
ന്യൂഡൽഹി: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാന അസംബ്ളി തിരഞ്ഞെടുപ്പുകളിലും വോട്ടിംഗ് പട്ടികയിൽ കൃത്രിമം നടത്തിയെന്നും ബി.ജെ.പിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചെന്നും ആരോപിച്ച് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടക, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർപ്പട്ടികയിൽ വൻ ക്രമക്കേടുകൾ നടന്നതായി രാഹുൽ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കർണാടകയിലെ ബംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽപ്പെട്ട മഹാദേവപുര അസംബ്ളി മണ്ഡലത്തിൽ മാത്രം 1,00,250 വോട്ടുകൾ മോഷ്‌ടിക്കപ്പെട്ടെന്ന് കണക്കുകൾ നിരത്തി രാഹുൽ ആരോപിച്ചു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലമായിരുന്നു ബംഗളൂരു സെൻട്രൽ. എന്നാൽ, 32,707 വോട്ടിന് ബി.ജെ.പി സ്ഥാനാർത്ഥി ഇവിടെ വിജയിച്ചു. ഇതിന് കാരണം മഹാദേവപുര അസംബ്ളി മണ്ഡലത്തിലെ വോട്ടിംഗ് ക്രമക്കേടുകളാണ്. മഹാദേവപുരയിൽ ബി.ജെ.പിക്ക് 1,14,046 വോട്ടിന്റെ ലീഡാണ് ലഭിച്ചത്.
മഹാരാഷ്ട്ര, ഹരിയാന അസംബ്ളി തിരഞ്ഞെടുപ്പുകളിൽ 'ഇന്ത്യ' സഖ്യം പരാജയപ്പെട്ടതിനും കാരണം വോട്ടർപ്പട്ടികയിലെ ക്രമക്കേടുകളാണ്.
നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി 25 സീറ്റുകളുടെ നേരിയ ഭൂരിപക്ഷത്തിലാണ് അധികാരത്തിലെത്തിയത്. ഈ സീറ്റുകളിൽ ബി.ജെ.പി വിജയിച്ചത് 33,000-ൽ താഴെ വോട്ടുകൾക്കാണ്. വോട്ടർപട്ടികയുടെ ഇലക്ട്രോണിക് ഡാറ്റ നൽകാതെയും സി.സി ടിവി ദൃശ്യങ്ങൾ സൂക്ഷിക്കാൻ അനുവദിക്കാതെയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കമ്മീഷൻ ബി.ജെ.പിയെ സഹായിച്ചെന്നും രാഹുൽ ആരോപിച്ചു.
മഹാദേവപുരയിലെ ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയ വിവരങ്ങൾ ഇവയാണ്:
* വോട്ടർപട്ടികയിൽ 11,965 ഇരട്ട വോട്ടർമാരുണ്ട്.
* 40,009 വോട്ടർമാർക്ക് വ്യാജ വിലാസമോ വിലാസമോ ഇല്ല.
* 10,452 വോട്ടർമാർക്ക് ഒരേ വിലാസമാണുള്ളത്.
* ഒരു മുറിയുള്ള വീട്ടിൽ 50-ഓളം പേരുടെ വിലാസമുണ്ട്.
* 4,132 വോട്ടർമാർക്ക് യഥാർത്ഥ ഫോട്ടോ ഇല്ല.
* 70 വയസ്സുള്ളവർ പോലും പുതിയ വോട്ടർമാരായി രജിസ്റ്റർ ചെയ്തു.
* ഒരേ വ്യക്തിയുടെ പേര് കർണാടക, യു.പി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ വോട്ടർ പട്ടികയിൽ ഉണ്ട്.
തന്റെ ആരോപണങ്ങൾക്ക് തെളിവ് നൽകാൻ കർണാടക ചീഫ് ഇലക്ടറൽ ഓഫീസ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. തെളിവുകൾ ഉടൻ കൈമാറുമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ പ്രതിഷേധിച്ചുകൊണ്ട് ഇന്ന് ബംഗളൂരുവിൽ കോൺഗ്രസ് പ്രകടനം നടത്തും.











