
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ ബഹളത്തിനിടെ പഴയ എസ്.എഫ്.ഐ സമരനായകന്റെ വീര്യത്തോടെ തിരിച്ചടിച്ച് മന്ത്രി വി. ശിവൻകുട്ടി. പയ്യന്നൂർ ബോംബേറ് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് സഭ തർക്കവേദിയായത്. സ്പീക്കറുടെ മുഖം മറച്ച് ബാനറുകളുമായി പ്രതിഷേധിച്ച പ്രതിപക്ഷത്തിന് നേരെ "തങ്ങൾ ഓട് പൊളിച്ച് വന്നവരല്ലെന്നും വിരട്ടാൻ നോക്കേണ്ടെന്നും" മന്ത്രി ആവർത്തിച്ചു.
മന്ത്രി ശിവൻകുട്ടിയെ പിന്തുണച്ച് സംസാരിച്ച കടകംപള്ളി സുരേന്ദ്രന്റെ വാക്കുകൾ ശ്രദ്ധേയമായി. ശിവൻകുട്ടി വലിയ പണ്ഡിതനാണെന്ന അവകാശവാദമില്ലെന്നും, എന്നാൽ സാധാരണക്കാരന്റെ പ്രശ്നങ്ങൾ അറിയുന്ന, പഴുതാരയും പല്ലിയും വീഴാത്ത ഉച്ചഭക്ഷണം കുട്ടികൾക്ക് ഉറപ്പാക്കിയ കരുത്തനായ ജനനേതാവാണെന്നും അദ്ദേഹം പറഞ്ഞു.
"മടിയിൽ കനം, സഭയിൽ ഭയം" എന്ന ബാനറുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കെ.കെ. രമയുടെ നോട്ടീസിന് അനുമതി നിഷേധിച്ചതായിരുന്നു പ്രകോപനം.
മാസ്ക് ധരിച്ചെത്തിയ കെ.ടി. ജലീലും പ്രതിപക്ഷവും തമ്മിൽ രൂക്ഷമായ വാക്പോര് നടന്നു. ഗർഭഛിദ്ര പരാമർശങ്ങൾ നടത്തി ജലീൽ പ്രതിപക്ഷത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചു.
പ്രതിപക്ഷ ബഹിഷ്കരണം
പ്രതിപക്ഷം സഭയിൽ നിന്ന് വിട്ടുനിന്നതോടെ ഭരണപക്ഷ അംഗങ്ങൾ കടന്നാക്രമണം തുടർന്നു. പ്രതിപക്ഷമില്ലാത്ത സഭയിൽ ഭരണപക്ഷം ഏകപക്ഷീയമായി വിമർശനങ്ങൾ ഉന്നയിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ഒരു സുവിശേഷകന്റെ സ്വാതന്ത്ര്യത്തോടെ ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷത്തിന്റെ നിലപാടുകളെ കടന്നാക്രമിച്ചു.











