12:30pm 04 November 2026
NEWS
വിഴിഞ്ഞം തുറമുഖം: സംസ്ഥാന താൽപ്പര്യം സംരക്ഷിക്കുന്ന തീരുമാനമാണ് ഉണ്ടാകേണ്ടത്
03/11/2026  10:25 AM IST
ചെറുകര സണ്ണീലൂക്കോസ്
വിഴിഞ്ഞം തുറമുഖം: സംസ്ഥാന താൽപ്പര്യം സംരക്ഷിക്കുന്ന തീരുമാനമാണ് ഉണ്ടാകേണ്ടത്

വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്ന് ഒരു മാസം കഴിഞ്ഞ് 2026 ജൂൺ 30 നാണ് ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായുള്ള മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (MSC)ഗ്രൂപ്പ്, വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ കരാറിലേർപ്പെട്ട വിവരം പുറത്തുവിട്ടത്.
ഇതിനെത്തുടർന്ന് ജൂലൈ 1 ലെ ദേശാഭിമാനി പത്രത്തിൽ ഒന്നാം പേജിൽ 'വിഴിഞ്ഞത്ത് അദാനിയുടെ 49 ശതമാനം ഓഹരി എം.എസ്.സി ഗ്രൂപ്പ് എടുക്കും: 13000 കോടിയുടെ നിക്ഷേപം: എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയം' എന്ന തലക്കെട്ടോടെയാണ് വാർത്ത പ്രാധാന്യത്തോടെയുള്ള പ്രസിദ്ധീകരിക്കുകയും ചെയ്തു.

എ.വി.പി.പി.എൽ ജൂൺ 30 ന് പുറത്തുവിട്ട പ്രധാനപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയായിരുന്നു: 'അദാനി പോർട്‌സും (APSEZ) എം.എസ്.സി ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡും (TIL)തമ്മിലാണ് കരാർ. എം.എസ്.സി ഗ്രൂപ്പിന്റെ നിക്ഷേപം 1.397 ബില്യൺ ഡോളർ(ഏകദേശം 13,220 കോടി രൂപ) ഇന്ത്യൻ തുറമുഖ അടിസ്ഥാന സൗകര്യവികസനമേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാണിത്. ഈ പുതിയ പങ്കാളിത്തത്തോടെ വിഴിഞ്ഞം പ്രോജക്ടിന്റെ ആകെ മൂല്യം ഏകദേശം 2.85 ബില്യൺ ഡോളർ(ഏകദേശം 27,000 കോടി) ആയി ഉയർന്നു. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് നെറ്റ്‌വർക്കുള്ള എസ്.എസ്.സി നേരിട്ട് നിക്ഷേപം നടത്തുന്നതോടെ വിഴിഞ്ഞത്തേക്ക് അന്താരാഷ്ട്ര കാർഗോകളുടെ വരവ് ഗണ്യമായി വർദ്ധിക്കും.'

24 മണിക്കൂർ തികയും മുമ്പ്, സി.പി.എം, 'എം.എസ്.സി ഗ്രൂപ്പ് 49% ഓഹരി എടുത്ത് 13,000 കോടിയുടെ നിക്ഷേപം, എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയം' എന്ന നിലപാടിൽ നിന്ന് കരണം മറിഞ്ഞു. 'ഓഹരി വിൽപ്പനയിലൂടെ തുറമുഖ കൊള്ളയാണ് നടക്കുന്നതെന്ന്' സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ദേശാഭിമാനി പത്രത്തിൽ ലേഖനം എഴുതി. ഓഹരി കൈമാറ്റനീക്കത്തിൽ കരാർ ലംഘനമുണ്ടെന്നും സതീശൻ- അദാനി ഡീൽ ഉണ്ടെന്നും സ്ഥാപിക്കാനാണ് എം.വി. ഗോവിന്ദൻ ലേഖനമെഴുതിയത്. പോർട്ടിന്റെ എം.ഡി സ്ഥാനത്തുനിന്ന് ദിവ്യ എസ്. അയ്യരെ സ്ഥലം മാറ്റിയത് ഈ ഡീലിന്റെ ഭാഗമാണെന്ന് സ്ഥാപിക്കാനും സി.പി.എം ശ്രമിച്ചു. നിയമസഭയിൽ ഈ വിഷയത്തിൽ ജൂലൈ 1 ന് സബ്മിഷൻ അവതരിപ്പിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിഴിഞ്ഞം തുറമുഖത്തിന്റെ 49 ശതമാനം ഓഹരി എം.എസ്.സി ഷിപ്പിംഗ് കമ്പനിക്ക് കൈമാറുമെന്ന് അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും, എം.എസ്.സിയുമായി ചേർന്ന് തുറമുഖം സംയുക്ത സംരംഭമായി നടത്താൻ നീക്കമുള്ളതായ റിപ്പോർട്ട് ഉണ്ടെന്നും സംസ്ഥാന താൽപ്പര്യത്തെ ഇത് ബാധിക്കുമെന്നും തുറമുഖം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽതന്നെ നിലനിർത്തണമെന്നും ആവശ്യപ്പെട്ടു. തുറമുഖത്തിന്റെ കുത്തകവൽക്കരണത്തിന് സർക്കാർ കൂട്ടുനിൽക്കരുതെന്നും പിണറായി പറഞ്ഞു.

മറുപടി നൽകിയ മുഖ്യമന്ത്രി വി.ഡി. സതീശൻ, ജൂൺ അവസാനം അദാനി പോർട്ട്‌സ് ഓഹരി വിൽപ്പന പ്രഖ്യാപിച്ചപ്പോൾ ഇത്തരമൊരു  നീക്കത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന് ഔദ്യോഗികമായി യാതൊരു വിവരവും ലഭിച്ചിരുന്നില്ലെന്ന് സഭയിൽ പറഞ്ഞു. മാധ്യമവാർത്തകളിലൂടെ വന്ന വിവരമേ സർക്കാരിന് അറിയുകയുള്ളൂ.

സർക്കാരിനെ മുൻകൂട്ടി ഔദ്യോഗികമായി അറിയിക്കാതെ, ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ അദാനി ഗ്രൂപ്പ് സെബിയെ (SEBI) അറിയിച്ചതിലുള്ള ശക്തമായ അതൃപ്തി ഉടൻതന്നെ സംസ്ഥാന സർക്കാർ കമ്പനിയെ നേരിട്ട് അറിയിച്ചതായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ ഇതിനോടകം മണിക്കൂറുകൾകൊണ്ട് സി.പി.എം എല്ലാ പ്രചരണ സംവിധാനങ്ങളും സോഷ്യൽ മീഡിയാ ഹാൻഡിലുകളും മുഖ്യമന്ത്രി വി.ഡി. സതീശനും അദാനി ഗ്രൂപ്പൂം തമ്മിലുള്ള രഹസ്യ ഇടപാടിന്റെ ഭാഗമായിട്ടാണ് വിഴിഞ്ഞം പോർട്ടിന്റെ ഓഹരിക്കച്ചവടം നടക്കുന്നതെന്ന് വ്യാപകമായ പ്രചാരണം നടത്തുകയുണ്ടായി.

ഈ വിവാദങ്ങൾ ഉയർന്നുവന്നയുടനെ ജൂലൈ 2 നും, 3 നും അദാനി ഗ്രൂപ്പ് തങ്ങളുടെ 49% ഓഹരി കൈമാറ്റത്തിന് മുൻകൂർ അനുമതി തേടികൊണ്ട് സർക്കാർ തുറമുഖ വകുപ്പിന് ഔദ്യോഗികമായി രണ്ട് അപേക്ഷകൾ സമർപ്പിച്ചു. പിണറായി സർക്കാരും അദാനിഗ്രൂപ്പും തമ്മിൽ വിഴിഞ്ഞം പോർട്ടിന്റെ വിഷയങ്ങളിൽ ഊഷ്മളമായ ബന്ധമാണ് നിലനിന്നിരുന്നത്. ആ ധൈര്യത്തിൽ മെയ് ഒടുക്കം സംസ്ഥാനഭരണത്തിലുണ്ടായ മാറ്റം ഗൗരവത്തിലെടുക്കാതെ ജൂൺ 30 ഓഹരി കൈമാറ്റ വിവരം പുറത്തുവിട്ടതാണ് വിവാദങ്ങൾക്കിടയാക്കിയത്. പിണറായി സർക്കാരായിരുന്നു ഭരണത്തിലെങ്കിൽ ഓഹരി കൈമാറ്റം സർക്കാരിന്റെയും നാടിന്റെയും നേട്ടമായി വ്യാഖ്യാനിക്കപ്പെടുകയും പ്രതിപക്ഷം നിസ്സഹായമായ മൗനം പാലിക്കുമായിരുന്നുവെന്നുമാണ് അദാനി പോർട്ട് മാനേജ്‌മെന്റ് ഇപ്പോഴും കരുതുന്നത്. തങ്ങൾ ഇപ്പോൾ പ്രതിപക്ഷത്താണെന്നും രാഷ്ട്രീയനേട്ടത്തിന് നല്ലത്,  ഓഹരി കൈമാറ്റം വി.ഡി. സതീശൻ- അദാനി ഡീൽ ആണെന്ന ആക്ഷേപത്തോടെ എതിർക്കുകയാണ് എന്നുമുള്ള ആലോചനയിലാണ് സി.പി.എംനും മുന്നണിക്കും നിലപാടുമാറ്റം ഉണ്ടായത് എന്നാണ് യു.ഡി.എഫ് വിലയിരുത്തുന്നത്.

സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ(പ്രത്യേകിച്ച് 25 ശതമാനത്തിലധികം ഓഹരികൈമാറ്റം വരുമ്പോൾ ഉണ്ടാകുന്ന ഉടമസ്ഥതാവ്യതിയാനം) അനുസരിച്ച് സംസ്ഥാന സർക്കാരിന് മുൻകൂർ അനുമതിയില്ലാതെ അദാനി ഗ്രൂപ്പിന് ഓഹരികൾ വിൽക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയതിനെ തുടർന്നാണ് അദാനി ഗ്രൂപ്പ് സർക്കാരിന് ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കുന്നത്.

ഈ അപേക്ഷ പരിഗണിച്ച സർക്കാർ, അദാനി ഗ്രൂപ്പ് നൽകിയ നിർദ്ദേശങ്ങളും കൺസെഷൻ കരാറിലെ വ്യവസ്ഥകളും പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ ഒരു ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.

തുറമുഖത്തിന്റെ സുരക്ഷ, കുത്തകവൽക്കരണ സാധ്യതകൾ, പൊതുതാൽപ്പര്യം എന്നിവ മുൻനിർത്തി നിയമ-ധനകാര്യ വകുപ്പുകളുടെ പരിശോധനകൾക്ക് ശേഷമേ അന്തിമതീരുമാനമെടുക്കൂ എന്നും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സംസ്ഥാന സർക്കാർ ഈ ഓഹരി കൈമാറ്റത്തിന് അനുമതി നൽകണമോ വേണ്ടയോ എന്ന് തീരുമാനമെടുക്കൂ എന്നും ജൂലൈയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു. നിലവിൽ 3 മാസം കഴിഞ്ഞെങ്കിലും അനുമതി നൽകുന്നതിൽ സർക്കാർ അന്തിമ തീരുമാനമെടുത്തിട്ടില്ല.

ഇന്ത്യൻ തുറമുഖ അടിസ്ഥാന സൗകര്യമേഖലയിൽ നിലവിൽ മുദ്ര, എന്നൂർ തുറമുഖങ്ങളിലാണ് അദാനിയും എം.എസ്.സിയും ചേർന്നുള്ള സംയുക്ത പോർട്ടുള്ളത്.

എം.എസ്.സി മാത്രമല്ല ലോകത്തെ വമ്പൻ കമ്പനികൾക്കെല്ലാം വിഴിഞ്ഞത്തിനുമേൽ കണ്ണുണ്ട്. അതിന് പല കാരണങ്ങൾ ഉണ്ട്. വിഴിഞ്ഞം തീരത്തിന് 18 മുതൽ 20 കിലോമീറ്റർ വരെ സ്വാഭാവിക ആഴമുണ്ട്. ഇത് ലോകത്തെ ഏറ്റവും വലിയ ഭീമൻ കണ്ടെയ്‌നർ കപ്പലുകൾക്കുപോലും എളുപ്പത്തിൽ അടുക്കാൻ വഴിയൊരുക്കുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സമുദ്രവ്യാപാരപാതയിലേക്ക് കേവലം 100 നോട്ടിക്കൽ മൈൽ മാത്രമാണ് വിഴിഞ്ഞത്തുനിന്നുള്ള ദൂരം. വിഴിഞ്ഞം ആഗോള ഹബ്ബായി മാറുകയാണ്. നിലവിൽ സിംഗപ്പൂർ, കൊളംബോ, ദുബായ് തുറമുഖങ്ങളെ ആശ്രയിക്കുന്ന അന്താരാഷ്ട്ര ബിസിനസുകൾ ഇനി വിഴിഞ്ഞം വഴി റൂട്ട് ചെയ്യപ്പെടും.

വിഴിഞ്ഞം തുറമുഖം വികസിക്കുന്നതിനനുസൃതമായി കേരളത്തിൽ പ്രത്യക്ഷമായും പരോക്ഷമായും അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഹോട്ടലുകൾ, ലോജിസ്റ്റിക് പാർക്കുകൾ, കണക്ടിവിറ്റി റോഡുകൾ എന്നിവ വഴി കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം ലഭിക്കും.

നിലവിൽ 16 ലക്ഷം TEU(Twenty-foot Eqivalent Units)ശേഷിയാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. 2028 ഡിസംബറോടെ ഈ ശേഷി അഞ്ച് മടങ്ങ് വർദ്ധിപ്പിച്ച് 57 ലക്ഷം TEU ആക്കാൻ പദ്ധതിയിട്ടിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് ലൈനായ എം.എസ്.സി തന്നെ പങ്കാളിയാകുന്നത് ഈ ലക്ഷ്യം എളുപ്പമാക്കും എന്നാണ് നിക്ഷേപത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നത്.

എന്നാൽ അദാനി- എം.എസ്.സി സംയുക്ത ഉടമസ്ഥതയിൽ വിഴിഞ്ഞം പോർട്ട് വിട്ടുകൊടുത്താൽ തുറമുഖത്തിന്റെ കുത്തകവൽക്കരണമാകും നടക്കുകയെന്നാണ് സി.പി.എം പറയുന്നത്.

ഇവിടെ ഏറ്റവും പ്രസക്തമാകുന്ന കാര്യം സംസ്ഥാന സർക്കാരും അദാനിഗ്രൂപ്പും തമ്മിലുള്ള കരാറിൽ എന്തുപറയുന്നു എന്നുള്ളതാണ്. 2015 ഓഗസ്റ്റ് 17 ന് കേരള സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും തമ്മിൽ ഒപ്പുവെച്ച തുറമുഖ പദ്ധതിയുടെ കൺസെഷൻ കരാറിലെ പ്രധാന വ്യവസ്ഥകൾ ഇങ്ങനെയായിരുന്നു. ഡിസൈൻ, ബിൽഡ്, ഫിനാൻസ്, ഓപ്പറേറ്റ്, ട്രാൻസ്ഫർ (DBFOT)അടിസ്ഥാനത്തിലാണ് പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ (PPP)യായിരിക്കും പദ്ധതി, തുറമുഖം നിർമ്മിച്ച് പ്രവർത്തിപ്പിക്കാൻ അദാനി ഗ്രൂപ്പിന് 40 വർഷത്തെ പ്രവർത്തനാവകാശമുണ്ട്. ആദ്യ 15 വർഷം പൂർണ്ണവരുമാനം അദാനി ഗ്രൂപ്പിന് തന്നെയായിരിക്കും. 16-ാം വർഷം മുതൽ തുറമുഖ വരുമാനത്തിന്റെ ഒരു ശതമാനം സംസ്ഥാന സർക്കാരിന് നൽകണം. ഈ വിഹിതം ഓരോ വർഷവും ഒരോ ശതമാനം വീതം വർദ്ധിക്കും. ഒന്നാം ഘട്ടത്തിന് ഏകദേശം 7525 കോടി രൂപയാണ് 2015 ൽ കണക്കാക്കിയത്.

പദ്ധതിയുടെ സാമ്പത്തിക ലാഭക്ഷമത ഉറപ്പാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ചേർന്ന് 1,635 കോടി രൂപ വയബിലിറ്റി ഗ്യാപ് ഫണ്ടായി (VGF)അദാനി ഗ്രൂപ്പിന് നൽകാൻ വ്യവസ്ഥ ചെയ്തു. ഇതിൽ 817.80 കോടി രൂപ കേന്ദ്ര സർക്കാരും ബാക്കി തുക സംസ്ഥാന സർക്കാരും വഹിക്കണം. തുറമുഖത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കൽ, പുലിമുട്ട് നിർമ്മാണം, കടൽ നികത്തൽ എന്നിവയുടെ ഉത്തരവാദിത്തം സർക്കാർ കമ്പനിയായ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിനാണ്. തുറമുഖത്തേയ്ക്കുള്ള 4 വരി പാതയും റെയിൽവേ കണക്റ്റിവിറ്റിയും നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി നൽകേണ്ടത് സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തമാണ്.

ഓഹരി കൈമാറ്റ വ്യവസ്ഥകൾ ആണ് കൂടുതൽ നിർണ്ണായകം. തുറമുഖത്തിന്റെ നിർമ്മാണ കാലയളവിലും വാണിജ്യ പ്രവർത്തനം ആരംഭിച്ച് ആദ്യത്തെ ഒരു വർഷവും അദാനി ഗ്രൂപ്പിന് കമ്പനിയിൽ കുറഞ്ഞത് 51% ഓഹരി പങ്കാളിത്തം ഉണ്ടായിരിക്കണം. അതിനുശേഷം ഓഹരി പങ്കാളിത്തത്തിൽ മാറ്റം വരുത്തുകയോ 25 ശതമാനത്തിൽ കൂടുതൽ ഓഹരികൾ മറ്റ് കമ്പനികൾ കൈമാറുകയോ ചെയ്യണമെങ്കിൽ കേരള സർക്കാരിന്റെ മുൻകൂർ അനുമതി നിർബന്ധമാണ്.

തുറമുഖത്തിന്റെ നിഷ്പക്ഷതയും മത്സരക്ഷമതയും നിലനിർത്തുന്നതിനായി തുറമുഖത്തിന്റെ 250 കി. മീറ്റർ ചുറ്റളവിലുള്ള മറ്റുതുറമുഖങ്ങളുടെ പ്രവർത്തനത്തിലോ സേവനങ്ങളിലോ 25 ശതമാനത്തിലധികം നിയന്ത്രണമോ ഓഹരിയോ സ്വന്തമാക്കാൻ അദാനിക്ക് അനുവാദമുണ്ടായിരിക്കില്ല.
2024 നവംബർ 28 നാണ് പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് ലിമിറ്റഡും തമ്മിൽ അനുബന്ധ കൺസഷൻ കരാറിൽ ഒപ്പുവച്ചത് ഒന്നാം ഘട്ട നിർമ്മാണത്തിലുണ്ടായ താമസത്തിനെത്തുടർന്നുണ്ടായ തർക്കങ്ങളും ആർബിട്രേഷൻ നടപടികളും അവസാനിപ്പിച്ചുകൊണ്ടാണ്. 2045 ഓടെ മാത്രം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന തുറമുഖത്തിന്റെ രണ്ടും, മൂന്നും, നാലും ഘട്ടങ്ങൾ ഉൾപ്പെടെയുള്ള എല്ലാ ഘട്ടങ്ങളും 2028 ഡിസംബറോടെ പൂർത്തിയാക്കാൻ അദാനി ഗ്രൂപ്പ് ബാധ്യസ്ഥരാണ്. 2034 മുതൽ സംസ്ഥാനത്തിന് വരുമാനം ലഭിച്ചുതുടങ്ങണം.

എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ തുറമുഖത്തിന്റെ വാർഷിക കണ്ടെയ്‌നർ കൈകാര്യം ചെയ്യൽ ശേഷി കുറഞ്ഞത് 30 ലക്ഷം JUE മുതൽ 45 TUE വരെയായി വർദ്ധിക്കും. കാലതാമസത്തിന് അദാനിക്കുമേൽ ചുമത്തിയ 219 കോടി രൂപയുടെ പിഴ തർക്കത്തിൽ മാറ്റം വരുത്തി. ഇതിൽ 43.8 കോടി രൂപ അദാനി ഗ്രൂപ്പ് സംസ്ഥാനത്തിന് നൽകണം. ബാക്കി തുകയായ 175.2 കോടി രൂപാ സർക്കാർ തടഞ്ഞുവയ്ക്കുകയും 2028 ൽ പദ്ധതി പൂർത്തിയാക്കുന്ന മുറയ്ക്ക് ഇതിൽ 175.2 രൂപാ കമ്പനിക്ക് റിലീസ് ചെയ്തുകൊടുക്കുകയും ചെയ്യും. ഒന്നാം ഘട്ടം വൈകിയ പശ്ചാത്തലത്തിൽ തുറമുഖത്തിന്റെ നടത്തിപ്പ് കാലാവധി അഞ്ച് വർഷം കൂടി നീട്ടി 2026 വരെയാക്കി നിശ്ചയിച്ചു.

ഏറ്റവും പ്രധാനപ്പെട്ട ഒരു വ്യവസ്ഥ, കമ്പനി നിയമപ്രകാരം പൊതുവേ 75 ശതമാനത്തിലധികം ഓഹരി കൈമാറ്റത്തെയാണ് ഉടമസ്ഥതാകൈമാറ്റമായി കണക്കാക്കാറുള്ളതെങ്കിലും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പ്രത്യേക കൺസെഷൻ കരാറിലെ വ്യവസ്ഥകൾ(പ്രത്യേകിച്ച് ക്ലോസ് 5.3) അനുസരിച്ച് 25 ശതമാനമോ അതിലധികമോ ഓഹരികൾ കൈമാറ്റം ചെയ്യുന്നത് 'ഉടമസ്ഥതാ മാറ്റമായി' തന്നെയാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

അങ്ങനെ വിഴിഞ്ഞം തുറമുഖത്തിന്റെ ഉടസ്ഥത അദാനി ഗ്രൂപ്പ് മറ്റൊരു കമ്പനിക്ക് കൂടി കൈമാറുന്നു എന്നത് ആത്യന്തികമായി സംസ്ഥാന താൽപ്പര്യത്തിന് വിരുദ്ധമാണെന്നതിൽ സംശയമില്ല.

വിഴിഞ്ഞം തുറമുഖം യഥാർത്ഥത്തിൽ നമ്മുടെ സ്റ്റേറ്റിന്റെ സ്വത്താണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ കേരള സർക്കാർ ബ്രേക്ക് വാട്ടർ, ഭൂമി അനുബന്ധ ജോലികൾ എന്നിവയ്ക്കായി സ്വന്തം ബജറ്റിൽ നിന്ന് ഏകദേശം 5500 കോടി രൂപ ചെലവഴിച്ചു. കൂടാതെ റെയിൽ ലിങ്കിനായി 1,500 കോടി രൂപാകൂടി ചെലവഴിച്ചു. വയബിലിറ്റി ഗ്യാപ് സബ്‌സിഡിയുടെ സംസ്ഥാന സർക്കാരിന്റെ വിഹിതത്തിന് പുറമേയാണിത്. സർക്കാർ നിക്ഷേപിച്ച പണം തിരികെ പിടിക്കാൻ 2034 ലെ റവന്യു വിഹിതം മാത്രമേ മാർഗ്ഗമുള്ളൂ എന്നത് സർക്കാർ ഇച്ഛാശക്തിയോടെ മറികടക്കണം.
എം.എസ്.സിയുമായുള്ള കരാർ അനുമതിക്കുള്ള അദാനി പോർട്ടിന്റെ അപേക്ഷ നിയമവകുപ്പിന്റെ പരിശോധനയിലാണ് എന്നു സർക്കാർ പറയുന്നു. അവിടെ സംസ്ഥാനത്തിന്റെ താൽപ്പര്യത്തിനായിരിക്കണം മുൻഗണന.

 തൂത്തുക്കുടി തുറമുഖത്തെ(വി.ഒ. ചിദംബരനാർ തുറമുഖം) ഒരു കണ്ടെയ്‌നർ ടെർമിനലിൽ പ്രമുഖ ആഗോള ഷിപ്പിംഗ് കമ്പനിയായ എം.എസ്.സിക്ക് (Mediterranean Shipping Company) 49% ഓഹരി പങ്കാളിത്തമുണ്ട്. ബെല്ലോറെ ആഫ്രിക്ക ലോജിസ്റ്റിക്‌സ് എന്ന കമ്പനിയെ എം.എസ്.സി ഗ്രൂപ്പ് ഏറ്റെടുത്തതിലൂടെയാണ് തൂത്തുക്കുടി തുറമുഖത്തെ ഡക്കർ ദക്ഷിണ ഭാരത് കണ്ടെയ്‌നർ ടെർമിനലിന്റെ (DBGT)49 ശതമാനം ഓഹരികൾ എം.എസ്.സിയുടെ കൈവശമെത്തിയത്.
കപ്പൽമാർഗ്ഗം വിഴിഞ്ഞത്തുനിന്ന് തൂത്തുക്കുടി പോർട്ടിലേക്ക് 180 നോട്ടിക്കൽ മൈൽ ഉണ്ടെങ്കിലും റോഡുമാർഗ്ഗം ഈ രണ്ട് പോർട്ടുകൾ തമ്മിലുള്ള ദൂരം 174 കിലോമീറ്റർ മുതൽ പരമാവധി 204 കി.മീറ്റർ വരെ മാത്രമാണ്. സംസ്ഥാന സർക്കാരും അദാനിപോർട്ടും തമ്മിലുള്ള കരാർ പ്രകാരം വിഴിഞ്ഞത്ത് ഓഹരി പങ്കാളിത്തം നേടുന്നവർക്ക് വിഴിഞ്ഞത്തിന് 250 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു തുറമുഖത്ത് ഉടമസ്ഥാവകാശമുണ്ടായിരിക്കാൻ പാടില്ല.

വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ ഉടമസ്ഥതയിൽ തന്നെ നിലനിർത്തുന്നതിനായിരിക്കണം സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകേണ്ടത്. വിഴിഞ്ഞം ഒരുമൾട്ടി ഓപ്പറേറ്റർ തുറമുഖമായിരിക്കുന്നതാണ് സംസ്ഥാന താല്പര്യത്തിന് കൂടുതൽ നേട്ടമുണ്ടാക്കുക. മറ്റ് ഷിപ്പിംഗ് കമ്പനികൾക്ക് കൂടി തുറമുഖത്തിന്റെ സൗകര്യം ലഭിച്ചില്ലെങ്കിൽ മത്സരാധിഷ്ഠിത സാഹചര്യം ഇല്ലാതാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img