11:09pm 04 July 2026
NEWS
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനിയുടെ അപേക്ഷയിൽ സർക്കാർ നിയമോപദേശം തേടും
04/07/2026  09:37 AM IST
സുരേഷ് വണ്ടന്നൂർ
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം: അദാനിയുടെ അപേക്ഷയിൽ സർക്കാർ നിയമോപദേശം തേടും

​തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരികൾ വിദേശ കമ്പനിക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പിന്റെ നീക്കത്തിൽ സർക്കാർ നിയമോപദേശം തേടുന്നു. സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള പ്രമുഖ ഷിപ്പിംഗ് കമ്പനിയായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)ക്ക് വിഴിഞ്ഞം തുറമുഖ കമ്പനിയുടെ 13,000 കോടി രൂപയുടെ ഓഹരികൾ വിൽക്കാനാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. ഈ ഓഹരി കൈമാറ്റം നിയമപരമാണോ എന്നും നിലവിലുള്ള സർക്കാർ കരാർ ചട്ടങ്ങളുടെ ലംഘനമാണോ എന്നുമാണ് പ്രധാനമായും പരിശോധിക്കുക.
​മുൻകൂട്ടി അറിയിക്കാതെ വിദേശ നിക്ഷേപത്തിനായി നീക്കം നടത്തിയതിൽ മുഖ്യമന്ത്രി  വി.ഡി.സതീശൻ അദാനി ഗ്രൂപ്പിനോട് ശക്തമായ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിനെത്തുടർന്ന് അദാനി ഗ്രൂപ്പ് നിലപാട് തിരുത്തുകയും, സംസ്ഥാന സർക്കാരിന്റെ അനുമതിയോടെ മാത്രമേ അന്തിമ കരാറിലേക്ക് കടക്കൂ എന്ന് വ്യക്തമാക്കി സർക്കാരിന് പുതുക്കിയ വിശദമായ അപേക്ഷ നൽകുകയും ചെയ്തു.
​നിലവിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള ഉന്നതതല സമിതി അദാനിയുടെ പുതിയ അപേക്ഷ പരിശോധിച്ചു വരികയാണ്. എം.എസ്.സിയുമായുള്ള ഓഹരി കൈമാറ്റത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും, പ്രാഥമിക ധാരണകളെക്കുറിച്ച് മാത്രമാണ് സെബിക്ക് (SEBI) നൽകിയ കത്തിൽ പരാമർശിച്ചിട്ടുള്ളതെന്നും അദാനി ഗ്രൂപ്പ് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഉന്നതതല സമിതിയുടെ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമായിരിക്കും ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുക.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img