
പ്രണയം, പണം, ജോലി, കരിയർ, സ്വപ്നതുല്യമായ ജീവിതം... ആഗ്രഹങ്ങളുടെ പട്ടികയ്ക്ക് നീളമേറെയാണ്. ഇവയെല്ലാം സ്വന്തമാക്കാൻ മനസിനെ പരിശീലിപ്പിക്കുന്ന പുതിയൊരു ട്രെൻഡാണ് ഇപ്പോൾ യുവതലമുറയ്ക്കിടയിൽ ചർച്ചയാകുന്നത്. അതാണ് 11:11 മാനിഫെസ്റ്റേഷൻ പോർട്ടൽ. നവംബർ 11 എന്ന തീയതിയും ക്ലോക്കിൽ 11:11 എന്ന സമയവും ഒത്തുചേരുമ്പോൾ ആഗ്രഹങ്ങൾ പ്രപഞ്ചത്തോട് പങ്കുവയ്ക്കാനുള്ള പ്രത്യേക അവസരമായാണ് മാനിഫെസ്റ്റേഷനിൽ വിശ്വസിക്കുന്നവർ ഈ ദിനത്തെ കാണുന്നത്.
പ്രത്യേകിച്ച് Gen Z തലമുറയ്ക്കിടയിൽ മാനിഫെസ്റ്റേഷൻ വലിയ താൽപര്യമുണർത്തുന്ന വിഷയമാണ്. ഇൻസ്റ്റഗ്രാം, ടിക് ടോക്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിലൂടെ 11:11 വിഷ്, ഡ്രീം ജേണൽ, വിഷൻ ബോർഡ്, പോസിറ്റീവ് അഫർമേഷൻ തുടങ്ങിയ ആശയങ്ങൾ പ്രചാരം നേടിയിട്ടുണ്ട്. ജീവിതത്തിൽ എന്താണ് നേടേണ്ടതെന്ന് വ്യക്തമായി തിരിച്ചറിയുകയും അത് സാധ്യമാക്കാൻ മനസിനെ സജ്ജമാക്കുകയും ചെയ്യുന്നതാണ് ഈ രീതികളുടെ അടിസ്ഥാന ആശയം.
എന്താണ് 11:11 മാനിഫെസ്റ്റേഷൻ പോർട്ടൽ?
സംഖ്യാശാസ്ത്രത്തിൽ 11 എന്ന സംഖ്യയെ മാസ്റ്റർ നമ്പറായാണ് വിശേഷിപ്പിക്കുന്നത്. ആത്മീയ ഉണർവ്, ഉൾക്കാഴ്ച, പ്രചോദനം, പുതിയ സാധ്യതകൾ എന്നിവയുമായി ഈ സംഖ്യയെ ബന്ധപ്പെടുത്തുന്നു. 11.11 എന്ന ആവർത്തനം ഈ ഊർജത്തെ കൂടുതൽ ശക്തമാക്കുന്നുവെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നവംബർ 11 മാനിഫെസ്റ്റേഷൻ ദിനമായി പലരും ആചരിക്കുന്നു.
2026ലെ തീയതിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 2026ലെ അക്കങ്ങൾ കൂട്ടിയാൽ 10 ലഭിക്കും. വീണ്ടും കൂട്ടുമ്പോൾ ഒന്ന്. സംഖ്യാശാസ്ത്രത്തിൽ ഒന്നിനെ പുതിയ തുടക്കങ്ങളുടെയും സ്വതന്ത്രമായ തീരുമാനങ്ങളുടെയും പ്രതീകമായി കാണുന്നു. 11.11 എന്ന ആവർത്തനവും 2026ലെ ഈ സംഖ്യാ പ്രത്യേകതയും ചേർന്നുവരുന്നതാണ് ഈ വർഷത്തെ ദിവസത്തിന് വിശ്വാസികൾ നൽകുന്ന പ്രാധാന്യം.
Gen Zയുടെ മാനിഫെസ്റ്റേഷൻ രീതികൾ
1. 11:11 വിഷ് (11:11 Wish)
ക്ലോക്കിൽ 11:11 കാണുമ്പോൾ മനസിലുള്ള ഏറ്റവും വലിയ ആഗ്രഹം ഓർക്കുകയും അത് സഫലമാകുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് ഈ ട്രെൻഡ്. ചിലർ ഈ സമയത്ത് ഒരു ആഗ്രഹം മാത്രം മനസിൽ കുറിക്കും. മറ്റുചിലർ ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ പട്ടിക തയ്യാറാക്കും.
2. 369 മാനിഫെസ്റ്റേഷൻ രീതി
സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ മറ്റൊരു രീതിയാണ് 369 ടെക്നിക്. ആഗ്രഹിക്കുന്ന കാര്യം രാവിലെ മൂന്ന് തവണയും ഉച്ചയ്ക്ക് ആറു തവണയും രാത്രിയിൽ ഒമ്പത് തവണയും എഴുതുന്ന രീതിയാണിത്. സ്ഥിരമായി ആഗ്രഹത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ലക്ഷ്യത്തെക്കുറിച്ച് ഓർമിപ്പിക്കാനുമാണ് ഇത് ഉപയോഗിക്കുന്നത്. ഈ രീതിക്ക് പ്രത്യേക ഫലപ്രാപ്തിയുണ്ടെന്നതിന് ശാസ്ത്രീയ തെളിവുകളില്ല.
3. വിഷൻ ബോർഡ്
സ്വന്തം സ്വപ്നങ്ങൾ ചിത്രങ്ങളായും വാക്കുകളായും ഒരിടത്ത് ക്രമീകരിക്കുന്ന രീതിയാണ് വിഷൻ ബോർഡ്. സ്വന്തമായി ഒരു വീട്, മികച്ച ജോലി, വിദേശയാത്ര, സാമ്പത്തിക സ്വാതന്ത്ര്യം, സന്തോഷകരമായ കുടുംബജീവിതം തുടങ്ങിയ ലക്ഷ്യങ്ങളുടെ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്താം. ലക്ഷ്യങ്ങൾ എപ്പോഴും കൺമുന്നിൽ നിലനിർത്താൻ ഇത് സഹായിക്കും.
4. ഡ്രീം ജേണലിങ്
ജീവിതത്തിൽ നേടാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഒരു ഡയറിയിൽ എഴുതിവയ്ക്കുന്നതാണ് ഡ്രീം ജേണലിങ്. 11 ആഗ്രഹങ്ങൾ എഴുതിവയ്ക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. ഓരോ ആഗ്രഹത്തിനും ഒപ്പം അത് നേടിയെടുക്കാൻ സ്വീകരിക്കേണ്ട നടപടികളും രേഖപ്പെടുത്താം.
5. പോസിറ്റീവ് അഫർമേഷൻ
സ്വന്തം കഴിവുകളിലും ഭാവിയിലും വിശ്വാസം വളർത്തുന്ന പോസിറ്റീവ് വാക്യങ്ങൾ ആവർത്തിക്കുന്ന രീതിയാണിത്. 'എനിക്ക് വിജയിക്കാൻ കഴിയും', 'സാമ്പത്തികമായി സ്വതന്ത്രയാകാൻ ഞാൻ പരിശ്രമിക്കുന്നു', 'എന്റെ ലക്ഷ്യങ്ങളിലേക്ക് ഓരോ ദിവസവും മുന്നേറുന്നു' തുടങ്ങിയ വാക്യങ്ങൾ ഉദാഹരണങ്ങളാണ്.
ഇന്ന് 11:11 സമയത്ത് ചെയ്യാവുന്ന കാര്യങ്ങൾ
നവംബർ 11ന് രാവിലെ 11.11നോ രാത്രി 11.11നോ കുറച്ചുസമയം ശാന്തമായി ഇരിക്കാം. മനസിലുള്ള ആഗ്രഹങ്ങൾ എഴുതിവയ്ക്കാം. ജീവിതത്തിൽ ഇനി എന്തൊക്കെയാണ് മാറ്റേണ്ടതെന്നും ഏതെല്ലാം ലക്ഷ്യങ്ങളാണ് ആദ്യം നേടേണ്ടതെന്നും തീരുമാനിക്കാം. നെഗറ്റീവ് ചിന്തകൾ മാറ്റിവച്ച് ആത്മവിശ്വാസം വളർത്തുന്നതിനും ഈ സമയം ഉപയോഗിക്കാം.
മാനിഫെസ്റ്റേഷൻ വിശ്വാസപ്രധാനമായ ആശയമാണെങ്കിലും ലക്ഷ്യങ്ങൾ എഴുതി സൂക്ഷിക്കുന്നതും അവയ്ക്കായി കൃത്യമായ പ്രവർത്തനപദ്ധതി തയ്യാറാക്കുന്നതും പ്രായോഗികമായി ഗുണകരമാകാം. ആഗ്രഹങ്ങൾ മാത്രം പോരാ, അവ സഫലമാക്കാൻ പരിശ്രമവും വേണം എന്നതാണ് ഈ ട്രെൻഡിനൊപ്പം ഓർക്കേണ്ട പ്രധാന കാര്യം.









