
നിയമകാര്യലേഖകൻ
ന്യൂഡൽഹി: ജനങ്ങൾ നീതി തേടി കോടതികളെ സമീപിക്കുമ്പോൾ കീഴ്ക്കോടതി ജഡ്ജിമാർ സർവീസ് ആനുകൂല്യങ്ങളെക്കുറിച്ചും വിരമിക്കൽ പ്രായം വർധിപ്പിക്കുന്നതിനെക്കുറിച്ചുമാണ് ചിന്തിക്കുന്നതെന്ന് സുപ്രീംകോടതിയുടെ വിമർശനം. കേരളത്തിലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരാമർശം നടത്തിയത്.
സർവീസിലിരിക്കുമ്പോഴും വിരമിക്കുമ്പോഴും ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചാണ് ജഡ്ജിമാരുടെ ചിന്തയെന്ന് കോടതി വിമർശിച്ചു. ജനങ്ങൾ കോടതികളിൽ കയറിയിറങ്ങുമ്പോൾ വിരമിക്കൽ പ്രായം വർധിപ്പിക്കണമെന്ന കാര്യമാണ് അവർ ആലോചിക്കുന്നതെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.
രാവിലെ പത്തുമണിക്ക് സിറ്റിങ് തുടങ്ങാതെ ചേംബറിൽ കാപ്പി കുടിച്ചിരിക്കുകയാണെന്നും കോടതി വിമർശിച്ചു. സുപ്രീംകോടതിക്ക് ഇതൊന്നും അറിയില്ലെന്നാണോ കരുതുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.










