
ദോഹ: പ്രവാസി മലയാളി കൂട്ടായ്മകളടക്കമുള്ള ഖത്തറിലെ വാഹന പ്രേമികളെയും ബൈക്ക് റൈഡർമാരെയും ആവേശത്തിലാഴ്ത്തി 'കാർ മജ്ലിസ്' (Car Majlis) പ്രദർശനം ശ്രദ്ധേയമാകുന്നു. ഓൾഡ് ദോഹ പോർട്ടിന് സമീപമുള്ള ഫ്ലാഗ് പ്ലാസയിലാണ് അത്യാധുനിക രീതിയിൽ മാറ്റങ്ങൾ വരുത്തിയ (Tuned & Custom Built) കാറുകളുടെയും ആഡംബര സ്പോർട്സ് വാഹനങ്ങളുടെയും വിപുലമായ പ്രദർശനം അരങ്ങേറിയത്. അവധിദിനം ആഘോഷമാക്കാൻ കുടുംബങ്ങളടക്കം നിരവധി സന്ദർശകരാണ് ഫ്ലാഗ് പ്ലാസയിലേക്ക് ഒഴുകിയെത്തിയത്.
കാഴ്ചക്കാരുടെ കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള മോഡിഫിക്കേഷനുകളുമായി എത്തിയ വാഹനങ്ങളാണ് ഇത്തവണത്തെ പ്രധാന ആകർഷണം.ഫോർഡ് മസ്താങ് (Ford Mustang), നിസ്സാൻ ജിടി-ആർ (Nissan GT-R), ഹോണ്ട, കോർവെറ്റ് (Corvette), ലോട്ടസ് (Lotus) തുടങ്ങിയ പ്രമുഖ സ്പോർട്സ് കാറുകൾ പ്രദർശനത്തിന് അണിനിരന്നു.മുകളിലേക്ക് തുറക്കുന്ന സിസ്സർ ഡോറുകൾ (Scissor doors), റേസിംഗ് ഡിസൈനുകൾ, കൂറ്റൻ സ്പോയിലറുകൾ, ട്യൂൺ ചെയ്ത കരുത്തുറ്റ എഞ്ചിനുകൾ എന്നിവയോടെയാണ് പല വാഹനങ്ങളും എത്തിയിരുന്നത്.ബൈക്ക് പ്രേമികളുടെ ഹരമായ 'ഹാർലി-ഡേവിഡ്സൺ' (Harley-Davidson) മോട്ടോർസൈക്കിളുകളുടെ വൻ ശേഖരവും റൈഡർമാരും പ്രദർശനത്തിന് മാറ്റുകൂട്ടി.ഖത്തറിലെ പ്രമുഖ മോട്ടോർ ക്ലബ്ബായ 'മവാതർ സെന്ററുമായി' (Mawater Centre) സഹകരിച്ച് നടത്തുന്ന കാർ മജ്ലിസ് ഒത്തുചേരലുകൾക്ക് വലിയ ജനപ്രീതിയാണ് രാജ്യത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഈ വർഷമാദ്യം പ്രശസ്തമായ 'ഫ്യുവൽ ഫെസ്റ്റ്' (FuelFest) മിഡിൽ ഈസ്റ്റിൽ ആദ്യമായി ദോഹയിൽ അരങ്ങേറിയതോടെ, മേഖലയിലെ കാർ സംസ്കാരത്തിന്റെ പ്രധാന കേന്ദ്രമായി ഖത്തർ മാറിക്കഴിഞ്ഞു. അതിന്റെ തുടർച്ചയാണ് ഫ്ലാഗ് പ്ലാസയിൽ കാണുന്ന ഈ ജനപങ്കാളിത്തമെന്ന്
സംഘാടകർ വ്യക്തമാക്കി.കേവലമൊരു പ്രദർശനം എന്നതിനപ്പുറം വാഹനങ്ങളുടെ സാങ്കേതിക വിദ്യകളെക്കുറിച്ചും കസ്റ്റമൈസേഷനെക്കുറിച്ചും പരസ്പരം പങ്കുവെക്കാനും ഫോട്ടോഗ്രഫി ആസ്വദിക്കാനുമുള്ള മികച്ചൊരു വേദിയായി 'കാർ മജ്ലിസ്' മാറി.











