
പാലക്കാട് കൽമണ്ഡപത്തിലെ മിനാനഗറിലെ വീട്ടിലെത്തുമ്പോൾ പാർലമെന്റ് അംഗം വി കെ ശ്രീകണ്ഠനും ഭാര്യയും പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയുമായ കെ.എ. തുളസിയും തിരക്കിലേക്കിറങ്ങാൻ തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളു. മന്ത്രിയേയും എം പിയേയും കാണാൻ ആളുകൾ എത്തിത്തുടങ്ങുന്നു. വീടിനു മുമ്പിൽ സൗകര്യപ്പെടുത്തിയ കസേരകളിൽ ആളുകൾ നിറയുന്നതിന് മുമ്പ് ഇരുവരേയും സൗകര്യത്തിന് കിട്ടി.
വർഷങ്ങളായി താൻ വായിക്കുന്ന പ്രസിദ്ധീകരണമാണ് 'കേരളശബ്ദ'മെന്ന് പറഞ്ഞുകൊണ്ടായിരുന്നു വി.കെ. ശ്രീകണ്ഠൻ സംഭാഷണം തുടങ്ങിയത്. പഠിപ്പു കഴിഞ്ഞ കാലത്ത് റെയിൽവേ സ്റ്റേഷനിലെ ബുക്ക്സ്റ്റാളിൽ ചെന്നാണ് 'കേരളശബ്ദം' വായിച്ചു തുടങ്ങിയത്. രാവിലെ ട്രെയിനിലെത്തുന്ന വാരികയുടെ കോപ്പികൾ അടങ്ങിയ കെട്ട് പൊട്ടിച്ചാൽ കടയുടമ ആദ്യം തനിക്കായിരുന്നു 'കേരളശബ്ദം' തന്നിരുന്നതെന്നും അദ്ദേഹം ഓർത്തു. കവറിലെഴുതിയ 'കേരളശബ്ദ'മെന്ന മാസ്റ്റ് ഹെഡ് എക്കാലത്തും വികാരമാണ്.
തന്റെ കോൺഗ്രസ് രാഷ്ട്രീയത്തിന് വിരുദ്ധമായ കാര്യങ്ങളാണ് 'കേരളശബ്ദം' പലപ്പോഴും കൈകാര്യം ചെയ്തിരുന്നതെങ്കിലും വാരിക വായന തനിക്ക് ഹരമായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് വി.കെ. ശ്രീകണ്ഠൻ സംസാരം തുടങ്ങിയത്. സമീപത്ത് മന്ത്രിയായ ഭാര്യ തുളസിയും. ഇരുവർക്കും രാവിലെ തന്നെ വ്യത്യസ്ത പരിപാടികളുണ്ട്, ജനങ്ങളെക്കണ്ട് പരാതികൾ പരിഹരിക്കേണ്ടതുണ്ട്. എങ്കിലും നേരത്തെ അനുവദിച്ച സമയം 'കേരളശബ്ദ'ത്തിനായി അവർ മാറ്റിവെച്ചു. വി.കെ. ശ്രീകണ്ഠൻ എം പിയും മന്ത്രി കെ.എ. തുളസിയും 'കേരളശബ്ദം' പ്രതിനിധി മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരിയുമായി സംസാരിക്കുന്നു.
? ഒരേ വീട്ടിൽ ഒരാൾ എം പിയും മറ്റേയാൾ മന്ത്രിയുമാണ്. ഇതു പറയാൻ കൗതുകമുണ്ടെങ്കിലും നിങ്ങളുടെ വ്യക്തിജീവിതത്തേയും സ്വകാര്യ നിമിഷങ്ങളേയും ഇത് ബാധിക്കുന്നില്ലേ
ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളല്ല, പൊതുജനങ്ങളുടെ കാര്യങ്ങളിലാണ് ഞങ്ങളെ രാവിലെ മുതൽ രാത്രി വരെ തിരക്കിലാക്കുന്നത്. മുമ്പായിരുന്നുവെങ്കിൽ ആളുകൾ നേരിട്ടു വരുമായിരുന്നു. ഇപ്പോഴത് ഫോൺ വിളിയായിട്ടുണ്ട്.
പാർട്ടിയും നാടും നമ്മെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളാണത്. അതുകൊണ്ടുതന്നെ സ്വന്തം ഭക്ഷണകാര്യങ്ങളും സ്വന്തം സുഖസൗകര്യങ്ങളും കുറച്ചൊക്കെ മാറ്റിവെച്ചാലേ മുഴുവൻ സമയം പൊതുപ്രവർത്തനം നടത്താൻ സാധിക്കുകയുള്ളു.
ഞാൻ എം പിയായ സമയത്തും അതിന് മുമ്പ് ഒരു മുനിസിപ്പൽ കൗൺസിലറായിരുന്നപ്പോഴും നല്ല തിരക്കായിരുന്നു. വീട്ടിലെ കാര്യങ്ങളൊക്കെ ഭാര്യ തുളസിയാണ് നോക്കിയിരുന്നത്. അന്ന് തുളസി കോളേജിൽ ജോലി ചെയ്യുകയായിരുന്നു. അവർക്കു കോളേജിൽ പോകണം. അതുകൊണ്ട് ഞങ്ങൾ രണ്ടുപേരും തിരക്കിലായ അവസ്ഥയായിരുന്നു. എം പിയായതിന് ശേഷം ആളുകളുടെ തിരക്ക് കൂടി. ഭാര്യ പിന്നീട് എംഎൽഎയായപ്പോൾ അതിലും കൂടുതൽ തിരക്കായി. ഇപ്പോൾ കോളേജിലെ ജോലി എന്നതിന് പകരം എംഎൽഎയുടെയും മന്ത്രിയുടേയും ജോലിയാണ്. അപ്പോൾ മുഴുവൻ സമയവും തിരക്കാണ്.
ഈ തിരക്ക് വ്യക്തിപരമായ കാര്യങ്ങൾക്കോ സ്വന്തം ആവശ്യങ്ങൾക്കോ വേണ്ടിയല്ല. പൊതുജനങ്ങളെ സേവിക്കുകയാണ് എന്ന ബോധ്യമുണ്ടെങ്കിൽ അതൊന്നും ബുദ്ധിമുട്ടായി തോന്നില്ല.
? രണ്ടുപേരും രാഷ്ട്രീയക്കാരായതിനാൽ പരസ്പരം സംസാരിക്കുന്നത് രാഷ്ട്രീയം തന്നെയാണോ? അല്ലെങ്കിൽ കുടുംബ കാര്യങ്ങളോ
വി കെ ശ്രീകണ്ഠൻ: ഞങ്ങൾ രണ്ടുപേരും രാഷ്ട്രീയത്തിലുള്ളവരാണ് അതും ഒരേ പാർട്ടിയിൽ. അതുകൊണ്ട് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പരസ്പരം നല്ല ധാരണയുണ്ട്. ഒരു ഡോക്ടറും മറ്റൊരു ഡോക്ടറും, അല്ലെങ്കിൽ ഒരു എഞ്ചിനീയറും മറ്റൊരു എഞ്ചിനീയറും തമ്മിൽ അവരുടെ തൊഴിൽസംബന്ധമായ കാര്യങ്ങൾ മനസ്സിലാക്കുന്നതുപോലെ, ഞങ്ങൾക്കും രാഷ്ട്രീയത്തിന്റെ സ്വഭാവവും തിരക്കുകളും പരസ്പരം മനസ്സിലാകും.
രാഷ്ട്രീയത്തിൽ പല സ്വഭാവക്കാരായ ആളുകളെ കാണേണ്ടിവരും. പക്ഷേ നമ്മുടെ സ്വഭാവത്തിലും വികാരത്തിലും വ്യക്തതയും നിയന്ത്രണവും ഉണ്ടായിരിക്കണം.
ചിലർ ചോദിക്കും, 'ഭാര്യയും രാഷ്ട്രീയത്തിൽ വന്നാൽ അത് കുടുംബരാഷ്ട്രീയമല്ലേ?' ഞങ്ങൾ പറയുന്നത്, പൊതുപ്രവർത്തനത്തിന് ഏറ്റവും നല്ല മാർഗം രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുകയാണ് എന്നാണ്. അതിന് ചില പരിമിതികളുണ്ട്. എന്നാൽ രാഷ്ട്രീയക്കാർക്ക്, പാർട്ടി വ്യത്യാസമുണ്ടെങ്കിലും, പരസ്പരം ഒരു സമന്വയബോധമുണ്ട്.
രാഷ്ട്രീയപ്രവർത്തനം ഇഷ്ടപ്പെടുന്ന രണ്ട് വ്യക്തികൾ വിവാഹിതരാകുമ്പോൾ അതിന്റെ ബുദ്ധിമുട്ടുകളും പോരായ്മകളും ഉൾക്കൊള്ളണം. അത് ഉൾക്കൊള്ളാൻ കഴിയില്ലെങ്കിൽ കുടുംബജീവിതം മുന്നോട്ട് പോകില്ല.
ഇരുപത്തിരണ്ട് വർഷമായി ഞങ്ങൾ ആ പോരായ്മകൾ ഉൾക്കൊണ്ടാണ് ജീവിക്കുന്നത്. സമയത്തിന് ഭക്ഷണം കഴിക്കണം, സമയത്തിന് ഉറങ്ങണം എന്നിങ്ങനെ കൃത്യമായ ഒരു ദിനചര്യ രാഷ്ട്രീയപ്രവർത്തകർക്കു സാധിക്കണമെന്നില്ല. ജനങ്ങളോടൊപ്പം പോകുമ്പോൾ ചിലപ്പോൾ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞേ വീട്ടിലെത്താൻ കഴിയൂ.
ഞാനും ഭാര്യയും രാഷ്ട്രീയപ്രവർത്തകരായതുകൊണ്ട് ഞങ്ങളുടെ സംഭാഷണങ്ങളിൽ കൂടുതലും രാഷ്ട്രീയം തന്നെയാണ്. പ്രത്യേകിച്ച് കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൂടുതലും ചർച്ച ചെയ്യുന്നത്. വ്യക്തിപരമായ കാര്യങ്ങൾക്ക് വലിയ പ്രാധാന്യം നൽകാറില്ലെങ്കിലും കുടുംബകാര്യങ്ങളും വ്യക്തിപരമായ വിഷയങ്ങളും പരസ്പരം സംസാരിക്കാറുണ്ട്.
എന്റെ ജീവിതത്തിൽ രാഷ്ട്രീയത്തിന്റെ ഭാഗമായി ഒരുപാട് സംഘർഷങ്ങൾ അനുഭവിച്ചിട്ടുണ്ട്. കുടുംബത്തിന് വലിയ സാമ്പത്തിക പശ്ചാത്തലമൊന്നും ഉണ്ടായിരുന്നില്ല. എന്റെ അമ്മയുടെ അച്ഛൻ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്നു. അമ്മയുടെ സഹോദരനും പൊലീസിലായിരുന്നു. ചെറിയ കുടുംബമായിരുന്നു.
സ്കൂൾകാലം മുതൽ തന്നെ രാഷ്ട്രീയത്തിലേക്ക് വന്നു. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് ഷൊർണൂർ ഗവൺമെന്റ് സ്കൂളിൽ ആദ്യമായി കെ എസ് യു യൂണിറ്റ് രൂപീകരിച്ചത്. അന്നുമുതൽ രാഷ്ട്രീയപ്രവർത്തനവുമായി സജീവമായി.
ഒറ്റയ്ക്ക് അനുഭവിച്ചിരുന്ന രാഷ്ട്രീയത്തിലെ സംഘർഷങ്ങളും സന്തോഷങ്ങളും പങ്കുവെക്കാൻ വിവാഹ ശേഷം ഒരാളുണ്ടായി. രാഷ്ട്രീയം മനസ്സിലാക്കുന്ന ഒരാളെ ജീവിതപങ്കാളിയായി ലഭിച്ചതുകൊണ്ട് ആ മേഖലയിലെ ബുദ്ധിമുട്ടുകളും സന്തോഷങ്ങളും പരസ്പരം മനസ്സിലാക്കാൻ സാധിച്ചു.
? ഭർത്താവ് എം പിയും ഭാര്യ മന്ത്രിയുമാണ് എന്നതിനെ എങ്ങനെ കാണുന്നു
വി.കെ. ശ്രീകണ്ഠൻ: ഭർത്താവ് രാഷ്ട്രീയത്തിലാണെന്ന കാരണത്താൽ ഭാര്യ രാഷ്ട്രീയത്തിൽ വരരുതെന്നോ, ഭാര്യ രാഷ്ട്രീയത്തിലാണെന്ന കാരണത്താൽ ഭർത്താവ് രാഷ്ട്രീയത്തിൽ വരരുതെന്നോ വിശ്വസിക്കുന്നില്ല. ജനാധിപത്യത്തിൽ ഓരോ വ്യക്തിക്കും സ്വന്തം രാഷ്ട്രീയ നിലപാടും പ്രവർത്തനസ്വാതന്ത്ര്യവും ഉണ്ട്.
എന്റെ ഭാര്യ മറ്റൊരു പാർട്ടിയിലായിരുന്നാലും അതൊരു വ്യക്തിപരമായ തീരുമാനമായിരിക്കും. അവർ എം പിയായാലും മന്ത്രിയായാലും അതുകൊണ്ട് കുടുംബജീവിതത്തിൽ പ്രശ്നമുണ്ടാകണമെന്നില്ല. ഇന്ത്യയിൽ പല കുടുംബങ്ങളിലും ഭർത്താവും ഭാര്യയും വ്യത്യസ്ത പാർട്ടികളിൽ പ്രവർത്തിക്കുന്നുണ്ട്. അച്ഛനും മക്കളും വ്യത്യസ്ത രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കുന്ന കുടുംബങ്ങളുണ്ട്. ജനങ്ങൾ നോക്കുന്നത് വ്യക്തിയുടെ നിലപാടും പ്രവർത്തനവുമാണ്.
കേരളത്തിൽ കോൺഗ്രസിൽ ഒരു എം പിയുടെ ഭാര്യ എം എൽ എയും പിന്നീട് മന്ത്രിയുമായി പ്രവർത്തിച്ച അനുഭവം അപൂർവമാണ്. അതിന് ഏറ്റവും കൂടുതൽ പിന്തുണ നൽകിയതും കോൺഗ്രസ് പാർട്ടി തന്നെയാണ്. മണ്ഡലത്തിൽ വിജയിക്കാൻ കഴിവുള്ള വ്യക്തിയെ പാർട്ടി പരിഗണിച്ചു. കഴിവിനാണ് പ്രാധാന്യം നൽകിയതെന്ന് ഞാൻ വിശ്വസിക്കുന്നു.
എന്റെ ഭാര്യ മന്ത്രി ആയതുകൊണ്ട് എനിക്ക് മത്സരബോധമോ അസ്വസ്ഥതയോ ഉണ്ടായിട്ടില്ല. മറിച്ച് അതിൽ അഭിമാനമാണ്. അവർ എന്റെ ഭാര്യയാണെന്ന് പറയാൻ എനിക്ക് മടിയില്ല. എന്റെ ഭാര്യയ്ക്ക് വേണ്ടി മാത്രമല്ല, എന്റെ പാർട്ടിയിലെ എല്ലാ സ്ഥാനാർഥികൾക്കും വേണ്ടി ഞാൻ ഒരുപോലെ പ്രവർത്തിക്കുന്നു.
സ്വാഭാവികമായി ഭാര്യയോടുള്ള ഒരു സ്നേഹവും കരുതലും ഉണ്ടാകും. പക്ഷേ അതുകൊണ്ട് രാഷ്ട്രീയത്തിൽ പ്രത്യേക പരിഗണന നൽകുന്നില്ല.
കെ.എ. തുളസി: കേരളത്തിലെ സമൂഹം കുടുംബജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്ന സമൂഹമാണ്. അതുപോലെ തന്നെയാണ് ഞങ്ങളുടെയും കുടുംബജീവിതം. രാഷ്ട്രീയപ്രവർത്തനവും കുടുംബജീവിതവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാൻ ഞങ്ങൾ ശ്രമിക്കുന്നു.
ഞങ്ങൾ നിഷ്പക്ഷമായും നീതിപൂർവമായും പ്രവർത്തിക്കുന്നുവെന്നതിനുള്ള അംഗീകാരം ജനങ്ങളാണ് നൽകുന്നത്. പാർട്ടി നൽകിയ അവസരങ്ങളും ജനങ്ങൾ നൽകിയ വിശ്വാസവും ഒരു കാരണവശാലും മറക്കാൻ പാടില്ല. അതാണ് ഞങ്ങളുടെ നിലപാട്.
? കേരളത്തിൽ കോൺഗ്രസ് ഭരണത്തിലുണ്ടെങ്കിലും കേന്ദ്രത്തിൽ അതല്ല സ്ഥിതി. പ്രതിപക്ഷം ശിഥിലമായിക്കൊണ്ടിരിക്കുകയാണ്
വി.കെ. ശ്രീകണ്ഠൻ: ആ പറഞ്ഞതിനോട് യോജിപ്പില്ല. ഇന്ത്യയുടെ ചരിത്രത്തോടും സ്വാതന്ത്ര്യസമര പാരമ്പര്യത്തോടും ചേർന്ന് നിൽക്കുന്ന പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. അതുകൊണ്ടുതന്നെ ഈ പാർട്ടിയെ എളുപ്പത്തിൽ ഇല്ലാതാക്കാനോ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനോ കഴിയില്ല.
ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിക്ക് ശേഷം പോലും കോൺഗ്രസ് തിരിച്ചുവരാനുള്ള ശ്രമം തുടർന്നിട്ടുണ്ട്. രാഹുൽ ഗാന്ധി കഴിഞ്ഞ അഞ്ച് വർഷമായി നടത്തിയ രാഷ്ട്രീയ ഇടപെടലുകൾ ദേശീയ അന്തർദേശീയ മാധ്യമങ്ങളുടെ വലിയ ശ്രദ്ധ നേടി. അദ്ദേഹത്തെ പല രീതിയിലും വിമർശിക്കുകയും അവഹേളിക്കുകയും ചെയ്തെങ്കിലും അദ്ദേഹം വെല്ലുവിളികളെ നേരിട്ട് പ്രവർത്തനം തുടർന്നത്.
ഈ രാജ്യത്തെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും ഭീഷണിയാകുന്ന കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടുകയാണ് കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും ചെയ്യുന്നത്. അടുത്ത തിരഞ്ഞെടുപ്പുകളിൽ ജനാധിപത്യ സംവിധാനത്തിൽ വീണ്ടും മാറ്റമുണ്ടാകുമെന്ന വിശ്വാസമുണ്ട്.
ജനാധിപത്യത്തിൽ ഒരു പാർട്ടി എന്നും ഭരിക്കില്ല. ശക്തമായ പ്രതിപക്ഷവും ജനാധിപത്യത്തിന്റെ ഭാഗമാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം, പാർട്ടി തകർന്നിട്ടില്ല. ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രത്യേകത, ഒരു പാർട്ടിയും സ്ഥിരമായി അധികാരത്തിൽ തുടരില്ല എന്നതാണ്. ചരിത്രം നോക്കിയാൽ കോൺഗ്രസ് പല തവണ വലിയ തിരിച്ചടികൾ നേരിട്ടിട്ടും വീണ്ടും ശക്തമായി തിരിച്ചുവന്നിട്ടുണ്ട്. ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്.
സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള പാർട്ടിയാണ് കോൺഗ്രസ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വേരുകളുള്ള ദേശീയ പാർട്ടിയാണ് കോൺഗ്രസ്. ജനാധിപത്യം, സോഷ്യലിസം, മതനിരപേക്ഷത എന്നീ മൂല്യങ്ങളാണ് കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്നത്. ഈ മൂല്യങ്ങൾ തകരുകയാണെങ്കിൽ ഇന്ത്യയുടെ ജനാധിപത്യ സംവിധാനവും ദുർബലമാകും.
അഞ്ച് വർഷം മുമ്പത്തെ അവസ്ഥയെ അപേക്ഷിച്ച് ഇന്ന് കോൺഗ്രസ് കൂടുതൽ ശക്തമായ പ്രതിപക്ഷമായി പാർലമെന്റിൽ പ്രവർത്തിക്കുന്നു. ഇന്ന് കോൺഗ്രസിന് ലോക്സഭയിൽ നൂറിലധികം അംഗങ്ങളുണ്ട്. ചില നേതാക്കൾ പാർട്ടി വിട്ടുപോകുന്നുണ്ടെങ്കിലും കോൺഗ്രസ് ഇന്നും ശക്തമായ ദേശീയ രാഷ്ട്രീയശക്തിയാണ്.
അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇന്ത്യയിൽ രാഷ്ട്രീയമാറ്റമുണ്ടാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്നതും ജനാധിപത്യത്തെ ബാധിക്കുന്ന നടപടികളും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. മാധ്യമങ്ങളുടെ ഒരു വിഭാഗം ഭരണകക്ഷിക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്ന വിമർശനവും നിലനിൽക്കുന്നു. എന്നിരുന്നാലും ജനങ്ങൾ പല സംസ്ഥാനങ്ങളിലും, പ്രത്യേകിച്ച് ഉത്തർപ്രദേശ് ഉൾപ്പെടെ, ഭരണകക്ഷിക്ക് ശക്തമായ തിരിച്ചടി നൽകിയിട്ടുണ്ട്. കാലം കഴിയുമ്പോൾ ജനങ്ങൾ എല്ലാം തിരിച്ചറിയും.
ഇപ്പോൾ കോൺഗ്രസിന് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി സംഘടനയെ ശക്തിപ്പെടുത്തുക എന്നതാണ്. കോൺഗ്രസിലെ പല പാർലമെന്റ് അംഗങ്ങളും ഇതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഒരു ഘട്ടത്തിൽ കോൺഗ്രസിന്റെ ശക്തി കുറഞ്ഞുവെന്നത് യാഥാർഥ്യമാണ്.
അതിന് പ്രധാന കാരണം, കോൺഗ്രസ് തുടർച്ചയായി ഭരണത്തിൽ ഉണ്ടായിരുന്ന സമയത്ത് സ്വാഭാവികമായി ഉണ്ടായ ഭരണ വിരുദ്ധ വികാരമാണ്. അതോടൊപ്പം രാഷ്ട്രീയ എതിരാളികളും രാഷ്ട്രീയത്തിന് പുറത്തുള്ള ചില ശക്തികളും കോൺഗ്രസിനെതിരെ ശക്തമായ പ്രചാരണം നടത്തി.
പ്രത്യേകിച്ച് ഡൽഹിയിൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ അഴിമതിവിരുദ്ധ പ്രസ്ഥാനം ഉയർന്നുവന്നു. ആ പ്രസ്ഥാനം പിന്നീട് ആം ആദ്മി പാർട്ടിയുടെ രൂപീകരണത്തിലേക്ക് നയിച്ചു. അഴിമതിക്കെതിരായ പ്രക്ഷോഭമായതിനാൽ ജനങ്ങളുടെ ശ്രദ്ധ സ്വാഭാവികമായി ഭരണകക്ഷിയിലേക്കാണ് തിരിഞ്ഞത്. ഏത് പാർട്ടി ഭരണത്തിലായാലും അത്തരമൊരു പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യം ഭരണകക്ഷിയായിരിക്കും.
അതോടൊപ്പം ചില അഴിമതി ആരോപണങ്ങളും ചില നേതാക്കൾക്കെതിരായ കേസുകളും വലിയ ചർച്ചയായി. എന്നാൽ ഡൽഹിയിൽ പിന്നീട് അധികാരത്തിലെത്തിയ ആം ആദ്മി പാർട്ടിയെക്കുറിച്ചും പിന്നീട് പല ആരോപണങ്ങളും ഉയർന്നു. ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും തമ്മിൽ സമീപനത്തിൽ വ്യത്യാസമുണ്ട്. ദേശീയ പാർട്ടികളിലും ഒറ്റപ്പെട്ട അഴിമതി കേസുകൾ ഉണ്ടായേക്കാം. അത്തരം കേസുകളിൽ നിയമനടപടി ഉണ്ടാകണം. പക്ഷേ ഒരു ദേശീയ പാർട്ടിയുടെ അടിസ്ഥാന സമീപനത്തെ അതുകൊണ്ട് വിലയിരുത്താനാവില്ല.
ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പ്രാദേശിക വികാരം ഉയർത്തിപ്പിടിച്ച് നിരവധി പ്രാദേശിക പാർട്ടികൾ രൂപപ്പെട്ടു. അധികാരം നേടുക എന്ന ലക്ഷ്യത്തോടെ ഫെഡറൽ സംവിധാനത്തെ പോലും ചോദ്യം ചെയ്യുന്ന രാഷ്ട്രീയവും ചിലയിടങ്ങളിൽ കണ്ടു.
? ചരിത്രാധ്യാപിക എന്ന നിലയിൽ ഇപ്പോഴത്തെ ഇന്ത്യൻ രാഷ്ട്രീയ നിലപാടുകളെ എങ്ങനെയാണ് കാണുന്നത്
കെ.എ. തുളസി: കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ആരോപണങ്ങളും ഉയർന്നിരുന്നു. പ്രത്യേകിച്ച് അൻപതോളം മണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ വ്യാപകമായ തിരിമറി നടന്നുവെന്ന ആരോപണങ്ങളുണ്ടായി. നമ്മുടെ മണ്ഡലത്തിലും ചില ആളുകളുടെ പേരുകൾ ഒഴിവാക്കുകയോ മറ്റ് സ്ഥലങ്ങളിൽ നിന്ന് പേരുകൾ ചേർക്കുകയോ ചെയ്തതായി പരാതികൾ ലഭിച്ചിരുന്നു. ഇക്കാര്യങ്ങൾ ചർച്ചയാകുന്ന വിഷയങ്ങളാണ്.
? എന്തൊക്കെയാണ് വകുപ്പുമായി ബന്ധപ്പെട്ട പദ്ധതികൾ
കെ.എ തുളസി: പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്ക വിഭാഗ പദ്ധതികൾക്കായി ഈ ബജറ്റിൽ ഏകദേശം പതിനേഴ് കോടി രൂപയുടെ പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പദ്ധതികളാണ് കൂടുതലും. പ്രത്യേകിച്ച് റോഡുകൾ, അടിസ്ഥാന സൗകര്യങ്ങൾ, പൊതുജനങ്ങൾക്ക് ആവശ്യമായ വികസന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിയിട്ടുണ്ട്. ജനങ്ങൾ പ്രധാനമായും ആവശ്യപ്പെട്ടത് അടിസ്ഥാന സൗകര്യ വികസനമാണ്.
ഞാൻ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ പദ്ധതികൾ പരിശോധിക്കുമ്പോൾ, സ്വയംസഹായ സംഘങ്ങൾക്ക് പത്ത് ലക്ഷം രൂപ വരെ വായ്പയ്ക്ക് സബ്സിഡി നൽകുന്ന പദ്ധതി ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കേരളമൊട്ടാകെ പട്ടികജാതി വിഭാഗങ്ങൾക്കും വനിതാ സ്വയംസഹായ സംഘങ്ങൾക്കും പ്രയോജനപ്പെടുന്ന പദ്ധതിയാണ്. വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെയാണ് ആനുകൂല്യം ലഭ്യമാക്കുന്നത്. കൂടുതൽ സങ്കീർണ്ണമായ നടപടിക്രമങ്ങളിലൂടെ ആളുകളെ ബുദ്ധിമുട്ടിക്കുകയല്ല സർക്കാരിന്റെ ലക്ഷ്യം. അർഹരായവരിലേക്ക് പദ്ധതികൾ എത്തിക്കുക എന്നതാണ് നമ്മുടെ ദൗത്യം. അതിനാവശ്യമായ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കും.
അടിസ്ഥാന സൗകര്യ വികസനത്തിനാണ് സർക്കാർ പ്രധാന പരിഗണന നൽകുന്നത്. സ്വന്തമായി വീടില്ലാത്തവർ, സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ, കുടിവെള്ള സൗകര്യമില്ലാത്തവർ, സഞ്ചരിക്കാൻ നല്ല റോഡില്ലാത്ത പ്രദേശങ്ങൾ, രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും ബുദ്ധിമുട്ടുള്ള പ്രദേശങ്ങൾ എന്നിവയെല്ലാം നമ്മുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം മേഖലകളുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.
കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ സമീപനമാണ് രൂപപ്പെടുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റ് സംസ്ഥാനങ്ങളുടെ വികസന മാതൃകകൾ പഠിച്ച് കേരളത്തിനനുയോജ്യമായ വികസന നയങ്ങൾ രൂപപ്പെടുത്തണം. കാര്യക്ഷമതയോടെയും സുതാര്യതയോടെയും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന വികസനമാണ് ലക്ഷ്യം.
യുവാക്കൾക്ക് പ്രതീക്ഷ നൽകുന്ന, ജനകീയമായ, സാധാരണക്കാരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന ഭരണമാണ് വേണ്ടത്. അടുത്ത നൂറ്റാണ്ടിനെ മുന്നിൽക്കണ്ട് വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, വ്യവസായം തുടങ്ങിയ മേഖലകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനുള്ള കാഴ്ചപ്പാടാണ് അവതരിപ്പിച്ചിരിക്കുന്നത്. വിദഗ്ധരുമായി നടത്തിയ വിശദമായ ചർച്ചകൾക്കൊടുവിലാണ് ഈ വികസന ആശയങ്ങൾ രൂപപ്പെട്ടത്.
ഈ പുതിയ രാഷ്ട്രീയ സമീപനത്തിന് ജനങ്ങൾ നൽകിയ അംഗീകാരത്തിന്റെ ഏറ്റവും വലിയ തെളിവാണ് തിരഞ്ഞെടുപ്പ് ഫലം. സർക്കാരിന്റെ സാമ്പത്തിക പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
? കേരളത്തിലെ യു ഡി എഫ് ഭരണത്തിൽ ബി ജെ പിയും ആർ എസ് എസും എല്ലാ മേഖലയിലും പിടിമുറുക്കുന്നുണ്ടെന്ന ആരോപണം ഉയരുന്നുണ്ടല്ലോ
കെ.എ. തുളസി: ഇത്തരത്തിലുള്ള ആരോപണങ്ങൾ ബോധപൂർവം പ്രചരിപ്പിക്കുകയാണ്. നിയമസഭയിൽ സർക്കാർ തങ്ങളുടെ നയങ്ങളും ലക്ഷ്യങ്ങളും വളരെ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. ബജറ്റും പരസ്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പ്രതിപക്ഷത്തിന്റെ പല വാദങ്ങളും ദുർബലമായ സാഹചര്യമാണുള്ളത്. സർക്കാർ നല്ല രീതിയിൽ പ്രവർത്തനം ആരംഭിച്ചപ്പോൾ അതിനെ കളങ്കപ്പെടുത്താനുള്ള ചില ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ ജനാധിപത്യ രാഷ്ട്രീയത്തിന്റെ ശക്തി ഇത്തരം ശ്രമങ്ങളെ അതിജീവിക്കുമെന്നാണ് വിശ്വാസം.
വി കെ ശ്രീകണ്ഠൻ: കേരളത്തിൽ ബി ജെ പി വലിയ മുന്നേറ്റം നടത്തുമെന്ന തരത്തിലുള്ള പ്രവചനങ്ങൾ ഉണ്ടായിരുന്നെങ്കിലും അതൊന്നും യാഥാർഥ്യമായില്ല. യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ശക്തമായ സാന്നിധ്യമാണ് അതിന് കാരണം. അടുത്ത കാലത്തും കേരളത്തിൽ ബി.ജെ.പിക്ക് വലിയ രാഷ്ട്രീയ മുന്നേറ്റം സാധ്യമാകില്ലെന്നാണ് എന്റെ വിലയിരുത്തൽ.
കേരളത്തിൽ വർഗീയ അജണ്ട നടപ്പാക്കാൻ കഴിയില്ല. കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും ജനങ്ങളുടെ രാഷ്ട്രീയ ബോധവുമാണ് അതിന് കാരണം. ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തെ വിഭജിക്കുന്ന രാഷ്ട്രീയത്തിന് ഇവിടെ വലിയ സ്വീകാര്യത ലഭിക്കില്ല.
തിരഞ്ഞെടുപ്പിൽ ബി.ജെ.പി വൻതോതിൽ പണം ചെലവഴിച്ചുവെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ പണവും വർഗീയ പ്രചാരണവും കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവം മാറ്റാനാകില്ല.
ജനാധിപത്യത്തിൽ വിമർശനം സ്വാഭാവികമാണ്. തന്നെ ഏറ്റവും കൂടുതൽ വിമർശിച്ച ആളുകളെ പോലും പിന്നീട് മുഖ്യമന്ത്രി വി.ഡി സതീശൻ കാണുകയും സംസാരിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്.
കേരളത്തിന്റെ വികസനമാണ് നമ്മുടെ പ്രധാന ലക്ഷ്യം. കടബാധ്യതയും തൊഴിലില്ലായ്മയും മൂലം സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്ന യുവാക്കളെ കേരളത്തിൽ തന്നെ അവസരങ്ങൾ സൃഷ്ടിച്ച് നിലനിർത്തണം. മാതാപിതാക്കൾ വളർത്തിയ മക്കൾക്ക് സ്വന്തം നാട്ടിൽ മികച്ച വിദ്യാഭ്യാസവും നല്ല തൊഴിലവസരങ്ങളും സുരക്ഷിതമായ ഭാവിയും ഒരുക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തം.
നമ്മൾ സ്വീകരിക്കുന്ന നിലപാടുകൾ ജനങ്ങൾക്കൊപ്പം നിൽക്കുന്നതായിരിക്കണം. ജനങ്ങളുടെ പിന്തുണയുണ്ടെങ്കിൽ വലിയ ശക്തിയുണ്ടാകും. ചിലർ വിമർശിക്കും. അതിൽ കുഴപ്പമൊന്നുമില്ല. അതുകൊണ്ട് ഈ സർക്കാർ ശക്തമായി മുന്നോട്ട് പോകും. ജനങ്ങൾ ആഗ്രഹിക്കുന്ന ദിശയിൽ തന്നെ സർക്കാർ മുന്നോട്ട് പോകുമെന്ന കാര്യത്തിൽ എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.










