന്ത്രിയുടെ ജനസമ്മിതിയിൽ മണ്ഡലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
പാലക്കാട്:ആവേശപ്പോരിലേക്ക് കോമഡി പിഷാരഡിയും എൻ.എം.ആർ റസാഖും
ബിജെപിയുടെ ശോഭാ സുരേന്ദ്രന്റെ ശക്തമായ സാന്നിധ്യവും പാലക്കാട്ടെ പോരാട്ടം പ്രവചനാതീതമാക്കുന്നു. എൽഡിഎഫ് സ്വതന്ത്രനായി ഹോട്ടൽ വ്യവസായി എൻ.എം.ആർ റസാഖ് എത്തുന്നതോടെ മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്.
വട്ടിയൂർക്കാവ്: പ്രശാന്തിനെതിരെ ശ്രീലേഖയും,മുരളീധരനും
സിറ്റിംഗ് എംഎൽഎ വി.കെ. പ്രശാന്തിനെ നേരിടാൻ യുഡിഎഫിനായി കരുത്തനായ കെ. മുരളീധരൻ എത്തുന്നു. മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ. ശ്രീലേഖയെ ബിജെപി കളത്തിലിറക്കിയതോടെ തലസ്ഥാനത്തെ ഈ മണ്ഡലത്തിൽ വോട്ടുകൾ ആർക്കൊപ്പം നിൽക്കുമെന്ന് കാത്തിരുന്നു കാണണം.
മഞ്ചേശ്വരം: 87 വോട്ടിന്റെ പക വീട്ടാൻ കെ. സുരേന്ദ്രൻ
കഴിഞ്ഞ തവണ വെറും 89 വോട്ടുകൾക്ക് കൈവിട്ട മഞ്ചേശ്വരം പിടിക്കാൻ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വീണ്ടും ഇറങ്ങുന്നു. സിറ്റിംഗ് എംഎൽഎ എ.കെ.എം. അഷ്‌റഫിലൂടെ മണ്ഡലം നിലനിർത്താൻ യുഡിഎഫും കെ.ആർ. ജയാനന്ദനിലൂടെ വോട്ടുവിഹിതം കൂട്ടാൻ എൽഡിഎഫും സജീവമാണ്.
ചാത്തന്നൂർ: ബിജെപിയുടെ 'രണ്ടാം സ്ഥാനം' ഒന്നാകുമോ?
കഴിഞ്ഞ രണ്ട് തവണയും ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലമാണ് ചാത്തന്നൂർ. സിറ്റിംഗ് എംഎൽഎ ജി.എസ്. ജയലാലിന് പകരം സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. രാജേന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ബി.ബി. ഗോപകുമാർ ബിജെപിക്കായും സൂരജ് രവി കോൺഗ്രസിനായും ജനവിധി തേടുന്നു.
മറ്റ് പ്രധാന പോരാട്ടങ്ങൾ:
തൃശ്ശൂർ:
ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റം നിയമസഭയിലും പ്രതിഫലിക്കുമോ എന്നാണ് തൃശ്ശൂർ ഉറ്റുനോക്കുന്നത്. എട്ട് തവണ കോൺഗ്രസിനെ തുണച്ച മണ്ഡലത്തിൽ ഇത്തവണ കടുത്ത മത്സരമാണ്.
ആലപ്പുഴ:
ഇടതുപക്ഷത്തിന് മേൽക്കൈയുള്ള മണ്ഡലത്തിൽ യുഡിഎഫിന്റെ തോമസും എൽഡിഎഫിന്റെ പി.പി. ചിത്തരഞ്ജനും തമ്മിലാണ് പ്രധാന പോരാട്ടം. എൻഡിഎ സ്ഥാനാർത്ഥിയായി എം.ജെ. ജോബും രംഗത്തുണ്ട്.











