
തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ രംഗത്ത് നിർണായക മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന് പകരം സിൻഡിക്കേറ്റ് പ്രതിനിധികളെ ഉൾപ്പെടുത്താനുള്ള നിയമഭേദഗതി ബിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും. സർവകലാശാലാ പ്രതിനിധിയെ ഒഴിവാക്കി ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റികൾ ഹൈക്കോടതി റദ്ദാക്കിയ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
സെനറ്റ് പ്രതിനിധിയെ നൽകാത്തതിനാൽ നിലവിൽ സംസ്ഥാനത്തെ 9 സർവകലാശാലകളിൽ സ്ഥിരം വി.സിമാർ ഇല്ലാത്ത സാഹചര്യമാണുള്ളത്. പുതിയ നിയമഭേദഗതി പാസാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നാണ് സർക്കാർ കരുതുന്നത്.സിൻഡിക്കേറ്റുകളിലേക്ക് നിലവിലുള്ള തിരഞ്ഞെടുപ്പ് രീതി ഒഴിവാക്കി, അംഗങ്ങളെ പൂർണമായി സർക്കാരിന് നാമനിർദ്ദേശം ചെയ്യാനാകുന്ന വ്യവസ്ഥ ബില്ലിലുണ്ട്. ഇതോടെ സിൻഡിക്കേറ്റുകൾ പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലാകും. നോമിനേറ്റഡ് അംഗങ്ങളുടെ കാലാവധി നാല് വർഷമായിരിക്കും.
വി.സിമാരുടെ പ്രായപരിധി 70 ആക്കും: വൈസ് ചാൻസലർമാരുടെ പ്രായപരിധി യു.ജി.സി ചട്ടപ്രകാരം 70 വയസ്സാക്കി മാറ്റും. നിലവിൽ വിവിധ സർവകലാശാലകളിൽ 60, 61, 62 എന്നിങ്ങനെയായിരുന്നു പ്രായപരിധി. പുതിയ നിയമപ്രകാരം 70 വയസ്സ് അല്ലെങ്കിൽ നാല് വർഷം എന്നതാകും കാലാവധി; 70 വയസ്സ് കഴിഞ്ഞാൽ തുടരാനാകില്ല. ആരോഗ്യ സർവകലാശാല, കലാമണ്ഡലം, കേന്ദ്ര സർവകലാശാലകൾ എന്നിവയിൽ നിലവിൽ 70 വയസ്സാണ് പ്രായപരിധി.
വി.സി നിയമന വിഷയത്തിൽ ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്നാണ് നിലവിലെ സർക്കാർ നിലപാട്. എന്നാൽ സർവകലാശാലകളിലെ സെനറ്റുകളിലേക്ക് ഗവർണറുടെ നാമനിർദ്ദേശം തുടർന്നും ഉണ്ടായിരിക്കും.
നിയമസഭയിൽ ബിൽ പാസാകുന്നതോടെ സംസ്ഥാനത്തെ സർവകലാശാലാ ഭരണ സംവിധാനങ്ങളിലും വി.സി നിയമനങ്ങളിലും വലിയ അഴിച്ചുപണിയാകും ഉണ്ടാകുക.










