
വെൺമണി: ചരിത്രപ്രസിദ്ധമായ വെൺമണി ശാർങ്ങക്കാവ് ദേവീക്ഷേത്രത്തിലെ വിഷു ഉത്സവത്തിനോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾ ബുധനാഴ്ച നടക്കും. ഭക്തിയും കാർഷിക സംസ്കാരവും കൈകോർക്കുന്ന ഉത്സവത്തിന്റെ പ്രധാന ആകർഷണമായ കെട്ടുകാഴ്ചകൾ ഉച്ചയ്ക്ക് 2.30 മുതൽ ക്ഷേത്ര മൈതാനിയിൽ അണിനിരക്കും.
ജലമാർഗവും കരമാർഗവും കെട്ടുകാഴ്ചകളെത്തും
ആറ്റുവ, ചെറുമുഖ, ഇടപ്പോൺ, പുന്തല, വെൺമണി ഏറം എന്നീ കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകളാണ് ഇത്തവണയും വിസ്മയമൊരുക്കുന്നത്. അച്ചൻകോവിലാറ്റിലൂടെ ജലമാർഗം ക്ഷേത്രക്കടവിൽ എത്തുന്ന കെട്ടുകാഴ്ചകൾ ശാർങ്ങക്കാവിലെ അപൂർവ കാഴ്ചയാണ്. വിവിധ ഹൈന്ദവ സമിതികളുടെ നേതൃത്വത്തിലുള്ള ഫ്ലോട്ടുകളും കെട്ടുകാഴ്ചകളും ഇതിന് അകമ്പടിയേകും. കെട്ടുകാഴ്ചകൾ ഒരുക്കിയ കേന്ദ്രങ്ങളിൽ ഭക്തർക്കായി വിപുലമായ അന്നദാനവും ഒരുക്കിയിരുന്നു.
ശാർങ്ങക്കാവിലെ പ്രത്യേകതയായ വേലത്തേരുകൾ കാണാൻ വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്ന് കൂടാരങ്ങളുള്ളതും, ഒറ്റ അച്ചുതണ്ടിൽ തിരിയാൻ കഴിയുന്നതുമായ ഈ തേരുകളുടെ തട്ടുകളിൽ നിന്ന് വേലകളി അവതരിപ്പിക്കാമെന്നത് പ്രത്യേകതയാണ്.
കാർഷിക പെരുമയുടെ വിപണി
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രമുറ്റത്ത് ഒരുക്കിയിട്ടുള്ള കാർഷിക പ്രദർശനവും വിപണനവും ശ്രദ്ധേയമാണ്. പുതിയ കൃഷിയിറക്കാൻ ആവശ്യമായ നടീൽ വസ്തുക്കൾക്കും കാർഷിക ഉപകരണങ്ങൾക്കുമായി ദൂരദേശങ്ങളിൽ നിന്നുപോലും ആളുകൾ എത്തുന്നുണ്ട്.
രാവിലെ പത്തിന് കാവടിയാട്ടം, മേളപ്പെരുമ.
രാത്രിയിൽ ഏലൂർ ബിജുവിന്റെ സോപാനസംഗീതം.
തുടർന്ന്: ത്രയംബകം ഭജൻസ് - രാഗധാര.
പുലർച്ചെ: വേലകളി, വിളക്കിനെഴുന്നള്ളത്ത്. ഇതിനോട് അനുബന്ധിച്ച് സാംസ്കാരിക സമ്മേളനവും നടത്തി 16-ന് രാത്രിയിൽ ഗാനമേള











