
ദോഹ: വ്യോമയാന മേഖലയിലെ നിരീക്ഷണവും നിയന്ത്രണങ്ങളും ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ട്രാവൽ, എയർ ഫ്രൈറ്റ് ഓഫീസുകൾക്കെതിരെ കർശന നടപടിയുമായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GCAA). കമ്മീഷന്റെ എയർ ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റ് നടത്തിയ മിന്നൽ പരിശോധനയിൽ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 10 സ്ഥാപനങ്ങളുടെ ലൈസൻസുകൾ റദ്ദാക്കുകയും 2 സ്ഥാപനങ്ങൾ ഭരണപരമായി പൂട്ടിപ്പിക്കുകയും ചെയ്തു.
അംഗീകൃത നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താനാണ് അതോറിറ്റി പരിശോധനകൾ ഊർജ്ജിതമാക്കിയത്.
2025-ലെ 3-ാം നമ്പർ നിയമത്തിലെ വകുപ്പ് (3) അനുസരിച്ച്, ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ആവശ്യമായ മുൻകൂർ ലൈസൻസുകൾ നേടാതെ യാതൊരുവിധ ട്രാവൽ, എയർ ഫ്രൈറ്റ് സേവനങ്ങളും നടത്തരുതെന്ന് അതോറിറ്റി കടുത്ത മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും പരിശോധനകൾ കൂടുതൽ ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.











