07:32pm 12 May 2026
NEWS
വഞ്ചിനാട് എക്സ്പ്രസിന് പേട്ടയിൽ സ്റ്റോപ്പ്‌ പരിഗണിക്കണം: ഫ്രണ്ട്‌സ് ഓൺ റെയിൽസ്
12/05/2026  04:39 PM IST
NILA
വഞ്ചിനാട് എക്സ്പ്രസിന് പേട്ടയിൽ സ്റ്റോപ്പ്‌ പരിഗണിക്കണം: ഫ്രണ്ട്‌സ് ഓൺ റെയിൽസ്

തിരുവനന്തപുരം: വഞ്ചിനാട് എക്സ്പ്രസിന്  പേട്ടയിൽ സ്റ്റോപ്പ്‌ അനുവദിക്കണമെന്ന ആവശ്യവുമായി യാത്രക്കാരുടെ വാട്സാപ്പ് കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ്. തിരുവനന്തപുരം സെൻട്രൽ റയിൽവെ സ്റ്റേഷനിലെ എസ്കെലേറ്റർ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഫ്രണ്ട്സ് ഓൺ റെയിൽ ഇത്തരമൊരാവശ്യം ഉയർത്തി രം​ഗത്തെത്തിയത്. എസ്കെലേറ്റർ അപകടത്തിന് കാരണമായത് അനിയന്ത്രിതമായ തിരക്കാണെന്നാണ് പ്രാഥമിക നിഗമനം.  മൂന്നു ദിവസത്തെ അറ്റകുറ്റപണികൾ പൂർത്തിയാകുമ്പോഴും മറ്റു സാങ്കേതിക തടസ്സങ്ങൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അപകടം ആവർത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും ഫ്രണ്ട്സ് ഓൺ റെയിൽസ് ചൂണ്ടിക്കാട്ടുന്നു.

എറണാകുളത്ത് നിന്ന് കോട്ടയം വഴി തിരുവനന്തപുരം ഭാഗത്തേയ്ക്ക് ഓഫീസ്, തൊഴിൽ സംബന്ധമായ ആവശ്യങ്ങൾക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ട്രെയിനാണ് 16303 വഞ്ചിനാട് എക്സ്പ്രസ്സ്‌. തിരുവനന്തപുരം സെൻട്രലിൽ നൽകിയിരിക്കുന്ന സമയം 10.00 ആയതിനാൽ ട്രെയിൻ വന്നുനിന്നാലുടനെ യാത്രക്കാർ ഒന്നടങ്കം ഓഫീസിലേയ്ക്കുള്ള കൂട്ടയോട്ടമാണ്.  ഇവിടെ ഒരു നിയന്ത്രണം കൊണ്ടുവരിക അസാധ്യമാണ്. 10.15 ന് പഞ്ചിങ് ക്രമീകരിച്ചിരിക്കുന്നവർ ക്യൂ നിന്ന് പുറത്തിറങ്ങണമെന്ന നിർദേശം പ്രാവർത്തികമല്ല.

വഞ്ചിനാടിന് തിരുവനന്തപുരം പേട്ടയിൽ സ്റ്റോപ്പ്‌ വേണെമെന്നത് യാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ്. തിരുവനന്തപുരത്തെ പ്രധാന ആശുപത്രികൾ, ഓഫീസുകൾ, നിരവധി കച്ചവട സ്ഥാപനങ്ങൾ പേട്ട സ്റ്റേഷനെ ചുറ്റിപ്പറ്റിയാണ് സ്ഥിതി ചെയ്യുന്നത്..നഗരത്തിന്റെ ഏതൊരു കോണിലേയ്‌ക്കും ഗതാഗത സൗകര്യമുണ്ടെന്നതും പേട്ടയുടെ പ്രത്യേകതയാണ്. അതുകൊണ്ട് തന്നെ സെൻട്രൽ സ്റ്റേഷനിലെ യാത്രക്കാരുടെ തിരക്ക്‌ പങ്കിടാൻ പേട്ട സ്റ്റേഷന് സാധിക്കും. നല്ലൊരു ശതമാനം യാത്രക്കാർ പേട്ടയിൽ ഇറങ്ങുന്നതോടെ യാത്രക്കാരുടെ തിരക്കിനും ഓഫീസിലേയ്ക്കുള്ള ഓട്ടം സമ്മാനിക്കുന്ന മാനസിക സമ്മർദ്ദത്തിനും അയവ് വരും..

എസ്കെലേറ്റർ അറ്റകുറ്റപണികളുടെ ഭാഗമായി വഞ്ചിനാടിന് താത്കാലികമായി  പേട്ടയിൽ മൂന്ന് ദിവസം സ്റ്റോപ്പ്‌ പരിഗണിച്ചപ്പോൾ ഏറെ സന്തോഷത്തോടെയാണ് യാത്രക്കാർ വരവേറ്റത്. തിരക്കിന് വലിയ ശമനം ഉണ്ടായെന്ന് മാത്രമല്ല, സെൻട്രലിൽ ട്രെയിൻ എത്തിയപ്പോൾ  പേട്ടയിലിറങ്ങിയ അത്യാവശ്യക്കാർ ഈ സമയം ഓഫീസിലുമെത്തിയിരിന്നു. സ്ഥിര യാത്രക്കാരുടെ മാനസിക സമ്മർദ്ദത്തിന് വലിയ ആശ്വാസമാണ് പേട്ടയിലെ സ്റ്റോപ്പ്‌.

അതുപോലെ എല്ലാ ദിവസവും കായംകുളം ജംഗ്ഷനിൽ ഷെഡ്യൂൾഡ് സമയത്തിന് മുമ്പേ എത്തുന്ന വഞ്ചിനാട് ആലപ്പുഴ വഴിയുള്ള  ട്രെയിൻ നമ്പർ 16341 ഇന്റർസിറ്റി കടന്നുപോകാൻ 20-25  മിനിറ്റിലേറെ പിടിച്ചിടാറുണ്ട്. വഞ്ചിനാടിനെ ആദ്യം കടത്തിവിടുകയാണെങ്കിൽ തിരുവനന്തപുരം സെൻട്രലിൽ 09.30 ന്  എത്തിച്ചേരാൻ സാധിക്കും..ഒറ്റ വാതിലിലൂടെ പുറത്തേയ്ക്കുള്ള തള്ളിക്കയറ്റത്തിന് അവിടെ അല്പം ആശ്വാസം ഉണ്ടാകും.

നിലവിൽ സെൻട്രൽ സ്റ്റേഷനിലെ തിരക്ക്‌ വലിയ സുരക്ഷാഭീഷണി ഉയർത്തുന്നുണ്ട്. ബാഗേജ് സ്കാനിംഗ്, മറ്റു സുരക്ഷാ ക്രമീകരണങ്ങൾ ഇവിടെ പ്രവർത്തികമല്ലെന്നതിന് 'എസ്കെലേറ്റർ അപകടം' ഒരു തെളിവാണ്. അതിസുരക്ഷാ മേഖലയിലെ വിളളലാണ് ഇത്തരം വാർത്തകളിലൂടെ വിളിച്ചു പറയുന്നത്. പേട്ടയിലെ സ്റ്റോപ്പ്‌ സ്ഥിരപ്പെടുത്തേണ്ടത് യാത്രക്കാർക്കൊപ്പം റെയിൽവേയുടെ ആവശ്യമായി ഇപ്പോൾ മാറിയിരിക്കുകയാണ്.

റെയിൽവേയിൽ നിരവധി പുരോഗമനപരമായ മാറ്റങ്ങളും വികസനക്കുതിപ്പുകളും അവകാശപ്പെടുന്നുണ്ടെങ്കിലും യാത്രക്കാരുടെ സൗകര്യങ്ങൾക്ക്‌ യാതൊരു പ്രാധാന്യം നൽകുന്നില്ലെന്നും വേഗത വർദ്ധനവിന്റെ ഗുണം ഒരിക്കലും യാത്രക്കാർക്ക് ലഭിക്കുന്നില്ലെന്നും 'ഫ്രണ്ട്‌സ് ഓൺ റെയിൽസ്'  ആരോപിക്കുന്നു. കലാകാലങ്ങളിൽ വരുന്ന സമയമാറ്റങ്ങൾ യാത്രക്കാർക്ക് കൂടി അനുകൂലമാവണമെന്നും 'എഫ്.ഒ. ആർ' കൂട്ടിച്ചേർത്തു. സെൻട്രൽ ഔട്ടറിൽ പിടിച്ചിടുമ്പോൾ വഞ്ചിനാടിൽ നിന്ന് നാലുപാടും ചിതറിയോടിയിരുന്ന യാത്രക്കാർ പേട്ടയിൽ താത്കാലിക സ്റ്റോപ്പ്‌ ലഭിച്ചതോടെ അപ്രത്യക്ഷമായെന്നും ഏറെ അനിവാര്യമായ സ്റ്റോപ്പ്‌ സ്ഥിരപ്പെടുത്തണമെന്നുമാണ്  യാത്രക്കാരുടെ ആവശ്യം

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img