06:57pm 05 September 2026
NEWS



പാതിവില തട്ടിപ്പ് കേസിൽ രമേശ് ചെന്നിത്തല പ്രതികരിക്കാത്തതിന് പിന്നിലെ ര​ഹസ്യമെന്ത്?

08/02/2025  04:43 PM IST
nila
   പാതിവില തട്ടിപ്പ് കേസിൽ രമേശ് ചെന്നിത്തല പ്രതികരിക്കാത്തതിന് പിന്നിലെ ര​ഹസ്യമെന്ത്?

ആലപ്പുഴ: പാതിവില തട്ടിപ്പ് കേസിൽ പല രാഷ്ട്രീയ നേതാക്കളും സംശയത്തിന്റെ മുൾമുനയിൽ നിൽക്കുമ്പോഴും മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിഷയത്തിൽ പ്രതികരിക്കാത്തതിന് പിന്നിലെ രഹസ്യമെന്ത് എന്ന ചോ​ദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്ക് കേരളത്തിൽ നടക്കുന്ന ഈ തട്ടിപ്പിനെ കുറിച്ച് നേരത്തേതന്നെ വിവരം ലഭിച്ചിരുന്നു എന്നും സൂചനയുണ്ട്. തട്ടിപ്പുസംഘം ചെന്നിത്തലയെ സമീപിച്ചിരുന്നെന്നും എന്നാൽ, ഇത് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ചെന്നിത്തല തട്ടിപ്പ് സംഘത്തിന്റെ ഉപകരണമാകാൻ നിന്നു കൊടുത്തില്ല എന്നുമാണ് വിവരം. 

കോൺ​ഗ്രസിനുള്ളിൽ കെ സുധാകരൻ - വി ഡി സതീശൻ അധികാര തർക്കം രൂക്ഷമാകുമ്പോഴും അതിന്റെ പക്ഷം പിടിക്കാനോ തർക്കം പരിഹരിക്കാനോ ശ്രമിക്കാതെ തന്റേതായ വഴികളിലൂടെ പാർട്ടിക്കുള്ളിലും പൊതുസമൂഹത്തിലും പിന്തുണ ആർജ്ജിക്കാൻ രമേശ് ചെന്നിത്തല നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ പലപ്പോഴും ഉയർന്നുവരുന്ന ചർച്ചയാണ്. അത്തരം നീക്കങ്ങളിൽ ഒരുപരിധിവരെ ചെന്നിത്തല വിജയം കാണുകയും ചെയ്തിട്ടുണ്ട്. പ്രതിപക്ഷ നേതാവിനെക്കാൾ ജാ​ഗ്രതയോടെ പല വിഷയങ്ങളും പഠിച്ച് സർക്കാരിനെതിരെ ഉയർത്താനും ചെന്നിത്തല ശ്രമിക്കാറുണ്ട്. എന്നാൽ, പാതിവില തട്ടിപ്പ് കേസിൽ പല കോൺ​ഗ്രസ് നേതാക്കളുടെയും പേര് ഉയർന്നു വരികയും നിരവധി കോൺ​ഗ്രസ് നേതാക്കൾ ഈ വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തിട്ടും രമേശ് ചെന്നിത്തല വിഷയം അറിഞ്ഞതായി പോലും നടിക്കുന്നില്ല. 

 പ്രതികൾ മുതിർന്ന കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയേയും സമീപിച്ചിരുന്നു എന്നാണ് സൂചന. എന്നാൽ, പദ്ധതിയെ കുറിച്ച് അദ്ദേഹം നടത്തിയ അന്വേഷണത്തിൽ ഇത് ശുദ്ധ തട്ടിപ്പാണെന്നും രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ള ഉന്നതരെ ഉയർത്തിക്കാട്ടി കേരളത്തിലാകെ തട്ടിപ്പ് നടത്തുകയാണ് സംഘത്തിന്റെ പദ്ധതിയെന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു എന്നും പറയപ്പെടുന്നു. എന്നാൽ, അപ്പോഴും അതിന് ശേഷവും പിന്നീട് ഇപ്പോഴും അദ്ദേഹം ഇതിനെ കുറിച്ച് ഒരക്ഷരം പോലും സംസാരിക്കാത്തത് എന്തു കൊണ്ട് എന്നതിലെ ​ദുരൂഹതയിലേക്കാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ചർച്ചകൾ വിരൽ ചൂണ്ടുന്നത്. 

ആലപ്പുഴ ജില്ലയിൽ വ്യാപകമായി സംഘം തട്ടിപ്പ് നടത്തിയിരുന്നു എന്നാണ് വിവരം. ​ഗൾഫിൽ നിന്നും മടങ്ങിയെത്തിയവരെയും യുവതികളെയുമാണ് പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് കെണിയിൽപെടുത്തിയത്. ഇത്തരത്തിൽ ഇരകളാക്കപ്പെടുന്നവരുടെ കൂട്ടായ്മകളും തട്ടിപ്പ് സംഘം സംഘടിപ്പിച്ചിരുന്നത്രെ. ഈ മീറ്റിം​ഗുകളിൽ ചെന്നിത്തലയേയും പങ്കെടുപ്പിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാൽ, തട്ടിപ്പിന് താൻ കൂട്ട് നിൽക്കില്ലെന്ന് ചെന്നിത്തല നിലപാടെടുത്തതോടെ മുൻ ആലപ്പുഴ എംപി എഎം ആരിഫിനെ സമീപിക്കുകയായിരുന്നു. ആരിഫ് ഇത്തരം മീറ്റിം​ഗുകളിൽ പങ്കെടുത്തിരുന്നു എന്നും പറയപ്പെടുന്നു. ആരിഫിനെ പോലെ സിപിഎമ്മിന്റെ പ്രമുഖ നേതാവിനെതിരെ പോലും ഈ വിഷയത്തിൽ ചെന്നിത്തല പ്രതികരിക്കാത്തത് കോൺ​ഗ്രസിലെ കൂടുതൽ നേതാക്കളെ സംരക്ഷിക്കാനാണോ എന്ന ചോദ്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.