
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിന്റെ രാഷ്ട്രീയ–സാംസ്കാരിക രംഗങ്ങളിൽ നിർണായക സംഭാവനകൾ നൽകിയ രണ്ട് പ്രമുഖ വ്യക്തിത്വങ്ങൾക്ക് ഇത്തവണ ഉയർന്ന അംഗീകാരം ലഭിച്ചു. മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണും, ഇന്ത്യൻ സിനിമയിലെ അതുല്യപ്രതിഭയായ നടൻ മമ്മൂട്ടിക്ക് പത്മഭൂഷണും ലഭിച്ചു.
ദീർഘകാല രാഷ്ട്രീയ ജീവിതത്തിലൂടെ പൊതുജന സേവന രംഗത്ത് നിർണായക സംഭാവനകൾ നൽകിയ വി. എസ്. അച്യുതാനന്ദന്റെ സംഭാവനകളെ അംഗീകരിച്ചാണ് പത്മവിഭൂഷൺ സമ്മാനിക്കുന്നത്. അതേസമയം, ഇന്ത്യൻ സിനിമയിൽ പതിറ്റാണ്ടുകളായി തന്റെ വ്യക്തിമുദ്ര പതിപ്പിച്ച മമ്മൂട്ടിയുടെ കലാസാധനയ്ക്ക് നൽകിയ ആദരവാണ് പത്മഭൂഷൺ.
പരിസ്ഥിതി സംരക്ഷണ രംഗത്ത് മാതൃകയായ പ്രവർത്തനം നടത്തിയ ആലപ്പുഴ സ്വദേശിനിയായ കൊല്ലക്കയിൽ ദേവകി അമ്മയ്ക്കു പത്മശ്രീ പുരസ്കാരം ലഭിച്ചു. കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്ത് അഞ്ചേക്കർ സ്ഥലത്ത് സ്വന്തം പരിശ്രമത്തിലൂടെ സൃഷ്ടിച്ച വനത്തിലൂടെ, മൂവായിരത്തിലധികം ഔഷധസസ്യങ്ങളെയും വൻമരങ്ങളെയും പരിപാലിച്ചുവരുന്നതാണ് ദേവകി അമ്മയുടെ പ്രത്യേകത.
ഇത്തവണ അൺസങ് ഹീറോസ് വിഭാഗത്തിൽ ഉൾപ്പെടെ 45 പേർക്കാണ് പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചത്. കുറുമ്പ ഗോത്ര വിഭാഗത്തിൽ നിന്നുള്ള നീലഗിരി സ്വദേശി ആർ. കൃഷ്ണന് ചിത്രകലയിലേക്കുള്ള സംഭാവനകൾക്ക് മരണാനന്തര ബഹുമതിയായി പത്മശ്രീ നൽകി.
കർണാടകയിലെ അങ്കെ ഗൗഡ, മഹാരാഷ്ട്രയിലെ അർമിഡ ഫെർണാണ്ടസ്, മധ്യപ്രദേശിലെ ഭഗ്‌വദാസ് റായ്‌ക്വാർ, ജമ്മു കശ്മീരിലെ ബ്രിജ് ലാൽ ഭട്ട്, ഛത്തീസ്ഗഡിലെ ബുദ്രി താതി, ഒഡീഷയിലെ ചരൺ ഹെംബ്രം, ഉത്തർപ്രദേശിലെ ചിരഞ്ജി ലാൽ യാദവ്, ഗുജറാത്തിലെ ധാർമിക് ലാൽ ചുനിലാൽ തുടങ്ങിയവരും ഇത്തവണ പത്മശ്രീ ബഹുമതിക്ക് അർഹരായി.











