05:00am 07 November 2026
NEWS
താരാരാധന മൂത്ത് ജീവൻ ബലി നൽകണോ? ചിന്ന സ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത്..
07/06/2025  06:47 PM IST
nila
താരാരാധന മൂത്ത് ജീവൻ ബലി നൽകണോ? ചിന്ന സ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത്..

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തം ഇപ്പോൾ വലിയ ചർച്ചയാകുകയാണല്ലോ. എന്താണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ സംഭവിച്ചത്? എന്താണ് ഐപിഎൽ എന്ന പേരിൽ ഇന്ത്യയിൽ നടക്കുന്നത്? താരാരാധന മൂത്ത് ഒരു നാടും ജനതയും എങ്ങോട്ടാണ് പോകുന്നത്? നമ്മെ ആശങ്കപ്പെടുത്തുന്ന ഒരുപിടി ചോദ്യങ്ങളാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആൾക്കൂട്ട ദുരന്തം നമുക്ക് മുന്നിൽ ഉയർത്തുന്നത്. 

ഐപിഎൽ ജേതാക്കൾക്കുള്ള സ്വീകരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേർക്കാണ് ജീവൻ നഷ്ടമായത്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിങ്സിനെ 6 റൺസിന് തോൽപ്പിച്ചതിന്റെ വിജയഘോഷത്തിൽ 11 ജീവനുകൾ കുരുതികൊടുത്തു എന്ന് പറയുന്നതാകും കൂടുതൽ ശരി. ഒട്ടേറെ പേർക്കാണ് പരിക്കേറ്റത്. ദുരന്തം അവിടെ നിൽക്കട്ടെ. എന്താണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്നത് എന്ന് നമുക്ക് ആദ്യം പരിശോധിക്കാം..

ജൂൺ നാല് രാവിലെയാണ് റോയൽ ചലഞ്ചേഴ്സ് ബെം​ഗളുരുവിന്റെ ആരാധകർ ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ഒഴുകി‌യെത്തിയത്. തങ്ങളുടെ ഇഷ്ട ടീം ഐപിഎല്ലിൽ കന്നിക്കിരീടം നേടിയതിന്റെ ആഘോഷം. ലോകകപ്പ് നേടിയ ശേഷം ടീമുകൾ തങ്ങളുടെ രാജ്യത്ത് തിരിച്ചെത്തി നടത്തുന്ന വിക്ടറി പരേഡിന് തുല്യമായ ആഘോഷം. ആർസിബിയുടെ പ്രധാന താരമായ വിരാട് കോലിയുടെ മുഖത്ത് ഒരു മഹായുദ്ധം ജയിച്ച പ്രതീതി. അത് ഫൈനൽ വിജയം മുതൽക്കേ അങ്ങിനെയാണ്.

ഒരു ക്ലബ് ക്രിക്കറ്റിൽ കപ്പടിച്ചതിന് ഇത്രവലിയ ആഘോഷത്തിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യം ഒരു കോണിൽ നിന്നും ഉയർന്നില്ല. ഉല്ലാസത്തിനും വിനോദത്തിനും അപ്പുറം തികച്ചും വാണിജ്യവത്ക്കരിക്കപ്പെട്ട ഒരു സംവിധാനമാണ് ഇന്ത്യൻ പ്രീമിയർ ലീ​ഗ്. കോടികളുടെ താരലേലവും അതിലും വലിയ കോടികളുടെ പരസ്യവും എല്ലാമായി പണത്തിന്റെ അതിപ്രസരം. വിജയിക്കുന്ന ടീമുകൾക്ക് ലഭിക്കുന്ന സമ്മാനതുകയല്ല, അതിലൂടെ ഉയരുന്ന താരമൂല്യവും ലേല മൂല്യവുമാണ് താരങ്ങളും കണ്ണുവെക്കുന്നത്. നല്ല പെർഫോമൻസ് കാഴ്ച്ചവെക്കുന്ന താരങ്ങളെ അടുത്ത സീസണിൽ വലിയ വില നൽകിയാകും ടീമുകൾ സ്വന്തമാക്കുക. പരസ്യ കരാറിലൂടെ ലഭിക്കുന്ന കോടികൾ വേറെയും. 

ഓരോ ക്ലബ്ബിനും കോടിക്കണക്കിന് ആരാധകരുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് എന്ന വികാരത്തിനും മുകളിൽ ക്ലബ് ക്രിക്കറ്റ് എന്ന വികാരം വളർന്നു വരികയാണ്. സ്വജീവൻ പോലും വകവെക്കാതെ വലിയ ആൾക്കൂട്ടത്തിലേക്ക് തള്ളിക്കയറി നിൽക്കാൻ പോലും മടിയില്ലാത്ത ആരാധകർ. വരും നാളുകളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രതാപം നഷ്ടപ്പെടുകയാണെങ്കിൽ അതിന് കാരണം ഐപിഎൽ ആണെന്ന് പറയേണ്ടി വരും. 

ഐപിഎൽ എങ്ങനെയാണ് ഇന്ത്യൻ ക്രിക്കറ്റിന് വില്ലനാകുന്നത്? ഐപിഎല്ലിൽ പരസ്പരം മത്സരിക്കുന്ന താരങ്ങളാണ് ഇന്ത്യൻ ടീമിൽ ഒരുമിച്ച് മത്സരിക്കുന്നത്. മാസങ്ങളോളം പരസ്പരം മത്സരിക്കുകയും വെല്ലുവിളിക്കുകയും വാശിയോടെ പൊരുതുകയും ചെയ്തവർക്ക് എങ്ങനെയാണ് ഒരുമനസും ശരീരവുമായി ഒരുമിച്ച് കളിക്കാനാകുക? അഭിനേതാക്കളല്ല, കായികതാരങ്ങളാണ് ഇവരെന്നോർക്കണം. സ്വാഭാവികമായും പരസ്പരം പകയും വിദ്വേഷവും കൊണ്ടുനടന്നവർ തൊടടുത്ത സമയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകാവുന്ന സകല പ്രശ്നങ്ങളും ഇന്ത്യൻ ക്രിക്കറ്റിലുമുണ്ടാകും.

പത്തുപതിനെട്ട് കൊല്ലമായിട്ട് ഉണ്ടാകാത്ത പ്രശ്നം ഇപ്പോഴാണോ ഉണ്ടാകുന്നത് എന്ന ചോദ്യം ഉയരുക സ്വാഭാവികം. ഐപിഎല്ലിന്റെ ആദ്യകാലത്തേക്കാൾ വീറും വാശിയും പണാധിപത്യവുമെല്ലാം വർധിച്ച് കഴിഞ്ഞു. മത്സരം കഴിഞ്ഞാൽ പരസ്പരം കെട്ടിപ്പിടിച്ചും ഹസ്തദാനം നൽകിയും കളംവിടുന്ന സ്പോർട്സ്മാൻ സ്പിരിറ്റൊക്കെ അപ്രത്യക്ഷമാകുന്ന കാലമാണ്. വിശ്വം ജയിച്ച ഹുങ്കുമായി നിൽക്കുന്ന ടീം ക്യാപ്റ്റന്റെ ദൃശ്യങ്ങളിലേക്ക് നമ്മളെത്തിക്കഴിഞ്ഞു. 

 ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ കാര്യമാണ് കഷ്ടം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിൽ മരിച്ചത് സാധാരണക്കാരായ ആരാധകരാണ്. കർണാടക സർക്കാരിനെ കുറ്റപ്പെടുത്തി ബിജെപി രം​ഗത്ത് വരികയും ചെയ്തു. കർണാടക മുഖ്യമന്ത്രി ആ കുറ്റപ്പെടുത്തലിനോട് പ്രതികരിച്ചതാണ് അതിലും വലിയ ദുരന്തം. കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് നിരവധിപേർ മരിച്ചില്ലേ എന്ന മറുചോദ്യമാണ് കർണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ ഉയർത്തിയത്. അന്ന് ഞങ്ങൾ നിങ്ങളെ കുറ്റപ്പെടുത്തിയില്ലല്ലോ എന്ന വിശദീകരണ ചോദ്യവും സിദ്ധാരാമയ്യ കൂട്ടിച്ചേർക്കുന്നുണ്ട്. കുംഭമേളയിലെ മരണം കൊണ്ട് ചിന്നസ്വാമി സ്റ്റേഡിയത്തിലെ മരണത്തെ സാധൂകരിക്കാനാണ് കർണാടക മുഖ്യമന്ത്രി ശ്രമിക്കുന്നത്.

മനുഷ്യന്റെ ജീവൻ, അത് കുംഭമേളയിലാണെങ്കിലും ചിന്നസ്വാമി സ്റ്റേഡിയത്തിലാണെങ്കിലും വിലയുള്ളതാണ്. ഓരോ കുടുംബത്തിന്റെയും അത്താണിയും പ്രതീക്ഷകളുമാകും ആ പിടഞ്ഞുവീണ് മരിച്ച മനുഷ്യർ. ഇനിയും ഈ ലോകം കണ്ട് എത്രയോ നാൾ ജീവിക്കേണ്ടിയിരുന്നവർ. എന്നാൽ, ഭക്തിയുടെയും താരാരാധനയുടെയും പേരിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുമ്പോഴും പരസ്പരം പഴിപറഞ്ഞും ഒഴിഞ്ഞുമാറിയും സംഭവങ്ങളെ നിസ്സാരവത്ക്കരിച്ചും പോകുന്ന അധികാരി വർ​ഗവും ഈ നാടിന്റെ മറ്റൊരു ദുരന്തമാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img