
ന്യൂഡൽഹി: ഹൈക്കോടതികൾക്ക് സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം.
ക്രിമിനൽ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഹൈക്കോടതികൾക്ക് കൂടുതൽ അധികാരം നൽകുന്ന നിർണ്ണായക വിധിയാണ് സുപ്രീം കോടതി പുറപ്പെടുവിച്ചിരിക്കുന്നത്കേസ് റദ്ദാക്കണമെന്ന അപേക്ഷകൾ പരിഗണിക്കുമ്പോൾ കേവലം എഫ്.ഐ.ആറിലെ (FIR) വരികൾ മാത്രം നോക്കാതെ, അതിനു പിന്നിലെ സാഹചര്യങ്ങൾ കൂടി പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കി.
എഫ്.ഐ.ആർ മാത്രം മാനദണ്ഡമല്ല.ഒരു പരാതിയിൽ പറയുന്ന കാര്യങ്ങൾ പ്രഥമദൃഷ്ട്യാ കുറ്റകരമാണോ എന്ന് മാത്രം നോക്കിയാൽ പോരാ. പരാതിക്ക് പിന്നിലെ ലക്ഷ്യവും സാഹചര്യങ്ങളും പരിശോധിക്കാൻ ഹൈക്കോടതികൾക്ക് അധികാരമുണ്ട്.
വരികൾക്കിടയിലൂടെ വായിക്കുക: അടിസ്ഥാനരഹിതമായ പരാതികൾ തിരിച്ചറിയാൻ "വരികൾക്കിടയിലൂടെ വായിക്കാൻ" (Read between the lines) കോടതികൾ തയ്യാറാകണം.
അന്വേഷണ രേഖകൾ പരിശോധിക്കാം: എഫ്.ഐ.ആറിന് പുറമെ, അന്വേഷണ വേളയിൽ ശേഖരിച്ച വസ്തുതകളും പരാതിക്ക് മുൻപും ശേഷവുമുള്ള സംഭവവികാസങ്ങളും പരിഗണിക്കാവുന്നതാണ്
നിയമനടപടികൾ വ്യക്തികളെ പീഡിപ്പിക്കാനുള്ള ആയുധമാക്കാൻ അനുവദിക്കരുത്.
സംവിധായകൻ സുജോയ് ഘോഷിനെതിരായ പകർപ്പവകാശ ലംഘനക്കേസ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ഈ വിധി പ്രസ്താവിച്ചത്. 'കഹാനി-2' എന്ന സിനിമയുമായി ബന്ധപ്പെട്ട പരാതി വ്യക്തമായ തെളിവുകളില്ലാത്തതാണെന്നും വസ്തുതകൾ മറച്ചുവെച്ചതാണെന്നും കോടതി കണ്ടെത്തി.
ഈ വിഷയത്തിൽ സുപ്രീം കോടതി മുൻപ് പുറപ്പെടുവിച്ച Mohammad Wajid v. State of U.P. (2023) എന്ന വിധിയിലെ തത്വങ്ങളെ ഒരിക്കൽ കൂടി ഊട്ടിയുറപ്പിക്കുന്നതാണ് പുതിയ തീരുമാനം.











