11:58pm 06 November 2026
NEWS
വിസ്മയ മോഹൻലാലിന്റെ മകൾ മാത്രമല്ല, കെ. ബാലാജിയുടെ ചെറുമകൾ കൂടിയാണ്
04/08/2026  11:08 AM IST
nila
 വിസ്മയ മോഹൻലാലിന്റെ മകൾ മാത്രമല്ല, കെ. ബാലാജിയുടെ ചെറുമകൾ കൂടിയാണ്

സൈബർ ആക്രമണങ്ങൾ പലപ്പോഴും ഒരു വ്യക്തിയുടെ അഭിപ്രായത്തെ തകർക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ചിലപ്പോൾ അതിന് നേരെ ഉയരുന്ന നിശ്ശബ്ദമായ ഒരു നിലപാട് തന്നെയാണ് ഏറ്റവും ശക്തമായ മറുപടി. ഡൽഹിയിലെ ജന്തർ മന്ദിറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പങ്കുവെച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയുടെ പേരിൽ നടി വിസ്മയ മോഹൻലാൽ നേരിട്ടത് അതുതന്നെയായിരുന്നു. എന്നാൽ വിവാദങ്ങൾക്കും വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും നടുവിലും തന്റെ അഭിപ്രായം പിൻവലിക്കുകയോ മാപ്പ് പറയുകയോ ചെയ്യാതെ വിസ്മയ അതേ നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

രാഷ്ട്രീയം ഒരിക്കലും മാനവികതയ്ക്ക് മുകളിലാകരുത് എന്നും, ജനാധിപത്യ രാജ്യത്ത് കാര്യങ്ങൾ ചോദ്യം ചെയ്യപ്പെടാനും ചർച്ചകൾ നടത്താനുമുള്ള സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി വിസ്മയ കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണത്തിന് സിനിമാലോകത്തുനിന്നും രാഷ്ട്രീയ മേഖലയിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. "ഷെയർ ചെയ്ത കാര്യങ്ങളിൽ ഞാൻ ഉറച്ചുതന്നെ നിൽക്കുകയാണ്. ഇതൊരു ജനാധിപത്യ രാജ്യമാണെന്നും ചോദ്യം ചെയ്യപ്പെടാൻ അനുവദിക്കണമെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്. അതുപോലെ കേൾക്കുകയും വേണം. ഫോഴ്സ് ചെയ്യുന്നതിന് പകരം ചർച്ചകളാണ് നമ്മൾ നടത്തേണ്ടത്. രാഷ്ട്രീയം ഒരിക്കലും മാനവികതയ്ക്ക് മുകളിലാകരുത് എന്നാണ് ഞാൻ കരുതുന്നത്. ഇനി ഏത് പാർട്ടി അധികാരത്തിൽ വന്നാലും, നാളെ ഇതേ കാര്യം വീണ്ടും സംഭവിച്ചാലും എനിക്ക് ഇതേ തോന്നൽ തന്നെയായിരിക്കും ഉണ്ടാവുക," എന്നായിരുന്നു വിസ്മയയുടെ നിലപാട്. 

ഒരു ജനാധിപത്യ രാജ്യത്ത് ഭരണകൂടത്തിന്റെ നടപടികളെ ചോദ്യം ചെയ്യുന്നത് കുറ്റമല്ല. പ്രതിഷേധിക്കുന്നവരോട് പൊലീസ് സ്വീകരിക്കുന്ന നടപടികളെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നതും ഭരണകൂടത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നതിന് തുല്യമല്ല. "സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെ പെരുമാറുന്നതാണോ ജനാധിപത്യം?" എന്ന വിസ്മയയുടെ ചോദ്യം ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയുള്ള മുദ്രാവാക്യമല്ല; ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളെക്കുറിച്ചുള്ള ചോദ്യമാണ്. ആ ചോദ്യം ചോദിക്കാൻ ഒരു പൗരന് അവകാശമുണ്ട്.

ഈ സംഭവത്തിനുശേഷം വിസ്മയയെ പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് തന്നെ അവരുടെ രാഷ്ട്രീയ ബോധത്തെ ചെറുതാക്കുന്ന വിശദീകരണങ്ങളും പുറത്തുവന്നിരുന്നു. "രാഷ്ട്രീയം അറിയാത്ത പെൺകുട്ടി", "വികാരത്തിൽ പ്രതികരിച്ചതാണ്", "ഗൂഢാലോചന മനസ്സിലാകാത്ത കുട്ടി" എന്നിങ്ങനെയാണ് വിസ്മയയുടെ പിതാവ് സാക്ഷാൽ മോഹൻലാലിന്റെ ചങ്ങാതി കൂടിയായ സംവിധായകൻ മേജർ രവി പ്രതികരിച്ചത്. ഇത്തരം വിശേഷണങ്ങൾ യഥാർത്ഥത്തിൽ ഒരു യുവതിയുടെ ചിന്താശേഷിയെയും വ്യക്തിത്വത്തെയും നിസ്സാരവത്കരിക്കുന്നതാണ്. ഒരു സ്ത്രീയുടെ അഭിപ്രായത്തെ അംഗീകരിക്കാതെ അവളെ "അറിവില്ലാത്ത കുട്ടി"യായി ചിത്രീകരിക്കുന്നത് സംരക്ഷണമല്ല; അത് രക്ഷാകർതൃത്വത്തിന്റെ മറവിലുള്ള അവഗണനയാണ്.

വിസ്മയക്ക് സ്വന്തം നിലപാട് രൂപപ്പെടുത്താൻ കഴിവില്ലെന്ന മുൻവിധിയാണ് ഇത്തരം വിശദീകരണങ്ങളുടെ അടിസ്ഥാനം. എന്നാൽ സമൂഹമാധ്യമങ്ങളിൽ അവർ പ്രകടിപ്പിച്ച പ്രതികരണം കാണിക്കുന്നത് മറ്റൊന്നാണ്. വിമർശനം വരുമെന്ന് അറിഞ്ഞിട്ടും സ്വന്തം അഭിപ്രായം പിൻവലിക്കാതെ മുന്നോട്ടുപോകുന്ന ഒരാളുടെ ആത്മവിശ്വാസമാണ് അവിടെ കാണാൻ കഴിയുന്നത്. ജനാധിപത്യത്തിൽ അതാണ് ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്ന്.

ഇവിടെയാണ് വിസ്മയ എന്ന യുവതിയുടെ പൈതൃകത്തെ വിലയിരുത്തേണ്ടത് ഈ ധീരത അവരുടെ മുത്തച്ഛൻ കെ. ബാലാജിയുടേതാണ്. തെന്നിന്ത്യൻ സിനിമ ലോകത്ത് നിർമ്മാതാവെന്ന നിലയിൽ മാത്രമല്ല, വ്യക്തമായ നിലപാടുകളും ധൈര്യവുമുള്ള വ്യക്തിയെന്ന നിലയിലും കെ. ബാലാജി അറിയപ്പെട്ടിരുന്നു. അധികാരത്തെയോ സാഹചര്യങ്ങളെയോ ഭയപ്പെടാതെ തീരുമാനങ്ങൾ എടുക്കാൻ അദ്ദേഹം തയ്യാറായിരുന്നു. ജനപ്രീതിയേക്കാൾ ആത്മാഭിമാനത്തിന് വില നൽകിയ ആ സ്വഭാവത്തിന്റെ ചില അടയാളങ്ങൾ വിസ്മയയുടെ പ്രതികരണത്തിലും കാണാൻ കഴിയുന്നുവെന്നാണ് തോന്നുന്നത്. സ്വന്തം മനസ്സാക്ഷിക്ക് അനുസരിച്ച് സംസാരിക്കാനുള്ള അവകാശം ഓരോ വ്യക്തിക്കും ജനാധിപത്യം നൽകുന്നുണ്ട്.

വിസ്മയയുടെ നിലപാടിനോട് എല്ലാവരും യോജിക്കണമെന്നില്ല. അവരുടെ അഭിപ്രായത്തെ വിമർശിക്കാനുള്ള അവകാശവും ജനാധിപത്യത്തിന്റെ ഭാഗമാണ്. പക്ഷേ അഭിപ്രായത്തിന് മറുപടിയായി വ്യക്തിഹത്യയും സൈബർ ആക്രമണവും ഭീഷണിയും നടത്തുന്നത് ജനാധിപത്യ സംവാദത്തിന്റെ സംസ്കാരമല്ല. വാദങ്ങളെ വാദങ്ങൾകൊണ്ട് നേരിടേണ്ടിടത്ത് വ്യക്തികളെ ലക്ഷ്യമിടുന്നത് ആശയപരമായ ദൗർബല്യത്തിന്റെ ലക്ഷണമാണ്.

വിദ്യാർഥികളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയരുന്ന ഒരു ഘട്ടത്തിൽ അവർക്കൊപ്പമാണെന്ന് പറഞ്ഞ ഒരു യുവതി തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുകയാണ്. അതിന് പിന്നിൽ രാഷ്ട്രീയ കണക്കുകൂട്ടലുണ്ടോ ഇല്ലയോ എന്നത് ഓരോരുത്തർക്കും വ്യത്യസ്തമായി വിലയിരുത്താം. എന്നാൽ ഭീഷണികൾക്കിടയിലും സ്വന്തം അഭിപ്രായം പിൻവലിക്കാതിരിക്കുക എന്നത് ധൈര്യത്തിന്റെ പ്രകടനമാണ്.

അതുകൊണ്ടുതന്നെ ഇന്ന് വിസ്മയ മോഹൻലാലിൽ കാണാൻ കഴിയുന്നത് മുത്തച്ഛൻ കെ. ബാലാജിയെ ഓർമ്മിപ്പിക്കുന്ന സ്വതന്ത്രമായ മനസ്സും അഭിപ്രായം പറയാനുള്ള ധൈര്യവുമാണ്. ജനാധിപത്യത്തിൽ അത്തരം ശബ്ദങ്ങളാണ് കൂടുതൽ സംരക്ഷിക്കപ്പെടേണ്ടത്, നിശ്ശബ്ദമാക്കപ്പെടേണ്ടതല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img