
എന്തൊക്കേയാണഢോ ഈ അച്ഛൻ ഇക്കാലത്തിനിടയിൽ കണ്ടത്? മാറ്റിയിടാൻ ഷർട്ടില്ലാതെ വന്ന് അച്ഛൻ ഇളം പ്രായത്തിൽ ഹോട്ടലിൽ തുടങ്ങുന്നു. മുഷിഞ്ഞ വസ്ത്രം മാറാൻ പാങ്ങില്ലാതെ പഠനം മുടക്കിയാണ് ആ മേശതുടപ്പ്. അതിൽ ഒട്ടും മോശം പറയാനില്ല. എത്രയോ ദുരിതബാല്യങ്ങൾ പിന്നീട് സ്വാതന്ത്ര്യം തന്ന ജനാധിപത്യ അവകാശങ്ങൾ ഉപയോഗിച്ച് വലിയ വിജയമായിരിക്കുന്നു. അവിടെ നിന്ന് അച്ഛൻ എവിടെയെല്ലാം എത്തിപ്പെട്ടു, എന്തെല്ലാം അച്ഛൻ വെട്ടിപ്പിടിച്ചഢോ!
മുപ്പതു കൊല്ലം സ്വന്തം സംഘടനയിൽ ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ അധികാരത്തിൽ തുടർന്നില്ലേ? എതിരാളികൾ മുഴുവൻ ഒരവസരത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അക്കാലത്ത് 'അഡ്രസ്സില്ലാതെയായി'. എന്തിന് ഇപ്പോൾ കൊണ്ടുപിടിച്ച് തിരുത്തുന്ന നേതൃത്വത്തെപ്പോലും നാട്ടിൽനിന്നും അച്ഛൻ കരുതിക്കൂട്ടി നിഷ്ക്കാസനം ചെയ്തതാണെന്ന് ഓർത്താൽ... നേതൃത്വത്തെപ്പോലും നിശ്ചയിക്കുന്ന ഔന്നത്യം എന്ന് അച്ഛനെ ഓർത്തു സാഭിമാനം പറയാം. മകന് അച്ഛൻ; അച്ഛന് മകൻ എന്ന മട്ട്. Child is the father of man എന്ന് സായ്പ് പണ്ടു പറഞ്ഞ മാതിരി.
ഇനി മക്കളുടെ കാര്യം തന്നെ എടുക്കൂ. എഞ്ചിനീയറിംഗ് പഠിക്കാൻ മിനിമം മാർക്കും യോഗ്യതയും കൈവരിക്കാത്ത മക്കൾ. അതുകൊണ്ട് അവർക്ക് അതു സാധ്യമാകാതെ വന്നോ? ഇല്ല. അസാധ്യമായത് സാധ്യമാക്കുന്നവനാണ് നേതാവ്. പാർട്ടിയും എസ്.എഫ്.ഐയും വെടിയുണ്ടയ്ക്കായി വിരിമാറ് വിരിച്ചു പോരാടുമ്പോൾ അച്ഛൻ രാത്രിക്ക് രാത്രി വണ്ടിക്ക് സംസ്ഥാനാതിർത്തിക്ക് തൊട്ടു പുറത്തേക്ക് പോകുന്നു. ആൾ ദൈവം എന്ന് പാർട്ടി ചാനൽ പിന്നീട് വിമർശിച്ച വ്യക്തി സ്ഥാപിച്ച സ്വകാര്യ സർവ്വകലാശാലയുടെ എഞ്ചിനീയറിംഗ് കോളേജിലും കൊച്ചിയിലെ ഉഗ്ര സ്വാശ്രയ കോളേജിലും മകനെയും പഠിപ്പിക്കുന്നു.
പഠനശേഷം മകൾ സർക്കാരുമായി വൻ ഇടപാടുകളുള്ള പ്രവാസി വ്യവസായി അതേ വർഷം സ്ഥാപിച്ച ഐ.ടി. കമ്പനിയിൽ അഞ്ചു കൊല്ലത്തെ പ്രവൃത്തി പരിചയം മാത്രമായി ചീഫ് എക്സിക്യൂട്ടാവുന്നു. മകൻ ഒരു കോടിയിൽപ്പരം ചിലവു വരുന്ന രീതിയിൽ വിദേശ സർവ്വകലാശാലയിൽ എം.ബി.എ ചെയ്യുന്നു. അനന്തരം രാജ്യാന്തര ബാങ്കിൽ എക്സിക്യൂട്ടാവുന്നു. പാർട്ടിയും എസ്.എഫ്.ഐയും സ്വാശ്രയ കോളേജുകളോടും വിദേശ സർവ്വകലാശാലകളോടും കടുത്ത എതിർപ്പു തുടരുന്നതിനിടെയാണ് അച്ഛനിതു പരസ്യമായി ചെയ്യുന്നത്. എന്താ ചെയ്തുകൂടെ? മറ്റ് കമ്മ്യൂണിസ്റ്റുകാരുടെ മക്കളൊക്കെ ജെ.എൻ.യുവിൽക്കിടന്ന് സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതുകയാണ് എന്നോർക്കണം. അപ്പോഴാണ് അച്ഛൻ പ്രത്യയശാസ്ത്രത്തിനാകെ കൂട്ടയവധി കൊടുത്തുകൊണ്ട് മക്കളെ നല്ലനിലയിലാക്കാൻ കോയമ്പത്തൂരും ബർമ്മിംഗ്ഹാമിലും സ്വകാര്യ സ്ഥാപനങ്ങളിൽ അയക്കുന്നത്. മെരിറ്റധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ നാട്ടുകാരുടെ മക്കൾക്ക് ഉച്ചക്കഞ്ഞി സ്ക്കൂൾ; കപ്പത്തണ്ട് ടെസ്റ്റ്യൂബ് കോളേജ്. നമുക്കതു പറ്റില്ല എന്ന് അച്ഛനറിയാം. അതാണഢോ ഈ അച്ഛൻ!
കഴിഞ്ഞില്ലല്ലോ! പാസ്സായ മകൾക്ക് സ്വന്തം നിലയ്ക്ക് വ്യവസായ സംരംഭം തുടങ്ങണം, പക്ഷേ വേണ്ടത്ര പണമില്ല. സാരമില്ല; അമ്മ പ്രൈമറി സ്കൂളിൽ നിന്നും പെൻഷനായ തുകയ്ക്ക് നമ്മൾ നമ്മുടേതായ ഒരു കമ്പനി തുടങ്ങുക തന്നെ. ചെറിയ കമ്പനി മതി. ബിൽഗേറ്റ്സിന്റെയും സ്റ്റീവ് ജോബ്സിന്റെയും മറ്റും അത്ര വലിയ കമ്പനിയല്ല. ചെറിയ സാഹചര്യങ്ങളിൽ ഒരു ചെറിയ കമ്പനി. ചിന്ന കമ്പനി. അതിപ്പോൾ വ്യവസായ സൗഹൃദമല്ലാത്ത കേരളത്തിൽ നമ്മൾ സൂചിപ്പിക്കുന്ന ഐ.ടി തീരേ വേണ്ട. നമ്മൾ തുരുതുരാ പണിമുടക്കുന്നതുമൂലം വ്യവസായം ഇല്ലാത്തതുകൊണ്ട് ചില്ലറ വ്യവസായം നടക്കാൻ സാധ്യതയുള്ള കന്നടദേശത്തു മതി. അങ്ങനെ നമ്മുടെ പാർട്ടി ആസ്ഥാനത്തിന്റെ മേൽവിലാസത്തിൽ നമ്മൾ കന്നടരാജ്യത്തു സ്ഥാപിക്കുന്ന പെൻഷൻ മാത്രം ചില്ലറ മൂലധനമാക്കിയ വെർച്ച്വൽ ക്യാപിറ്റൽ കമ്പനി.
ഇനി കമ്പനി ഉദ്ദേശിച്ചതു പോലെ മുന്നോട്ടു പോയില്ലെങ്കിലെന്ത്? ഈ അച്ഛനുണ്ടല്ലോ. അച്ഛന്റെ സുഹൃത്തുക്കൾ നമുക്ക് ആവശ്യത്തിനുള്ള കരാറുകൾ മുട്ടിനു മുട്ടിനു തരുമല്ലോ. സേവനം ഒന്നും നൽകേണ്ടതില്ല; എന്ന മട്ടിലുള്ള ഒന്നാന്തരം കരാറിന്മേൽ നമ്മൾ നികുതിയൊടുക്കി നൈസായി വാങ്ങുമല്ലോ. രൂപ ചില്ലറയല്ല; മുതലാളിയുടെ മൂന്നു നാലു കോടി. ഒരിടത്തു നിന്നല്ല. ഡസൻ കണക്കിനു സേവനരഹിത കരാറിൽ നമ്മൾ നേടുന്നത് രൂപ അൻപതു കോടിയിൽപ്പരം.
കിട്ടിയ കോടികൾ നമ്മൾ എവിടെയെല്ലാം ഒളിച്ചു വെച്ചു; ആരെയെല്ലാം ഏൽപ്പിച്ചു എന്ന് നമുക്ക് തന്നെ ഒരു രൂപം വേണ്ടേ? പിന്നീട് കരാർ ബാഹുല്യത്താൽ മറന്നു പോയാലോ? ഏൽപ്പിച്ചവർ തിരിച്ചു ചോദിക്കുമ്പോൾ കരാറുകാർ കൈ മലർത്തിയാലോ? ഒരു രേഖയും വ്യവസ്ഥയും വേണ്ടേ എല്ലാത്തിനും? ഇതൊക്കെ ഒരു ചുവന്ന ചെറുപുസ്തകത്തിലല്ലാതെ എവിടെ എഴുതി വയ്ക്കാനാണ്? ഹൃദയത്തിലുള്ളത് രേഖപ്പെടുത്തുന്നത് ചുവന്ന പുസ്തകമല്ലാതെ എവിടെയാണ്? ഇതാണോ വലിയ കുറ്റം? ഇതെല്ലാം തപ്പിയെടുത്ത് മണി ലാണ്ടറിംഗ്, ഹവാല എന്നെല്ലാം പറയാമോ?
ഒരച്ഛന്റെ മക്കളോടുള്ള സ്നേഹം എന്നും കരുതിക്കൂടേ? മക്കളോട് സ്നേഹമില്ലാത്ത അച്ഛന്മാരുണ്ടോ? അച്ഛന് മക്കളോടുള്ള സ്നേഹം ബഹുമാനിച്ചില്ലെങ്കിലും നാട്ടിലെ ഒരു പണക്കാരനെന്ന നിലയിലെങ്കിലും ഒന്ന് ബഹുമാനിക്കാൻ പഠിച്ചു കൂടേ? ഇനി പണക്കാരോട് ബഹുമാനമില്ലെങ്കിൽ കുടുംബസ്നേഹത്തിന് വേണ്ടേ കുറച്ച് മാർക്ക്? നമ്മുടെ ബഹുമാനത്താൽ പ്രചോദിതരായ അടിമകളെ കണ്ടെങ്കിലും പഠിക്കേണ്ടേ സുജനമര്യാദ? മക്കളെ ഒരൽപ്പം സ്നേഹിച്ചു. സ്നേഹിച്ചവരെ ധനികരാക്കി; ജീവിതത്തിൽ ഒന്ന് ഉറപ്പിച്ചു. ഇതൊക്കെ എല്ലാ അച്ഛന്മാരും ചെയ്യുന്നതല്ലേ? രാഷ്ട്രീയക്കാരനായി എന്നു കരുതി ഒരാൾ അച്ഛനല്ലാതാകുമോ? കുടുംബം നോക്കാത്തവന് എങ്ങനെ നാടു നോക്കാനാവും? വീട് നോക്കിയിട്ട് മതി നാട്. അതും മിച്ചം സമയം കിട്ടിയാൽ മാത്രം. നാടിനെ സേവിച്ചാൽ വീടും കാണില്ല; വീട്ടുകാരും എല്ലാം പല വഴിയാകും. അവരുടെ പ്രാക്കാകും വയസ്സുകാലത്തെ ആകെ സമ്പാദ്യം.
ഈ ബുദ്ധി ആദ്യേ ഉദിച്ചതാണഢോ ഈ അച്ഛന്റെ മഹത്വം? നാടു നന്നാക്കാനിറങ്ങിയ തെണ്ടികളുടെ ഇടയ്ക്ക് വീട് നന്നാക്കുന്നത് പരമപ്രധാനം എന്നു തിരിച്ചറിഞ്ഞ അച്ഛന്മാരുടെ അച്ഛനാണഢോ. പിന്നെ നമ്മൾ നന്നാകാനും നന്നാക്കാനും തീരുമാനിച്ചാൽ മുൻ-പിൻ നോക്കാൻ പാടില്ലെഢോ. ബൂർഷ്വയുടെ നാട്ടിൽ നമ്മൾ ബൂർഷ്വയുടെ അച്ഛനാകണഢോ. അവനെ വെല്ലുന്ന; നാണിപ്പിക്കുന്ന കോട്ടും സ്യൂട്ടുമിട്ട് അവൻ ഉല്ലസിക്കുന്ന ചതുരങ്ങളിൽ നമ്മൾ ആഞ്ഞു തിമർക്കണം. ബൂർഷ്വ നാണിക്കണം നമ്മുടെ തിമർപ്പു കണ്ടാൽ. നാട്ടിൽ കർഷകർക്കും ചെറുകിട വ്യവസായികൾക്കും കിട്ടേണ്ട ആനുകൂല്യം കിട്ടുന്നുണ്ടോ എന്നൊന്നും നമ്മൾ നോക്കേണ്ടഢോ. നമ്മുടെ സേവനരഹിത കരാറുകളിൽ വ്യവസായികൾ പണം ഗഡു തെറ്റിക്കാതെ അടയ്ക്കുന്നുണ്ടോ എന്നു മാത്രമാണ് നോക്കേണ്ടത്. നമ്മൾ അവരുടെ പരാതികൾ കേൾക്കുന്നതായി ചെറുങ്ങനെ അഭിനയിച്ചാൽ മതി. നമ്മൾ പരാതി കേൾക്കുന്നു എന്നു ഭാവിക്കുന്ന പരിപാടികൾ പോലും നമ്മൾ പിരിവെടുത്ത് സ്പോൺസർമാരെക്കൊണ്ട് നടത്തിക്കണം. നമ്മുടെതായി ഈ ലോകത്ത് ഒന്നും തന്നെ ഉണ്ടാകരുത്. സ്പോൺസർ സത്യം, മിച്ചം മിഥ്യ. ബ്രഹ്മ സത്യം ജഗത് മിഥ്യ എന്ന മട്ടിൽ.
ഘട്ടം ഘട്ടമായി നികുതി എന്ന പരമ ബൂർഷ്വ സംവിധാനം മതിയാക്കണം. നികുതിക്കു പകരം സ്പോൺസർഷിപ്പ് എന്ന മട്ടിലേക്കു നീങ്ങണം. ഒന്നുകിൽ കടം തരുന്നവർ അല്ലെങ്കിൽ നമ്മളെ സ്പോൺസർ ചെയ്യുന്നവർ. പൗരന്മാർ ഇനി രണ്ടു തരം മാത്രം. നികുതിദായകർക്ക് ഒരഹങ്കാരമുണ്ട് അവരാണ് നമ്മളെ നടത്തുന്നതെന്ന്. അത് ഒട്ടും പാടില്ല. സ്പോൺസർമാർക്കും കടം തരുന്നവർക്കും അതില്ല. ഒരുതരം യജമാന മനോഭാവമില്ല അവർക്ക്. വിധേയത്വമുണ്ട്. കടം തിരിച്ചടക്കാൻ സ്പോൺസർമാരെ നേടുക. സ്പോൺസർമാർ തീരുമ്പോൾ കടം വാങ്ങുക. കടം അല്ലെങ്കിൽ സ്പോൺസർ, സ്പോൺസർ അല്ലെങ്കിൽ കടം. ഇങ്ങനെ ഒരു ദ്വന്ദത്തിൽ വികസനം; അല്ലെങ്കിൽ തന്നെ എന്ത്. വികസനം എന്നത് തന്നെ ഒരു മേക്ക്-ബിലീവല്ലേ. നമ്മൾ പറക്കുക, ആനന്ദിക്കുക; വളരുക. നമ്മുടെ കുട്ടികൾ... അതാണ് മുഖ്യം. നമ്മുടെ പ്രസ്ഥാനം പൊളിഞ്ഞാലെന്ത്. ആത്മാർത്ഥതയുള്ള സഖാക്കൾ ശ്വാസംമുട്ടി പുറത്തേക്കൊഴുകിയാലെന്ത്? നമ്മുടെ സഖാക്കൾ മടുത്ത് നമ്മുടെ വാരിയെല്ലടിച്ച് ഒതുക്കി നമ്മളെ തോൽപ്പിച്ചാലെന്ത്? അച്ഛനെ ഇതൊന്നും ബാധിക്കില്ല.
അച്ഛനെന്തൊക്കെ കണ്ടതാണഢോ? അച്ഛനെയും മക്കളെയും കാണുന്ന, ഇപ്പോഴും സഖാക്കളായി തുടരുന്ന വിഡ്ഢികൾ ചിലരൊക്കെയെങ്കിലും ചിലതൊക്കെയെങ്കിലും കാണില്ലേ? അച്ഛനെത്ര സ്നേഹമുള്ള അച്ഛനാകിലും സഖാക്കൾ കാണുന്നതു ചിലനേരം അച്ഛനും കാണണ്ടേ? സഖാക്കൾ അച്ഛൻ കണ്ടത്രയും കണ്ടവരാകില്ല. അത്രയൊന്നും അവർക്കാവില്ല. അവർ കൂട്ടിയാൽ അത്രയും കൂടില്ല കാഴ്ചകൾ. എന്നാൽ കണ്ടിടത്തോളം അച്ഛൻ കണ്ടത് സഖാക്കൾ കണ്ടതുമല്ല; കാണാനിഷ്ടപ്പെടുന്നതുമല്ല എന്നതാണ് പ്രശ്നം. അച്ഛൻ കണ്ടതാണെഢോ.










