02:20pm 06 October 2026
NEWS
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കുരുക്ക്; ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് തുടർ അന്വേഷണം
05/10/2026  09:56 AM IST
ന്യൂസ് ബ്യൂറോ
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് കുരുക്ക്; ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് തുടർ അന്വേഷണം

​തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദേശീയ തലത്തിൽ പ്രക്ഷോഭം നടക്കവേ, അദ്ദേഹത്തിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം. കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു ഗ്യാനേഷ് കുമാർ. പൊതുമരാമത്ത് സെക്രട്ടറിയായിരുന്നപ്പോൾ കെ.എസ്.ടി.പി കരാറിലുണ്ടായ അഴിമതിയിലും കരാറെടുത്ത മലേഷ്യൻ കമ്പനിയുടെ ചീഫ് എൻജിനീയർ ആത്മഹത്യ ചെയ്ത സംഭവത്തിലുമാണ് തുടർഅന്വേഷണം .
​20 വർഷം മുമ്പുള്ള അഴിമതി കേസിൽ സംസ്ഥാന വിജിലൻസ് പ്രാഥമിക പരിശോധന തുടങ്ങി. വിജിലൻസ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തും.  
​2005ലെ പൊതുമരാമത്ത് വകുപ്പിന്റെ ഫയലുകളും 2006ൽ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയതിന്റെ ഫയലുകളുമാണ് പരിശോധിക്കുന്നത്. അന്ന് തുടർ നടപടികൾ ഉണ്ടായില്ല. ഗ്യാനേഷ് കുമാർ പിന്നീട് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി. കരാറിൽ അഴിമതിയുണ്ടെന്ന് ആരോപണം ഉയർന്നതോടെ അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന എം.കെ.മുനീറിനെതിരെ വിജിലൻസ് അന്വേഷണം നടന്നിരുന്നു. വിജിലൻസ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. എന്നാൽ എൻജിനീയറുടെ ആത്മഹത്യയിൽ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടന്നില്ല.  
​കെ.പി.സി.സി അംഗം മലയിൻകീഴ് വേണുഗോപാൽ നൽകിയ പരാതിയിലാണ് അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടത്.  
​നിയമോപദേശം പരിശോധിച്ചാണ് വീണ്ടും അന്വേഷണം. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ എന്ന ഭരണഘടനാ പദവിയിൽ വരുന്നതിന് മുമ്പുള്ള കേസായതിനാൽ അന്വേഷണത്തിന് തടസമില്ലെന്നാണ് നിയമോപദേശം.  
​എം.സി റോഡ് വികസനത്തിനുള്ള കെ.എസ്.ടി.പി കരാറെടുത്തത് മലേഷ്യൻ കമ്പനിയായ പതിയും കൊച്ചിയിലുള്ള ഭഗീരഥ എൻജിനീയറിങും ചേർന്നുള്ള പതിബെൽ കൺസോർഷ്യമായിരുന്നു. 127 കിലോമീറ്റർ റോഡിന് 215 കോടിയായിരുന്നു കരാർ. പദ്ധതി 2005 ഡിസംബറിൽ പൂർത്തിയാക്കേണ്ടതായിരുന്നു. സർക്കാർ ഭൂമി ഏറ്റെടുക്കുന്നത് വൈകിയതിനാൽ പണി പൂർത്തിയായില്ല. ഇതോടെ 17 കോടി രൂപയുടെ ബില്ലുകൾ സർക്കാർ തടഞ്ഞു.  
​പി.ഡബ്ള്യു.ഡി സെക്രട്ടറി ഗ്യാനേഷ് കുമാർ അടക്കമുള്ള ഉദ്യോഗസ്ഥർ കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു കമ്പനിയുടെ ആരോപണം. കമ്പനിയുടെ കേരള പ്രോജക്ട് മാനേജറായിരുന്ന ലീ സീ ബിൻ മലേഷ്യയിൽ ആത്മഹത്യ ചെയ്തു. ആത്മഹത്യ കുറിപ്പുകളിൽ ഗ്യാനേഷ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ പേരുള്ളതായി ആരോപണം ഉയർന്നിരുന്നു. 2006ൽ വി.എസ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img