
ന്യൂയോർക്ക്: വെറും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള സൂം കോളിലൂടെ 900 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് വിവാദത്തിലായ ഇന്ത്യൻ വംശജനായ വ്യവസായി വിശാൽ ഗാർഗിനും ഒടുവിൽ സ്വന്തം കമ്പനിയിൽനിന്ന് പുറത്താകേണ്ടിവന്നു. ബെറ്റർ ഹോം ആൻഡ് ഫിനാൻസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സ്ഥാനത്തുനിന്നാണ് ഗാർഗിനെ ഓഗസ്റ്റ് 3ന് ഡയറക്ടർ ബോർഡ് നീക്കിയത്.
ഹെഡ്ജ് ഫണ്ട് മാനേജരായ ഡാനിയൽ ലൂയിസ് കമ്പനി ഏറ്റെടുത്ത് ദിവസങ്ങൾക്കുള്ളിലാണ് ഗാർഗിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. കമ്പനിയുടെ ഡയറക്ടർ ബോർഡിൽ അടുത്തിടെ അംഗമായ ലൂയിസിനെ താൽക്കാലിക സിഇഒയായി നിയമിക്കുകയും ചെയ്തു.
വിശാൽ ഗാർഗിന്റെ തീരുമാനങ്ങളിലെ വീഴ്ചകൾ, പെരുമാറ്റത്തിലെ പ്രശ്നങ്ങൾ, വിശ്വാസ്യതയില്ലായ്മ എന്നിവയാണ് പുറത്താക്കലിന് കാരണമെന്ന് ബോർഡ് വ്യക്തമാക്കി. ഗാർഗിന്റെ നേതൃത്വത്തിൽ 2022 മുതൽ കമ്പനിക്ക് 1.5 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായെന്നും ഇതേ കാലയളവിൽ കമ്പനിയുടെ ഓഹരി മൂല്യം 90 ശതമാനത്തിലേറെ ഇടിഞ്ഞെന്നും ബോർഡ് ചൂണ്ടിക്കാട്ടി.
ഗൃഹവായ്പാ നടപടിക്രമങ്ങൾ ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിശാൽ ഗാർഗ് 2014ൽ ബെറ്റർ സ്ഥാപിച്ചത്. എന്നാൽ 2021 ഡിസംബറിൽ ക്രിസ്മസിന് തൊട്ടുമുൻപ് 900 ജീവനക്കാരെ ഒരു ഓൺലൈൻ മീറ്റിങ്ങിലൂടെ കൂട്ടത്തോടെ പിരിച്ചുവിട്ടത് വലിയ വിവാദമായിരുന്നു. നടപടിക്കു പിന്നാലെ ഗാർഗ് താൽക്കാലികമായി സിഇഒ സ്ഥാനത്തുനിന്ന് മാറിനിന്നെങ്കിലും പിന്നീട് കമ്പനിയിൽ തിരിച്ചെത്തി.
ഈ കൂട്ടപ്പിരിച്ചുവിടൽ ബെറ്ററിന്റെ പ്രതിച്ഛായയ്ക്ക് വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തൽ. കമ്പനി വീണ്ടും ലാഭത്തിലേക്ക് തിരിച്ചുവരുന്ന നിർണായക ഘട്ടത്തിലാണ് തന്നെ പുറത്താക്കിയതെന്നും ഗാർഗ് ആരോപിച്ചു. പുറത്താക്കലിനെ നിയമപരമായി ചോദ്യം ചെയ്യുന്നതിനായി പ്രമുഖ നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഗാർഗിനെ പുറത്താക്കിയതിന് പിന്നാലെ ഡാനിയൽ ലൂയിസിന്റെ നേതൃത്വത്തിൽ ബെറ്റർ ഹോം ആൻഡ് ഫിനാൻസിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാണ് ബോർഡിന്റെ തീരുമാനം.










