10:04am 17 April 2026
NEWS
ക്ഷേത്രങ്ങളിലെ വരുമാനം തട്ടിയെടുക്കാൻ അനുവദിച്ചുകൂടാ
16/04/2026  04:33 PM IST
ക്ഷേത്രങ്ങളിലെ വരുമാനം തട്ടിയെടുക്കാൻ അനുവദിച്ചുകൂടാ

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിംഗ് രീതിയിലും ഭരണസംവിധാനത്തിലും ആഴത്തിൽ പോരായ്മയുണ്ടെന്നും ബോർഡിന്റെ പ്രവർത്തനസുതാര്യതയെപ്പോലും ബാധിക്കുന്നതാണിതെന്നും ഇത് ഉടൻ പരിഹരിക്കണമെന്നും കേരള ഹൈക്കോടതി ഏപ്രിൽ 10 ന് ഉത്തരവിടുകയുണ്ടായി. ബോർഡിന്റെ കണക്കുകൾ ഓഡിറ്റ് ചെയ്ത സ്ഥാപനമായ വിജയൻ ആൻഡ് അസോസിയേറ്റ്‌സ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ചതിന്റെയടിസ്ഥാനത്തിലാണ് ജസ്റ്റിസ് രാജവിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബഞ്ച് ഉത്തരവിട്ടത്.

കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി സ്ഥിതി ചെയ്യുന്ന 1200 ലധികം ഹൈന്ദവക്ഷേത്രങ്ങളുടെ ഭരണച്ചുമതലയുള്ള സ്വയംഭരണ സ്ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. തിരുകൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം (Act XV of 1950) രൂപീകരിച്ച ഈ ദേവസ്വം ബോർഡിന് കീഴിൽ ശബരിമല, വൈക്കം, ഏറ്റുമാനൂർ, ഹരിപ്പാട് തുടങ്ങി 1249 ക്ഷേത്രങ്ങളുണ്ടെങ്കിലും, സാമ്പത്തികലാഭത്തിൽ പ്രവർത്തിക്കുന്നത് 61 ക്ഷേത്രങ്ങൾ മാത്രമാണ്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രധാന വരുമാന സ്രോതസ് 680 കോടിയിലധികം വാർഷികവരുമാനമുള്ള ശബരിമല ക്ഷേത്രമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് ശമ്പളത്തിനും പെൻഷനുമായി മാത്രം പ്രതിവർഷം 487 കോടിയോളം രൂപ വേണ്ടിവരുന്നുണ്ട്. വഴിപാട്, കാണിക്ക, അപ്പം, അരവണ, നിവേദ്യം എന്നിവയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ് ഈ ചെലവുകൾ എല്ലാം നടത്തുന്നത്. തിരുവിതാംകൂറിൽ മാത്രമല്ല ഗുരുവായൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലും ഭക്തരുടെ കാണിക്കയും വഴിപാടുമാണ് വരുമാനം.

ഭക്തർ കാണിക്കയിട്ടതും നടയ്ക്ക് വെച്ചതുമായ ക്ഷേത്രങ്ങളിൽ നിത്യോപയോഗമില്ലാത്ത സ്വർണ്ണം 535 കിലോയോളം എസ്.ബി.ഐയുടെ സ്വർണ്ണനിക്ഷേപ പദ്ധതിയിൽ അഞ്ചുവർഷത്തേയ്ക്ക് കൈമാറിയിട്ടുണ്ട്. പ്രതിവർഷം ഇതിനും 10 കോടി രൂപയോളം വരുമാനമുണ്ട്.

ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ വികസനം ചർച്ച ചെയ്യാനെന്ന പേരിൽ 2025 സെപ്റ്റംബർ 20 ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ ഓഡിറ്റ് ചെയ്ത വരവ് ചെലവ് കണക്കിലെ പൊരുത്തക്കേടുകൾ നേരത്തെ കോടതിയുടെ നിശിതവിമർശനം ഏറ്റുവാങ്ങിയിരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഹർജിയിലാണ് 2026 ഏപ്രിൽ 10 ലും ദേവസ്വം ബോർഡിന്റെ ഗുരുതര വീഴ്ചകൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

കേരളത്തിലെ ചെറുതും വലുതുമായ ക്ഷേത്രങ്ങളിലെ സ്വത്തു വരവും സമ്പാദ്യവുമെല്ലാം ആരൊക്കെയാണ് അടിച്ചുമാറ്റുന്നതെന്നും ഏതൊക്കെ വഴിയാണ് ചോരുന്നതെന്നും കണ്ടെത്തുവാൻ അത്യാധുനിക വഴികൾ അവലംബിക്കേണ്ടിയിരിക്കുന്നു. കോടതിയുടെ നിരീക്ഷണവും നിരന്തര ഇടപെടലും ഉണ്ടായാൽപോലും പലവിധത്തിലുള്ള മോഷണം തുടരുന്നു എന്നത് വെച്ചുപൊറുപ്പിക്കാൻ പാടില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിനായാലും മറ്റ് ദേവസ്വം ബോർഡുകൾക്കായാലും ഭരണനിർവ്വഹണത്തിനും അക്കൗണ്ടിങ്ങിനുമായി കേന്ദ്രീകൃതമായ കംപ്യൂട്ടർ അധിഷ്ഠിത അക്കൗണ്ടിംഗ് സംവിധാനം എന്നേ നടപ്പിലാക്കേണ്ടതായിരുന്നു. ഇനിയതിന് ഒരു നിമിഷം വൈകിക്കൂടാ. ശബരിമലയടക്കം സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ വിശ്വാസികൾ വിശ്വാസത്തിന്റെ പേരിൽ നൽകുന്ന സംഭാവന ചില്ലിക്കാശ് പോലും ആരും അപഹരിച്ച് കൊണ്ടുപോകാതെ സംരക്ഷിക്കാൻ ക്ഷേത്രഭരണം നിർവ്വഹിക്കുന്ന ദേവസ്വം ബോർഡിനും അതിനെ നിയന്ത്രിക്കുന്ന സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തമുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.